ADVERTISEMENT

ഇറ്റാലിയൻ ഉപദ്വീപിന്‍റെ വടക്കു പടിഞ്ഞാറു ഭാഗത്തു സ്ഥിതിചെയ്യുന്ന വിശാലമായ ഭൂപ്രദേശവും പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രവുമാണ് ടസ്കാനി. സുഖകരമായ മെഡിറ്ററേനിയൻ കാലാവസ്ഥയാണ് ടസ്കാനിയിലനുഭവപ്പെടുന്നത്. മാത്രമല്ല, മലകളും നദികളും പീഠഭൂമികളും എങ്ങും പച്ചവിരിച്ചു കിടക്കുന്ന കൃഷിത്തോട്ടങ്ങളുമെല്ലാമായി സ്വര്‍ഗസമാനമായ ഭൂമിയാണ് ടസ്കാനിയിലേത്. അതുകൊണ്ടുതന്നെ നിരവധി സിനിമകളിലും ഈ പ്രദേശം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വര്‍ഷംതോറും, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി സഞ്ചാരികളാണ് അവധിക്കാലം ആഘോഷിക്കാനായി ഇവിടേക്ക് എത്തുന്നത്.

ടസ്കാനിയിലെ ജനപ്രിയമായ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണ് സിയന പ്രവിശ്യയിലുള്ള വാല്‍ഡോര്‍ഷ പ്രദേശം. യുനെസ്കോയുടെ ലോകപൈതൃകകേന്ദ്രങ്ങളില്‍ ഒന്നുകൂടിയായ ഇവിടം മനോഹരമായ ഗ്രാമങ്ങളും നഗരങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നു. ഇറ്റാലിയന്‍ വൈനിനും നവോത്ഥാന ചിത്രകലയ്ക്കും പ്രകൃതിഭംഗിക്കും പേരുകേട്ടതാണ് ഇവിടം. 19-ആം നൂറ്റാണ്ടില്‍ നിര്‍മിച്ച ഒരു റെയിൽവേയും ഇവിടെയുണ്ട്. ടൂറിസ്റ്റുകള്‍ക്ക് നഗരം ചുറ്റാനായി ഇപ്പോഴും ഇത് ഉപയോഗിച്ച് വരുന്നു.

വാല്‍ഡോര്‍ഷയില്‍ സഞ്ചാരികളുടെ മനംകവരുന്ന മറ്റൊരു അനുഭവമാണ് ഫോസോ ബിയാന്‍കോ ഉഷ്ണജലപ്രവാഹങ്ങള്‍. മലനിരകള്‍ക്ക് മുകളില്‍ നിന്നും വെള്ളച്ചാട്ടം പോലെ ഒലിച്ചിറങ്ങുന്ന ജലപ്രവാഹങ്ങളാണ് ഇവ. കാൽസൈറ്റ് പാറകള്‍ നിറഞ്ഞ കുന്നുകളില്‍ നിന്നും ഒഴുകിയിറങ്ങുന്ന വെള്ളം, താഴെയുള്ള പാറകളില്‍ കാത്സ്യം കാർബണേറ്റ് നിക്ഷേപിക്കുന്നു. അതുകൊണ്ടുതന്നെ മനോഹരമായ വെളുത്ത നിറമുള്ള പാറകള്‍ ഇവിടെയെങ്ങും കാണാം. ഇവയിലൂടെ വെള്ളം ഒലിച്ചിറങ്ങുമ്പോള്‍ പാല്‍ ഒഴുകി വരുന്നതു പോലെയാണ് തോന്നുക.

hot-springs

വെളുത്ത നിറത്തില്‍ മാത്രമല്ല, ചുവപ്പും ചാരനിറവുമെല്ലാമുള്ള പാറകള്‍ ഇടകലര്‍ന്നാണ് ഇവിടെ കാണുന്നത്. പാറകളില്‍ അടങ്ങിയിരിക്കുന്ന ധാതുലവണങ്ങളുടെ സാന്ദ്രതക്കനുസരിച്ച് നിറത്തിലും വ്യത്യാസം വരും. അതുകൊണ്ടുതന്നെ വര്‍ണ്ണാഭമാണ് ഈ പാറക്കെട്ടുകള്‍. ഒപ്പം ചുറ്റുമുള്ള മനോഹരമായ വനപ്രദേശത്തിന്‍റെ പച്ചപ്പും കൂടി ചേരുമ്പോള്‍ കണ്ണുകള്‍ക്ക് കുളിരേകുന്ന ഒരു കാഴ്ചയാണ് ഇത്.

കാഴ്ച കാണുക മാത്രമല്ല, ഇവയില്‍ കുളിക്കുകയും ചെയ്യാം. ഒഴുകിയിറങ്ങുന്ന വെള്ളച്ചാട്ടം മൂലം പാറക്കെട്ടുകളില്‍ അവിടവിടെയായി ചെറിയ ജലാശയങ്ങളും രൂപപ്പെടുന്നു. സാധാരണ ദിനങ്ങളില്‍ ഇവിടം ഇറ്റാലിയന്‍ സഞ്ചാരികളെക്കൊണ്ട് നിറഞ്ഞിരിക്കും. ഉയരമുള്ള നീരുറവകളില്‍ വെള്ളത്തിന്‌ ചൂട് കൂടുതലായിരിക്കും. പാറകളില്‍ വഴുക്കല്‍ ഇല്ലാത്തതിനാല്‍ മുകളിലേക്ക് കയറിപ്പോകുന്നത് അത്ര പ്രയാസമേറിയ കാര്യമല്ല. 

സഞ്ചാരികള്‍ക്ക് ഈ ചൂടു നീരുറവകളിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ്. ചുറ്റുമുള്ള ഗ്രാമപ്രദേശങ്ങളില്‍ നിന്നും ചെളി നിറഞ്ഞ പാതയിലൂടെ നടന്നു വേണം ഇവിടെയെത്താന്‍. നവംബർ മുതൽ ഏപ്രിൽ വരെയാണ് ഇവിടം സന്ദർശിക്കാനുള്ള ഏറ്റവും നല്ല സമയം.

 

English Summary: Fosso Bianco Bagni San Filippo, Italy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com