അന്ന് വജ്രഖനനത്തില്‍ ലോകപ്രശസ്തം; ഇന്ന് പ്രേതനഗരങ്ങൾ

SHARE

ഒരുകാലത്ത് തിരക്കേറിയ നഗരങ്ങളും ഖനന ക്യാംപുകളും യുദ്ധക്കളങ്ങളും എല്ലാമായിരുന്ന സ്ഥലങ്ങൾ പിന്നീട് ആളും അനക്കവുമില്ലാതെ ഉപേക്ഷിക്കപ്പെട്ട പ്രേതനഗരങ്ങളായി. ഇപ്പോൾ കൗതുകങ്ങൾ തേടുന്ന സഞ്ചാരികൾ മാത്രമാണ് അവിടേക്കെത്തുന്നത്. അവയിൽ ചിലതിനെപ്പറ്റി അറിയാം.

കൺസോണോ, ഇറ്റലി

1Consonno
By maxbrux/shutterstock

ഇറ്റലിയുടെ നഷ്ടപ്പെട്ട ലാസ് വെഗാസ്, പൂർത്തിയാകാത്ത കളിപ്പാട്ട നഗരം അങ്ങനെ പല വിശേഷണങ്ങളുള്ള കൺസോണോ വിസ്മയവും ഭയവുമുണ്ടാക്കുന്നതാണ്. 1962 ൽ ബിസിനസുകാരനായ മരിയോ ബാഗ്നോ എന്നയാൾ ഈ നഗരം വിലയ്ക്ക് വാങ്ങിയതോടെയാണ് ഇതിന്റെ കഷ്ടകാലം തുടങ്ങിയത്. ഈ വടക്കൻ പട്ടണത്തെ ഇറ്റലിയുടെ സ്വന്തം ലാസ് വെഗാസാക്കി മാറ്റാൻ അദ്ദേഹം സ്വപ്നം കണ്ടു. അതിനായി നഗരത്തിലെ കെട്ടിടങ്ങളെല്ലാം പൊളിച്ച് ഹോട്ടലുകൾ, കസീനോകൾ, റസ്റ്ററന്റുകൾ എന്നിവ നിർമിച്ചു. കുന്നുകൾ ഇടിച്ചുനിരത്തി കൃത്രിമ മലകൾ നിർമിച്ചു. പക്ഷേ പ്രകൃതി അതിനോടു പ്രതികരിച്ചത് ഉരുൾപൊട്ടലിന്റെ രൂപത്തിലായിരുന്നു. 1976 ലെ മണ്ണിടിച്ചിലിൽ നഗരത്തിലേക്ക് പ്രവേശിക്കാനുള്ള ഒരേയൊരു വഴി അടഞ്ഞുപോയി. പല വട്ടം അദ്ദേഹം നഗരം വീണ്ടും പുനർനിർമിക്കാൻ ശ്രമിച്ചുവെങ്കിലും അപ്പോഴൊക്കെയും പല പ്രതിസന്ധികൾ വന്നു മുടങ്ങിപ്പോയി. ഒടുവിൽ മരിയോ ബാഗ്നോയുടെ മരണത്തോടെ നഗരം പൂർണമായും ഉപേക്ഷിക്കപ്പെട്ടു. 

കോൾമാൻസ്‌കോപ്പ്, നമീബിയ

1910 ൽ വജ്രഖനനത്തിലൂടെ ലോകപ്രശസ്തമായ പട്ടണങ്ങളിൽ ഒന്നായിരുന്നു കോൾമാൻസ്‌കോപ്പ്. അക്കാലത്ത് ആഫ്രിക്കയിലെ ഏറ്റവും സമ്പന്നമായ നഗരങ്ങളിൽ ഒന്നു കൂടിയായിരുന്നു ഇവിടം. ഖനനത്തിന്റെ ആദ്യ ആറ് വർഷങ്ങളിൽ 4 ദശലക്ഷത്തിലധികം കാരറ്റ് ഡയമണ്ട് ഇവിടെനിന്നു കുഴിച്ചെടുത്തിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 

2Kolmanskop,-Namibia
By jordi.magrans/shutterstock

തീവ്രമായ ഖനനം കാരണം, 1930 കളോടെ ഈ പ്രദേശം നാശത്തിന്റെ വക്കിലെത്തുകയും  ഔദ്യോഗികമായി അടച്ചുപൂട്ടുകയും ചെയ്തു. നഗരവാസികൾ അവരുടെ സ്വത്തുക്കളും വീടും ഉപേക്ഷിച്ചു പോയതോടെ നഗരം പ്രേതാലയം പോലെയായി. ഇന്ന് ഇവിടം ഒരു മരുഭൂമിയാണ്.

ബോഡി, കലിഫോർണിയ

ഒരു കാലത്ത് കലിഫോർണിയയിലെ രണ്ടാമത്തെ വലിയ നഗരമായിരുന്നെങ്കിലും ഇപ്പോഴിവിടെ ആൾത്താമസമില്ല. 1859 ൽ, ഈ സ്ഥലം ഒരു ഖനന ക്യാംപായി പ്രവർത്തിച്ചിരുന്നു. സ്വർണം കുഴിച്ചെടുക്കാൻ ആരംഭിച്ചതു മുതൽ ഇവിടം അഭിവൃദ്ധിയുടെ കൊടുമുടിയിലെത്തി. 19 ാം നൂറ്റാണ്ടിൽ പതിനായിരത്തോളം ആളുകൾ താമസിച്ചിരുന്ന ഈ നഗരം  ഇന്ന് കലിഫോർണിയയിൽ ഏറ്റവുമധികം സഞ്ചാരികൾ സന്ദർശിക്കുന്ന തിരക്കേറിയ വിനോദസഞ്ചാരകേന്ദ്രമാണ്.

പ്രിപ്യാത്, യുക്രെയ്ൻ

ചെർണോബിൽ ആണവ ദുരന്തത്തെക്കുറിച്ച് അറിയാത്തവരുണ്ടാവില്ല. 35 വർഷം മുൻപ്, ഇന്നത്തെ യുക്രെയ്ന്റെ ഭാഗമായിരുന്ന പ്രിപ്യാത്ത് നഗരത്തിലെ ചെർണോബിൽ ന്യൂക്ലിയർ പവർ സ്റ്റേഷനിലാണ് ലോകത്തെത്തന്നെ നടുക്കിയ ആണവ ദുരന്തം അരങ്ങേറിയത്. 1986 ലെ ചെർണോബിൽ ആണവ ദുരന്തത്തെ തുടർന്നുണ്ടായ അടിയന്തര കുടിയൊഴിപ്പിക്കൽ കാരണം ആയിരക്കണക്കിന് ആളുകൾ ഈ നഗരത്തിൽ നിന്ന് ഒഴിഞ്ഞുപോകാൻ നിർബന്ധിതരായി. റിപ്പോർട്ടുകൾ അനുസരിച്ച്, പ്രിപ്യാതിൽ ഇനി ഇനി മനുഷ്യവാസമുണ്ടാകാൻ 24000 വർഷമെങ്കിലും എടുക്കുമെന്നും പ്രദേശത്ത് വ്യാപിച്ചിരിക്കുന്ന റേഡിയോ വികിരണങ്ങൾ അത്രത്തോളം അപകടകരമാണെന്നും വിദഗ്ധർ പറയുന്നു. 

4Ukraine
By ByBatman/shutterstock

വേണ്ടത്ര പരിശീലനം ലഭിക്കാത്ത ജീവനക്കാർ കൃത്യമായി ഡിസൈൻ ചെയ്യാത്ത റിയാക്ടർ ഉപയോഗിച്ചതു കൊണ്ടാണ് അന്നത്തെ അപകടം സംഭവിച്ചത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. അപകടത്തെ തുടർന്ന് സംഭവിച്ച നീരാവി വിസ്ഫോടനവും തീപിടുത്തവും കാരണം അഞ്ച് ശതമാനം റേഡിയോ ആക്റ്റീവ് കോറെങ്കിലും അന്തരീക്ഷത്തിൽ ലയിച്ചിട്ടുണ്ട്. യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽപോലും ഇതിന്റെ അനന്തരഫലങ്ങൾ ഉണ്ടായി. ദുരന്തമുണ്ടായി മണിക്കൂറുകൾക്കകം കുടിയൊഴിപ്പിക്കപ്പെട്ട നഗരത്തിലെ ഓരോ മുക്കിലും മൂലയിലും ഇന്നലെ കഴിഞ്ഞതുപോലെയുള്ള ജീവിത കാഴ്ചകൾ കാണാം.

ഒറാഡോർ-സർ-ഗ്ലെയ്ൻ, ഫ്രാൻസ്

രണ്ടാം ലോകമഹായുദ്ധസമയത്ത് കടുത്ത ക്രൂരതകൾക്ക് സാക്ഷ്യം വഹിച്ച സ്ഥലമാണിത്. 1944 ൽ ഈ ഫ്രഞ്ച് ഗ്രാമം മുഴുവൻ നശിപ്പിക്കപ്പെട്ടു, അവിടുത്തെ നിവാസികളെ ജർമൻ സൈന്യം കൂട്ടക്കൊല ചെയ്തു. റിപ്പോർട്ടുകൾ അനുസരിച്ച്, പുരുഷന്മാരും സ്ത്രീകളും കുട്ടികളും അടക്കം 600 ലധികം പേർ കൊല്ലപ്പെട്ടു, കെട്ടിടങ്ങൾക്കു തീയിട്ടു. ഫ്രഞ്ച് മണ്ണിൽ ജർമനി നടത്തിയ ഏറ്റവും വലിയ സിവിലിയൻ കൂട്ടക്കൊലയാണിതെന്നാണ് ചരിത്രരേഖകൾ പറയുന്നത്. കൂട്ടക്കൊലയ്ക്കു ശേഷം ഈ ഗ്രാമം ഒരു രക്തസാക്ഷി പ്രതീകമായി തീരുകയും ചെയ്തു. ആ സംഭവത്തിനുശേഷം അവിടെ ആരും താമസിച്ചിട്ടില്ലെങ്കിലും ഈ ഗ്രാമത്തിന്റെ അവശിഷ്ടങ്ങൾ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇന്ന് വിനോദസഞ്ചാരികൾക്ക് മരിച്ചുപോയവരുടെ സ്മരണാർഥം സമർപ്പിക്കപ്പെട്ടിരിക്കുന്ന സ്മാരകങ്ങൾ കാണാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിരിക്കുന്നു.

English Summary: Must Visit Fascinating Ghost Towns

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA