ഇവിടെയുള്ളതെല്ലാം കണ്ടു തീർക്കാൻ ഒരു മാസം പോരാ...

Hong-Kong1
SHARE

നിറങ്ങളിൽ നീരാടുന്ന സ്വപ്ന ലോകം തൊട്ടറിയാൻ മൂന്നു പകലും രണ്ടു രാത്രികളും മതിയോ എന്ന സംശയത്തോടെയാണ് ഹോങ്കോങ് വിമാനത്താവളത്തിൽ ചെന്നിറങ്ങിയത്. ശ്രീലങ്കൻ എയർലൈൻസിന്റെ ടൂർ പാക്കേജിൽ ഒത്തു വന്ന യാത്രയിൽ ഇത്തരം ആശങ്കകൾക്കു സ്ഥാനമില്ലെന്ന് പല തവണ മനസ്സിൽ പറഞ്ഞു നോക്കി. ആകാശം മുട്ടി നിൽക്കുന്ന കെട്ടിടങ്ങൾ, ആഡംബരം നിറഞ്ഞ തെരുവുകൾ, രാവും പകലും വ്യത്യാസമില്ലാത്ത നഗരത്തിരക്ക്, സൗന്ദര്യത്തിൽ നൂറിൽ നൂറു മാർക്കു നേടാൻ യോഗ്യതയുള്ള മനുഷ്യർ.... ഇതെല്ലാംകൂടി കണ്ടു തീർക്കാൻ എത്ര കാലം വേണ്ടി വരുമെന്നൊരു തോന്നൽ സ്വാഭാവികം.

ചെക് ലാക് കോക് ദ്വീപിലാണ് ഹോങ്കോങ് രാജ്യാന്തര വിമാനത്താവളം. ലോകത്തെ പത്തു മികച്ച വിമാനത്താവളങ്ങളുടെ പട്ടികയിൽ മുൻ നിരയിലുള്ള എല്ലാം തികഞ്ഞ എയർപോർട്ട്. ഷോപ്പിങ് മാളിന്റെ ഭംഗിയിൽ ഒരു പ്രദേശം മുഴുവൻ നിറഞ്ഞു കിടക്കുന്നു വിമാനങ്ങളുടെ താവളം. കോവ്‍‍‌ലൂൺ എന്ന സ്ഥലത്തുള്ള ഹാർബർ പ്ലാസ മെട്രൊ പൊളിറ്റൻ ഹോട്ടലിലാണ് താമസം ഏർപ്പാടാക്കിയിരുന്നത്. ഹോട്ടലിൽ നിന്നയച്ച കാറിൽ നഗരത്തിന്റെ ഏതൊക്കെയോ കൈവഴികളിലൂടെ യാത്ര ചെയ്ത് മുറിയിലെത്തി. ട്രാഫിക് സിഗ്‌നലുകൾക്കു മുന്നിലല്ലാതെ മറ്റൊരിടത്തും ഡ്രൈവർക്ക് കാർ നിർത്തേണ്ടി വന്നില്ല. ഹോങ്കോങ് നഗരത്തിൽ ഗതാഗതം ഏർപ്പെടുത്തിയിരിക്കുന്ന രീതി നമ്മുടെ നാട്ടിലെ ഭരണകർത്താക്കൾ കണ്ടു പഠിക്കേണ്ടതാണ്.

Hong-Kong

തങ്കത്തെരുവും രാജ്ഞിയും

ഹോങ്കോങ്, കോവ്‌ലൂൺ, ന്യൂ ടെറിറ്ററീസ് – ഇത്രയും സ്ഥലങ്ങളിൽ കൊണ്ടു പോകാമെന്നാണ് ട്രാവൽ ഏജൻസിയുടെ വാഗ്ദാനം. ഹോങ്കോങ് നഗരത്തിലേക്കു പോകാൻ വണ്ടി വന്നിട്ടുണ്ടെന്ന് ഞായറാഴ്ചയുടെ പ്രഭാതത്തിൽ ഹോട്ടലിന്റെ റിസപ്ഷനിൽ നിന്നു വിളി വന്നു. സഞ്ചരിക്കുന്ന കൊട്ടാരം പോലെയൊരു ബസിൽ ഭാര്യക്കൊപ്പം ഹോങ്കോങ്ങിന്റെ ഹൃദയത്തിലേക്കു നീങ്ങി. വിക്ടോറിയ പീക് എന്ന മലനിരയിലേക്കാണ് വണ്ടി നീങ്ങിയത്.

കുത്തനെയുള്ള മലഞ്ചെരിവിനു താഴെ വാഹനം നിന്നു. ബ്രിട്ടീഷുകാർ നിർമിച്ച പുക തുപ്പുന്ന ട്രാം തീവണ്ടി മല മുകളിലേക്കു സർവീസ് നടത്തുന്നുണ്ട്. ചരിത്രം ഏറ്റവുമധികം ചർച്ച ചെയ്ത വിക്റ്റോറിയ രാജ്ഞിയുടെ പേരിൽ ഹോങ്കോങ്ങിൽ ഒരു മലയുണ്ടെന്ന കാര്യം അവിടെയെത്തും വരെ ടൂർ സംഘത്തിൽ മിക്കയാളുകൾക്കും അറിയില്ലായിരുന്നു. തുറമുഖം താഴ്‌വരയാക്കിയ വലിയ കുന്നാണ് വിക്റ്റോറിയ പീക്ക്. മലയുടെ മുകളിൽ നിന്നുള്ള നഗരക്കാഴ്ചയാണ് ഈ ട്രിപ്പിന്റെ ലക്ഷ്യം.

മാല കോർത്തതുപോലെ തീവണ്ടിപ്പാത കൊണ്ട് അലങ്കരിച്ച നഗരം. മലയ്ക്കു മുകളിലേക്ക് ഉറുമ്പുകളെപ്പോലെ അരിച്ചു കയറുന്ന ട്രാമുകൾ. സർക്കസ് കൂടാരത്തിലെ വിളക്കുകൾ പോലെ മിന്നിത്തിളങ്ങുന്ന നഗരം... ഈ ദൃശ്യങ്ങളെല്ലാംകൂടി ഒറ്റ ഫ്രെയിമിൽ പകർത്താൻ പലതവണ ശ്രമിച്ചെങ്കിലും അതൊരു വല്ലാത്ത മോഹമായിപ്പോയെന്ന് പിന്നീട് മനസ്സിലായി. മലയുടെ മുകളിലെ കോൺക്രീറ്റ് പ്ലാറ്റ്ഫോമിൽ നിലയുറപ്പിച്ച് ഹോങ്കോങ് നഗരവും കോവ്‌ലൂണും ലെൻസിൽ പകർത്തി. ന്യൂ ടെറിറ്ററീസ് അഥവാ പുതിയ പ്രദേശങ്ങളും അവിടെ നിന്നാൽ കാണാമായിരുന്നു.

ഉരസിയിറങ്ങുന്ന ട്രാമിൽ ഇഴഞ്ഞിഴഞ്ഞ് താഴ്‌വരയിൽ മടങ്ങിയെത്തി. സ്റ്റാർ ഫെറി ജെട്ടിയിലേക്കായിരുന്നു പിന്നീടുള്ള യാത്ര. ദ്വീപിൽ നിന്നു കോവ്‌ലൂണിലേക്ക് പോകാൻ സ്റ്റാർഫെറിയിൽ നിന്നാണ് ബോട്ട് സർവീസ്. സ്റ്റാർഫെറി സർവീസ് എന്നാണ് ഈ ബോട്ട് സവാരിയുടെ പേര്. പന്ത്രണ്ടു ബോട്ടുകളാണ് സ്റ്റാർഫെറിയിൽ സർവീസ് നടത്തുന്നത്. നദിയുടെ ഇരുവശത്തിന്റെയും ഭംഗിയെപ്പറ്റി പറയാം. പടുകൂറ്റൻ കെട്ടിടങ്ങൾ നിറഞ്ഞ ഒരു തീരം. കൽപ്പടവുകൾ കെട്ടി തിട്ടയ്ക്കു കനം വരുത്തിയ മറുതീരം. രണ്ടിനും നടുവിലൂടെ നിറഞ്ഞൊഴുകുന്ന നദി. യുനെസ്കോ പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ ഈ ബോട്ട് സവാരിയെ ഉൾപ്പെടുത്തി സംരക്ഷിച്ചുപോരുന്നു. ആവേശമുണ്ടാക്കുന്ന ബോട്ട് യാത്രകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന സവാരിയാണിത്, ലോക പ്രശസ്തം.

ബോട്ടിറങ്ങിയ ശേഷം, ഒന്നാന്തരം സ്വർണം വിൽക്കുന്ന സ്ഥലം കാണാനാണ് പോയത്. ഗോൾഡ് മൈൽ എന്ന തെരുവ് നേരിൽ കാണാൻ പോവുകയാണെന്നു പറഞ്ഞപ്പോൾ യാത്രാ സംഘത്തിലെ സ്ത്രീകളുടെ കണ്ണുകൾ തിളങ്ങി. കോഴിക്കോടുള്ള ഹോട്ടലുകളിൽ ഹൽവ വിൽക്കാൻ വച്ചതുപോലെ സ്വർണക്കട്ടികൾ നിരത്തിവച്ച തെരുവു കണ്ടപ്പോൾ പുരുഷന്മാരും കണ്ണു തുറിച്ചു. നീളമുള്ളതും വട്ടത്തിൽ ചെത്തിയതും ചതുരക്കട്ടയാക്കി മുറിച്ചതുമായ സ്വർണക്കഷണങ്ങൾ കടകളുടെ മുന്നിൽ അട്ടിയിട്ട് വിൽപ്പന നടത്തുന്നു. വണ്ടിയിൽ കയറിയിട്ടും യാത്രാ സംഘത്തിലുള്ളവരുടെ മുഖത്ത് അത്ഭുതം വിട്ടുമാറിയില്ല. വാഹനത്തിന്റെ സൈഡ് ഗ്ലാസിൽക്കൂടി ആ കാഴ്ചകളിലേക്ക് എത്തിനോക്കിക്കൊണ്ട് ഗോൾഡൻ മൈലിനോടു യാത്ര പറഞ്ഞു. ഇന്ത്യയിൽ നിന്നുള്ള വസ്തുക്കൾ വിൽക്കുന്ന ചുങ്കിങ് മാൻഷനിലേക്കായിരുന്നു അടുത്ത യാത്ര.

ഡിസ്നിയിലെ വണ്ടർലാൻഡ്

ഒരു മണിക്കൂർ നേരം ചുങ്കിങ് മാൻഷൻ കാണാൻ നീക്കിവച്ചിട്ടുണ്ടെന്ന് ഗൈഡ് അറിയിച്ചു. സ്കൂൾ കുട്ടികളുടെ ആവേശത്തോടെ എല്ലാവരും വണ്ടിയിൽ നിന്നിറങ്ങി മാർക്കറ്റിലേക്കു കുതിച്ചു. ബഹുനില കെട്ടിടമാണു ചുങ്കിങ്മാൻഷൻ. തുണിയും കരകൗശല വസ്തുക്കളും വിൽക്കുന്ന കടകളാണ് ഇവിടെയുള്ളത്. ചൈനീസ്, ജാപ്പനീസ് കൈത്തറികൾ വിൽക്കുന്ന കടകളുമുണ്ട്. ഗുജറാത്തി, സിന്ധി, മാർവാഡി വ്യാപാരികളാണ് കച്ചവടക്കാർ. വായാടികളായ കച്ചവടക്കാരുടെ ക്ഷണം ഇന്ത്യയിലെ വഴിവാണിഭങ്ങളെ ഓർമിപ്പിച്ചു. ഹോങ്കോങ്ങിൽ ഏറ്റവും വേഗതയിൽ ഹിന്ദി സംസാരിക്കുന്നവർ ജീവിക്കുന്നത് ഇവിടെയാണെന്നു തോന്നി. എണ്ണയിൽ വേവുന്ന പലഹാരങ്ങളുടെയും ഇറച്ചി മസാലയുടേയും സുഗന്ധം നിറ‍ഞ്ഞ മാൻഷനിൽ പാശ്ചാത്യർ കുറവാണ്. ഇടുങ്ങിയ വഴികളും ബഹളമുണ്ടാക്കുന്ന കച്ചവടക്കാരുമുള്ള തെരുവുകൾ വെള്ളക്കാർക്കു പ്രിയമുള്ളതല്ലല്ലോ.

ഡിസ്നി ലാൻഡിലേക്കു പോവുകയാണെന്ന് ഗൈഡ് അറിയിച്ചപ്പോൾ കുട്ടികൾ തുള്ളിച്ചാടി. ചിൽഡ്രൻസ് പാർക്കിലേക്കുള്ള യാത്രയാണെന്നു കേട്ടപ്പോൾ മുതിർന്നവരിൽ ചിലർ മുഖം ചുളിച്ചു. കാണാൻ പോകുന്ന പൂരത്തിന്റെ വിശേഷങ്ങൾ ഗൈഡ് വിവരിച്ചു. പാവകളും ശിൽപ്പങ്ങളും അലങ്കരിച്ച ലോകമാണു ഡിസ്നി ലാൻഡ് എന്നു കേട്ടപ്പോൾ ഇംഗ്ലിഷ് നോവലുകൾ വായിച്ചിട്ടുള്ള യാത്രക്കാർ സ്വന്തം വിജ്ഞാനം അടുത്തിരിക്കുന്നയാളുടെ മുഖം നോക്കാതെ വിശദീകരിച്ചു തുടങ്ങി.

ലന്റാവു ദ്വീപിലെ പൊന്നീസ്ബേ പ്രദേശത്താണ് ഹോങ്കോങ് ഡിസ്നി ലാൻഡ്. അമെരിക്കയിലെ ‘ഒറിജിനൽ ഡിസ്നി ലാൻഡ്’ പോലെ എല്ലാ കാഴ്ചകളും ഇവിടെയുമുണ്ട്. കുട്ടികൾക്കു മാത്രമല്ല മുതിർന്നവർക്കും ആസ്വദിക്കാനുള്ള കാഴ്ചകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. അനുകരണങ്ങൾ സൃഷ്ടിക്കുന്നതിൽ അഥവാ ഒറിജിനലിനെ തോൽപ്പിക്കുന്ന ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കുന്ന വിദ്യയിൽ ചൈനക്കാരെ വെല്ലാൻ വേറാരുമില്ല. ഹാസ്യ കഥാപാത്രങ്ങൾ, റസ്റ്ററന്റ്, കാട്, മ്യൂസിയം, ബഹിരാകാശം, ഭൂഗർഭ വിസ്മയങ്ങൾ, മഹാസമുദ്രം... എന്നു വേണ്ട മറ്റൊരു ലോകം കൃത്രിമമായി ഒരുക്കിയിരിക്കുന്നു. വാൾട്ട് ഡിസ്നിയുടെ വിശാല ബുദ്ധിക്ക് ഹോങ്കോങ്ങുകാർ സൃഷ്ടിച്ച പകർപ്പ് ആരുടേയും മനം കവരും.

പൂർണരൂപം വായിക്കാം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA