ADVERTISEMENT

യുഎസിന്‍റെ പടിഞ്ഞാറ് വശത്തായി സ്ഥിതിചെയ്യുന്നയിടമാണ് നെവാഡ. ലോകപ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ലാസ് വേഗസ് ഇവിടെയാണ്‌ ഉള്ളത്. മാത്രമല്ല, ലോകത്തിലെ തന്നെ ഏറ്റവും വലിയ വലിയ വെള്ളി ശേഖരമുള്ള ധാരാളം ഖനികള്‍ക്കും മഞ്ഞുതൊപ്പിയിട്ട മനോഹരമായ പര്‍വതങ്ങള്‍ക്കുമെല്ലാം പേരുകേട്ടതാണ് ഇവിടം. നെവാഡയിലെ ഇക്കൂട്ടത്തില്‍പ്പെടുന്ന കാഴ്ചകളില്‍ ഒന്നാണ് 'ഡയാനാസ് പഞ്ച് ബൗൾ', 'ഡെവിള്‍സ് കോള്‍ഡ്രോണ്‍' എന്നെല്ലാം അറിയപ്പെടുന്ന പ്രകൃതിദത്ത ഉഷ്ണജല തടാകം. നൈ കൗണ്ടിയിലുള്ള മോനിറ്റർ താഴ്‌‌‌വരയിലാണ് ഈ അപൂര്‍വ കാഴ്ച സഞ്ചാരികളെ കാത്തിരിക്കുന്നത്.

ദേവതയുടെ പേര്

എങ്ങനെയാണ് തടാകത്തിന് ആ പേര് ലഭിച്ചത് എന്നതിനെക്കുറിച്ച് നിരവധി കഥകള്‍ പ്രചരിക്കുന്നുണ്ട്. നീരുറവകളുടെയും തോടുകളുടെയും റോമൻ ദേവതയായ ഡയാനയോടുള്ള ബഹുമാനസൂചകമായാണ് ഈ പേരെന്നാണ് ഒരു കഥ. ആയിരക്കണക്കിന് വർഷങ്ങളായി തദ്ദേശവാസികൾക്കും 1860 -കള്‍ മുതൽ പ്രാദേശിക കർഷകർക്കും തടാകത്തെക്കുറിച്ച് അറിവുണ്ടായിരുന്നു. തദ്ദേശീയരായ അമേരിക്കക്കാർ പഞ്ച്ബൗളിനെ ഗതികിട്ടാതെ അലയുന്ന ആത്മാക്കളുടെ വീടായാണ് കണ്ടിരുന്നത്. ഇതില്‍ നിന്നാകാം, 'ഡെവിള്‍സ് കോള്‍ഡ്രോണ്‍' എന്ന രണ്ടാം പേര് തടാകത്തിനു ലഭിച്ചത്.

കാണാന്‍ കുട്ട പോലെ

പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ഒരു കുട്ടയുടെ ആകൃതിയിലാണ് തടാകം. ഏകദേശം 40 അടി ആഴവും 70 അടി വ്യാസവുമാണ് തടാകത്തിനുള്ളത്. 30 അടി താഴെയായാണ് ജലനിരപ്പ്. ഗ്രേറ്റ് ബേസിനിലെ ജിയോതെര്‍മല്‍ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ഈ ജലത്തിന് ചൂടുണ്ടാകുന്നത്. മനോഹരമായ നീലനിറത്തിലുള്ള ജലമാണ് ഇത്.

dianas-punchbowl1
By Katie Dickinson/shutterstock

ഇറങ്ങിയാല്‍ പണികിട്ടും!

ഏകദേശം 140 മുതൽ 180 ഫാരൻഹീറ്റ് (60-82 സെൽഷ്യസ്) വരെയാണ് ഇവിടുത്തെ ജലത്തിന്‍റെ താപനില. ഇതിന്‍റെ ഏറ്റവും ഉയര്‍ന്ന താപനില 200 ° F (93 ° C) ആയി കണക്കാക്കപ്പെടുന്നു. അതായത്, ഇതില്‍ ഇറങ്ങുക എന്നാല്‍ തിളച്ച വെള്ളത്തില്‍ കാല്‍ മുക്കുന്ന അനുഭവമായിരിക്കും! അതുകൊണ്ടുതന്നെ അങ്ങേയറ്റം ശ്രദ്ധയോടെ വേണം തടാകത്തിനരികിലേക്ക് പോകാന്‍. എന്നാല്‍ താപനില കുറഞ്ഞതും സഞ്ചാരികള്‍ക്ക് ഇറങ്ങി കുളിക്കാനാവുന്നതുമായ നിരവധി ചെറുകുളങ്ങളും ഈ പ്രദേശത്തുണ്ട്.

പ്രവേശനം സൗജന്യം

അടുത്തുള്ള ബെൽമോണ്ട്, ഓസ്റ്റിൻ അല്ലെങ്കിൽ ടൊനോപ്പ എന്നിവിടങ്ങളിൽ നിന്നുള്ള സഞ്ചാരികളാണ് ആദ്യമായി ഈ മനോഹര സ്ഥലം സന്ദര്‍ശിച്ച സഞ്ചാരികള്‍. ചുറ്റുമുള്ള കുന്നിന്‍ചെരിവുകളില്‍ കുടുംബത്തോടൊപ്പം എത്തി പിക്നിക് നടത്തുന്നത് ഇവരുടെ പതിവായിരുന്നു.

ഇത്തരത്തിലുള്ള മിക്ക കാഴ്ചകള്‍ക്കും പ്രവേശന ഫീസ്‌ ഈടാക്കാറുണ്ട്. എന്നാല്‍ ഈ തടാകത്തിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ്. സ്വകാര്യ ഉടമസ്ഥതയിലാണ് തടാകം. ചെളിയും ചരലും നിറഞ്ഞ റോഡിലൂടെ ഡ്രൈവ് ചെയ്താണ് സഞ്ചാരികള്‍ ഇവിടേക്ക് എത്തുന്നത്.

English Summary: Diana's Punch Bowl Round Mountain, Nevada

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com