ADVERTISEMENT

മമ്മികള്‍ എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്നത് ഈജിപ്തിലെ അദ്ഭുത പിരമിഡുകളാണ്. കുട്ടിക്കാലം മുതല്‍ക്കേ, പാഠപുസ്തകങ്ങളിലും മറ്റും കണ്ടും കേട്ടും എല്ലാവര്‍ക്കും അതങ്ങു മനസ്സില്‍ ഉറച്ചു പോയി! എന്നാല്‍ ലോകത്തിന്‍റെ മറ്റു പല ഭാഗങ്ങളിലും മമ്മികൾ സൂക്ഷിക്കുന്നിടങ്ങളുണ്ട്. അത്തരത്തിലുള്ള ഒരു കാഴ്ച ഫിലിപ്പീൻസിലുമുണ്ട്.

മമ്മികള്‍ കണ്ടെത്തിയ ഗുഹകളെ ദേശീയ സാംസ്കാരിക നിധികളായി ഫിലിപ്പീൻസിസിലെ നാഷണൽ മ്യൂസിയം പട്ടികപ്പെടുത്തിയിട്ടുണ്ട്. ഇത് യുനെസ്കോയുടെ ലോക പൈതൃക സൈറ്റുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നിര്‍ദ്ദേശവും പരിഗണനയിലാണ്.

ഫിലിപ്പീൻസിന്റെ വടക്കന്‍ ഭാഗത്തുള്ള ഒരു ചെറുപട്ടണമാണ് കബായന്‍. ഇവിടുത്തെ മലമ്പ്രദേശങ്ങളില്‍ നിന്നു ബിസി രണ്ടായിരത്തില്‍ ജീവിച്ചതെന്നു കരുതപ്പെടുന്ന ആളുകളുടെ മമ്മികള്‍ കണ്ടെടുത്തിട്ടുണ്ട്. കബായന്‍ മമ്മികള്‍ എന്ന് പൊതുവേ അറിയപ്പെടുന്ന ഇവയെ ഫയര്‍ മമ്മി, ബെംഗു മമ്മി, ഇബാലോയ് മമ്മി എന്നുമൊക്കെ വിളിക്കാറുണ്ട്. കബായനിലെ ഗുഹകള്‍ക്കുള്ളിലായാണ് ഇവയെ കണ്ടെത്തിയത്. ഇന്ന് ഇവിടെ മമ്മികള്‍ സൂക്ഷിച്ചിരിക്കുന്ന ഒരു പ്രകൃതിദത്ത മ്യൂസിയമുണ്ട്. സഹസ്രാബ്ദങ്ങള്‍ക്കപ്പുറത്തു നിന്നുള്ള മനുഷ്യജീവിതത്തിന്‍റെ അവശേഷിപ്പുകള്‍ തേടി, ലോകത്തിന്‍റെ നാനാകോണില്‍ നിന്നും സഞ്ചാരികളും ഗവേഷകരുമെല്ലാം ഇവിടെയെത്തുന്നു. 

എഡി 1200 നും 1500 നും ഇടയിൽ ബെംഗുവിലെ അഞ്ച് പട്ടണങ്ങളിലായി ജീവിച്ച ഇബലോയി ഗോത്രവര്‍ഗ്ഗക്കാരാണ് ഈ മമ്മികള്‍ നിര്‍മിച്ച് അവ ഗുഹകളില്‍ അടക്കം ചെയ്തതെന്ന് ശാസ്ത്രജ്ഞർ കരുതുന്നു. എന്നാല്‍ ബിസി 2000-ൽത്തന്നെ മമ്മിഫിക്കേഷൻ പ്രക്രിയ ആരംഭിച്ചിരുന്നു എന്നും പറയപ്പെടുന്നു. 

കബായന്‍ മമ്മികളുടെ ഏറ്റവും വലിയ സവിശേഷത അവയുടെ മമ്മിഫിക്കേഷൻ പ്രക്രിയയാണ്. ഒരു വ്യക്തി മരിക്കുന്നതിന് തൊട്ടുമുമ്പാണ് മമ്മിഫിക്കേഷൻ ആരംഭിക്കുന്നത്. ദഹനവ്യവസ്ഥ പ്രവര്‍ത്തനം നിര്‍ത്തുന്നതിന് തൊട്ടുമുന്‍പേ അയാള്‍ക്ക് ധാരാളം ഉപ്പിട്ട പാനീയം നല്‍കും. മരണശേഷം, മൃതദേഹം കഴുകി അതിനു ചുറ്റും തീയിട്ട് ശരീരത്തിനുള്ളിലെ ദ്രാവകങ്ങള്‍ എല്ലാം ബാഷ്പീകരിച്ചു കളയുന്നു. ആന്തരികാവയവങ്ങളും ഉള്ളിലെ മറ്റു ഭാഗങ്ങളും ഉണക്കാന്‍ പുകയിലയിൽ നിന്നുള്ള പുക വായിലേക്ക് കടത്തിവിടുന്നു. ശേഷം വിവിധ ഔഷധങ്ങൾ ശരീരത്തിൽ പുരട്ടുന്നു. അവസാനം ഈ മൃതദേഹങ്ങൾ പൈൻ‌വുഡ് കൊണ്ട് നിർമിച്ച ശവപ്പെട്ടിയിൽ, പാറക്കെട്ടുകളിലോ പ്രകൃതിദത്ത ഗുഹകളിലോ മനുഷ്യനിര്‍മfതമായ ശ്മശാനങ്ങളിലോ സ്ഥാപിക്കുന്നു. 

ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ ഇവിടെയെത്തിയ പാശ്ചാത്യരാണ് ഫയർ മമ്മികളെക്കുറിച്ച് ലോകത്തെ അറിയിച്ചത്. അതിനു നൂറ്റാണ്ടുകള്‍ മുന്‍പേ തന്നെ പ്രദേശവാസികള്‍ക്ക് ഇതേക്കുറിച്ച് അറിയാമായിരുന്നു. ഗുഹകള്‍ സുരക്ഷിതമല്ലാതിരുന്നതിനാല്‍ ഈ മമ്മികളില്‍ പലതും കാലക്രമേണ മോഷ്ടിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ നൂറില്‍ താഴെ മമ്മികളുടെ വിവരങ്ങളാണ് ലഭ്യമായിട്ടുള്ളത്‌.

English Summary: Kabayan Mummies Caves – Benguet Philippines

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com