ജീവിതത്തിൽ ഏറ്റവും സന്തോഷിച്ച നിമിഷമായിരുന്നു അത്, ഇപ്പോൾ പേടിച്ചുള്ള ജീവിതമാണ്: റബേക്ക സന്തോഷ്

exclusive-interview-rebecca
SHARE

'യാത്രകളിലെ കാഴ്ചകളും താമസവും സന്തോഷിപ്പിക്കുമെങ്കിലും തിരികെ വീട്ടിലേക്ക് എത്തണമെന്ന് മനസ്സ് പറഞ്ഞു കൊണ്ടേയിരിക്കും. വീടാണ് എന്റെ സ്വർഗം'. മിനിസ്ക്രീൻ താരം റബേക്ക സന്തോഷിന്റെ വാക്കുകളാണ്. മഞ്ഞണിഞ്ഞ പ്രകൃതിയുടെ കാഴ്ചകളും കായൽപ്പരപ്പും കടൽക്കാഴ്ചകളുമൊക്ക ആസ്വദിക്കാൻ ഏറെ ഇഷ്ടമാണ്. നീണ്ട യാത്രകളെക്കാൾ താരം  ഇഷ്ടപ്പെടുന്നത് മൂന്നോ നാലോ ദിവസം കൊണ്ടു നടത്തുന്ന ചെറു ട്രിപ്പുകളാണ്. ടെലിവിഷൻ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ റബേക്കയുടെ വിശേഷങ്ങൾ മനോരമ ഒാൺലൈനിൽ പങ്കുവയ്ക്കുന്നു.

കൊറോണ നമ്മുടെ നാട്ടിലോ?

കൊറോണ നമ്മുടെ നാട്ടിലോ? സത്യം പറഞ്ഞാൽ ഞാൻ ഇങ്ങനെ ചിന്തിച്ച ഒരു സമയമുണ്ടായിരുന്നു. ചൈനയിൽ നിന്നു എന്തു വേഗത്തിലാണ് ഇൗ കുഞ്ഞൻ വൈറസ് കടൽകടന്ന് നമ്മുടെ നാട്ടിലെത്തിയാത്. പത്രങ്ങളിലെയും ടെലിവിഷനിലെയും വാർത്തകളിലുമെല്ലാം ഇപ്പോൾ ഇൗ മഹാമരിയിൽ ദുരിതമനുഭവിക്കുന്നവരുടെ വാർത്തകളാണ്. സത്യത്തിൽ എന്തു പെട്ടന്നാണ് സാഹചര്യങ്ങൾ ഇങ്ങനെയായത്. ആരെയും പേടിക്കാതെ സുഗമമായി യാത്ര ചെയ്തിരുന്ന നമുക്ക് ഇപ്പോൾ കടുത്ത നിയന്ത്രണങ്ങളാണ്. ഒാരോത്തരുടെയും ആരോഗ്യവും ജീവനും സംരക്ഷിക്കാൻ വേണ്ടിയാണ് രാജ്യം കടുത്ത നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിരിക്കുന്നത്. എല്ലാവരും അനുസരിക്കുക തന്നെ വേണം.

01

ഈ കഷ്ടപ്പാടു നിറഞ്ഞ കാലത്തിനു മുമ്പ് 2019–ൽ കുടുംബവുമൊത്ത് നേപ്പാളിലേക്ക് പോയതാണ് ശരിക്കും ആസ്വദിച്ചു നടത്തിയ ട്രിപ്. അതിനുശേഷം ആ സമയത്ത് തന്നെ ബഹറിനിലുള്ള സഹോദരിയെ കാണാനായും പോയിരുന്നു. അന്നൊന്നും നമ്മുടെ നാട്ടിലേക്ക് ഈ മഹാമാരി എത്തിയിരുന്നില്ല. നമ്മുടെ കേളത്തിലേക്ക് കൊറോണ വൈറസ് പടർന്നുപിടിക്കില്ല എന്നായിരുന്നു എന്റെ ചിന്ത. ഇപ്പോൾ ശരിക്കും അതിന്റെ തീവ്രത എല്ലാ മനുഷ്യരും അനുഭവിക്കുന്നത് കാണുമ്പോൾ മനസ്സിന് വല്ലാത്തൊരു വിഷമമാണ്.

ലോകം മുഴുവനും ഇന്ന് കൊറോണയുടെ പിടിയിലാണ്. ജോലിക്ക് പോകാനാകാതെ വരുമാനമാർഗം നിലച്ച നിരവധിപേർ നമുക്ക്ചുറ്റുമുണ്ട്. രണ്ടു വർഷക്കാലമായി എവിടേയ്ക്കും യാത്ര പോകാൻ സാധിച്ചിട്ടില്ല. വീടിനുള്ളിലിരുന്ന മടുപ്പിനെ മാറ്റുവാനായി ചെറു ട്രിപ്പുകൾ നടത്തിയിരുന്നു, അതായിരുന്നു ഏക ആശ്വാസം. കുറെ യാത്രാ പ്ലാനുകൾ ഉണ്ടായിരുന്നു. എല്ലാം കൊറോണ വെള്ളത്തിലാക്കി എന്നു പറഞ്ഞാൽ മതി. 

03

വീട് കഴിഞ്ഞേയുള്ളു എന്തും

പല സ്ഥലങ്ങളിലേക്കും യാത്ര പോകണമെന്നുണ്ട്. എവിടെ പോയാലും തിരിച്ച് എന്റെ വീട്ടിൽ എത്തണം.  ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം ഏതാണെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ, അത് എന്റെ സ്വന്തം വീടാണ്. വീട്ടിലിരുന്ന് ഇഷ്ടപ്പെട്ട സിനിമകളൊക്കെ കണ്ടു സമയം ചെലവഴിക്കാനാണ് ഞാൻ ഏറെ  ആഗ്രഹിക്കുന്നത്. ലോക്ഡോൺ കാലത്ത് ശരിക്കും വീട്ടിൽ തന്നെയായിരുന്നു. രണ്ടാം തരംഗം ആരംഭിക്കുന്നതിന് മുമ്പ് തന്നെ  സീരിയൽ ഷൂട്ടിങ് കഴിഞ്ഞിരുന്നു. പിന്നെ എല്ലാവരെയും പോലെ വീടിനുള്ളിലേക്ക് ചുരുങ്ങി. മൂന്നാർ പോലെ അടുത്തുള്ള സ്ഥലങ്ങളിലേക്ക് ചെറിയ യാത്രകൾ നടത്തിയിട്ടുണ്ട്.

വലിയ പ്ലാനിങ്ങോടെ യാത്രകൾ നടത്തുന്ന ആളല്ല ഞാൻ. ഈ മാസം പ്ലാൻ ചെയ്ത് അടുത്തമാസം പോകണം അങ്ങനെയുള്ള പദ്ധതികൾ എന്റെ ലിസ്റ്റിലില്ല. സ്ഥലം തീരുമാനിക്കുന്നതും ബാഗ് പാക്കിങ്ങുമെല്ലാം വേഗത്തിലാണ്. കാണാൻ ആഗ്രഹമുള്ള കുറച്ചിടങ്ങളുണ്ട്. പാരിസ്,സ്വിറ്റ്സർലൻഡ് അങ്ങനെ കുറച്ച് വിദേശരാജ്യങ്ങളോട് പ്രണയമുണ്ട്. സമയമുള്ളതുപോലെ ഇവിടെയൊക്കെ പോകണമെന്നുണ്ട്.

02

തൃശ്ശൂർ - തിരുവനന്തപുരം സെൽഫ് ഡ്രൈവ് പൊളിയാണ്

rabeca1

എന്റെ നാടായ തൃശ്ശൂരിൽ നിന്നും തിരുവനന്തപുരത്തെ ഷൂട്ടിങ് സെറ്റിലേക്ക് തനിച്ചാണ് ഡ്രൈവ് ചെയ്ത് പോകുന്നത്. ആ ഡ്രൈവ് ശരിക്കും ട്രിപ് എന്ന രീതിയിലാണ് ഞാൻ ആസ്വദിക്കുന്നത്. ലോക്ഡൗൺ സമയത്തും ഞാൻ അങ്ങനെയാണ് ഷൂട്ടിങ് ലൊക്കേഷനിലേക്ക് പോയിരുന്നത്. മറ്റ് യാത്രകൾ ഒന്നും തന്നെ ഇല്ലായിരുന്നുവെങ്കിലും തൃശ്ശൂർ തിരുവനന്തപുരം റൂട്ടിലെ ഒറ്റക്കുള്ള യാത്ര അടിപൊളിയായിരുന്നു‌. ഒറ്റയ്ക്ക് ഡ്രൈവ് ചെയ്ത് പോവുക എന്ന് പറഞ്ഞാൽ ചിലപ്പോൾ ബോറടിയായിട്ട് തോന്നുമെങ്കിലും എനിക്ക് ആ യാത്ര ഇഷ്ടമാണ്.

സുഹൃത്തുക്കൾക്കൊപ്പമുള്ള യാത്രകളും എനിക്ക് പ്രിയപ്പെട്ടതാണ്. ഏറ്റവും അടുപ്പമുള്ള ആളുകളുടെ കൂടെ യാത്ര നടത്താനാണ് താല്പര്യം. എല്ലാ യാത്രകളിലും നമുക്ക് എല്ലാവരെയും കൂട്ടി പോകാൻ സാധിക്കില്ലല്ലോ. പാരിസിൽ പോകണമെന്ന് തോന്നിയാൽ സുഹൃത്തിനെ കൂട്ടി പോകാൻ ചിലപ്പോൾ സാധിച്ചെന്നു വരില്ല. അവരുടെ സമയവും സാഹചര്യങ്ങളുമൊക്കെ മനസ്സിലാക്കണം. അത്തരം യാത്രകൾ തനിച്ചാകുന്നതായിരിക്കും നല്ലത്. എങ്കിലും എനിക്ക് ഏറ്റവും ഇഷ്ടം സുഹൃത്തുക്കൾക്കൊപ്പം യാത്ര ചെയ്യാൻ തന്നെയാണ്. 

യാത്രകളെ ഇഷ്ടപ്പെടുന്നയാളോട് എവിടെയാണ് പോകാനിഷ്ടം എന്ന ചോദ്യം കോമഡിയല്ലേ മാഷേ 

rebecca2

ലോകം മുഴുവൻ കാണാനല്ലേ ഏതൊരു സഞ്ചാരിയും ആഗ്രഹിക്കുക. ഒത്തിരി സ്ഥലങ്ങൾ കാണാൻ എനിക്കുമുണ്ട് ആഗ്രഹം. ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ കാണാൻ പോകണം,പാരിസിലും സ്വിറ്റ്സർലൻഡിലും ചുറ്റിയടിക്കണം.നല്ല മഞ്ഞുള്ള സമയത്ത് ഒന്ന് കുളു മണാലി വരെ കൂടി പോയി വരണമെന്നുണ്ട്. ഈ കൊറോണ യൊക്കെ ഒന്നൊതുങ്ങട്ടെ.എന്നിട്ട് വേണം ഒന്ന് ആസ്വദിച്ച് കുറച്ച് ട്രിപ്പടിക്കാൻ.അങ്ങനെ ലിസ്റ്റ് നീണ്ടു പോകും. എവിടെ പോയാലും തിരിച്ചു നമ്മുടെ സ്വന്തം നാട്ടിൽ എത്തുക. എനിക്ക് ദൈവത്തിന്റെ സ്വന്തം നാടായ കൊച്ചു കേരളം തന്നെയാണ് എന്നും പ്രിയപ്പെട്ടത്. 

സ്വന്തം വീട്ടിലെ കുട്ടിയെപോലെയാണ് അവർ എന്നെ കണ്ടത്

പിറന്നാൾ ദിനം എല്ലാവർക്കും പ്രിയപ്പെട്ടതാണ്. അടിച്ചുപൊളിച്ച് ആഘോഷിക്കാറുണ്ട്. വീട്ടുകാര്‍ക്കും  സുഹൃത്തുക്കള്‍ക്കുമൊപ്പം ആഘോഷിക്കുന്ന ജീവിതത്തിലെ ഏറ്റവും നല്ല ദിവസങ്ങളിലൊന്ന്. നമ്മളെ ഒരു പരിചയവുമില്ലാത്ത പക്ഷേ സ്വന്തം വീട്ടിലെ ഒരംഗത്തെ പോലെ കണ്ടു പിറന്നാൾ ആഘോഷിക്കുന്ന ആളുകൾക്കൊപ്പം ചേരാനാവുക എന്ന് പറഞ്ഞാൽ അതിന് കുറച്ച് ഭാഗ്യം വേണം. അത്തരമൊരു ഭാഗ്യം കിട്ടിയ ആളാണ് ഞാൻ.

സിംഗപ്പൂരിൽ ഒരു പ്രോഗ്രാമിന്റെ ഭാഗമായി യാത്ര പോയിരുന്നു. ആ ദിവസമാണ് എനിക്ക് ആ സന്തോഷത്തിന്റെ ദിവസം വന്നുചേർന്നത്. പിറന്നാൾ അവിടെ ആഘോഷിച്ചു. മറക്കാനാവാത്ത അനുഭവങ്ങൾ നിറഞ്ഞ യാത്രയായിരുന്നു അത്. എന്നെ മിനിസ്ക്രീനിലൂടെ മാത്രം കണ്ടു പരിചയമുള്ള സിംഗപ്പൂരിലെ മലയാളികൾ, അവരുടെ സ്വന്തം വീട്ടിലെ കുട്ടിയെ പോലെ കണ്ട് എന്റെ പിറന്നാൾ ദിവസം ആഘോഷമാക്കി മാറ്റി. ജീവിതത്തിൽ ഒത്തിരി സന്തോഷിച്ച നിമിഷങ്ങളിലൊന്നായിരുന്നു അത്.

English Summary: Celebrity Travel, Travel Experiences by Rebecca Santhosh

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA