ADVERTISEMENT

ജീവിക്കാന്‍ ഏറ്റവും സൗകര്യപ്രദവും സന്തോഷമേറിയതുമായ രാജ്യങ്ങളില്‍ ഒന്നാണ് ഡെന്മാര്‍ക്ക്‌. വിദ്യാഭ്യാസ മേഖലയിലാവട്ടെ, ജോലികളിലും വരുമാനത്തിലുമാവട്ടെ, ജീവിത നിലവാരത്തിന്‍റെ കാര്യത്തിലാവട്ടെ, കാലങ്ങളായി ഏറ്റവും മുന്‍നിരയില്‍ തന്നെയാണ് ഡെന്മാര്‍ക്കിന്‍റെ സ്ഥാനം. വടക്കെ യൂറോപ്പിൽ സ്കാന്റിനേവിയൻ പ്രദേശത്തായി സ്ഥിതിചെയ്യുന്ന ഇവിടം പ്രകൃതി മനോഹാരിതയ്ക്കും ഒട്ടും പിന്നിലല്ല. സഞ്ചാരികള്‍ക്കും ഏറെ പ്രിയപ്പെട്ട ഈ നാടിന്‍റെ പ്രത്യേകതകള്‍ അറിയാം.

സന്തോഷം നിറഞ്ഞ ഡാനിഷ് ജീവിതശൈലി

രാജ്യാന്തര പഠനങ്ങളനുസരിച്ച്, ലോകത്തെ ഏറ്റവും സന്തുഷ്ടരും സംതൃപ്തരുമായ ആളുകളാണ് ഡെന്മാര്‍ക്കിലെ ജനങ്ങള്‍. ഉന്നത വിദ്യാഭ്യാസമുള്ളവരും മികച്ച സംസ്കാരം പുലര്‍ത്തുന്നവരുമാണ് ഇവര്‍. നഗരങ്ങള്‍ പൊതുവേ തിരക്കേറിയതും ഉള്‍പ്രദേശങ്ങള്‍ പ്രകൃതിസൗന്ദര്യം തുടിക്കുന്നതും ശാന്തവുമാണ്. ഹരിത വനങ്ങളാല്‍ സമൃദ്ധമാണ് ഇവിടം. എല്ലാ 50 കിലോമീറ്റർ ദൂരത്തിലും കടല്‍ത്തീരങ്ങളുണ്ട്. ഡെന്മാര്‍ക്കിലെ ജനങ്ങള്‍ അവധിദിനങ്ങള്‍ ചിലവഴിക്കുന്നതും പ്രധാനമായും ബീച്ചുകളിലാണ്. 

Denmark2

പഠിക്കാന്‍ പണം ഇങ്ങോട്ട് കിട്ടും!

വിദ്യാഭ്യാസത്തിന് ഏറ്റവുമധികം പ്രാധാന്യം നൽകുന്ന രാജ്യങ്ങളിലൊന്നാണ് ഡെന്മാര്‍ക്ക്. 18 വയസ്സിന് മുകളിലുള്ള വിദ്യാർത്ഥികൾക്ക് ആറു വർഷത്തെ സൗജന്യ പഠനത്തിന് അർഹതയുണ്ട് ഇവിടെ . മാതാപിതാക്കളോടൊപ്പം താമസിക്കാത്തവർക്ക് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി പ്രതിമാസം 5,839 ഡാനിഷ് ക്രോണുകൾ (ഏകദേശം 693 യൂറോ) ഗ്രാന്റായി ലഭിക്കും. 

ജനസംഖ്യയെക്കാള്‍ കൂടുതല്‍ സൈക്കിളുകള്‍

2000 ത്തിലെ കണക്കു പ്രകാരം 53 ലക്ഷം ആണ് ഡെന്മാർക്കിലെ ജനസംഖ്യ. ആളുകള്‍ സൈക്കിള്‍ യാത്ര ഏറെ ഇഷ്ടപ്പെടുന്നവരായതിനാല്‍ ഇവിടെ ജനസംഖ്യയേക്കാള്‍ അധികം സൈക്കിളുകള്‍ ഉണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. താരതമ്യേന പരന്ന ഇടമായതിനാല്‍ സൈക്കിളുകള്‍ തന്നെയാണ് യാത്രക്ക് കൂടുതല്‍ നല്ലത് . പരിസ്ഥിതി മലിനീകരണം കുറയ്ക്കും എന്നതും മറ്റൊരു മെച്ചമാണ്. മാത്രമല്ല, കാറുകള്‍ക്ക് കനത്ത നികുതി അ‌ടയ്ക്കേണ്ടി വരുമെന്നതും ആളുകളെ സൈക്കിളുകളിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുന്ന ഒരു ഘടകമാണ്.

Denmark

അധികം ഔപചാരികതകള്‍ ഇഷ്ടമില്ലാത്തവരാണ് ഡാനിഷ് ജനത. എന്നാല്‍, സമയനിഷ്ഠയുടെ കാര്യത്തില്‍ ഇവരെ വെല്ലാനാവില്ല. എപ്പോഴും കൃത്യസമയം പാലിക്കുന്നവരാണ് ഇവിടെയുള്ളവര്‍.

ജോലി കുറവ്, വിശ്രമം കൂടുതല്‍

ആഴ്ചയിൽ വെറും 27-28 മണിക്കൂർ മാത്രമാണ് ഡെന്മാര്‍ക്കിലെ ഔദ്യോഗിക ജോലിസമയം. 2019 ൽ ആഴ്ചയില്‍ നാലു ദിവസത്തെ പ്രവൃത്തി നടപ്പിലാക്കുന്ന ഡെൻമാർക്കിലെ ആദ്യത്തെ പ്രാദേശിക അതോറിറ്റിയായി ഇവിടുത്തെ മുനിസിപ്പാലിറ്റികളിലൊന്നായ ഓഡ്‌ഷെർഡ്  വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

തൊഴിലാളികള്‍ക്കും മേലുദ്യോഗസ്ഥര്‍ക്കും ഒരേ സ്ഥാനമാണ് സ്ഥാപനങ്ങളില്‍ ഉള്ളത്. ജീവനക്കാരും മാനേജർമാരും അവരുടെ ആദ്യനാമങ്ങൾ ഉപയോഗിച്ച് പരസ്പരം അഭിസംബോധന ചെയ്യുകയും പ്രധാന തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ എല്ലാവരുടെയും തുല്യമായ പങ്കാളിത്തം ഉറപ്പു വരുത്തുകയും ചെയ്യുന്നു. യൂറോപ്യൻ ഇൻവെസ്റ്റ്‌മെന്റ് ബാങ്കിന്‍റെ 2018/2019 നിക്ഷേപ റിപ്പോർട്ട് അനുസരിച്ച് യൂറോപ്പിലെ ഏറ്റവും ഉൽ‌പാദനക്ഷമതയുള്ളതും കഠിനാധ്വാനികളുമായ തൊഴിലാളികളാണ് ഇവിടെയുള്ളത്.  ഉയർന്ന സ്വയംഭരണവും ശാക്തീകരണവും ഉള്ളതിന്‍റെ ഫലമായി ജീവനക്കാർക്ക് ഉത്തരവാദിത്ത ബോധവും തൊഴിൽ സംതൃപ്തിയും കൂടുതലാണ്. 

Denmark1

കുഞ്ഞുങ്ങള്‍ക്ക് പേരിടുന്നത് സര്‍ക്കാര്‍!

നമ്മുടെ നാട്ടില്‍ ഉള്ളത് പോലെ കുഞ്ഞുങ്ങള്‍ക്ക് ഇഷ്ടമുള്ള പേര് തിരഞ്ഞെടുത്ത് ഇടാനാവില്ല ഡെന്മാര്‍ക്കില്‍. കുഞ്ഞുങ്ങളുടെ പേരുകൾക്കായി, സര്‍ക്കാര്‍ അംഗീകാരം ലഭിച്ച 7,000 പേരുകളുടെ ഒരു പട്ടികയുണ്ട്. ഇതില്‍ നിന്നും വേണം കുഞ്ഞുങ്ങള്‍ക്ക് പേരിടാന്‍.

ലോകത്തിലെ ഏറ്റവും പഴക്കമുള്ള പതാക

ലോകത്തില്‍ തന്നെ ഏറ്റവും പഴക്കം ചെന്ന പതാകകളില്‍ ഒന്നായാണ് ഡെന്മാര്‍ക്കിന്‍റെ പതാക കണക്കാക്കുന്നത്. ചുവന്ന പശ്ചാത്തലത്തില്‍ വെളുത്ത കുരിശിന്‍റെ രൂപമുള്ള ഈ പതാക ആദ്യമായി ഉയര്‍ത്തിയത് 1219 ലെ ലിൻഡാനിസെ യുദ്ധസമയത്തായിരുന്നത്രേ. ഏറ്റവും പഴയ പതാകയല്ലെങ്കിലും, തുടർച്ചയായി ഉപയോഗിക്കുന്ന ഏറ്റവും പഴയ ദേശീയ പതാകയെന്ന് ഗിന്നസ് റെക്കോർഡ് ഡെന്മാര്‍ക്ക് ദേശീയ പതാകയ്ക്കുണ്ട്.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള രാജവാഴ്ച

ഭരണഘടനാനുസൃത രാജവാഴ്ച നിലനിൽക്കുന്ന രാജ്യമാണ് ഡെന്മാര്‍ക്ക്. രാജാവ് അഥവാ രാജ്ഞി രാഷ്ട്രത്തലവനായുള്ള ഭരണഘടനാധിഷ്ഠിത സര്‍ക്കാര്‍ ആണ് ഡെൻമാർക്കില്‍ ഉള്ളത്. 1849-ലാണ് ഏകാധിപത്യ രാജവാഴ്ചയിൽ നിന്ന് ഭരണഘടനാധിഷ്ഠിത രാജവാഴ്ചയിലേക്ക് രാജ്യം മാറിയത്. പിന്നീട്, 1915-ലെ ഭരണഘടന പ്രകാരം സമ്പൂർണ രാഷ്ട്രീയ ജനാധിപത്യവും പ്രായപൂർത്തി വോട്ടവകാശവും നിലവിൽവന്നു. 1953-ലെ ഭരണഘടന പാർലമെന്റിന്‍റെ ഉപരിമണ്ഡലത്തെ റദ്ദാക്കുകയും സ്ത്രീകളുടെ വോട്ടവകാശം അംഗീകരിക്കുകയും ചെയ്തു

ഡെന്മാര്‍ക്ക്‌ എന്ന ദ്വീപസമൂഹം

പ്രധാന കരഭാഗമായ ജൂട്ട്‌ലാൻഡ് ഉപദ്വീപും 482 ചെറുദ്വീപുകളും ഉൾപ്പെടുന്ന ഡെൻമാർക് ശരിക്കും ഒരു ദ്വീപസമൂഹമാണ്. ഡെൻമാർക്കിൽ നിന്ന് 2090 കി.മീ. അകലെ കാനഡയുടെ വടക്കുകിഴക്കൻ തീരത്ത് സ്ഥിതിചെയ്യുന്ന ഗ്രീൻലാൻഡും, സ്കോട്ട്ലൻഡിന് വടക്കു സ്ഥിതിചെയ്യുന്ന ഫറോസ് ദ്വീപുകളും ഡെന്മാർക്കിന്‍റെ ഭാഗമാണ്. ഫറോസ് ദ്വീപുകൾക്ക് 1948-ലും ഗ്രീൻലൻഡ് പ്രവിശ്യക്ക് 1979-ലും സ്വയംഭരണം ലഭിച്ചു. 

ഹൃദ്യമായ കാലാവസ്ഥ

ഡെൻമാർക്കിലെ കാലാവസ്ഥ അതീവഹൃദ്യമായ ഒരു അനുഭവമാണ്. ഭൂരിഭാഗവും സമുദ്രത്താൽ ചുറ്റപ്പെട്ടിരിക്കുന്നതിനാൽ വർഷം മുഴുവൻ സുഖകരമായ കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്. സമുദ്രത്തിൽനിന്ന് വീശുന്ന പശ്ചിമവാതങ്ങളാണ് ഡെൻമാർക്കിലെ കാലാവസ്ഥയെ സ്വാധീനിക്കുന്ന പ്രധാന ഘടകം. ശൈത്യത്തിൽ കടൽ കരയോളം തണുക്കുകയോ, വേനലിൽ അധികം ചൂടാകുകയോ ചെയ്യുന്നില്ല. അതിനാല്‍ ഈ പശ്ചിമവാതങ്ങൾ ശൈത്യകാലത്ത് ഡെൻമാർക്കിന്‍റെ കരഭാഗത്തെ ചൂടുപിടിപ്പിക്കുകയും വേനലിൽ തണുപ്പിക്കുകയും ചെയ്യുന്നു. ഡെൻമാർക്കിന്‍റെ  ഭൂവിസ്തൃതി കുറവായതിനാല്‍ രാജ്യത്തിന്‍റെ വ്യത്യസ്ത പ്രദേശങ്ങളില്‍ കാലാവസ്ഥയിൽ ഗണ്യമായ വ്യതിയാനം അനുഭവപ്പെടുന്നില്ല.

English Summary: Interesting and Unknown Facts about Denmark

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com