ADVERTISEMENT

ഒട്ടും അളവുകള്‍ തെറ്റാതെ, കൃത്യമായ വൃത്താകൃതിയില്‍ കൊത്തിയെടുത്തതു പോലെ ഒരു ജലാശയം. അതിൽ വൃത്തത്തില്‍ തന്നെ അല്‍പ്പം വ്യാസം കുറഞ്ഞ കരഭാഗം. ജലാശയത്തിലൂടെ ഈ കരഭാഗം നിരന്തരം സഞ്ചരിച്ചു കൊണ്ടിരിക്കും. അതായത് ഒരു വശത്ത് എല്ലായ്പ്പോഴും അര്‍ദ്ധചന്ദ്രാകൃതിയില്‍ വെള്ളം കാണുമെന്നര്‍ഥം. ഏതെങ്കിലും ലക്ഷ്വറി റിസോര്‍ട്ടിനെക്കുറിച്ചാണ് പറഞ്ഞു വരുന്നതെന്ന് കരുതിയെങ്കില്‍ തെറ്റി! അര്‍ജന്‍റീനയില്‍, സഞ്ചാരികള്‍ക്ക് കൗതുകമുണര്‍ത്തുന്ന 'എല്‍ ഓജോ' അഥവാ 'ദി ഐ' എന്ന് പേരുള്ള ഒരു അദ്ഭുതദ്വീപാണ് ഇത്. 

ഈ ദ്വീപ്‌ പ്രകൃതിദത്തമാണ് എന്നു കൂടി കേട്ടാല്‍ വീണ്ടും ഞെട്ടും! വളരെ കൃത്യതയാര്‍ന്ന വൃത്താകൃതിയില്‍ വെട്ടിയെടുത്തതു പോലെയാണ് ജലാശയവും ദ്വീപും ഉള്ളത്. പ്രകൃതി എങ്ങനെയാണ് ഇത്രയും മനോഹരമായി ഈ കലാസൃഷ്ടി ഒരുക്കിയെടുത്തതെന്ന് ആര്‍ക്കും ഇതുവരെ കണ്ടെത്താനായിട്ടില്ല. അന്യഗ്രഹ ജീവികള്‍ ഉണ്ടാക്കിയെടുത്തതാണ് ഈ ജലാശയം എന്ന രീതിയിലും ധാരാളം കഥകള്‍ പ്രചരിക്കുന്നുണ്ട്. 

അർജന്റീനയിലെ ബ്യൂണസ് അയേഴ്സിനും കാമ്പാനയ്ക്കും ഇടയിലുള്ള പരാന നദിയുടെ ഡെൽറ്റ പ്രദേശത്താണ് ഈ ദ്വീപ്‌ സ്ഥിതിചെയ്യുന്നത്. 120 മീറ്റര്‍ വ്യാസമുണ്ട് ഇതിന്. ജലാശയത്തിനാവട്ടെ, 130 മീറ്ററാണ് വ്യാസം. കരഭാഗത്തിന് അധികം കട്ടിയില്ല.

സ്വന്തം അച്ചുതണ്ടിനെ ആധാരമാക്കിയാണ് ദ്വീപിന്‍റെ കറക്കം. ദ്വീപിനെ നീക്കാൻ പ്രാപ്തിയുള്ളത്രയും ശക്തിയുള്ള ഒഴുക്കുകള്‍ സൃഷ്ടിക്കാന്‍ കഴിവുള്ള വലിയ പ്രകൃതിദത്ത കിണറുകളുടെ സാന്നിധ്യമായിരിക്കാം വിചിത്രമായ ചലനത്തിന് കാരണമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. കറങ്ങുന്ന സമയത്ത് ഇടയ്ക്കിടെ ദ്വീപ്‌, ജലാശയത്തിന്‍റെ അതിരുമായി കൂട്ടിയിടിക്കും. അപ്പോള്‍ കുറച്ചു ഭാഗം മണ്ണ് അടര്‍ന്നു പോകും.

അർജന്റീനിയൻ സംവിധായകനായ സെർജിയോ ന്യൂസ്‌പില്ലർ ആണ് ഈ 'അദ്ഭുതക്കണ്ണ്' ആദ്യമായി കണ്ടെത്തിയത്. 2016-ല്‍ തന്‍റെ സിനിമയുടെ ചിത്രീകരണത്തിനായി പറ്റിയ ഇടങ്ങള്‍ തേടി നടക്കുകയായിരുന്നു സെർജിയോയും കൂട്ടരും. അപ്പോഴാണ്‌ ഗൂഗിള്‍ എര്‍ത്ത് വഴി ഈ പ്രദേശം കണ്ണില്‍പ്പെട്ടത്. ഉടന്‍ തന്നെ, അവര്‍ മുന്‍പ് ചെയ്യാന്‍ വച്ചിരുന്ന പ്രോജക്റ്റ് ഉപേക്ഷിക്കുകയും പകരം ഈ പ്രതിഭാസത്തെക്കുറിച്ച് ഒരു ഡോക്യുമെന്‍ററി തയാറാക്കാന്‍ തീരുമാനിച്ചതും. അങ്ങനെ ന്യൂയോർക്കിൽ നിന്നുള്ള ഹൈഡ്രോളിക്, സിവിൽ എൻ‌ജിനീയറായ റിച്ചാര്‍ഡ് പെട്രോണി, സാങ്കേതിക വിദഗ്ദ്ധനായ പാബ്ലോ മാർട്ടിനെസ് എന്നിവരുമായി സെർജിയോ ബന്ധപ്പെട്ടു. അവർ ഒന്നിച്ചായിരുന്നു ഇവിടം ആദ്യമായി സന്ദര്‍ശിച്ചത്.

ഇപ്പോഴും ഗൂഗിള്‍ മാപ്പില്‍ 34°15’07.8’S 58°49’47.4″W എന്ന കോര്‍ഡിനേറ്റ്സില്‍ നോക്കിയാല്‍ ഈ ജലാശയം കാണാം.

English Summary: Floating Eye Island in Argentina

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com