വർണങ്ങളുടെ കുടമാറ്റം, സ്വിറ്റ്സർലന്‍ഡിലെ ഒരു ശിശിരകാലത്ത്: വിഡിയോ

SHARE

സ്വിറ്റ്സർലൻഡിലെ ശിശിരകാല കാഴ്ചകൾ ലോക പ്രശസ്തമാണ്. സഞ്ചാരികളുടെ സ്വപ്ന യാത്രായിടത്തെ ശിശിരകാലത്തെ കാഴ്ചകളിലേക്ക് ക്യാമറ കൊണ്ടു പോകുകയാണ് ടിജി മറ്റം. സ്വിറ്റ്സർലന്‍ഡിലെ സ്യൂറിക്കിൽ നിന്നാണ് ഈ കാഴ്ചാ വിവരണം.

ശിശിരകാലത്തെ കുറിച്ചോർക്കുമ്പോൾ മനസിൽ പതിയുന്ന നിരവധി ഗാനങ്ങളുണ്ട് അതിലൊരു പാട്ടാണ്....

"ഓർമയിൽ ഒരു ശിശിരം, ഓമനിക്കാൻ ഒരു ശിശിരം,
ഇലവിരൽ തുമ്പുകളിൽ ഇളം മഞ്ഞുതിരും
തളിർമല ചില്ലകളിൽ തഴുകിവരും തെന്നലിനും
കഥ പറയാൻ ഒരു ശിശിരം"

ഇലപൊഴിയും കാലത്തിന് ചേർന്ന് ഇതിലും മേലെ നിൽക്കുന്ന മറ്റൊരു പാട്ടും ശിശിരത്തെക്കുറിച്ചുള്ള ഓർമകളിലില്ല. നിറങ്ങൾ ഇലകളിൽ സന്നിവേശിക്കുന്നതും, നിറചാർത്തണിഞ്ഞ ഇലകളും, കൊഴിഞ്ഞ ഇലകളും പ്രകൃതിയെ കവരുന്നതും, ശിശിരത്തിന്റെ മാത്രം പ്രത്യേകതയാണല്ലോ. ഋതുക്കളിൽ വസന്തത്തെ പൂക്കളും പൂമ്പാറ്റകളും കിളികളും ഒക്കെകൂടി വർണാഭമാക്കുമ്പോൾ ശിശിരത്തിന് വർണമേകാൻ ആകെ ഇലകൾ മാത്രം.

switzerland

വേനൽകാലത്തിന്റെ അവസാനം കൊഴിഞ്ഞു വീഴുന്ന പുഷ്പദളങ്ങളിലെ വർണങ്ങൾ, ശിശിരകാലത്തെ ഇലകളിലേക്ക് പരകായപ്രവേശം നടത്തുന്നു എന്ന് വേണം കരുതാൻ. പച്ചയിൽ ആറാടി നിന്ന ഇലകൾ ഓട്ടം കളേഴ്‌സ് എന്ന് വിശേഷിക്കുന്ന മഞ്ഞ, ഓറഞ്ചു, പർപ്പിൾ, ബ്രൗൺ, ചുവപ്പ്, പിംഗ്, മെറൂൺ എന്നീ നിറങ്ങളിലേക്ക് വേഷം മാറുന്ന കാഴ്ചകളാണ് ശിശിരത്തിൽ ചുറ്റിനും. ചിത്രശലഭമാകാനും, മേഘമാലകളാകാനും, പാവയാകാനും, പറവയാകാനും, മാനാവാനും, മനുഷ്യനാവാനും, നിന്റെ ചുണ്ടിലെ മുത്തമാവാനും നിമിഷാർദ്ധം പോലും വേണ്ടെന്ന് സിനിമയിലെ ഗന്ധർവൻ പറഞ്ഞപോലെയാണ്, ഇലകളിൽ നിറ ഗന്ധർവന്റെ കുടമാറ്റം. നോക്കി നിൽക്കെയാണ് ശിശിരത്തിലെ ഇലകളിൽ വർണങ്ങൾ മാറിമറിയുക.

switzerland2

വേനൽക്കാലത്തിന്റെ തിമിർപ്പ് കഴിഞ്ഞു പ്രകൃതി ശൈത്യത്തിന്റെ ആലസ്യത്തെ പുതയ്ക്കുന്നതിന് മുമ്പുള്ള ഒക്ടോബർ, നവംബർ മാസങ്ങളെയാണ് പൊതുവെ ശിശിരകാലം എന്ന് പറയുന്നത്. ശിശിരം അതിന്റെ ഭംഗി അത്രയും പുറത്തെടുക്കുന്നത് തണുപ്പുരാജ്യങ്ങളിലാണ്. അതുകൊണ്ട് തന്നെ സ്വിറ്റസർലന്റിലെ ശിശിരകാഴ്ചകൾ, ലോകത്തെ മികച്ച ഓട്ടം സീസൺ കാഴ്ചകളിൽ ഒന്നുമാണ്.

ഒക്ടോബറും നവംബറും യൂറോപ്പിലും അമേരിക്കൻ ഭൂഖണ്ഡത്തിലും ശിശിരമാസങ്ങളാവുമ്പോൾ, ഭൂമിയുടെ മറ്റൊരു അറ്റത്ത്‌ ഓസ്‌ട്രേലിയയിലും മറ്റും ശിശിരം എത്തുന്നത് മാർച്ച് മുതൽ മേയ് വരെയുള്ള മാസങ്ങളിലാണ്. ദേശീയപതാകയിൽ ഇലയ്ക്ക് പ്രാമുഖ്യം കൊടുത്തൊരു രാജ്യമുണ്ടെങ്കിൽ അത് കാനഡയാണ്. മേപ്പിൾ മരത്തിന്റെ ഇലയാണ് കാനഡയുടെ ദേശിയ പതാകയിലുള്ളത്. ലോകത്ത്‌ എവിടെയാണെങ്കിലും അതാതിടങ്ങളിലെ വേനലിനും, ശൈത്യത്തിനും ഇടയിലുള്ള കാലമാണ് ശിശിരം. അതുകൊണ്ട് തന്നെ കാലാവസ്ഥയിൽ അനിശ്ചിതത്വം എന്ന പേരുദോഷവും ശിശിരത്തിനുണ്ട്. ചില ദിവസങ്ങൾ വേനലിലേക്ക് ചായുമെങ്കിലും, പൊതുവെ ശൈത്യത്തിനോടാണ് കൂറധികവും.

switzerland1

കൂമ്പില, തളിരില, പച്ചില, പഴുത്തില, കരിയില എന്നതാണല്ലോ ഇലകളുടെ സ്വാഭാവിക ജീവിതചക്രം. ശിശിരം ഒഴികെ മറ്റ് ഏത് ഋതുക്കളുടെ കാലത്തു കൂമ്പിടുന്ന തളിരിനും ഈ ജീവിതചക്രം സ്വാഭാവിക രീതിയിൽ പൂർത്തിയാക്കാൻ സാധിക്കുമ്പോൾ, ശിശിരത്തിൽ വിരിയുന്ന ഇലകൾ അകാലത്തിൽ പൊഴിയണമെന്നാണ് ഋതുമാറ്റം വിധിച്ചിട്ടുള്ളത്. നവംബറിന്റെ നഷ്‌ടം എന്തെന്ന് ചോദിച്ചാൽ ഉറപ്പിച്ചു പറയാം കൊഴിഞ്ഞു പോയ ഇലകളെന്ന്. അഥവാ ഇലകളുടെ കൂട്ട കുരുതിയെന്ന്.

ശൈത്യത്തിന് മുന്നോടിയായി ഇലകളുടെ ഉടയാടകൾ അഴിച്ചിട്ട് നിൽക്കേണ്ടത്, സൂര്യവെളിച്ചം കുറഞ്ഞ മഞ്ഞുകാലത്തെ വൃക്ഷങ്ങളുടെ അതിജീവനത്തിന് അത്യാവശ്യമെന്നാണ് ശാസ്ത്രം പറയുന്നത്. ശിശിരത്തിലും, ശൈത്യത്തിലും പച്ചപ്പ് കൈവിടാത്ത മരങ്ങളും ഇവിടുണ്ട്. ക്രിസ്‌മസ്‌ ട്രീയുടെ സ്രെണിയിലുള്ളവയാണ് ഈ നിത്യഹരിത വൃക്ഷങ്ങൾ.

Winter-holidays-in-Switzerland1
Image from Shutterstock

ശിശിരത്തിലെ കുളിരിനെക്കുറിച്ചും പാട്ടുണ്ട്.
"കേളി നളിനം, വിടരുമോ ശിശിരം പൊതിയും കുളിരിൽ നീ
വ്രീളാവതിയായി പുണരുമോ മയങ്ങും മനസ്സിൻ സരസ്സിൽ നീ ...."

പല കാര്യങ്ങളിലും വസന്തത്തിന്റെ നേർ വിപരീതമാണ് തണുപ്പ് രാജ്യങ്ങളിലെ ശിശിരം. വസന്തത്തിലെ പുലർകാലങ്ങളിൽ അതിരാവിലെയെഴുന്നേറ്റ് മുന്തിരിത്തോട്ടങ്ങളിൽ പോയി മുന്തിരിവള്ളി തളിർത്തു പൂവിടുകയും മാതളനാരങ്ങ പൂക്കുകയും ചെയ്തുവോ എന്ന് നോക്കാമെങ്കിൽ, ശിശിരത്തിലെ തണുത്ത വെളുപ്പാൻകാലത്തു വിളവെടുപ്പ് കഴിഞ്ഞ തോട്ടങ്ങളിലെ മുന്തിരിവള്ളികൾ ഈറനണിഞ്ഞു ഇലകൾ കൊഴിഞ്ഞു വിറങ്ങലിച്ചു നിൽക്കും. മാതളത്തിലാവട്ടെ പഴുത്തു വീഴാറായ ഇലകളാവും ശേഷിപ്പുണ്ടാവുക.

switzerland3

പഴുത്തു പൊഴിഞ്ഞ ഇലകൾ ദിവസങ്ങൾ കഴിയവേ കരിയിലകളായി കാറ്റിനൊപ്പം പറന്ന് നടക്കും. നിരത്തുകളിൽ വീഴുന്ന കരിയിലകൾ ചുമതലപ്പെട്ടവർ തൂത്തുവാരിയെടുക്കുമ്പോൾ, കാടുകളിലെ കരിയിലകൾക്ക് അടിച്ചുകൂട്ടലിന്റെ ഭീഷണിയില്ല. കാലശേഷവും സ്വതന്ത്രരായി കാറ്റിന്റെ ഗതിക്കൊപ്പം പറക്കുകയോ, കാട്ടുതീയ്ക്ക് ചാരമാവുകയോ ഒക്കെ ചെയ്യാം.

Switzerland
Image from Shutterstock

മഞ്ഞയ്ക്കും ചുവപ്പിനും ഇടയിലുള്ള വകഭേദങ്ങളാണ് ശിശിര വർണങ്ങളെങ്കിലും ശിശിരത്തിന്റെ തുടക്കത്തിൽ മഞ്ഞലയിൽ മുങ്ങിത്തോർത്തി മധുമാസ ചന്ദ്രികയെ കാണാൻ വെമ്പൽകൊണ്ടപോലാണ് പ്രകൃതി. ആഴ്ചകൾ മാറവെ മഞ്ഞയിൽ നിന്നും മറ്റ് നിറങ്ങളിലേക്കുള്ള പ്രയാണം തുടങ്ങും. ഇലപൊഴിയും ശിശിരത്തിൽ ചെറുകിളികൾ വരുന്നതൊക്കെ കൊള്ളാം, പക്ഷെ പക്ഷികളുടെ മൃദു സ്പർശമോ, കാറ്റോ, മഴയോ അങ്ങനെ എന്തും, പൊഴിയാറായി നിൽക്കുന്ന ഇലകൾക്ക് മരണദൂതനുമാണ്.

റെഡ് കാർപറ്റ്, പച്ചപരവതാനി എന്നൊക്കെ പറയുന്നപോലെ ഇലകൾ കൊഴിഞ്ഞു കിടക്കുന്ന ഭൂമി മഞ്ഞ മെത്ത പോലെയാണ്. പുഷ്പതൽപത്തിൽ വീണുറങ്ങാൻ തോന്നുന്നവർക്ക് മഞ്ഞ പരവതാനിയോടും അഭിനിവേശം തോന്നേണ്ടതാണ്.

സമ്മറിലെ മരങ്ങളാണ് മഞ്ഞുകാലത്തെ മനുഷ്യരെന്നും, വിന്ററിലെ മരങ്ങളാണ് വേനൽ കാലത്തെ മനുഷ്യരെന്നും വേണമെങ്കിൽ ഉപമിക്കാം. എന്തെന്ന് വച്ചാൽ വേനലിൽ മരങ്ങൾ ഇലകളാൽ മൂടപ്പെടുമ്പോൾ മനുഷ്യർ മിനിമം വസ്ത്രത്തിലേക്ക് മാറും. മറിച്ചു വിന്ററിൽ മരങ്ങൾ ഇലകൾ കൊഴിഞ്ഞു നഗ്നരാവുമ്പോൾ, മനുഷ്യർ വസ്ത്രങ്ങളുടെ മേലാപ്പുകൾ വലിച്ചിടുകയാവും. മൂടൽമഞ്ഞും കുളിരും ആകെ ചടഞ്ഞിരിക്കാൻ തോന്നുന്ന കാലാവസ്ഥയും നവംബർ അവസാനം ആവുമ്പോഴേക്കും പതിവാകും. മനുഷ്യനെ ഡിപ്രഷനിലേക്ക് തള്ളിവിടാൻ മൂടികെട്ടിയ ശിശിരത്തിന് രണ്ടാമതൊന്ന് ശങ്കിക്കേണ്ടതില്ല. പകലിന് ദൈർഘ്യം കുറയുകയും, രാവേറെ നീളുന്നതുമാണ് ശിശിരത്തിന്റെ പൊതു സ്വഭാവം. പാശ്ചാത്യ രാജ്യങ്ങളിൽ ഘടികാരം ഒരു മണിക്കൂർ പുറകോട്ടാക്കുന്നതും ഈ കാലത്താണ്.

Image from Shutterstock
Image from Shutterstock

ഇതിലെ വന്ന ശിശിരത്തെ കുറിച്ചുള്ള പാട്ടും പ്രശ്സതമാണല്ലോ?....

"ശിശിരമേ നീ ഇതിലെവാ, ശിശിരമേ നീ ഇതിലെ വാ
ഹൃദയമാകും മരുവിലാകെ കുളിരുപെയ്യാൻ അലഞ്ഞ പൈതൽ നീ
വരൂ മെല്ല ശിശിരമേ നീ ഇതിലെ വാ ....."

ശിശിരങ്ങൾ ഇനിയും വരട്ടെ. അതുപോലെ ഇലപൊഴിയും കാലത്തെകുറിച്ചുള്ള പാട്ടുകളും,വർണ്ണനകളും.

വീണ്ടുമൊരു ശിശിരകാലത്ത് കൊഴിഞ്ഞ ഇലകളുടെ വിശേഷങ്ങളുമായി സ്വിറ്റ്സർലന്‍ഡിലെ സ്യൂറിക്കിൽ നിന്ന് ടിജി മറ്റം.

English Summary: Enjoy Winter holidays in Switzerland

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചോക്ലേറ്റ് ചാക്കോച്ചനൊക്കെ പണ്ട്, ഇപ്പോ കൈയിൽ ചോക്ലേറ്റിന്റെ കവർ മാത്രമേയുള്ളു | Nna Thaan Case Kodu

MORE VIDEOS