ADVERTISEMENT

പണ്ട് കുട്ടിക്കാലത്ത് വാങ്ങിക്കഴിച്ചിരുന്ന, ഒരു കോലിനറ്റത്ത് പിടിപ്പിച്ച പലനിറമുള്ള മിഠായികള്‍ ഓര്‍മയില്ലേ? ഇപ്പോള്‍ അതൊരു ഗൃഹാതുരത്വം നിറഞ്ഞ ഓര്‍മയാണ് പലര്‍ക്കും. പുതിയ ചോക്ലേറ്റുകളും പലതരം മിഠായികളും മധുര പലഹാരങ്ങളുമെല്ലാം മാര്‍ക്കറ്റിലുണ്ടെങ്കിലും പണ്ടത്തെ കോലുമിഠായി മനസ്സിലേക്ക് പകര്‍ന്നു തരുന്ന മധുരത്തോളം എത്തില്ല അവയൊന്നും! ആ ഓര്‍മ ഒന്ന് പുതുക്കി മിനുക്കിയെടുക്കാനായി ഒരു യാത്ര പോയാലോ, അതും യൂറോപ്പിലും വടക്കുപടിഞ്ഞാറൻ ഏഷ്യയിലുമായി വ്യാപിച്ചുകിടക്കുന്ന അസർബെയ്ജാൻ എന്ന മനോഹര രാജ്യത്തേക്ക്? വലിയൊരു പ്രദേശം നിറയെ ആ വര്‍ണാഭമായ മിഠായികളെ ഓര്‍മിപ്പിക്കുന്ന കുന്നുകള്‍ കണ്ടു തിരിച്ചുപോരാം!

മലനിരകള്‍ക്ക് പേരിട്ട സഞ്ചാരി

പ്രകൃതി സഞ്ചാരികള്‍ക്കായി കാത്തുവച്ച അപൂര്‍വ മനോഹരമായ കാഴ്ചകളിലൊന്നാണ് അസര്‍ബെയ്ജാനിലുള്ള കാന്‍ഡി കെയ്ന്‍ മലനിരകള്‍. ഗ്രേറ്റർ കോക്കസസ് പർവതനിരയുടെ ഭാഗമായ കാൻഡി കെയ്ൻ കുന്നുകള്‍ ഖിസി, സിയാസാൻ ജില്ലകളിലായാണ് സ്ഥിതിചെയ്യുന്നത്. പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ മനോഹരമായ ചുവപ്പും  വെളുപ്പും ഇടകലര്‍ന്ന പാറ്റേണുമായി ഒരു കാന്‍ഡിയെ ഓര്‍മിപ്പിക്കും, ഈ പ്രദേശം.

candy-cane-mountains1
Dari kosmos111/shutterstock

ഇവയുടെ രൂപസവിശേഷത കണക്കിലെടുത്ത്, സഞ്ചാരിയും എഴുത്തുകാരനുമായ മാർക്ക് എലിയട്ട് ആണ് തന്‍റെ 'അസർബൈജാൻ വിത്ത് എക്സർഷൻസ് വിത്ത് ജോർജിയ' എന്ന പുസ്തകത്തില്‍ ഇവയെ 'കാൻഡി കെയ്ൻ പർവതനിരകൾ' എന്ന് ആദ്യമായി വിശേഷിപ്പിച്ചത്‌. 

വര്‍ണങ്ങള്‍ക്ക് പിന്നിലെ രഹസ്യം

ഈ പ്രദേശത്തിന്‍റെ തനതായ ഭൂമിശാസ്ത്രപരമായ സവിശേഷത മൂലമാണ് ഈ വര്‍ണക്കാഴ്ച ഉണ്ടാകുന്നത്. അവസാദ ശിലകളാണ് ഇവിടെയെങ്ങും ഉള്ളത്. ഇവ ഒന്നിനു മുകളില്‍ ഒന്നായി, പാളികളായി അടുക്കി വച്ചിരിക്കുകയാണ്. ഇവയില്‍, ജലവുമായി സമ്പർക്കത്തിലായ ഇരുമ്പ് അടങ്ങിയ പാളികൾ ഓക്സിഡൈസ് ചെയ്യുകയും അവയുടെ നിറം ചുവപ്പായി മാറുകയും ചെയ്തു. അതേസമയം ഇരുമ്പില്ലാത്ത പാളികൾ വെളുത്തതോ ചാരനിറത്തിലോ തുടർന്നു. കാലക്രമേണ, ടെക്റ്റോണിക് ചലനവും മണ്ണൊലിപ്പും മൂലം ഈ അവശിഷ്ട പാളികള്‍ ഉപരിതലത്തിലേക്കെത്തി.

ഹൈക്കിങ് നടത്താം, ഫോട്ടോയെടുക്കാം

സഞ്ചാരികള്‍ക്ക് കാന്‍ഡി കെയ്ന്‍ മലനിരകളിലൂടെ ഹൈക്കിങ് നടത്താം. ഇതിനായി നിരവധി പാതകള്‍ ഇവിടെയുണ്ട്. മനോഹരമായ ഫോട്ടോകള്‍ എടുക്കാനും പറ്റിയ സ്ഥലങ്ങള്‍ ഇവിടെ ധാരാളമുണ്ട്. 

എങ്ങനെയാണ് ഇവിടേക്ക് എത്തുന്നത്?

ബാകുവിലെ ഓൾഡ് സിറ്റി പ്രദേശത്ത് നിന്നും സഞ്ചാരികള്‍ക്കായി ഇവിടേക്ക് ഗൈഡഡ് ടൂർ സര്‍വീസുകള്‍ ലഭ്യമാണ്. അല്ലെങ്കില്‍ സ്വന്തമായി വാഹനം വാടകയ്ക്ക് എടുത്ത് ഡ്രൈവ് ചെയ്തു പോകാം, ഇതിനായി കാറുകള്‍ വാടകയ്ക്ക് നല്‍കുന്ന നിരവധി ഏജന്‍സികളുണ്ട്. പൊതുഗതാഗത സേവനങ്ങളും ഈ പ്രദേശത്ത് ലഭ്യമാണ്.

English Summary: Swirling Layers of White and Red Rock Earned these Mountains Candy Cane

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com