ADVERTISEMENT

ഈയിടെ ഇന്‍സ്റ്റഗ്രാം അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലെല്ലാം നിറഞ്ഞ കാഴ്ചയായിരുന്നു അബുദാബിയിലെ മരതകപ്പച്ച നിറത്തിലുള്ള മനോഹരമായ ഒരു തടാകത്തിന്റേത്. ഇടയ്ക്കിടെ കൂണുകള്‍ പോലെ വെളുത്ത നിറത്തിലുള്ള കരഭാഗങ്ങളും ഇതില്‍ കാണാം. കുളത്തില്‍ വെളുത്ത നിറത്തിലുള്ള വലിയ താമരയിലകള്‍ വിരിഞ്ഞതു പോലെ തോന്നും ഇവ കണ്ടാല്‍. ഇതിനു മുകളില്‍ കയറിനിന്ന് നിരവധി സഞ്ചാരികളാണ് മനോഹരമായ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുള്ളത്. 

അബുദാബിയിലെ അൽ വത്ബ മേഖലയിലുള്ള 'ലോങ് സാൾട്ട് ലേക്ക്' ആണ് ഇത്. അതിമനോഹരമായ അൽ വത്ബ വന്യജീവി സംരക്ഷണ കേന്ദ്രത്തിനരികിലായി, അല്‍ എയ്ന്‍ ഹൈവേയിലാണ് ഈ ജലാശയം. തെളിഞ്ഞ, തിളക്കമുള്ള നീല നിറമുള്ള വെള്ളത്തില്‍ അവിടവിടെയായി ഉപ്പിന്‍റെ നിക്ഷേപങ്ങളാണ് കൂണ്‍ ആകൃതിയില്‍ കാണുന്ന കരഭാഗങ്ങള്‍.  

മനുഷ്യനിര്‍മിതമാണ് ലോങ് സാൾട്ട് ലേക്ക്. അതിനിടയില്‍ എങ്ങനെ ഈ ഉപ്പു നിക്ഷേപങ്ങള്‍ ഉണ്ടായി എന്നു പലര്‍ക്കും അദ്ഭുതം തോന്നാം. പ്രവേശന റോഡിന്‍റെ ഇരുവശത്തുമായി യഥാർഥത്തിൽ രണ്ട് തടാകങ്ങൾ ഇവിടെയുണ്ട്. പൈപ്പുകള്‍ ഉപയോഗിച്ചാണ് ഇവയില്‍ വെള്ളം നിറയ്ക്കുന്നത്. മരുപ്രദേശമായതിനാല്‍ ഇവിടെയുള്ള മണ്ണില്‍ ഉയര്‍ന്ന ലവണാംശമുണ്ട്. കാലങ്ങള്‍ കഴിയുമ്പോള്‍ ഈ ഉപ്പു കൂടിച്ചേര്‍ന്ന് ഉപ്പുപാറകളായി മാറും. അവയാണ് തടാകത്തില്‍ വെളുത്തനിറത്തില്‍ കാണുന്ന ഭാഗങ്ങള്‍. ഇത് രൂപപ്പെടാന്‍ ഒരുപാടു വര്‍ഷങ്ങളെടുക്കും. തടാകത്തിലെ ഈ ഉപ്പുപാറകള്‍ പ്രകൃതിദത്ത ഘടനകളാണ്. 

ഇതിനരികിലായി സഞ്ചാരികള്‍ക്ക് സന്ദര്‍ശിക്കാവുന്ന മറ്റൊരു പ്രസിദ്ധമായ കാഴ്ച കൂടിയുണ്ട്, അവയാണ് ഫോസില്‍ ഡൂണ്‍സ്. ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ്, വെള്ളത്താല്‍ മൂടിയ ഈ പ്രദേശത്ത്, അവശിഷ്ടങ്ങളും ഉപ്പുപരലുകളും മണലുമെല്ലാം ഒന്നുചേര്‍ന്ന് രൂപപ്പെട്ട പ്രത്യേക ആകൃതിയുള്ള ശിലകളാണ് ഇവിടുത്തെ കാഴ്ച. സായാഹ്ന ഓഫ്റോഡ്‌ യാത്രകള്‍ക്ക് പറ്റിയ ഇടമാണ് ഇവിടം.

English Summary: Visit Long Salt Lake In Abu Dhabi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com