ഒരു ഡിന്നറിന് വില ഒരു ലക്ഷം! ലോകത്തിലെ ഏറ്റവും ചെലവേറിയ ഹോട്ടല്‍ ദുബായില്‍

ublimotion-dubai
Image from instagram
SHARE

രുചി എന്നത് നാവു കൊണ്ടു മാത്രമല്ല, കണ്ണും കാതുമെല്ലാം തുറന്നു പിടിച്ച് ആസ്വദിക്കാനുള്ള അനുഭവമാണ് എന്നതാണ് സബ്ലിമോഷന്‍ മുന്നോട്ടു വയ്ക്കുന്ന ആശയം. എന്നാല്‍ ആ അനുഭവങ്ങള്‍ക്ക് പ്രത്യേകം കാശു കൊടുക്കണമെന്നു മാത്രം! അങ്ങനെയാണ് സ്പെയിനിലെ ഇബിസ ആസ്ഥാനമായ സബ്ലിമോഷന്‍ ലോകത്തിലെ ഏറ്റവും ചെലവേറിയ റസ്റ്ററന്റായി മാറിയത്. ഇപ്പോഴിതാ ദുബായിലേക്ക് എത്തുകയാണ് സബ്ലിമോഷന്‍.

തല്‍ക്കാലം മൂന്നുമാസത്തേക്കാണ് സബ്ലിമോഷന്‍ ദുബായില്‍ ഉണ്ടാവുക. നവംബര്‍ നാലിന് തുടങ്ങി ഫെബ്രുവരി നാലു വരെ ദുബായിലെ മാന്‍ഡരിന്‍ ഓറിയന്റല്‍ റിസോര്‍ട്ടില്‍ പ്രവര്‍ത്തിക്കും. ഒരാള്‍ക്ക് ഒരു ലക്ഷത്തിലധികം മുതലാണ്‌ ഇവിടുത്തെ റേറ്റ് തുടങ്ങുന്നത്. ലക്ഷ്വറി ഇഷ്ടപ്പെടുന്ന ദുബായ് നിവാസികള്‍ ഇതിനെ ഇരുകയ്യും നീട്ടി സ്വീകരിക്കാനാണ്‌ സാധ്യത.

വെറും പന്ത്രണ്ടു സീറ്റുകള്‍ മാത്രമാണ് റസ്റ്ററന്‍റില്‍ ഉണ്ടാവുക. ലോകോത്തര നിലവാരമുള്ള ഷെഫുമാരും പരിചാരകരും വിളിപ്പുറത്തുണ്ടാകും. ഭക്ഷണമാകട്ടെ, പത്തു കോഴ്സുകള്‍ ആയാണ് വിളമ്പുന്നത്. ഡൈനിങ് ടേബിളും കസേരയും ചുറ്റുമുള്ള സ്ഥലവുമെല്ലാം 360 ഡിഗ്രി സ്ക്രീനുകള്‍ ആണ്. ഓരോ കോഴ്സിനും അനുസരിച്ച് ഇവയില്‍ തീം മാറും. ചുരുക്കിപ്പറഞ്ഞാല്‍, ഭക്ഷണം കഴിക്കുന്ന ഓരോരുത്തര്‍ക്കും തങ്ങള്‍ ഒരു സിനിമയില്‍ അഭിനയിക്കുന്ന പോലെയാണ് അനുഭവപ്പെടുക.

sublimotion-experience

മുന്നില്‍ മനോഹരമായ ബീച്ചോടു കൂടിയ ലക്ഷ്വറി റിസോര്‍ട്ടാണ് മാന്‍ഡരിന്‍. ദുബായിലെ പാം ജുമൈറയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഒരു ലക്ഷത്തിന്‍റെ പാക്കേജ് കൂടാതെ, കൂടുതല്‍ വിനോദങ്ങളുമായി അപ്ഗ്രേഡ് ചെയ്യാനുള്ള പ്ലാനും ഉണ്ട്. രണ്ടു പേര്‍ക്കുള്ള പാക്കേജിന് ഏകദേശം നാല് ലക്ഷത്തിനടുത്ത് വരും ചിലവ്. ടെസ്‌ലയുടെ ലക്ഷ്വറി ഇലക്ട്രിക് എസ്‌യുവിയായ മോഡല്‍ X- ല്‍ ഉള്ള പിക്കപ്പ് മുതല്‍ ലക്ഷ്വറി സ്യൂട്ടിലെ താമസവും ക്ലബ് പ്രവേശനവും ഭക്ഷണവും സ്പാ ട്രീറ്റ്മെന്റുമെല്ലാം ഈ പാക്കേജിന്‍റെ ഭാഗമാണ്.

ഇത്രയും ആഡംബരമേറിയ റസ്റ്ററന്‍റിലേക്ക് വരുന്ന ആളുകള്‍ വൃത്തിയുള്ളതും മാന്യവുമായ വസ്ത്രം ധരിച്ചു വരണം എന്നു നിര്‍ബന്ധമുണ്ട്. സ്പോര്‍ട്സ് വെയര്‍, ബീച്ച് വെയര്‍, ചപ്പല്‍, കീറിയ ജീന്‍സ് തുടങ്ങിയവയുമായി ഇങ്ങോട്ടു വരേണ്ടെന്ന് ഇവര്‍ പ്രത്യേകം പറയുന്നു. നീളമുള്ള വസ്ത്രങ്ങളും ദേശീയവസ്ത്രങ്ങളും ധരിക്കാം.

ലോകപ്രസിദ്ധ ഷെഫ് ആയ പാകോ റോണ്‍സ്രോ ആണ് സബ്ലിമോഷന്‍റെ ഉടമ. 2014- ല്‍ സ്പെയിനിലെ ഇബിസയില്‍ തുറന്ന സബ്ലിമോഷന്, അതേ വര്‍ഷം തന്നെ മികച്ച ഇന്നൊവേഷൻ ഫുഡ് ആൻഡ് ബവ്റിജിനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.sublimotionibiza.com/main.html എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം. 

English Summary: Welcome to Sublimotion: Dubai's head spinning new Sensory Dining Experience

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA