ഇവിടെ നഗരത്തിന് മറ്റൊരു മുഖമാണ്; ഒരു ലാറ്റിൻ അമേരിക്കൻ യാത്രാക്കുറിപ്പ്

Lima-trip
SHARE

അതിർത്തികൾ കടന്ന് കോവിഡ് എന്ന മഹാമാരി വൻകരകൾ കീഴടക്കുന്നതിനും ഏതാനും ആഴ്‌ചകൾ  മുമ്പ് പെറു, ബൊളീവിയ എന്നീ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലൂടെ തനിച്ചു നടത്തിയ രണ്ടാഴ്‌ച നീണ്ട യാത്രയിലെ അനുഭവക്കുറിപ്പുകളാണിത്. 

യൂറോപ്പിൽ ശൈത്യകാലം അതിന്റെ മൂർധന്യത്തിലിരിക്കുമ്പോളാണ് പെറുവിന്റെ തലസ്ഥാനമായ ലിമയിലേക്ക് ഞാൻ യാത്ര തിരിക്കുന്നത്. ആദ്യം ഞാൻ അന്ന് താമസിച്ചിരുന്ന ഇംഗ്ലണ്ടിലെ ലീഡ്‌സ് എന്ന പട്ടണത്തിൽനിന്ന് ആംസ്റ്റർഡാമിലേക്ക്, അവിടെനിന്ന് അറ്റ്ലാന്റിക് മഹാസമുദ്രത്തിനു കുറുകെ ലാറ്റിൻ അമേരിക്കയിലേക്ക് 12 മണിക്കൂർ നീണ്ട വിമാനയാത്ര. വിരസമായ ആ യാത്രയുടെ അവസാനത്തോടടുത്തപ്പോളാണ് വിമാനം അമേരിക്കൻ വൻകരയുടെ മുകളിലേക്കു പ്രവേശിച്ചത്.

2-Cathedral-Basilica-of-Lima

സമയം സന്ധ്യയായിരിക്കുന്നു. ഞാൻ ജനലിലൂടെ താഴേക്കു നോക്കി. കണ്ണെത്താ ദൂരത്തോളം ഒരു പച്ചപ്പരവതാനി വിരിച്ചതു പോലെ ആമസോൺ വനാന്തരങ്ങൾ കാണാം. അതിലൂടെ വളഞ്ഞും പുളഞ്ഞും അനേകം നദികൾ കിഴക്കു ദിശയിലേക്ക് ഒഴുകുന്നു. ആമസോൺ നദി സത്യത്തിൽ ഇവയെല്ലാം കൂടി ചേർന്നതാണ്. ബ്രസീൽ ആണ് ആമസോൺ എന്ന പേര് കേൾക്കുമ്പോൾ ആദ്യം മനസ്സിലെത്തുന്നതെങ്കിലും ലാറ്റിൻ അമേരിക്കയിലെ വടക്കു ഭാഗത്തുള്ള എല്ലാ രാജ്യങ്ങളിലുമായി ഇത് പരന്നു കിടക്കുന്നു. ഇരുട്ട് വീണപ്പോഴുംളും താഴെ ഒരു വെളിച്ചവും ഇല്ല. വിശാലമായ ഈ മഹാവനനിബിഡത്തിൽ, വിമാനത്തിൽനിന്നു നോക്കിയാൽ കാണാനാകുന്ന ഒരു ചെറുപട്ടണം പോലുമില്ല എന്നു വേണം അനുമാനിക്കാൻ. 

ഞാൻ നഗരങ്ങളുടെ മുകളിൽ എത്തിയപ്പോൾ പടിഞ്ഞാറ് ഭാഗത്ത് പസഫിക് മഹാസമുദ്രം നിലയുറപ്പിച്ചു. ഒടുവിൽ നീണ്ട യാത്രയ്ക്കു ശേഷം വിമാനം നിശാ വെളിച്ചത്തിൽ മുഖരിതമായ ലിമ എന്ന മഹാനഗരത്തിൽ നിലം തൊട്ടു. വലിയ ആർപ്പുവിളികളോടെയും ഹർഷാരവത്തോടെയുമാണ് കൂടെ ഉണ്ടായിരുന്ന യാത്രികർ അതിനെ സ്വീകരിച്ചത്. കാര്യം എന്താണെന്നറിയാതെ ഞാൻ അന്ധാളിച്ചു നിന്നു. ജീവിതത്തിൽ ആദ്യമായാണ് ഇത്തരം ഒരു കാഴ്‌ച. ഈ ദൈർഘ്യമേറിയ യാത്ര അപകടം ഒന്നും കൂടാതെ അവസാനിച്ചതിന്റ സന്തോഷമാണത്രേ!

3-Plaza-De-Armas

ഫെബ്രുവരിയിൽ ദക്ഷിണാർധഗോളത്തിൽ വേനൽക്കാലമാണ്. തൊട്ടടുത്ത് കടലിന്റെ സാമീപ്യം മൂലമുള്ള ഈർപ്പവും കൂടിയായപ്പോൾ വിമാനത്താവളത്തിൽനിന്നു പുറത്തിറങ്ങിയപ്പോഴേക്കും ഞാനാകെ വിയർത്തു കുളിച്ചിരുന്നു. പെറു സന്ദർശിക്കാൻ ഇന്ത്യക്കാർക്ക് വീസ ആവശ്യമാണ്. ലണ്ടനിലെ എംബസിയിൽനിന്ന് ഞാൻ അത് ആഴ്‌ചകൾക്കു മുമ്പേ സംഘടിപ്പിച്ചിരുന്നതിനാൽ യാതൊരു കുഴപ്പവും കൂടാതെ എമിഗ്രേഷൻ പൂർത്തിയാക്കിയിരുന്നു. സൗകര്യത്തിനായി ഇവിടെ അടുത്തുതന്നെയുള്ള ബാക്ക് പാക്കേഴ്സ് ഹോസ്റ്റലിലാണ് ഞാൻ താമസം ഒരുക്കിയത്. യാത്രാക്ഷീണം കാരണം മറ്റൊന്നും ചെയ്യാതെ ഞാൻ നേരത്തേ ഉറക്കം ആരംഭിച്ചു. 

ഫെബ്രുവരി 28 - മൂന്ന് മുഖങ്ങളുള്ള ലിമ പട്ടണം 

അങ്ങനെ രണ്ടാഴ്‌ച നീളുന്ന യാത്ര ഇന്ന് തുടങ്ങുകയാണ്. ഇന്നത്തെ ദിവസം മുഴുവൻ ലിമയുടെ നഗരകാഴ്ചകൾക്കു വേണ്ടി മാറ്റിവച്ചിരിക്കുകയാണ്. പോകേണ്ട സ്ഥലങ്ങളുടെ പട്ടിക കയ്യിലുണ്ട്. ഇനി എങ്ങനെ അവിടേക്കെത്തും എന്ന ഒരു ചോദ്യമേ ഉള്ളൂ. ‘ടാക്‌സി പിടിക്കുന്നതാണ് ഏറ്റവും നല്ലത്. ബസ്സിൽ പോയാൽ ഒരുപാട് സമയമെടുക്കും.’

‘എനിക്ക് വലിയ ധൃതിയില്ല’

ഹോട്ടലിലെ ജീവനക്കാരിയോട് ഞാൻ പറഞ്ഞു. അവർ പറഞ്ഞു തന്ന വഴിയിലൂടെ ബസ് പിടിക്കാൻ ഞാൻ നടന്നു. ഹോട്ടൽ നിൽക്കുന്ന ഈ നഗരങ്ങൾ ഒട്ടും മനോഹരമല്ല. വിമാനത്താവളത്തിന് അടുത്തായതു കൊണ്ട് കാർഗോ സൂക്ഷിക്കുന്ന അനവധി കെട്ടിടങ്ങൾ ഇവിടുണ്ട്. അങ്ങോട്ടു വരുന്ന ലോറികൾ പറത്തുന്ന പൊടികൾ നിറഞ്ഞ തെരുവുകളാണ് ചുറ്റിലും. നഗരം എഴുന്നേറ്റു വരുന്നതേയുള്ളൂ. പെട്ടിക്കടയുടെ ചുമരിൽ തൂക്കിയിട്ടിരിക്കുന്ന വലിയ ടാബ്ലോയ്ഡ് പത്രങ്ങൾ നോക്കി അന്നത്തെ പ്രധാന വാർത്തകൾ വായിക്കുകയാണ് ഒരു കൂട്ടം വയസ്സർ. യാത്രയിൽ പലയിടത്തും ഈ കാഴ്‌ച ഞാൻ കണ്ടിരുന്നു. 

5-Indigenous-people-of-Peru

ബസ് സ്റ്റോപ്പിൽ വച്ച് പരിചയപ്പെട്ട ആൾ ഇംഗ്ലിഷ് സംസാരിക്കുന്നതു കൊണ്ട്, ഏതു ബസിൽ കയറണമെന്ന് സംശയമുണ്ടായില്ല. ലാറ്റിൻ അമേരിക്കൻ യാത്രയിൽ അന്യനാട്ടുകാർക്ക് ഏറ്റവും ബുദ്ധിമുട്ടുണ്ടാകുന്നത് മിക്കവാറും ഇവിടുത്തെ ഭാഷയാണ്. സ്‌പാനിഷ്‌ ആണ് എല്ലാ രാജ്യത്തെയും പ്രഥമ ഭാഷ; ബ്രസീൽ ഒഴികെ. അവിടെ മാത്രം പോർചുഗീസാണ് പ്രധാന ഭാഷ. വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഒഴിച്ചാൽ ഇംഗ്ലിഷ് സംസാരിക്കുന്നവർ വളരെ കുറവാണ്. നഗരങ്ങൾ വിട്ടാൽ നിരത്തുകളിലും കടകളിലും ഇംഗ്ലിഷ് ബോർഡുകൾ തന്നെ വിരളമാണ്. 

ആദ്യം കണ്ടുമുട്ടിയയാൾ നല്ലവണ്ണം ഇംഗ്ലിഷ് സംസാരിച്ചു കണ്ടപ്പോൾ ഭാഷാപ്രശ്‌നം അധികം ഉണ്ടാകില്ല എന്ന അമിതവിശ്വാസത്തിൽ ബസ്സിൽ കയറിയ എന്റെ പ്രതീക്ഷകൾ തകിടം മറിഞ്ഞു. എനിക്ക് ഇറങ്ങേണ്ട 'പ്ലാസ ഡെ അർമാസ്' എന്ന സ്ഥലം എത്ര പ്രാവശ്യം പറഞ്ഞിട്ടും കണ്ടക്ടർക്കു മനസ്സിലാകുന്നില്ല. ആളുകളൊക്കെ എന്നെ ശ്രദ്ധിക്കാൻ തുടങ്ങി. ഞാൻ നിന്നു വിയർക്കാനും. ഒടുവിൽ അയാളുടെ കൈയിലുള്ള ഏറ്റവും വില കൂടിയ ടിക്കറ്റ് ചൂണ്ടി അത് തരാൻ ഞാൻ ആവശ്യപ്പെട്ടു. എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് അതും തന്ന് അയാൾ പോയി. എങ്ങനെയെങ്കിലും കുറച്ചു സ്‌പാനിഷ്‌ വാക്കുകൾ പഠിച്ചെടുക്കണം. 

6-Larco-Museum

വടക്കൻ ലിമയുടെ പൊടി പറക്കുന്ന ചെറിയ വഴികളിലൂടെ കണ്ടം ചെയ്യാറായ ആ ബസ് നഗരഹൃദയത്തെ ലക്ഷ്യമാക്കി തെക്കോട്ട് സഞ്ചരിച്ചു. ചപ്പുചവറുകൾ എമ്പാടു കൂട്ടിയിട്ടിരിക്കുന്ന അവിടുത്തെ കവലകൾ കണ്ടാൽ ഏതോ ഉത്തരേന്ത്യൻ നഗരത്തിൽ ചെന്നെത്തിയ പോലെയാണ്. നഗരത്തിന്റെ ഒത്ത നടുക്കാണ് എനിക്ക് ആദ്യം പോകേണ്ടത്. 15 ാം നൂറ്റാണ്ടിന്റെ അവസാന കാലം മുതൽ ഈ വൻകരകളിലേക്ക് അധിനിവേശമാരംഭിച്ച സ്പെയിൻകാരാണ് പുരാതന നഗരമായ കുസ്‌കോയിൽനിന്നു രാജനഗരി ലിമയിലേക്ക് മാറ്റിയത്. ആ കാലഘട്ടം മുതൽ പണിത പല പ്രധാന മന്ദിരങ്ങളും സ്ഥിതി ചെയ്യുന്നത് 'പ്ലാസ ഡെ അർമാസ്' എന്ന ചത്വരത്തിലാണ്. മാപ്പ് നോക്കി ഒടുവിൽ അവിടെ ഇറങ്ങിയപ്പോളേക്കും ഞാൻ പുറപ്പെട്ടിട്ട് 2 മണിക്കൂറോളം കഴിഞ്ഞിരുന്നു. 

7-Pacific-Ocean

ഇവിടെ നഗരത്തിന് മറ്റൊരു മുഖമാണ്. വിസ്താരമേറിയ പാതകൾ, ഒരേ ഉയരത്തിൽ കൊളോണിയൽ ശൈലിയിൽ നിർമിച്ച കെട്ടിടങ്ങൾ, കല്ലു പാകിയ മനോഹരമായ നടപ്പാതകൾ. രാഷ്ട്രപതിയുടെ കൊട്ടാരം, നഗരസഭയുടെ പ്രധാന മന്ദിരം, പൗരാണിക കത്തീഡ്രൽ തുടങ്ങി അനവധി കെട്ടിടങ്ങൾ  സ്ഥിതി ചെയ്യുന്നത് ഈ ചത്വരത്തിനു ചുറ്റുമാണ്.  16 ാം നൂറ്റാണ്ടിൽ നിർമിച്ച കൂറ്റൻ ദേവാലയത്തിനു തൊട്ടടുത്തു തന്നെയാണ് ആർച്ച് ബിഷപ്പിന്റെ കൊട്ടാരവും. രണ്ടിലേക്കും പ്രവേശിക്കാനുള്ള ടിക്കറ്റ് വാങ്ങി ഞാൻ ആദ്യം ദേവാലയത്തിലേക്ക് കയറി. 

അതിവിശാലമായ ആ ആരാധനാലയത്തിനകത്ത് അതിമനോഹരമായ അനവധി ചുവർചിത്രങ്ങളും പ്രതിമകളുമുണ്ട്. പള്ളിമേടയുടെ പലഭാഗങ്ങളും സ്വർണം പൂശിയതാണ്. 400 കൊല്ലം മുമ്പ് പണികഴിപ്പിച്ചതാണിതെന്ന് ആരും പറയില്ല,  അത്രമേൽ ആഢ്യത്വം പുതുമയോടെ നിലനിൽക്കുന്നു. തെക്കേ അമേരിക്ക പിടിച്ചടക്കുന്നതിൽ പ്രധാന പങ്കു വഹിച്ച ഫ്രാൻസിസ്‌കോ പിസാറോ എന്ന സ്‌പാനിഷ്‌ അധിനിവേശകനായ കപ്പിത്താന്റെ ശവകുടീരം ഇതിന്റെ ഭൂഗർഭ നിലയിലാണുള്ളത്. ആ കാലഘട്ടത്തിൽ പെറുവിന്റെ മാത്രമല്ല ഈ വൻകരയുടെ തന്നെ ഭരണം നിയന്ത്രിച്ചിരുന്നത് ഈ ചുമരുകൾക്കുള്ളിലിരുന്നായിരുന്നു. 

പള്ളിയിൽ നിന്നിറങ്ങി ഞാൻ തൊട്ടടുത്തുള്ള ആർച്ച് ബിഷപ്പിന്റെ മന്ദിരത്തിൽ കയറി. കൊളോണിയൽ കാലഘട്ടത്തിൽ ഉപയോഗിച്ചിരുന്ന പല വസ്തുക്കളും അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. കൂടാതെ പല പാതിരിമാരുടെയും എണ്ണച്ചായചിത്രങ്ങളും. ഞാൻ വീണ്ടും പുറത്തിറങ്ങി. ചത്വരത്തിന്റെ നടുക്ക് കഴിഞ്ഞ നാലു നൂറ്റാണ്ടായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഒരു മനോഹരമായ ഒരു ജലധാരയുണ്ട്. അതിന്റെ എതിർവശത്ത് ആളുകൾ കൂട്ടംകൂടി നിൽക്കുന്നതു കണ്ട് ഞാൻ അങ്ങോട്ട് നടന്നു. രാഷ്ട്രപതിയുടെ കൊട്ടാരത്തിനുള്ളിൽ ഒരു ഘോഷയാത്ര നടക്കുകയാണ്. നാനാ വർണത്തിലുള്ള  പരമ്പരാഗത വേഷങ്ങളണിഞ്ഞ ഒരു കൂട്ടം സ്ത്രീകളും പുരുഷന്മാരും വാദ്യോപകരണങ്ങളുടെ താളത്തിനൊപ്പം പതുക്കെ നൃത്തം ചെയ്‌തു നടക്കുന്നു. അവരുടെ അടുത്ത് യന്ത്രത്തോക്കുകളുടെ സമീപം കോട്ടുധാരിയായ ഒരാൾ നിൽക്കുന്നുണ്ട്. പെറുവിന്റെ രാഷ്ട്രപതിയോ മറ്റേതെങ്കിലും രാജ്യത്തെ ഭരണാധികാരിയോ മറ്റോ ആയിരിക്കണം അത്. 

8Barranco

ഘോഷയാത്ര പതുക്കെ കെട്ടിടത്തിനു പുറത്തേക്കു വന്നു. മുൻപിൽ നടക്കുന്നയാൾ തന്റെ ചാട്ടവാർ വീശി ശബ്‌ദമുണ്ടാക്കും. അതിന്റെ പുറകിലായാണ് നർത്തകർ വരുന്നത്. എല്ലാവരുടെയും തലയിൽ തൊപ്പിയുണ്ട്. ഇവിടെ പരമ്പരാഗത വേഷത്തിൽ ഒഴിച്ചു കൂടാനാകാത്ത ഒരു ഭാഗമാണത്. കുറച്ചു നേരം അവരെ അനുഗമിച്ചു നടന്ന ശേഷം ഞാൻ വേറേ വഴിക്കു തിരിഞ്ഞു. ഇടയ്ക്ക് ദാഹിച്ചപ്പോൾ ഒരു കടയിൽ കയറി 'Pisco' കുടിച്ചു. മുന്തിരിയിൽനിന്നുണ്ടാക്കുന്ന വീര്യം കുറഞ്ഞ ബ്രാൻഡിയാണിത്. ഭക്ഷണകാര്യത്തിലും ഒരുപാട് വൈവിധ്യം പുലർത്തുന്ന ഈ നാട്ടിൽ രുചിച്ചു നോക്കേണ്ട സാധനങ്ങളുടെ ഒരു ലിസ്റ്റ് തന്നെ എന്റെ കയ്യിൽ ഉണ്ടായിരുന്നു. 

കുറച്ചകലെയായുള്ള 'ലാർകോ' മ്യൂസിയമാണ് എന്റെ അടുത്ത ലക്ഷ്യം. ബസ് കയറാൻ മറ്റൊരു പ്രധാന കവലയിൽ എത്തിയപ്പോഴാണ് ലിമയുടെ യഥാർഥ തിരക്ക് ഞാൻ കണ്ടത്. വിശാലമായ വഴികളാണെങ്കിലും വാഹനത്തിരക്കു കൊണ്ട് വീർപ്പുമുട്ടുകയാണിവിടം. ദക്ഷിണേന്ത്യയുടെ വലിപ്പമുണ്ട് പെറുവെന്ന ഈ രാജ്യത്തിന്. എന്നാൽ വെറും മൂന്നു കോടി ജനങ്ങളേ ഇവിടെയുള്ളൂ. അതിൽ ഒരു കോടിയോളം ജനങ്ങൾ ഈ മഹാനഗരത്തിലാണ് വസിക്കുന്നത്. ഉച്ചത്തിൽ സ്‌പാനിഷ്‌ സംസാരിച്ചു കൊണ്ട് ആളുകൾ ചുറ്റിലും നടക്കുന്നു. കേൾക്കാൻ നല്ല രസമുള്ള ഭാഷയാണ് സ്‌പാനിഷ്‌. ചില ആളുകൾ സംസാരിക്കുന്നത് കേട്ടാൽ ഒറ്റ ശ്വാസത്തിൽ പറയുന്ന പോലെ തോന്നി. നമ്മുടെ സംസാരം കേട്ടാൽ ഒരുപക്ഷേ അവരും ഇതു തന്നെ പറയുമായിരിക്കും!

ഉച്ചയോടു കൂടി ഞാൻ ലാർകോ മ്യൂസിയത്തിൽ എത്തി. തൂവെള്ള നിറത്തിലുള്ള കെട്ടിടത്തിനു ചുറ്റുമുള്ള ബോഗൺവില്ല പുഷ്പോദ്യാനത്തിന്റെ സാന്നിധ്യം കൂടി കണ്ടാൽ ഇത്ര ഭംഗിയേറിയ ഒരു പുരാവസ്‌തു പ്രദർശന ശാല വേറെ എവിടെയും ഉണ്ടാകില്ല എന്ന് തോന്നിപ്പോകും. പൗരാണിക പെറുവിന്റെ ഒട്ടനവധി ശേഷിപ്പുകൾ ഇവിടെയുണ്ട്. ഈ രാജ്യത്തെ സംസ്‌കാരത്തെപ്പറ്റി ഓർക്കുമ്പോൾ ലോകമഹാദ്ഭുതങ്ങളിൽ ഒന്നായ 'മാച്ചു പിച്ചു' പണി കഴിപ്പിച്ച 'ഇൻകാ' സംസ്‍കാരത്തെപ്പറ്റി മാത്രമേ എനിക്ക് അറിവുണ്ടായിരുന്നുള്ളൂ. എന്നാൽ അതിനും ആയിരക്കണക്കിന് വർഷങ്ങൾ മുൻപേയുള്ള ചരിത്രം പറയാനുണ്ട് ഈ നാടിന്. നാസ്‌ക്കാ, മോച്ചേ, തിവാക്കു തുടങ്ങി പല കാലയളവിലായി ഒട്ടനവധി സംസ്‌കാരങ്ങൾ  ഇവിടെ ഉയർന്നു വരുകയും തകർന്നടിയുകയും ചെയ്‌തു. അവർ ഉപയോഗിച്ചിരുന്ന പാത്രങ്ങളും നിർമിച്ച ചിത്രങ്ങളും ശില്പങ്ങളുമെല്ലാം ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്‌. കൂട്ടത്തിൽ എന്നെ ഏറ്റവും ആകർഷിച്ചത് മോച്ചേ വംശജർ ഉണ്ടാക്കിയ മുഖംമൂടികളാണ്. ഭീതി ജനിപ്പിക്കുന്ന ഇത്തരം മുഖംമൂടികളും വസ്ത്രങ്ങളും അവരുടെ ആഘോഷങ്ങളുടെ ഭാഗമായിരുന്നത്രേ.

എന്നാൽ ലാർകോ മ്യൂസിയത്തെ പ്രശസ്തമാക്കുന്നത് ഇതൊന്നുമല്ല. അത് മോച്ചേ വംശജർ തന്നെ പണികഴിപ്പിച്ച ഇറോട്ടിക് കളിമൺ പാത്രങ്ങളാണ്. ഓരോ സെക്‌സ് പൊസിഷനുമനുസരിച്ചാണ് ക്യൂറേറ്റർ അവയൊക്കെ തരംതിരിച്ച് പ്രദർശിപ്പിച്ചിരിക്കുന്നത്. മനുഷ്യരുടേതു കഴിഞ്ഞപ്പോൾ മൃഗങ്ങളുടേതും ഉണ്ട്. അണ്ണാൻ, കുരങ്ങൻ, മാൻ അങ്ങനെ പലവിധം! പ്രാർഥനകൾക്കാണ് ഇത്തരം അലങ്കാര പാത്രങ്ങൾ അന്നുള്ളവർ ഉപയോഗിച്ചിരുന്നതത്രേ. 

മ്യൂസിയത്തിൽ നിന്നുമിറങ്ങി ഞാൻ വീണ്ടും നഗരത്തിന്റെ തെക്കോട്ടു സഞ്ചരിച്ചു. ലിമയുടെ സാംസ്കാരിക തലസ്ഥാനമെന്നറിയപ്പെടുന്ന ബാരൻകോയിലേക്കാണ് ഇനി പോകേണ്ടത്. അങ്ങോട്ടടുക്കും തോറും നഗരത്തിന്റെ രൂപം പിന്നെയും മാറി. ഇത് ലിമയുടെ സമ്പന്നതയുടെ വശമാണ്. മൂന്ന് മുഖങ്ങളാണ് ഈ നഗരത്തിൽ, കാലത്തേ ഞാൻ പുറപ്പെട്ട, സാധാരണക്കാർ വസിക്കുന്ന ചേരികൾ നിറഞ്ഞയിടം, നടുക്ക് കൊളോണിയൽ പ്രതാപകാലത്തെ അവശേഷിപ്പുകൾ, താഴെ വിഹാരകേന്ദ്രങ്ങളും വലിയ ഉദ്യാനങ്ങളും ഉയരമുള്ള ഫ്ലാറ്റ് സമുച്ചയങ്ങളും കൊണ്ട് നിറഞ്ഞ പണക്കാരുടെയും മധ്യവർഗങ്ങളുടെയും ഇടം. 

പടിഞ്ഞാറ്  സമുദ്രത്തിൽനിന്നു വരുന്ന കാറ്റാണ് ഇവിടുത്തെ ചൂടിനാശ്വാസം. ഞാൻ നടന്ന് അതിന്റെ അരികിലേക്കു ചെന്നു. അവിടെ ചെന്നപ്പോളാണ് ഈ നഗരത്തിന്റെ ഭൂമിശാസ്ത്രം ശരിക്കും മനസ്സിലായത്. കടലിനോടു തൊട്ടുരുമ്മി നിൽക്കുന്ന ഒരു വലിയ മലയിടുക്കിന്റെ മുകളിലാണ് ലിമയുടെ സ്ഥാനം. പാർശ്വങ്ങളിലെ കൽക്കരിയുടെ നിറമുള്ള മണ്ണ് ഒലിച്ചുപോകാതിരിക്കാനായി വല കെട്ടിയിട്ടുണ്ട്. താഴെ കടലിനോടു ചേർന്ന് നീണ്ട ഒരു വലിയ ഹൈവേയുണ്ട്. ഞാൻ ഗോവണിപ്പടികൾ ഇറങ്ങി അതിനു മുകളിലൂടെ നിർമിച്ച നടപ്പാലത്തിലൂടെ ചെന്ന് തീരത്തെത്തി പസഫിക് എന്ന മഹാസമുദ്രത്തിൽ കാലു നനച്ചു. വീതി കുറഞ്ഞു കല്ലുകളാൽ നിറഞ്ഞ ഈ തീരങ്ങളിൽ നല്ല കാറ്റ് ഉള്ളതുകൊണ്ടാണെന്ന് തോന്നുന്നു ധാരാളം ആളുകൾ വിൻഡ് സർഫിങ് ചെയ്യുന്നുണ്ട്. കുറച്ചു നേരം അവിടെ ചെലവഴിച്ച് ഞാൻ വീണ്ടും മുകളിലേക്ക് പോയി. ഇവിടുത്തെ ഏറ്റവും ജീവനുള്ള സ്ഥലമാണ് ബരാൻകോ എന്ന പ്രദേശം. വഴിമതിലുകളിലെല്ലാം ഗ്രാഫിറ്റികൾ നിറഞ്ഞിരിക്കുന്ന ഇവിടെ അനവധി ആർട്ട് ഗ്യാലറികൾ ഉണ്ട്. അവയിൽ ഏതാനും എണ്ണത്തിലൂടെ ഞാൻ കയറിയിറങ്ങി. വാങ്ങാൻ ഉദ്ദേശമില്ലാത്തതുകൊണ്ട് വിലയൊന്നും നോക്കാൻ നിന്നില്ല. അതിന്റെ ഒരു വശത്തുള്ള തുറന്ന മൈതാനത്തിൽ ആൺകുട്ടികളും പെൺകുട്ടികളും ഫുട്‍ബോൾ കളിക്കുകയായിരുന്നു. ലാറ്റിൻ അമേരിക്കയുടെ കാൽപന്തു പ്രേമത്തെപ്പറ്റി പ്രത്യേകം പറയേണ്ടതില്ലല്ലോ. കയ്യിൽ ഒരു പന്തില്ലാതെ നടക്കുന്ന കളിക്കൂട്ടങ്ങൾ വളരെ അപൂർവമാണ് ഈ നാട്ടിൽ. 

English Summary: Latin America  the most Exciting Travel Experiences

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA