ADVERTISEMENT

സമുദ്രത്തിനടിയിലൂടെ വാഹനത്തിൽ സഞ്ചരിക്കുന്നതുതന്നെ അപൂർവമായ അനുഭവമാണ്. അക്കൂട്ടത്തിൽ കലാപരമായി വിഭാവനം ചെയ്ത ഒരു ജംക്‌ഷനും അവിടുത്തെ ട്രാഫിക് റൗണ്ട്എബൗട്ടും കൂടി കാണാമെങ്കിലോ? അതെ, അറ്റ്ലാന്റിക് സമുദ്രത്തിൽ ഫറോദ്വീപ് സമൂഹത്തിലെ രണ്ടു ദ്വീപുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ടണലിലാണ് കടലിനടിയിൽ മൂന്നു വഴികൾ ഒരുമിക്കുന്ന കവലയും ട്രാഫിക് റൗണ്ട്എബൗട്ടും നിർമിച്ചിരിക്കുന്നത്.

സ്ട്രെമോയ് ദ്വീപിനെയും എസ്‌റ്റുറോയ് ദ്വീപിനെയും ബന്ധിപ്പിച്ചാണ് 11 കിലോമീറ്റർ നീളത്തിലുള്ള പുതിയ ടണൽ പാത നിർമിച്ചിരിക്കുന്നത്. ഈ പാതയിലെ ഏറ്റവും താഴ്ന്ന ഭാഗം സമുദ്രനിരപ്പിൽനിന്ന് 613 അടി താഴെയാണ്. ഫറോ ദ്വീപിന്റെ തലസ്ഥാന നഗരമായ ടോർഷവ്നിൽനിന്ന് ഒരു മണിക്കൂറിലധികം യാത്രചെയ്യേണ്ട പല സ്ഥലങ്ങളിലേക്കും എസ്റ്റ്‌റോയ് ടണലിലൂടെ മിനിറ്റുകൾക്കകം എത്താനാകും.

ലോകത്തെ ആദ്യത്തെ അണ്ടർവാട്ടർ ജംക്‌ഷൻ 

വെള്ളത്തിനടിയിലുള്ള ലോകത്തിലെ ആദ്യത്തെ റൗണ്ട് എബൗട്ടാണ് ഫറോയിലുള്ളത്. ജെല്ലി ഫിഷിന്റെ രൂപഘടനയാണ് ഈ റൗണ്ട് എബൗട്ടിന്. കടലിന്റെ അടിത്തട്ടിൽ 189 മീറ്റർ (613.5 അടി) ആഴത്തിലൂടെയാണ് എസ്റ്റുറോയ് ടണൽ എന്ന സമുദ്ര പാത കടന്നുപോകുന്നത്. എസ്റ്റുറോയ് ദ്വീപിൽ വിശാലമായൊരു ഫിയോർഡിന് (പാറക്കെട്ടുകളുടെ ഇടയിലേക്ക് വ്യാപിച്ചു കിടക്കുന്ന കടൽ പ്രദേശം) ഇരുവശത്തുമായിട്ടാണ് ജനവാസകേന്ദ്രങ്ങൾ രൂപപ്പെട്ടിട്ടുള്ളത്. സ്ട്രെമോയ് ദ്വീപിലേക്കുള്ള തുരങ്കപാതയിലേക്ക് എസ്‌റ്റുറോയ് ദ്വീപിൽ ഫിയോർഡിന് ഇരുവശത്തുനിന്നും പ്രവേശിക്കാം. തുരങ്കത്തിനുള്ളിൽ ഒരു റൗണ്ട്എബൗട്ട് വരാനുള്ള കാരണവും ഇതു തന്നെ. ടോൾ എടുത്തുവേണം തുരങ്കത്തിലേക്ക് പ്രവേശിക്കാൻ. പ്രദേശവാസികൾക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. മുമ്പ്  2 ദ്വീപുകളിലേക്ക് എത്തിച്ചേരാൻ 64 മിനിറ്റ് എടുത്തിരുന്നുവെങ്കിൽ തുരങ്കം വന്നതോടെ 16 മിനിറ്റായി യാത്രാ ദൈർഘ്യം ചുരുങ്ങി. 

undersea-traffic-circle

കടലിനടിയിലെ ഈ റൗണ്ട് എബൗട്ടിനു മറ്റൊരു പ്രത്യേകത കൂടിയുണ്ട്. പ്രാദേശിക കലാകാരൻ ട്രണ്ടൂർ പാറ്റേഴ്സന്റെ ബഹുവർണ്ണ ലൈറ്റ് ഷോ ഇവിടെ അനുഭവിക്കാൻ കഴിയും. അദ്ദേഹം തയാറാക്കിയ ശിൽപങ്ങളും ലൈറ്റുകളും നിറങ്ങളും ചേർന്ന് മറ്റൊരു ലോകത്തേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകും. ലോകത്ത് കടലിനടിയിലുള്ള ട്രാഫിക് എബൗട്ട് മറ്റെവിടെയുമില്ല. 

നോർത്ത് അറ്റ്ലാന്റിക് സമുദ്രത്തിൽ നോർവേയ്ക്കും ഐസ്‌ലൻഡിനും നടുക്കുള്ള 18 ദ്വീപുകളാണ് ഫറോ ഐലൻഡ്‌. അഗ്നിപർവതങ്ങളും അഗ്നിപർവത ജന്യ പാറക്കെട്ടുകളും കൊണ്ട് നിറഞ്ഞതാണ് ഫറോദ്വീപുകൾ. 10000 വെള്ളച്ചാട്ടങ്ങളുടെ നാട് എന്നറിയപ്പെടുന്ന ഫറോ ദ്വീപിന് രാജ്യാന്തര വിനോദസഞ്ചാര ഭൂപടത്തിലും പ്രധാന സ്ഥാനമുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിനു വേണ്ടി രാജ്യത്ത് ഇതുവരെയുള്ള ഏറ്റവും വലിയ മുതൽ മുടക്കാണ് എസ്റ്റുറോയ് ടണൽ പദ്ധതിക്കു വിനിയോഗിച്ചിരിക്കുന്നത്.

അതിഗംഭീരമായ വെള്ളച്ചാട്ടങ്ങള്‍, പുല്ലുമേഞ്ഞ മേല്‍ക്കൂരകളുള്ള, മനോഹരമായി ചായം പൂശിയ വീടുകള്‍ അങ്ങനെ അളവറ്റതാണ് ദ്വീപിലെ വിസ്മയങ്ങൾ.

വിനോദസഞ്ചാരികളെ സംബന്ധിച്ചിടത്തോളം, മനോഹരമായ പ്രകൃതിദൃശ്യങ്ങൾക്കും വന്യജീവികൾക്കും പേരുകേട്ട ഈ ഡാനിഷ് സ്വയംഭരണ പ്രദേശം സന്ദർശിക്കുന്നതിനുള്ള മറ്റൊരു കാരണമായി മാറിയിരിക്കുന്നു അണ്ടർവാട്ടർ അദ്ഭുതകാഴ്ച.

English Summary: Faroe Islands become home to world's first undersea traffic circle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com