ADVERTISEMENT

‘യാത്രയെന്ന സ്വാതന്ത്ര്യം ഇല്ലാതായപ്പോൾ, നമ്മളെല്ലാവരും ശ്വാസംമുട്ടിയാണ് ജീവിക്കുന്നത്. ‌പുറത്തിറങ്ങിയാൽ കൊറോണ ബാധിക്കുമെന്ന പേടി, അല്ലെങ്കിൽ നമ്മളിൽനിന്ന് മറ്റുള്ളവരിലേക്ക് പകരുമോ എന്ന ആശങ്ക, അങ്ങനെ ഒരു വിഷമഘട്ടത്തിലൂടെയാണ് നാം ഇന്ന് കടന്നു പോകുന്നത്. എങ്കിലും കാര്യങ്ങളെ ഗൗരവത്തോടെ നോക്കിക്കാണാൻ ആളുകൾ പ്രാപ്തരായികൊണ്ടിരിക്കുകയാണ്.’ – ഊഴം, ജോമോന്‍റെ സുവിശേഷങ്ങൾ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി രസ്ന പവിത്രന്റെ വാക്കുകളാണിത്.

Rasna-3

യാത്രയെന്ന സ്വപ്നം

സ്വതന്ത്രമായി, സന്തോഷത്തോടെ നടത്തുന്നതാണ് ഒാരോ യാത്രയും. സഞ്ചാരത്തിലൂടെ അനുഭവിക്കുന്ന മനഃസുഖം ഒന്നുവേറെ തന്നെയാണ്. ഇന്ന് ആ സന്തോഷത്തിന് കരിനിഴൽ വീണിരിക്കുകയാണ്. കൊറോണക്കാലം വേറിട്ട അനുഭവങ്ങളാണ് ഓരോരുത്തർക്കും നൽകുന്നത്. പണ്ടൊക്കെ എത്ര ഫ്രീയായിട്ടായിരുന്നു നമ്മൾ യാത്ര ചെയ്തിരുന്നത്. യാത്ര എന്നുപറയുന്നതു തന്നെ ഒരു തരത്തിൽ സ്വാതന്ത്ര്യം ആണല്ലോ. എന്നാൽ ഇന്ന് ആ സ്വാതന്ത്ര്യം നമുക്കില്ല. ശ്വാസംമുട്ടലിലൂടെയാണ് ഓരോ നിമിഷവും കടന്നു പോകുന്നത്. പുറത്തേക്കിറങ്ങാൻ പോലും പേടിയാവുന്ന അവസ്ഥ. നമ്മൾ നമ്മളായിരിക്കുന്ന സമയമാണ് യാത്ര കൂടുതൽ ആസ്വാദ്യകരമാകുന്നത്. കൊറോണക്കാലത്ത് എങ്ങോട്ടും പോയില്ല. കണ്ണൂരിലെ വീട്ടിൽനിന്ന് എറണാകുളത്തെ ഫ്ലാറ്റിലേക്കുള്ള യാത്ര പോലും പരിമിതമായിരുന്നു.

ഹണിമൂൺ ട്രിപ്പും വെള്ളത്തിലായി

വിവാഹത്തിനുശേഷം ഹണിമൂൺ ട്രിപ്പ് പോകണമെന്ന് പ്ലാനുണ്ടായിരുന്നു പക്ഷേ പെട്ടെന്നല്ലേ കൊറോണ വന്നത്. ഒരു തരത്തിൽ ഉർവശീശാപം ഉപകാരം എന്ന് പറഞ്ഞതുപോലെയായി. ആദ്യ ലോക്ഡൗൺ കാലം ഞങ്ങൾക്ക് ഒരുമിച്ചു ചെലവഴിക്കാൻ കുറേ സമയം ലഭിച്ചു. രണ്ടു വീട്ടുകാർക്കുമൊപ്പം നിൽക്കാനുള്ള അവസരവും കിട്ടി. ആദ്യത്തെ കൊറോണ കാലത്ത് ഞങ്ങൾ ബെംഗളൂരുവിലായിരുന്നു. വീടിനുള്ളിൽത്തന്നെ ഇരിക്കേണ്ട അവസ്ഥ. കല്യാണം കഴിഞ്ഞയുടനെ ആയതുകൊണ്ട് കുറെ പാചക പരീക്ഷണങ്ങളും മറ്റുമൊക്കെ ചെയ്യാൻ സമയം കിട്ടി. പക്ഷേ എല്ലാവരും ചെയ്യുന്നതുപോലെ യൂട്യൂബ് ചാനലൊന്നും തുടങ്ങാൻ എനിക്ക് ഉദ്ദേശ്യമില്ലായിരുന്നു.കഴിഞ്ഞവർഷം കൊറോണയെ പരിചയപ്പെടാനുള്ളതായിരുന്നുവെങ്കിൽ ഈ വർഷം കൂടുതൽ പഠിക്കാനുള്ളതായിട്ടാണ് ഞാൻ കാണുന്നത്.

Rasna-2

പ്രിയപ്പെട്ടവരെ മിസ്സ് ചെയ്ത വർഷങ്ങൾ

പണ്ടൊക്കെ  ബന്ധുവീടുകളിൽ പോവുക, കുറച്ചുദിവസം അവിടെ താമസിക്കുക, അല്ലെങ്കിൽ അവർ നമ്മുടെ അടുത്തു വന്നു നിൽക്കുക, പിന്നെ അവിടെനിന്നു പല സ്ഥലങ്ങളിലേക്ക് യാത്ര പോവുക അങ്ങനെയൊക്കെ ആയിരുന്നു. എന്നാൽ കഴിഞ്ഞ രണ്ടു വർഷമായി ഇതൊന്നും നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നില്ല. യാത്രകൾക്കു വലിയ പ്രാധാന്യമുണ്ട് നമ്മുടെ ജീവിതത്തിൽ. 

Rasna-5

എന്റെ വീട് കണ്ണൂരാണ്. ഇപ്പോൾ താമസിക്കുന്നത് എറണാകുളത്തും. നേരത്തേ ചേച്ചിയും കുട്ടികളും അവധി ദിവസങ്ങളിൽ എന്റെ കൂടെ വന്നു നിൽക്കുമായിരുന്നു. എന്നാൽ കഴിഞ്ഞ രണ്ടു വർഷമായി ഞാൻ ഏറ്റവുമധികം മിസ്സ് ചെയ്യുന്നത് അവരെയാണ്. ഫ്ലാറ്റിലിരുന്ന് കുട്ടികളുടെ പ്ലേ ഏരിയയിലേക്ക് നോക്കുമ്പോൾ സങ്കടം വരാറുണ്ട്. ഇതുപോലെ നമ്മളിൽ പലർക്കും പല രീതിയിലാണ് കൊറോണ ബുദ്ധിമുട്ടുണ്ടാക്കുന്നത്. 

യാത്ര ചെയ്യാൻ ഒത്തിരി ഇഷ്ടമുള്ള ആളായിട്ടും സാഹചര്യങ്ങള്‍ ഒത്തുവരാത്തതിനാൽ അധികം യാത്രകൾ നടത്തിയിട്ടില്ല. എങ്കിലും പോയിട്ടുള്ള ഇടങ്ങളെല്ലാം എന്നും പ്രിയപ്പെട്ടതു തന്നെയാണ്. മൂകാംബികയിലേക്കുള്ള ബസ് യാത്രയടക്കം ചില യാത്രകൾ എന്നും ഓർമയിൽ തങ്ങി നിൽക്കുന്നവയാണ്. പണ്ടു മുതലേ ഞാൻ ഒറ്റയ്ക്ക് പോകുന്ന ഒരു സ്ഥലം മൂകാംബികയാണ്. ആത്മവിശ്വാസം നൽകുന്ന ഒരിടമാണവിടം. അവിടേക്കുള്ള ബസ് യാത്ര മറക്കാനാവില്ല. സുഹൃത്തുക്കൾക്കൊപ്പം അടിച്ചുപൊളിച്ചു യാത്രയൊക്കെ നടത്തുമെങ്കിലും എനിക്ക് കൂടുതലും താല്പര്യം ഇത്തരം യാത്രകളോട് തന്നെയാണ്. 

Rasna-6

കഷ്ടപ്പെട്ട് യാത്ര ചെയ്യാൻ ഒട്ടും ഇഷ്ടമല്ല

പലരും പറഞ്ഞു കേട്ടിട്ടുണ്ട്, വളരെ കഷ്ടപ്പെട്ടാണ് അവിടെയെത്തിയത്, ഒറ്റ മുറിയിലായിരുന്നു താമസം. ചെലവ് ചുരുക്കിയുള്ള യാത്രയായിരുന്നു എന്നൊക്കെ. എനിക്ക് ഒട്ടും ഇഷ്ടമല്ല അങ്ങനെ യാത്ര ചെയ്യുന്നത്. ആസ്വദിക്കാനല്ലേ നമ്മൾ യാത്ര ചെയ്യുന്നത്. അപ്പോൾ യാത്ര ശരിക്കും ആസ്വദിക്കണം. എന്നെ സംബന്ധിച്ച് കുറച്ച് ലാവിഷായിട്ടുള്ള യാത്രയാണിഷ്ടം. സമാധാനത്തോടെ, സന്തോഷത്തോടെ യാത്ര ചെയ്യാനാണ് എനിക്ക് താല്പര്യം. അല്ലാതെ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി യാത്ര ചെയ്താൽ യാത്രയുടെ സുഖം കിട്ടില്ല. ഇത് എ‌ന്റെ മാത്രം അഭിപ്രായമാണ്. പലർക്കും പല രീതിയിലാണ് അനുഭവങ്ങൾ ഉണ്ടാവുക.

കണ്ണൂർ –എറണാകുളം ട്രെയിൻ യാത്ര

ശരിക്കും ട്രെയിൻ യാത്രയല്ലത്, ട്രെയിനിനകത്തെ ജീവിത യാത്രയാണ്. മിക്കവാറും കണ്ണൂരിൽനിന്ന് എറണാകുളത്തേക്ക് യാത്ര ചെയ്യുമ്പോൾ ലേഡീസ് കമ്പാർട്ട്മെന്റിലാണ് ഇരിക്കാറ്. ചുറ്റുമുള്ള സ്ത്രീജീവിതങ്ങളെ കാണാനും അറിയാനും പഠിക്കാനുമുള്ള അവസരമായിരുന്നു എനിക്ക് യാത്രകളൊക്കെയും. കണ്ണൂരിൽനിന്നു കോഴിക്കോട്ട് ഇറങ്ങാനുള്ള ചേച്ചിമാരുണ്ടാകും. നല്ല രസമാണ്. കയ്യിൽ പച്ചക്കറിയുമായിട്ടായിരിക്കും അവർ കയറുക. എന്നിട്ട് സീറ്റിലിരുന്ന് അത് അരിഞ്ഞെടുക്കുന്ന കാഴ്ച. അഭിനയം ഇഷ്ടമുള്ളതുകൊണ്ട് അവരെയൊക്കെ ഞാൻ ശ്രദ്ധിക്കാറുണ്ട്. പല തരത്തിലുള്ള സ്ത്രീജീവിതങ്ങൾ, അവർ തങ്ങളുടെ ആ യാത്ര എങ്ങനെ ഉപകാരപ്പെടുത്താം എന്ന് ചിന്തിക്കുന്നവരാണ്. അതുകൊണ്ടാവാം അവർക്ക് കിട്ടുന്ന ആ കുറച്ച് സമയം പോലും വീടിനു വേണ്ടി ചെലവഴിക്കുന്നത്. 

ഭക്ഷണം പാകം ചെയ്തുള്ള ഒൗട്ടിങ്

ചെറിയ യാത്രകൾ നടത്താനും എനിക്കിഷ്ടമാണ്. വീട്ടിലുണ്ടാക്കുന്ന ഭക്ഷണം പുറത്തെവിടെയെങ്കിലും പോയിരുന്നു കഴിക്കാൻ ഭയങ്കര ഇഷ്ടമാണ്. എപ്പോഴും വീട്ടിൽ പറയും നമുക്കൊന്ന് പുറത്ത് പോയിട്ട് വരാം, എന്തെങ്കിലും ഉണ്ടാക്കി അവിടെ പോയിരുന്നു കഴിക്കാം, അതിപ്പോ കുറച്ച് അവിൽ നനച്ചതായാലും മതി. നമ്മുടെ നാട്ടിൽ അത്തരം ട്രിപ്പുകൾ കുറവാണ്. തമിഴ്നാട്ടിലും മറ്റും കാണാം. വാഹനത്തിൽ സ്റ്റൗ വരെ ഉണ്ടാകും. എന്നിട്ട് പുറത്തെവിടെയെങ്കിലും ഒരുമിച്ചുകൂടി ഇരുന്ന് ഭക്ഷണം ഉണ്ടാക്കി കഴിക്കും. എന്ത് രസമാണ്. എന്റെ അച്ഛന് അങ്ങനെയുള്ള യാത്രകളോട് ഇഷ്ടമായിരുന്നു.

കോവിഡിൽ നിന്നും ജീവിതത്തിലേക്ക്

രാജ്യത്ത് കോവിഡ് പിടിമുറുക്കിയപ്പോൾ എല്ലാവരെയും പോലെ ഞാനും ജീവിതത്തിൽ ഒരുപാട് വിഷമിച്ചു. ആദ്യ ലോക്ഡൗണ്‍ കാലം കുടുംബവുമായി ഒത്തുച്ചേരാനുള്ള അവസരമായിരുന്നുവെങ്കിലും കൊറോണയുടെ രണ്ടാംവരവ് ശരിക്കും ബുദ്ധിമുട്ടുണ്ടാക്കി. എന്നാണ് ഇനി പഴയപോലെ തിരികെ ജോലിയിലേക്ക് പ്രവേശിക്കുക, ഷൂട്ട് തുടങ്ങുക എന്നിങ്ങനെ പല ചിന്തകളും മനസ്സിനെ അലട്ടിയിരുന്നു. 

rasna-pic
ചിത്രം: അനീഷ് ഉപാസന

ഇത്തവണത്തെ ഒാണക്കാലം തിരിച്ചുവരവിന്റേതു കൂടിയായിരുന്നു. കോവിഡിൽ നിന്നും പഴയ ജീവിതത്തിലേക്കുള്ള തുടക്കമായിരുന്നു. ഇൗ ഒാണക്കാലത്ത് എവിടേക്കും യാത്ര പോകാൻ സാധിച്ചില്ലെങ്കിലും ഒാണക്കാല ഫോട്ടോഷൂട്ട് നടത്താനായി. കൊറോണ ബ്രേക്കിട്ട നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള ഷൂട്ടായിരുന്നു. ഫോട്ടോഗ്രാഫർ അനീഷ് ഉപാസനയായിരുന്നു ചിത്രങ്ങൾ എടുത്തത്. കൂടാതെ കോസ്റ്റ്യും ആൻഡ് സ്റ്റൈലിങ് അരുൺ ദേവും മേക്കപ്പ് ഷിബിനും എൽദോ പൗലോസുമായിരുന്നു. ഒരുപാട് സന്തോഷം തോന്നിയ നിമിഷങ്ങളായിരുന്നു അത്.

സ്വപ്നമാണ് എനിക്ക് ഇൗ യാത്ര

പോയി കാണാൻ ആഗ്രഹമുള്ള കുറച്ചിടങ്ങളുമുണ്ട്. കുട്ടിക്കാലത്ത് മലേഷ്യയിൽ പോകണമെന്ന് ഒരുപാട് ആഗ്രഹമുണ്ടായിരുന്നു. ദൈവാനുഗ്രഹത്താൽ അവിടെ പോകാനായി. ദുബായിലും പോയിട്ടുണ്ട്. അധികം വിദേശരാജ്യങ്ങളിലേക്ക് ഒന്നും പോയിട്ടില്ല. പക്ഷേ പലയിടത്തും പോകണമെന്നതാണ് സ്വപ്നം. ഏറ്റവും ഇഷ്ടമുള്ള നാട് ഏതെന്ന് ചോദിച്ചാൽ യുഎസ് എന്നു പറയും. പ്രത്യേകിച്ച് കാരണം ഒന്നും ഇല്ല. പക്ഷേ അവിടെ പോകണം എന്നത് വലിയൊരു ആഗ്രഹം തന്നെയാണ്. 

07
ചിത്രം: അനീഷ് ഉപാസന

ഈ പ്രതിസന്ധി ഘട്ടം എത്രയും വേഗം കഴിയണം എന്നാണ് എന്റെ പ്രാർഥന. നമുക്ക് മറ്റിടങ്ങളിലേക്ക് യാത്ര ചെയ്യാൻ സാധിക്കുന്നതിനോടൊപ്പം വിദേശരാജ്യങ്ങളിലുള്ളവർക്ക് സ്വദേശത്തേക്ക് തിരികെയെത്താനുള്ള അവസരവും ലഭിക്കട്ടെ. അവരെ കാത്തിരിക്കുന്ന ഒത്തിരി കുടുംബങ്ങളുണ്ട് നമ്മുടെ നാട്ടിൽ. കൊറോണയുടെ താണ്ഡവം എത്രയും വേഗം അവസാനിക്കട്ടെ.

English Summary: Celebrity Travel,Memorable Travel Experience by Resna Pavithran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com