ADVERTISEMENT

ജോലിയും വീടും ഉപേക്ഷിച്ച് ഉൗരുചുറ്റാൻ ഇറങ്ങുന്ന സഞ്ചാരികൾ നിരവിധിയുണ്ട്. പുതിയ കാഴ്ചകൾ തേടിയുള്ള യാത്ര ഇക്കൂട്ടർക്ക് ഹരമാണ്. അങ്ങനെയൊരു യാത്രാപ്രേമിയാണ് ഓസ്ട്രേലിയൻ സ്വദേശിനി സോഫി മാറ്റേഴ്സൺ. ടിവി അവതരാകയായ സോഫി ജോലി ഉപേക്ഷിച്ച് ഒട്ടക ഫാം തുടങ്ങി. എന്നാൽ ഫാമിന്റെ തുടക്കം സോഫിയെ പുതിയ വഴിത്തിരിവിലേക്കാണ് നയിച്ചത്.

സഞ്ചാരികളെ അദ്ഭുതപ്പെടുത്തി കൊണ്ടു തന്റെ പ്രിയപ്പെട്ട അഞ്ചു ഒട്ടകങ്ങളെയും കൂട്ടി ഓസ്ട്രേലിയയിലെ  മരുഭൂമിയിലൂടെ 5000 കിലോമീറ്ററുകളാണ് സോഫി സഞ്ചരിച്ചത്. ഇൗ ധീരവനിതയുടെ യാത്രാവിശേഷങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം ഹിറ്റായി.

women-trip3
Image from Sophie Matterson Official Page

സോഫിയും ഫാമും

അഞ്ചു വർഷത്തോളമായി സോഫി ഒട്ടക ഫാം നടത്തുന്നു. ജോലിത്തിരക്കുകളിൽ നിന്നു മാറി ഒട്ടകങ്ങൾക്കൊപ്പം ചെലവഴിക്കാനും വിനോദസഞ്ചാരികൾക്ക് ട്രെക്കിങ് സംഘടിപ്പിച്ചും ജീവിതം മുന്നോട്ടു പോകുമ്പോഴാണ് ഓസ്‌ട്രേലിയയിലുടനീളം ഒരു ഇതിഹാസയാത്ര നടത്തിയാലോ എന്ന ചിന്ത സോഫിയുടെ മനസിൽ ഉയരുന്നത്. ഒട്ടും വൈകിയില്ല, യാത്രയ്ക്ക് തയാറായി.  ഓസ്‌ട്രേലിയയുടെ പടിഞ്ഞാറൻ ഭാഗത്തു ഷാർക്ക് ബേയില്‍ നിന്നു ന്യൂ സൗത്ത് വെയിൽസിലെ ബൈറോൺ ബേയിലെ കിഴക്ക് ഭാഗത്തേക്ക് 5,000 കിലോമീറ്റർ സഞ്ചരിച്ചു. ഒരു തീരത്ത് നിന്ന് മറ്റൊരു തീരത്തേക്കുള്ള ആ വലിയ പ്രയാണത്തിന് സോഫി തന്റെ 5 ഒട്ടകങ്ങളെ പരിശീലിപ്പിച്ചെടുത്തു കൂടെ കൂട്ടി.

women-trip1
Image from Sophie Matterson Official Page

കോവിഡ് മൂലം അതിർത്തി അടക്കലും യാത്ര നിയന്ത്രണങ്ങളും ഏർപ്പെടുത്തിയതിനാൽ സോഫി തെരഞ്ഞെടുത്തത് ഓസ്ട്രേലിയയുടെ ഹൃദയഭാഗത്തുള്ള മരുഭൂമി മുറിച്ചുകടക്കുക എന്ന വലിയ ദൗത്യമായിരുന്നു. ഗ്രേറ്റ് വിക്ടോറിയ മരുഭൂമിയുടെ 700 കിലോമീറ്റർ ദൂരം പിന്നിട്ടു. ചുറ്റും മരുഭൂമി അല്ലാതെ മറ്റൊരു കാഴ്ചയും ആ യാത്രയിൽ കാണാൻ സാധിക്കുകയില്ല. 

യാത്ര ഇങ്ങനെ

പുലർച്ച 5.30 ന് സോഫിയുടെയും ഒട്ടകങ്ങളുടെയും ഒരു ദിവസം ആരംഭിക്കും. എവിടെയാണോ തമ്പടിച്ചിരിക്കുന്നത് അവിടെ ഒട്ടകങ്ങൾക്ക് ഒരു മണിക്കൂർ മേയാൻ വിടും. ഒട്ടകങ്ങളെ ഒരുമിച്ചുകൂട്ടുന്നതിനും സാധനസാമഗ്രികൾ ശേഖരിക്കുന്നതിനും ഒരു മണിക്കൂർ സമയം എടുക്കും. സാധാരണയായി ഒട്ടകങ്ങളുമായി ഒരു ദിവസം 18 കിലോമീറ്റർ സോഫി താണ്ടും. പിന്നീട് വിശ്രമിക്കും. രാത്രി യാത്രയില്ല. അതുപോലെ ഒട്ടകങ്ങളെ അധികം ബുദ്ധിമുട്ടിക്കാതെ അവർക്കു വിശ്രമം നൽകിയാണ് യാത്ര തുടരുന്നത്. യാത്രാപ്രേമികൾക്ക് എന്നും പ്രചോദനമാണ് ഈ സാഹസിക സഞ്ചാരി. ജീവിതത്തിലൂടെ യാത്രകളെ സ്വപ്നം കാണുന്ന സോഫി അടുത്ത യാത്രയുടെ കാത്തിരിപ്പിലാണ്.

English Summary: Camel Trek by Sophie Matterson 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com