കാട്ടിനുള്ളിലൊരു ആകാശപ്പാത; ഇത് ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ട്രീടോപ്പ് നടപ്പാത

Senda_dil_Dragun_Platform_Dimplaun_Sura_Flims_Laax_1270x700
Image From Senda dil Dragun Official Site
SHARE

മലനിരകള്‍ക്കിടയിലൂടെയുള്ള ട്രെയിൻ യാത്രകളും ട്രെക്കിങ്ങുമെല്ലാമായി സ്വിറ്റ്സർലൻഡിന്‍റെ പ്രകൃതി ഭംഗി ആസ്വദിക്കാൻ ധാരാളം വഴികളുണ്ട്. അല്‍പ്പം വ്യത്യസ്തമായ ഒരു അനുഭവമാണ് ഇക്കൂട്ടത്തിലേക്ക് ഏറ്റവും പുതുതായി കടന്നുവന്നിരിക്കുന്നത്; പ്രകൃതിയിലൂടെയല്ല, പ്രകൃതിക്ക് മുകളിലൂടെ നടന്നു കാണാം, മനം കുളിര്‍പ്പിക്കുന്ന മനോഹര കാഴ്ചകള്‍! ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ട്രീടോപ്പ് നടപ്പാത സ്വിറ്റ്സർലൻഡില്‍ സഞ്ചാരികള്‍ക്കായി തുറന്നു. 

ഏകദേശം ഒന്നര കിലോമീറ്റര്‍ നീളമുള്ള 'സെൻഡ ദിൽ ഡ്രാഗൺ' പാലമാണ് ഈ അപൂര്‍വ അവസരം ഒരുക്കുന്നത്. തെക്കുകിഴക്കൻ സ്വിറ്റ്സർലൻഡിലെ ലക്സ് മുർഷെറ്റ്ഗ്, ലാക്സ് ഡോർഫ് ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന ഈ പാലം വനമേഖലയ്ക്ക് മുകളിലൂടെയാണ് നിര്‍മിച്ചിരിക്കുന്നത്. ജൂലൈ 11 ന് ഇത് പൊതുജനങ്ങൾക്കായി തുറന്നു. അതിനുശേഷം ഇതുവരെ ഏകദേശം അര ലക്ഷത്തോളം സന്ദർശകരാണ് ഇതിലൂടെ കടന്നുപോയത്. .

മരത്തലപ്പുകള്‍ക്ക് മുകളിലൂടെയുള്ള യാത്ര സഞ്ചാരികളെ സംബന്ധിച്ചിടത്തോളം അത്യന്തം ആവേശകരമായ അനുഭവമാണ്. കാട്ടിൽ കാണാവുന്ന വിവിധ സസ്യങ്ങൾ, മരങ്ങൾ, മൃഗങ്ങൾ എന്നിവയെക്കുറിച്ച് വിവരിക്കുന്ന ഇരിപ്പിടങ്ങളും വിവര പ്രദർശനങ്ങളുമുള്ള നാല് പ്ലാറ്റ്ഫോമുകൾ ആകാശപ്പാതയില്‍ സ്ഥാപിച്ചിട്ടുണ്ട്. സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികള്‍ക്ക് നടത്തം ബോറടിക്കാതിരിക്കാന്‍ മുർഷെറ്റ്ഗിലെ ടവറിൽ ഒരു സ്പൈറല്‍ സ്ലൈഡുമുണ്ട്. 

Senda_dil_Dragun_Plattform_Ravanasc_1270x700
Image From Senda dil Dragun Official Site

യാത്ര കൂടുതല്‍ ആസ്വാദ്യകരമാക്കാനായി ഒക്ടോബർ 11 മുതൽ വഴിയില്‍ ഡിജിറ്റൽ അനുഭവങ്ങളും ഒരുക്കുന്നുണ്ട്. നടപ്പാതയിലെ അഞ്ച് പ്രദേശങ്ങളിൽ ഓഗ്മെന്‍റഡ് റിയാലിറ്റി(AR) ഉപയോഗിച്ച്, പ്രാദേശിക മൃഗങ്ങളുടെയും സസ്യങ്ങളുടെയും ജീവിതചക്രം, ഭൂമിശാസ്ത്രം, കൃഷി, മനുഷ്യവാസ കേന്ദ്രങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ മനസ്സിലാക്കാനുള്ള അവസരവും ഒരുക്കും. ഇതിനായി വാടകയ്ക്ക് ടാബ്ലറ്റുകള്‍ നല്‍കും. 

മഞ്ഞുകാലത്ത് ഇവിടേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാനാവും എന്നാണു സംഘാടകര്‍ കരുതുന്നത്. ഇതിനായി പ്രത്യേക ഒരുക്കങ്ങള്‍ നടത്താനും പദ്ധതിയുണ്ട്. ഇതിന്‍റെ ഭാഗമായി സംഗീതം, കഥപറച്ചിൽ, കുട്ടികള്‍ക്ക് ഇഷ്ടമുള്ള കഥാപാത്രങ്ങളുടെ രൂപങ്ങള്‍ എന്നിവയെല്ലാം പ്രതീക്ഷിക്കാം. 

കാടിനു മുകളിലൂടെ നിര്‍മിച്ച ഈ പാലത്തിലൂടെ പോകാന്‍ പ്രത്യേക ഫീസ്‌ നല്‍കണം. യൂറോപ്യൻ യൂണിയനിലെ ഏറ്റവും വലിയ സ്നോ പാർക്കും ലോകത്തിലെ ഏറ്റവും വലിയ ഹാഫ്പൈപ്പും ഈ പ്രദേശത്തിനരികില്‍ സന്ദര്‍ശിക്കാവുന്ന മറ്റു ചില കാഴ്ചകളാണ്. 

English Summary:Longest Treetop Walkway in the World Switzerland 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA