ADVERTISEMENT

നെഗറ്റീവൊക്കെ സീരിയലിലെ കഥാപാത്രത്തിനുള്ളതാണ്. ജീവിതത്തിൽ ഫുൾ പോസിറ്റീവാണ് പൂജിത മേനോൻ. അവതാരക എന്ന നിലയിൽനിന്ന് അഭിനയരംഗത്തേക്കു കടക്കുമ്പോഴും പൂജിതയുടെ പാഷൻ എപ്പോഴും യാത്രകളോടായിരുന്നു. യാത്ര, ഷോപ്പിങ്, ഭക്ഷണം, തമാശ ഇതിനെക്കുറിച്ച് ചിന്തിക്കാത്ത, പ്ലാനിങ് നടത്താത്ത ഒരു ദിവസം പോലും പൂജിതയുടെ ജീവിതത്തിലുണ്ടാകില്ല. യാത്രകളെ ഏറ്റവുമധികം മിസ്സ് ചെയ്തത് ലോക്ഡൗൺ കാലത്തായിരുന്നു എന്നുപറയുന്ന പൂജിതയുടെ, നിറമാർന്ന യാത്രാവിശേഷങ്ങളിലേക്ക്...

D4

ഏതു യാത്രയും സുന്ദരം

യാത്രയാണ് എനിക്ക് ജീവിതത്തിൽ ഏറ്റവും ഇഷ്ടമുള്ള കാര്യം. ഒറ്റ ദിവസത്തേക്കാണെങ്കിലും നീണ്ടതാണെങ്കിലും യാത്രകൾ ഏറ്റവും ആസ്വദിക്കുന്ന ഒരാളാണ് ഞാൻ. സുഹൃത്തുക്കൾക്കൊപ്പവും വീട്ടുകാർക്കൊപ്പവും ഒറ്റയ്ക്കുമുള്ള യാത്രകൾ വേറിട്ട രീതിയിൽ ആസ്വദിക്കും. യാത്രയുടെ കോൺസപ്റ്റ് എന്നൊക്കെ ചോദിച്ചാൽ എങ്ങനെ പറയണമെന്ന് എനിക്ക് അറിയില്ല. എന്നും യാത്രകളാണ്, എല്ലാ യാത്രകളും ആസ്വാദ്യമാണ്.

E1

യാത്രകളെല്ലാം പ്ലാൻ ചെയ്താണോ?

പ്ലാൻ ചെയ്യുന്നതും അല്ലാത്തതുമായ യാത്രകളുണ്ട്. പ്ലാൻ ചെയ്യാത്ത യാത്രകളാണ് കൂടുതലും ഉണ്ടായിട്ടുള്ളത്. പ്ലാൻ ചെയ്യുന്ന യാത്രകളേറെയും വീട്ടുകാർക്കൊപ്പമുള്ളതാണ്. കൂട്ടുകാർക്കൊപ്പമുള്ളവയിൽ പോകുന്ന സ്ഥലം മാത്രമായിരിക്കും മിക്കവാറും പ്ലാൻ ചെയ്യുക. ഒന്നും പ്ലാൻ ചെയ്യാതെ അവിടെച്ചെന്ന് എല്ലാം കണ്ടെത്തി അറേഞ്ച് ചെയ്യുന്നതിന്റെ ഒരു ത്രിൽ ഉണ്ടല്ലോ... അത് ആസ്വദിക്കാൻ എനിക്കിഷ്ടമാണ്.

D2

അതിരാവിലെ എഴുന്നേൽക്കണം, സ്ഥലങ്ങൾ കാണണം

എവിടെയെങ്കിലും യാത്ര പോയാൽ, അതിപ്പോൾ തണുപ്പുള്ള പ്രദേശമാണെങ്കിലും അല്ലെങ്കിലും അതിരാവിലെ മൂടിപ്പുതച്ച് കിടക്കുന്ന സ്വഭാവം എനിക്കില്ല. അതിരാവിലെ എഴുന്നേറ്റ് അവിടുത്തെ സ്ഥലങ്ങളിലൊക്കെ പോയൊന്ന് കറങ്ങണം. രാവിലെ സ്ഥലങ്ങൾ‍ കാണാനിറങ്ങുന്നതിന്റെ സുഖം വേറേ ഒരു സമയത്തും കിട്ടില്ല.

അതിരാവിലെ പ്രകൃതിക്കുള്ള ഭംഗി മാത്രമല്ല, ആ സമയത്തെ കാലാവസ്ഥയും അടിപൊളിയാണല്ലോ. താമസിക്കുന്ന സ്ഥലത്തുനിന്ന് നടന്നു പോകാൻ പറ്റുന്നിടത്ത് നടന്നു തന്നെ പോകുന്നതാണ് ഇഷ്ടം. ഹിൽ സ്റ്റേഷനുകളിൽ വഴിയരികിൽ കിട്ടുന്ന ഭക്ഷണസാധനങ്ങൾ, പ്രത്യേകിച്ച് ഉപ്പിലിട്ടു വച്ചിരിക്കുന്നവ, ചൂട് ചായയും പരിപ്പുവടയും അതൊന്നും ഞാൻ ഒരിക്കലും മിസ് ചെയ്യാറില്ല. വെയിലിന് ചൂട് വച്ചു തുടങ്ങുമ്പോൾ തിരിച്ചു കയറി വല്ലതും ലൈറ്റായി കഴിച്ച് കിടന്നുറങ്ങണം. പിന്നെ വൈകുന്നേരം ചായ കുടിച്ചിട്ട് വീണ്ടും കറങ്ങാൻ ഇറങ്ങും.

ബീച്ചുകൾ പൊളിയല്ലേ! ഏറ്റവും ഇഷ്ടം ഗോവ

മലയോര പ്രദേശങ്ങളും ട്രെക്കിങ്ങും എല്ലാം വളരെയിഷ്ടമാണെങ്കിലും ബീച്ചുകളോട് എനിക്ക് വല്ലാത്തൊരു ഇഷ്ടമുണ്ട്. അതിൽ ഏറ്റവും ഇഷ്ടപ്പെടുന്നതും എപ്പോഴും പോകാൻ ആഗ്രഹിക്കുന്നതും ഒരിക്കലും മടുക്കാത്തതും ഗോവയാണ്. നോർത്ത് ഗോവയാണ് ഏറ്റവും ഇഷ്ടം. അവിടുത്തെ വാട്ടർ സ്പോട്സും വൈകുന്നേരത്തെ ബീച്ചിലെ ഇരിപ്പും ആഘോഷവുമെല്ലാം അടിപൊളിയാണ്. ഒരിക്കലും എനിക്ക് ഗോവയോടു മടുപ്പ് തോന്നില്ല. അല്ലെങ്കിലും ബീച്ചുകൾക്ക് ഒരു മാന്ത്രികതയുണ്ട്. നമ്മുടെ ടെൻഷനുകളൊക്കെ കളയാൻ കുറച്ചു നേരം കടൽ കണ്ടിരുന്നാൽ മതി.

സ്കൂബ ഡൈവിങ് ചെയ്യണം

സ്കൂബ ഡൈവിങ് ഇതുവരെ ചെയ്തിട്ടില്ല. എന്റെ ബക്കറ്റ് ലിസ്റ്റിലുള്ള ഒരു ഐറ്റമാണത്. അതിനായി ചെറിയ ട്രെയ്നിങ് ഒക്കെയുണ്ട്. അതു പൂർത്തിയാക്കിയിട്ട് സ്കൂബ ഡൈവിങ്ങിനു ഞാൻ പോകും.

E5

പക്ഷേ കടലിനടിയിലെ കാഴ്ചകളൊക്കെ കാണാൻ എനിക്ക് പറ്റിയിട്ടുണ്ട്. മാലദ്വീപിൽ സബ്മറൈനിൽ പോയിട്ടുണ്ട്. കടലിനടിയിലെ കാഴ്ചകളൊക്കെ കാണാൻ ഏറ്റവും പറ്റിയതാണ് സബ്മറൈൻ. ഏറ്റവുമധികം ആസ്വദിച്ച ഒരു യാത്രയായിരുന്നുവത്.

ജീവിതത്തിലെ നാഴികക്കല്ലായി സ്കൈ ഡൈവ്

ഉയരം ഏറ്റവും പേടിയുള്ള ഒരാളാണ് ഞാൻ അതുകൊണ്ടുതന്നെ സ്കൈ ഡൈവിങ്ങിനെക്കുറിച്ചൊന്നും ആലോചിക്കാൻ പോലും കഴിയുമായിരുന്നില്ല. സത്യം പറഞ്ഞാൽ റിയാലിറ്റി ഷോയിലെ ചില ആക്ടിവിറ്റികളും ഗെയിമുകളുമാണ് ഉയരം എന്ന പേടിയിൽനിന്ന് എന്നെ കുറേയൊക്കെ പുറത്തു കൊണ്ടുവന്നത്. ആ സമയത്താണ് സ്കൈ ഡൈ ചെയ്താലോ എന്ന ചിന്ത പോലും വരുന്നത്. പക്ഷേ ഉയരം പേടിയുള്ള ഒരാൾ സ്കൈ ഡൈവ് ചെയ്യുക എന്ന പറഞ്ഞാൽ ... ആ ഫീലിങ് പറഞ്ഞറിയിക്കാൻ പ്രയാസമാണ്. മരണതുല്യമായ ഫീലീങ് ആണ്. പക്ഷേ അത് ചെയ്യണമെന്നുറച്ചു തന്നെ പോയാണ് ഞാൻ സ്കൈ ഡൈവ് ചെയ്തത്.

poojitha-trip1

സ്കൈ ഡൈവിനായി കൊണ്ടു പോകുന്ന ചെറുവിമാനത്തിൽ കയറുന്നതു വരെയാണ് നമ്മുടെ സമയം. അതുവരെ സ്കൈ ഡൈവ് ചെയ്യണോ വേണ്ടയോ എന്നത് നമുക്കു തീരുമാനിക്കാം. അതിൽ കയറിക്കഴിഞ്ഞാൽ ആകാശത്തു പോയി ചാടുക എന്നതാണ് ഏക വഴി. 13000 അടി മുകളിൽ നിന്നാണ് ചാട്ടം. അവിടുന്ന് നോക്കിയാൽ നമുക്ക് താഴെ ഒന്നും കാണാൻ പറ്റില്ല. ചാടാൻ തയാറായി നിൽക്കുന്ന രണ്ടു നിമിഷത്തെ പ്രയാസമേയുള്ളൂ. ആ ഒരു വികാരം വാക്കുകൾകൊണ്ടു പറയാൻ കഴിയുന്നതല്ല.

അത് അനുഭവിച്ചു തന്നെയറിയണം.  ചാടിക്കഴിഞ്ഞാൽ പിന്നെ നമ്മളെല്ലാം മറക്കും. മനസ്സിലെ പേടിയെല്ലാം പോകും. ജീവിതത്തിൽ നമ്മളിതുവരെ അനുഭവിക്കാത്ത സന്തോഷം നമുക്കുണ്ടാകും. പിന്നെ താഴെ വീഴുമോ ഇല്ലയോ എന്ന ചിന്തയൊന്നും വരില്ല. എന്തൊക്കെയോ നേടിയെന്ന ഒരു തോന്നലാണ് അപ്പോഴുണ്ടാകുക. എന്റെ അഭിപ്രായത്തിൽ എല്ലാവരും ജീവിതത്തിലൊരിക്കലെങ്കിലും സ്കൈ ഡൈവ് നിർബന്ധമായും ചെയ്യണം.

poojitha-trip2

ഗ്രൂപ് ട്രിപ്പാണ് കൂടുതൽ ഇഷ്ടം

ഗ്രൂപ്പായും ഒറ്റയ്ക്കും ഒക്കെ യാത്ര ചെയ്യാറുണ്ട്, ഇവയെല്ലാം ആസ്വദിക്കാറുമുണ്ട്. പക്ഷേ നമ്മുടെ വേവ് ലെങ്ത് ഉള്ള ആളുകളെ കിട്ടുകയാണെങ്കിൽ ഗ്രൂപ്പ് ട്രിപ്പാണ് കൂടുതൽ ഇഷ്ടം. അത് നല്ല രസകരമാണ്. സോളോ ട്രിപ് പോകണമെങ്കിൽ നമ്മുടെ മനസ്സ് അത്രയും സെൽഫ് മോട്ടിവേറ്റഡ് ആയിരിക്കണം. പോകുന്ന സ്ഥലങ്ങളോട് അത്രയ്ക്ക് ഇഷ്ടമുണ്ടാകണം. അല്ലെങ്കിൽ റൂമിൽ മടിപിടിച്ചിരുന്ന് ആ ട്രിപ് കുളമാകും. തായ്‌ലൻഡിലേക്ക് ഒരു സോളോ ട്രിപ് പോയിരുന്നു. ഷോപ്പിങ് ആയിരുന്നു ലക്ഷ്യം. സോളോ ട്രിപ്പിൽ ഏറ്റവും ഞാൻ ആസ്വദിക്കുന്നതും ഷോപ്പിങ് ആണ്.

D3

എല്ലാ ട്രിപ്പുകളും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ആസ്വദിക്കാറുണ്ട്. അതുകൊണ്ടുതന്നെ ഏറ്റവും ആസ്വദിച്ച യാത്ര ഏതെന്ന് ചോദിച്ചാൽ ഉത്തരം പറയുക ബുദ്ധിമുട്ടാകും. മനസ്സിന് ഏറ്റവും ആശ്വാസം കിട്ടിയതും വളരെ വ്യത്യസ്തമായ ഒരു ബീച്ച് എക്സ്പീരിയൻസ് കിട്ടിയതും അടുത്തിടെ പോയ മാലദ്വീപ് യാത്രയാണ്. ചുറ്റും വെള്ളമായതു കൊണ്ടു കൂടിയാകാം അത്രയും ആസ്വദിക്കാൻ എനിക്ക് കഴിഞ്ഞത്.

poojitha-trip6

യൂറോപ്പിൽ പോകണം, ക്രൊയേഷ്യ സ്വപ്നയിടമാണ്

ഒരുപാട് രാജ്യങ്ങളിലേക്കൊന്നും പോയിട്ടില്ല. പക്ഷേ പോകാൻ ഏറ്റവും അധികം കൊതിക്കുന്ന ഒരിടമുണ്ട്. അത് യൂറോപ്യൻ രാജ്യങ്ങളാണ്. വിഷ്വലുകൾ കണ്ടിട്ട് പോകണമെന്ന് ആഗ്രഹം തോന്നിയ ഒരു രാജ്യമാണ് ക്രൊയേഷ്യ. അതിമനോഹരമാണ് ആ സ്ഥലം. പോയ സുഹൃത്തുക്കളെല്ലാം ആ യാത്രയെക്കുറിച്ച് പറഞ്ഞു കൊതിപ്പിച്ചിട്ടുമുണ്ട്. 3 വർഷം മുൻപ് ജോർജിയയിലേക്കു പോകണമെന്ന് പ്ലാൻ ചെയ്തിരുന്നു. പക്ഷേ പല കാരണങ്ങൾ കൊണ്ട് അതു നടന്നില്ല.

കേരളത്തിലെ ബീച്ചുകൾ

കേരളത്തിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട രണ്ട് ബീച്ചുകളാണ് കോവളവും മാരാരി ബീച്ചും. മറ്റ് ബീച്ചുകളെ അപേക്ഷിച്ച് ഈ സ്ഥലങ്ങളോട് എന്തോ ഒരു അടുപ്പം എനിക്കുണ്ട്. കുറച്ചു കൂടി സ്വാതന്ത്ര്യമുള്ള ബീച്ചുകളായി തോന്നിയിട്ടുമുണ്ട്. കേരളത്തിലെ ഭൂരിപക്ഷം ബീച്ചുകളിലും സ്വകാര്യത കുറവാണെന്ന് തോന്നിയിട്ടുണ്ട്.

poojitha-trip5

ഗോവയിലും പുറത്തുള്ള മറ്റു ബീച്ചുകളിലുമൊക്കെ നീന്താൻ പറ്റുന്നയിടങ്ങൾ കൂടുതലാണെന്ന് തോന്നിയിട്ടുണ്ട്. അതായത് ആഴം കുറഞ്ഞയിടങ്ങൾ കുറവാണ്. അവിടുത്തെ ബീച്ചുകളിലൊക്കെ നിങ്ങൾ എന്തുചെയ്യുന്നു, എന്തു വസ്ത്രം ധരിക്കുന്നു എന്നതൊന്നും ആരും നോക്കാറില്ല. അതിനാൽ കുറച്ചുകൂടി സ്വാതന്ത്ര്യം തോന്നിയിട്ടുണ്ട്. അത്തരം ആസ്വദിക്കൽ കേരളത്തിൽ എനിക്കു കിട്ടിയിട്ടുള്ളത് കോവളം, മാരാരി ബീച്ചുകളിലാണ്.

poojitha-trip3

കാടുകയറാൻ കുറച്ചു കൂടി സ്വാതന്ത്ര്യം വേണം

കാട്ടിലേക്കുള്ള ട്രെക്കിങ്ങിന് ഒരുപാടു സ്ഥലങ്ങൾ കേരളത്തിലുണ്ട്. അതും നമ്മൾ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത അത്രയും മനോഹരമായ സ്ഥലങ്ങൾ. പക്ഷേ പലപ്പോഴും അവിടേക്കു കടക്കാനുള്ള നിബന്ധനകൾ കൂടുതലായതിനാൽ പോകാൻ പറ്റാറില്ല. കേരളത്തിലാണ് അത്രയും നിയന്ത്രണങ്ങളുള്ളതെന്നു തോന്നുന്നു. കാട്ടിലെ വന്യമൃഗങ്ങളുടെ സംരക്ഷണത്തിനും സുരക്ഷാ മാനദണ്ഡങ്ങളൊക്കെ നോക്കിയിട്ടുമാകാം അത്. പക്ഷേ എല്ലാ മാനദണ്ഡങ്ങളും പാലിച്ച് നിയമം അനുസരിച്ച് കാട്ടിലേക്ക് യാത്ര പോകാൻ ആഗ്രഹിക്കുന്നവരെ അനുവദിക്കണമെന്ന അഭിപ്രായമെനിക്കുണ്ട്. പലരാജ്യങ്ങളിലെയും വലിയ ടൂറിസം സാധ്യതകൾ കാട്ടിലെ യാത്രാ എക്സ്പീരീയൻസാണ്. അലമ്പ് കാണിക്കുന്നവർക്ക് തുറന്നു കൊടുക്കണമെന്നല്ല, യഥാർഥ യാത്രികർക്ക് കാട്ടിലെ യാത്രയ്ക്ക് കൂടുതൽ അവസരങ്ങളുണ്ടാകണം. നിയന്ത്രണങ്ങൾ കുറച്ചു കൂടി ലഘൂകരിക്കണം.

E2

ജിപിയുടെ കൂടെയുള്ള യാത്ര

ജിപി (ഗോവിന്ദ് പത്മസൂര്യ)യുടെ കൂടെയുള്ള യാത്ര എപ്പോഴും ഭയങ്കര രസമാണ്. ഒരു ദിവസം രാവിലെ സുഹൃത്തുക്കളുമായി വന്ന് നേരേ വണ്ടിയിൽ കയറ്റി കൊണ്ടുപോയി. എവിടെയാണെന്ന് പറച്ചിലൊന്നുമില്ല. എല്ലാം സർപ്രൈസ് ആയിരുന്നു. മൈക്കിൾ ഷൂമാക്കറെപ്പോലെയായിരുന്നു വണ്ടി ഓടിച്ചത്.

E3

5 മണിക്കു മുൻപ് ചെക്ക്പോസ്റ്റ് കടക്കണമെന്നു പറഞ്ഞായിരുന്നു വണ്ടിയോടിക്കൽ. നേരേ പോയത് നെല്ലിയാമ്പതിയിലേക്കായിരുന്നു. ട്രക്കിങ് നടത്തി നേരെ മുകളിൽ പോയി. അവിടെ ചെന്ന് യോഗ ചെയ്ത് എടുത്ത വിഡിയോയാണ് യോഗ ഡേയ്ക്ക് സോഷ്യൽ മീഡിയയിൽ ഇട്ടത്. ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങളാണ് അതൊക്കെ.

poojitha-trip

ജീവിതത്തിൽ എത്ര തിരക്കായാലും കഴിയുന്നത്ര യാത്ര ചെയ്തുകൊണ്ടേയിരിക്കണം എന്നതാണ് പൂജിതയുടെ ആഗ്രഹം. സിനിമാ അവസരങ്ങൾ വർധിച്ചാലും പ്ലാൻ ചെയ്തതും അല്ലാത്തതുമായ യാത്രകൾ തന്റെ ജീവിതത്തിന്റെ ഭാഗമായിരിക്കുമെന്നും താരം പറയുന്നു.

 

English Summary: Celebrity Travel, Most Memorable Travel Experiences by Poojitha Menon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com