ADVERTISEMENT

'മരങ്ങളുടെ കടല്‍' എന്നാണ് ഓക്കിഗഹാറ എന്ന ജാപ്പനീസ് പദത്തിനര്‍ത്ഥം. പേരു പോലെ തന്നെ കൂറ്റന്‍ മരങ്ങളും വള്ളിപ്പടര്‍പ്പുകളും ഉള്ളിലേക്ക് ചെല്ലുന്തോറും ഭീതി നിറയ്ക്കുന്ന കനത്ത ഇരുട്ടും നിറഞ്ഞ ഒരു ഘോരവനമാണ് ഓക്കിഗഹാറ. ജപ്പാനിലെ ഹോൺഷു ദ്വീപിലെ ഫുജി പർവതത്തിന്‍റെ വടക്കുപടിഞ്ഞാറൻ ഭാഗത്തായാണ് ഇത് സ്ഥിതിചെയ്യുന്നത്. എ.ഡി. 864-ൽ ഫുജി പർവതം പൊട്ടിത്തെറിച്ച് ഒഴുകിയ ലാവ തണുത്തുറഞ്ഞ 30 ചതുരശ്ര കിലോമീറ്റർ പ്രദേശത്താണ് പിന്നീട് മരങ്ങള്‍ മുളച്ചു പൊങ്ങി കൊടുംകാടായിത്തീര്‍ന്നത്. 

ഓക്കിഗഹാറയുടെ പടിഞ്ഞാറു ഭാഗത്ത് നിരവധി ഗുഹകളുണ്ട്. നരുസാവ ഐസ് കേവ്, ഫുഗാകു വിൻഡ് കേവ്, ലേക്ക് സൈ ബാറ്റ് കേവ് തുടങ്ങിയവയാണ് ഇവയില്‍ ഏറ്റവും പ്രശസ്തം. ശൈത്യകാലത്ത് ഇവയ്ക്കുള്ളില്‍ ഐസ് നിറയും. ഈ സമയത്ത് നിരവധി വിനോദ സഞ്ചാരികൾ ഇവിടെയെത്തും. ലാവ തണുത്തുറഞ്ഞുണ്ടായതിനാല്‍ ഈ പ്രദേശത്തിന് സാന്ദ്രത വളരെ കൂടുതലാണ്.  ഈ ലാവ പാറകള്‍ ശബ്ദത്തെ ആഗിരണം ചെയ്യുന്നു. അതുകൊണ്ടുതന്നെ കാടിനുള്ളില്‍പ്പെടുന്ന ആളുകള്‍ക്ക് എപ്പോഴും വല്ലാത്ത ഏകാന്തത അനുഭവപ്പെടുന്നു. കാടിനുള്ളിലെ ഭീകരത കൂട്ടുന്ന ഒരു കാര്യമാണിത്.

Aokigahara

ജാപ്പനീസ് മിത്തുകള്‍ പ്രകാരം മരിച്ചവരുടെ പ്രേതങ്ങള്‍ക്ക് യാരി എന്നാണു പറയുക. ഇവ ഈ കാടിനുള്ളില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്നു എന്നാണു വിശ്വാസം. കാടിനുള്ളില്‍ യാത്ര ചെയ്യുന്ന പലരും അസാധാരണമായ രൂപങ്ങളും കാതു തുളച്ചുകയറുന്ന നിലവിളികളും കേട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. 

1960 കൾക്കുശേഷം സ്ഥിരമായി നിരവധി ആത്മഹത്യകള്‍ നടക്കുന്ന സ്ഥലം എന്ന കുപ്രസിദ്ധിയും ഓക്കിഗഹാര വനത്തിനുണ്ട്. "സൂയിസൈഡ് ഫോറസ്റ്റ്" എന്ന വിളിപ്പേരിലാണ് ഓക്കിഗഹാര കൂടുതല്‍ പ്രശസ്തമായത്‌. ജപ്പാനില്‍ത്തന്നെ ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ നടക്കുന്നത് ഈ പ്രദേശത്താണ്. 2003 ൽ 105 മൃതദേഹങ്ങൾ കാട്ടിൽ നിന്ന് കണ്ടെത്തി. 2010 ൽ 200 ഓളം പേർ കാട്ടിനുള്ളിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. ജപ്പാനിലെ സാമ്പത്തിക വർഷത്തിന്‍റെ അവസാനമായ മാർച്ച് മാസത്തില്‍ ഇവിടെ ആത്മഹത്യകൾ വർദ്ധിക്കുമെന്നാണ് പറയപ്പെടുന്നത്. ഇപ്പോള്‍ കാടിനുള്ളില്‍ ആത്മഹത്യ ചെയ്യാനെത്തുന്നവരെ ബോധവല്‍ക്കരിക്കുന്നതിനായി സന്നദ്ധപ്രവര്‍ത്തകര്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. 

വടക്കുനോക്കിയന്ത്രങ്ങള്‍ തെറ്റായ ദിശ കാണിക്കുന്ന ഇടം കൂടിയാണ് ഓക്കിഗഹാര. ലാവ തണുത്തുറഞ്ഞ പാറകളില്‍ ഇരുമ്പിന്‍റെ അംശമുള്ളതാണ് ഇതിനു കാരണം. എന്നാല്‍ അല്‍പ്പം ഉയരത്തില്‍ വെച്ചാല്‍ കോമ്പസുകള്‍ ശരിയായിത്തന്നെ പ്രവര്‍ത്തിക്കും. 1956 മുതൽ ജപ്പാന്‍ ഗ്രൗണ്ട് ഡിഫന്‍സ് ഫോഴ്സ് ഈ വനത്തിനുള്ളിലാണ് നാവിഗേഷൻ പരിശീലനം ഉൾപ്പെടെയുള്ള തങ്ങളുടെ വിവിധ റേഞ്ചർ കോഴ്‌സുകൾ നടത്തി വരുന്നത്.

നിരവധി സിനിമകളിലും നോവലുകളിലും വീഡിയോ ഗെയിമുകളിലും മറ്റും ഓക്കിഗഹാര വനം പശ്ചാത്തലമായിട്ടുണ്ട്. 2015-ൽ പുറത്തിറങ്ങിയ 'ദി സീ ഓഫ് ട്രീസ്', 2016 ലെ ഹൊറർ ചിത്രമായ 'ദി ഫോറസ്റ്റ്' എന്നിവയില്‍ വനം അതിമനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്. 

English Summary: Aokigahara- Suicide Forest in Japan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com