ADVERTISEMENT

യാത്ര പോകാൻ പറ്റാത്ത സാഹചര്യത്തിലാണിപ്പോൾ സഞ്ചാരികളടക്കം മിക്കവരും. കോവിഡ് ഭയന്ന് വീട്ടിൽത്തന്നെ കഴിയുന്ന സഞ്ചാരികളും മറ്റും, എല്ലാം പഴയനിലയിലാകുമ്പോൾ സ്വസ്ഥമായി യാത്ര തുടരാം എന്ന ആശ്വാസത്തിലാണ്. വിദേശരാജ്യങ്ങളിലേക്ക് പോകാനായില്ലെങ്കിലും വിദേശത്തെ മനോഹര സ്ഥലങ്ങളെ വെല്ലുന്ന ഇടങ്ങൾ ഇന്ത്യയിലുമുണ്ട്. ഇനിയുള്ള യാത്ര ഇവിടേക്കാകാം. 

ഇന്ത്യയിലെ തായ്‌ലന്‍ഡ്– ആന്‍ഡമാന്‍ നിക്കോബാര്‍

ചുറ്റുമുള്ളതെല്ലാം പച്ചയിലും നീലയിലും വരച്ചിട്ടിരിക്കുന്ന മനോഹര ചിത്രം പോലെയാണ് ഇൗ ദ്വീപുകൾ. ഇന്ത്യയുടെ ഭാഗമാണെങ്കിലും മ്യാൻമറും തായ്‌ലൻഡുമൊക്കെയായാണ്‌ ഇവയ്ക്ക് കൂടുതല്‍ അടുപ്പം. ഇന്ത്യയിൽ നിന്ന് 1400 കിലോമീറ്ററും തായ്‌ലൻഡിൽ നിന്ന് 1000 കിലോമീറ്ററും സഞ്ചരിച്ചാല്‍ ആൻഡമാൻ നിക്കോബാർ ദ്വീപുകളില്‍ എത്താം. 

Foreign-Place-in-india4

നൂലിൽ കോര്‍ത്ത മുത്തുമാല പോലെയുള്ള ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലെ കാഴ്ചകളും അനുഭവങ്ങളും അനുപമമാണ്. മികച്ച സ്‌കൂബ ഡൈവിങ് സ്പോട്ടുകള്‍ക്ക് ലോകപ്രസിദ്ധമാണിവിടം. സെല്ലുലാര്‍ ജയിലിന്റെ ചരിത്രവഴികളിലൂടെ നടക്കാം, ആളില്ലാ ദ്വീപുകളില്‍ സ്വയം മറന്ന് ഉല്ലസിക്കാം. 

ഇന്ത്യയുടെ സ്വിറ്റ്‌സര്‍ലന്‍ഡ് – കശ്മീര്‍

മഞ്ഞണിഞ്ഞ കാഴ്ചകൾ നിറഞ്ഞ കശ്മീര്‍ ഇന്ത്യയിലെ മിനി സ്വിറ്റ്‌സര്‍ലന്‍ഡ് എന്നാണ് അറിയപ്പെടുന്നത്. ഹിമാലയത്തിനും പിര്‍ പഞ്ജല്‍ പര്‍വതനിരയ്ക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന കശ്മീര്‍ ഇന്ത്യയില്‍ സന്ദര്‍ശിക്കാന്‍ സാധിക്കുന്ന ഏറ്റവും അതിശയകരമായ പ്രദേശങ്ങളിലൊന്നാണ്. 

Foreign-Place-in-india1

മഞ്ഞുമൂടിയ പര്‍വതങ്ങള്‍, പഴത്തോട്ടങ്ങള്‍, വെള്ളച്ചാട്ടങ്ങള്‍, താമരപ്പൂക്കള്‍ നിറഞ്ഞ തടാകങ്ങള്‍, പച്ചപ്പുല്‍മേടുകള്‍ എല്ലാം നിറഞ്ഞ ഈ സ്വര്‍ഗഭൂമിയെ ഇന്ത്യയുടെ സ്വിറ്റ്‌സര്‍ലന്‍ഡ് എന്നല്ലാതെ വേറെന്തുവിളിക്കാന്‍. സ്വിറ്റ്‌സര്‍ലന്‍ഡിലേതുപോലെയുള്ള കാലാവസ്ഥയാണ് കശ്മീരിലേക്ക് ലോകമെമ്പാടുമുള്ള സഞ്ചാരികളെ ആകര്‍ഷിക്കുന്നതും. 

മിനി ഇസ്രയേല്‍ – കസോ‌ള്‍

ഹിമാചല്‍പ്രദേശിലെ അതിപ്രസിദ്ധ ടൂറിസ്റ്റ് കേ‌ന്ദ്രമായ കുളുവില്‍നിന്ന് 42 കിലോ‌മീറ്റര്‍ കിഴക്ക്, സമുദ്രനിര‌പ്പില്‍നിന്ന് 1640 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കസോ‌ള്‍ എക്കാലത്തും സഞ്ചാരികളുടെ പ്രിയപ്പെട്ട ടൂറിസ്റ്റ് ഡെസ്റ്റിനേഷനാണ്. ഹിമാച‌ല്‍ പ്രദേശിലെ ‘മിനി ഇസ്രയേല്‍’ എന്നും പേരുള്ള കസോളില്‍നിന്നാണ് സര്‍പാസ്, യാന്‍കെര്‍പാസ്, പിന്‍പാര്‍ബതി പാസ്, ഖിരിഗംഗ തുട‌ങ്ങിയ സ്ഥലങ്ങളിലേക്കുള്ള ഹിമാലയന്‍ ട്രെക്കിങ് ആരംഭിക്കുന്നത്. വാട്ടര്‍ റാഫ്റ്റിങ്ങി‌നും അനുയോജ്യമാണ് ഈ സ്ഥലം.

Foreign-Place-in-india3

ബുന്ദാറില്‍നിന്നു മണികരനിലേക്ക് പോകുന്ന വഴിയില്‍, പാര്‍വതി നദീതീരത്തുള്ള ഈ കൊച്ചുഗ്രാമം മനോഹരമായ ഹിമാലയക്കാഴ്ചകളും വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന മനോഹരമായ കാലാവസ്ഥയും തിരക്കില്ലായ്മയുമെല്ലാം കൊണ്ട് വര്‍ഷംതോറും ധാരാളം സഞ്ചാരികളെ ആകര്‍ഷിക്കുന്നു. അധികം ചെലവില്ല എന്നതിനാല്‍ ബാക്ക്പാക്കേഴ്സിനും ഇവിടം പ്രിയപ്പെട്ടതാണ്.

ഇന്ത്യയുടെ നയാഗ്ര-ചിത്രകൂട് വെള്ളച്ചാട്ടം

നയാഗ്രയുടെ സൗന്ദര്യത്തെക്കുറിച്ചു പറയാൻ സഞ്ചാരികൾക്ക് നൂറുനാവാണ്. അവിടേക്കുള്ള യാത്ര എല്ലാവർക്കും പറ്റില്ലല്ലോ. നയാഗ്രയോളം സൗന്ദര്യം നിറഞ്ഞ ഒരിടമാണ് ഇന്ത്യയിലെ ചിത്രകൂട് വെള്ളച്ചാട്ടം. സഞ്ചാരികൾ ഇന്ത്യയുടെ നയാഗ്ര എന്നു വിളിക്കുന്ന ചിത്രകൂട് സ്ഥിതി ചെയ്യുന്നത് ഛത്തീസ്ഗഢിലെ ബസ്തര്‍ ജില്ലയിലെ ജഗദല്‍പ്പുരിന് സമീപമാണ്.

chitrakote-falls

ആദ്യകാഴ്ചയിൽത്തന്നെ ആരെയും കീഴടക്കുന്ന സൗന്ദര്യമാണ് ഇൗ വെള്ളച്ചാട്ടത്തിന്. മഴക്കാലമായാൽ ഈ സൗന്ദര്യം നൂറിരട്ടിയാകും. ഇന്ത്യയിലെ ഏറ്റവും വീതികൂടിയ വെള്ളച്ചാട്ടവും ഇതുതന്നെ. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളിലെ മഴക്കാലം വെള്ളച്ചാട്ടത്തെ അതിസുന്ദരിയാക്കും. 

താര്‍ മരുഭുമി

ഇന്ത്യയില്‍ത്തന്നെ ഒരു ‘സഹാറ മരുഭൂമി’യുള്ളപ്പോള്‍ എന്തിന് ആഫ്രിക്ക വരെ പോകണം. ഇന്ത്യയുടെ സഹാറ മരുഭൂമിയെന്നും ഗ്രേറ്റ് ഇന്ത്യന്‍ മരുഭൂമിയെന്നുമെല്ലാം വിളിപ്പേരുള്ള താര്‍ മരുഭൂമി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗത്ത് ഇന്ത്യയും പാക്കിസ്ഥാനും അതിരു പങ്കിടുന്ന പ്രദേശമാണ്. സംസ്‌കാര സമൃദ്ധവും രാജകീയവുമായ ഒരു ഓപ്പണ്‍ എയര്‍ മ്യൂസിയമാണ് ഈ മരുഭൂമി.

താറിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന സ്വര്‍ഗ നഗരം ജയ്‌സാല്‍മീര്‍ സഞ്ചാരികളുടെ ഇഷ്ടയിടമാണ്. രാജകൊട്ടാരങ്ങളുടെ പ്രൗഢി പേറുന്ന രാജസ്ഥാനിലെ സുവർണനഗരമാണ് ജയ്സാല്‍മീര്‍. രാജകൊട്ടാരങ്ങളും കോട്ടകളും പുരാവസ്തുകേന്ദ്രങ്ങളും അമ്പലങ്ങളും അങ്ങനെ പലതും ജയ്സാല്‍മീറിന്‍റെ സുന്ദരകാഴ്ചകളാണ്.

വാലി ഓഫ് ഫ്‌ളവേഴ്‌സ്

ലോകപ്രശസ്തമായ ആന്റലോപ് വാലിയുടെ സൗന്ദര്യം ആസ്വദിക്കാന്‍ വലിയ തുക ചെലവഴിച്ച് കലിഫോര്‍ണിയ വരെ പോകണോ അതോ അത്രതന്നെ മനോഹരവും അതിനേക്കാള്‍ ചെലവു കുറച്ചു പോയിവരാന്‍ പറ്റുന്നതുമായ പൂക്കളുടെ താഴ്‍‍‍വരയാണോ ഉത്തമം. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ അതിശയകരമായ താഴ്‍‍‍വരയാണിത്.

valley-of-flowers-uttarakhand

യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റായ ഇത് സമുദ്രനിരപ്പില്‍നിന്ന് 6,234 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്നു. ആല്‍പൈന്‍ പുഷ്പങ്ങളുടെ പുല്‍മേടുകള്‍ക്ക് പേരുകേട്ട ഇവിടം സസ്യജന്തുജാലങ്ങളാല്‍ സമ്പന്നമാണ്, ഒപ്പം പ്രകൃതി സൗന്ദര്യം നിറഞ്ഞതും. പൂവിടുന്ന സമയത്ത് ഓര്‍ക്കിഡുകള്‍, ജമന്തി, ഡെയ്സികള്‍ എന്നിവയുടെ സുന്ദരകാഴ്ചയും ആസ്വദിക്കാം. 

കിഴക്കിന്റെ വെനീസ്-ആലപ്പുഴ

കിഴക്കിന്റെ വെനീസ് എന്ന് അറിയപ്പെടുന്ന ആലപ്പുഴ കേരളത്തിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമാണ്. കായൽത്തീ‌രങ്ങൾ ആസ്വദിക്കണമെങ്കില്‍ ആലപ്പുഴയിലേക്ക് ഒരിക്കലെങ്കിലും പോകണം. ഹൗസ് ബോട്ട് യാത്രയെന്നോ കെട്ടുവള്ള യാത്രയെന്നോ വിശേഷിപ്പിക്കുന്ന, കായല്‍ ചന്തം കാണാനുള്ള യാത്രകള്‍ ആലപ്പുഴയിലെ ഏറ്റവും വലിയ പ്രത്യേകതയാണ്. കായല്‍പരപ്പില്‍ അത്യാഡംബരങ്ങളുടെ പ്രൗഢിയുമായി നീങ്ങുന്ന കെട്ടുവള്ളങ്ങള്‍ കേരളത്തിലെ മാത്രം ദൃശ്യമാണ്.

ഒാളം തല്ലുന്ന കായലിലൂടെയുള്ള ഹൗസ്ബോട്ട് യാത്ര മറക്കാനാവാത്ത അനുഭവമാണ്.  മറ്റൊരു പ്രധാന ആകര്‍ഷണം കെട്ടുവള്ളങ്ങളില്‍ കിട്ടുന്ന രൂചിയൂറും വിഭവങ്ങളാണ്. കായലില്‍നിന്നു ചൂണ്ടയിട്ട് അപ്പപ്പോള്‍ പിടിച്ചു പാകം ചെയ്യുന്ന മത്സ്യവിഭവങ്ങളും കപ്പയും അടക്കം വായില്‍ വെള്ളമൂറിക്കുന്ന പലരുചികളും കെട്ടുവള്ളങ്ങളില്‍ സുലഭം.

 

English Summary: Amazing 'Foreign' Places Visit In India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com