കാത്തിരിപ്പിന് വിരാമം; വിനോദസഞ്ചാരികളെ വരവേല്‍ക്കാനൊരുങ്ങി ബാലി

bali
Image From Shutterstock
SHARE

ഏറെ നാളുകള്‍ നീണ്ട കാത്തിരിപ്പിന് ശേഷം വിനോദസഞ്ചാരികളെ വീണ്ടും വരവേല്‍ക്കാനായി ഒരുങ്ങുകയാണ് ബാലി. ഒക്ടോബറിൽ ബാലി രാജ്യാന്തര വിനോദസഞ്ചാരികള്‍ക്കായി വീണ്ടും തുറക്കുമെന്ന് ഇന്തോനീഷ്യ ടൂറിസം മന്ത്രി സന്ധ്യാഗ യുനോ അറിയിച്ചു. നേരത്തെ തന്നെ തുറക്കാനുള്ള പദ്ധതികൾ ഉണ്ടായിരുന്നെങ്കിലും ഇപ്പോഴാണ് അതിനായി ബാലി ശരിക്കും തയാറായതെന്ന് സർക്കാർ വ്യക്തമാക്കി.

സെപ്റ്റംബർ 24 ന് ബാലി ടൂറിസം പോളിടെക്നിക്കിൽ നടന്ന യോഗത്തിൽ പങ്കെടുത്ത ശേഷമാണ് ഒക്ടോബറിൽ രാജ്യാന്തര യാത്രാ ഇടനാഴി വീണ്ടും തുറക്കാൻ സർക്കാർ തയാറാണെന്ന് മന്ത്രി പ്രഖ്യാപിച്ചത്. ഇതിനായുള്ള നടപടിക്രമങ്ങള്‍ വിശകലനം ചെയ്യുന്നതിനായി നിരവധി സർക്കാർ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

അതിര്‍ത്തികള്‍ വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു. രാജ്യത്തിന് രണ്ടാമത്തെ കോവിഡ് തരംഗമേല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് കരകയറാൻ കഴിഞ്ഞു. കേസുകൾ കുറഞ്ഞാൽ, ഒക്ടോബർ മുതൽ അതിർത്തികൾ വീണ്ടും തുറക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും നേരത്തെ, മാരിടൈം ആൻഡ് ഇൻവെസ്റ്റ്‌മെന്‍റ് കോർഡിനേറ്റർ മന്ത്രി ലുഹുത് ബിൻസാർ പാണ്ട്ജെയ്തൻ പറഞ്ഞിരുന്നു.

bali-travel2

ബാലിയിലെ സമീപകാലത്തെ കോവിഡ് -19 സ്ഥിതിയെക്കുറിച്ച് ബാലി വൈസ് ഗവർണർ കോക്ക് ഏസിൽ നിന്നുള്ള റിപ്പോർട്ടുകൾ ലഭിച്ചതിന് ശേഷമാണ് അതിർത്തികൾ വീണ്ടും തുറക്കുന്നതിനുള്ള പദ്ധതി നടപ്പിലാക്കാന്‍ ആരംഭിച്ചത്. വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്തതിനാല്‍ ബാലിയില്‍ കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞിരുന്നു.

ഒക്ടോബറില്‍ തുറക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും തീയതിയോ മറ്റു വിവരങ്ങളോ സംബന്ധിച്ചുള്ള വിശദാംശങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ഏതൊക്കെ രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്കാവും പ്രവേശനം അനുവദിക്കുക എന്ന കാര്യവും അറിവായിട്ടില്ല. അതേസമയം, പൂർണ വാക്സിനേഷന്‍ എടുത്ത വിനോദസഞ്ചാരികളെ മാത്രമേ രാജ്യത്തിനകത്തേക്ക് പ്രവേശിപ്പിക്കുകയുള്ളൂവെന്നും വിനോദസഞ്ചാരികള്‍ പ്രത്യേക പരിശോധനകൾ നടത്തേണ്ടതായി വരുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

bali-travel4

ഇന്തോനീഷ്യയിലെ 33 പ്രവിശ്യകളിലൊന്നായ ബാലി, ലോകത്തെ തന്നെ ഏറ്റവും മികച്ച വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. അതിമനോഹരമായ ഭൂപ്രകൃതിയും സാംസ്കാരികത്തനിമയും പാരമ്പര്യ കലകളും ശില്പ ചാതുരിയും ജൈവസമ്പുഷ്ടിയുമെല്ലാം ഒത്തു ചേരുന്ന ബാലിക്ക് 'സമാധാനത്തിന്‍റെ ദീപ്','ദൈവത്തിന്‍റെ ദ്വീപ്', 'പ്രണയത്തിന്‍റെ ദ്വീപ്' എന്നെല്ലാം ഓമനപ്പേരുകളുണ്ട്. ഇന്ത്യയില്‍ നിന്നടക്കം നിരവധി സഞ്ചാരികളാണ് ബാലിയിലേക്ക് വര്‍ഷംതോറും എത്താറുള്ളത്. കോവിഡ് പ്രതിസന്ധി മൂലം ടൂറിസ്റ്റുകള്‍ എത്താതിരുന്നത് ബാലിയുടെ സാമ്പത്തികവ്യവസ്ഥയെ വളരെയധികം ദോഷകരമായി ബാധിച്ചിരുന്നു.

English Summary: Bali to reopen for international tourists from October

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA