ADVERTISEMENT

ലോകമെങ്ങുമുള്ള നിധിവേട്ടക്കാരുടെ ഇഷ്ടപ്പെട്ട ലൊക്കേഷനുകളില്‍ ഒന്നാണ് കാനഡയിലെ നോവ സ്കോഷ്യയുടെ തെക്കൻ തീരത്തുള്ള ലുനെൻബർഗ് കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഓക്ക് ഐലന്‍ഡ്.  മഹോൺ ബേയിലെ 360 ഓളം ചെറിയ ദ്വീപുകളിൽ ഒന്നായ ഓക്ക് ഐലന്‍ഡ്, ഹോളിവുഡ് സിനിമകളില്‍ ഒക്കെ കാണുന്നതു പോലെ നിറയെ മരങ്ങള്‍ ഇടതൂര്‍ന്നു വളരുന്ന ഒരു പ്രദേശമാണ്. ആദ്യകാഴ്ചയില്‍ത്തന്നെ നിഗൂഢമായ എന്തോ ഒന്ന് സഞ്ചാരികളെ ആകര്‍ഷിക്കും. അതിനെ ചുറ്റിപ്പറ്റി കാലങ്ങളായി പ്രചരിക്കുന്ന കഥകള്‍ ആ ആകര്‍ഷണത്തിന്‍റെ കാന്തികവലയം ഒന്നുകൂടി ബലപ്പെടുത്തും. 

സ്വകാര്യ ഉടമസ്ഥതയിലാണെങ്കിലും ലോകപ്രശസ്തമായ ഈ ദ്വീപ്‌ സഞ്ചാരികള്‍ക്ക് സന്ദര്‍ശിക്കാം. ഇതിനായുള്ള പ്രത്യേക ടൂര്‍ പാക്കേജുകള്‍ ലഭ്യമാണ്. എന്നാല്‍ വര്‍ഷം മുഴുവനും ഇവിടെ ടൂര്‍ നടത്തുന്നില്ല. ഒരു തവണ ടിക്കറ്റ് ലഭ്യമായാല്‍ മണിക്കൂറുകള്‍ക്കകം അവ മുഴുവനായും വിറ്റുതീരുന്നതും സാധാരണമാണ്. https://www.oakislandtours.ca/ എന്ന വെബ്സൈറ്റില്‍ ഇതിന്‍റെ സമയക്രമവും മറ്റും അറിയാനാവും. 

പേരു വന്നത് ഇങ്ങനെ

പണ്ട്, ഈ പ്രദേശത്ത് നിറയെ ചുവന്ന ഓക്ക് മരങ്ങൾ നിറഞ്ഞ  ഭൂമിയായിരുന്നു ഈ ദ്വീപ്‌. അങ്ങനെയാണ് ഓക്ക് ഐലന്‍ഡ് എന്നു പേരിട്ടത്. 1800-കളില്‍ കറുത്ത ഉറുമ്പുകള്‍ നിറഞ്ഞ് ഈ ഓക്ക് മരങ്ങളില്‍ ഭൂരിഭാഗവും നശിപ്പിക്കപ്പെട്ടു. നിലവില്‍ സ്പ്രൂസ് മരങ്ങളും ചെറിയ കുറ്റിച്ചെടികളുമാണ് ഇവിടെ ധാരാളം ഉള്ളത്. 

ഒളിപ്പിച്ചുവച്ച രഹസ്യങ്ങള്‍

ഓക്ക് ഐലന്‍ഡിൽ അളവറ്റ നിധിയുണ്ടെന്ന രീതിയിലുള്ള കഥകള്‍ അനേകം വര്‍ഷങ്ങളായി പ്രചരിക്കുന്നുണ്ട്. ഇക്കാര്യം പ്രമേയമാക്കി ഹിസ്റ്ററി ചാനല്‍ ചെയ്ത 'The Curse of Oak Island' എന്ന ഷോ സൂപ്പര്‍ഹിറ്റായിരുന്നു. ഈ ഷോയിലൂടെ ലോകമെങ്ങും ഈ കൊച്ചുദ്വീപ്‌ പ്രശസ്തമായി. 

പതിനെട്ടാം നൂറ്റാണ്ടിന്‍റെ അവസാനത്തിലാണ് ഓക്ക് ദ്വീപിൽ മറഞ്ഞിരിക്കുന്ന നിധിയെക്കുറിച്ചുള്ള കാര്യങ്ങൾ  ആദ്യമായി ഉയർന്നുവന്നത്. കുപ്രസിദ്ധ കടല്‍ക്കൊള്ളക്കാരനായിരുന്ന ക്യാപ്റ്റൻ കിഡ് തന്‍റെ അളവറ്റ നിധി ദ്വീപില്‍ കുഴിച്ചിട്ടതായി കഥകള്‍ പ്രചരിച്ചു.

ഇവ കണ്ടെത്താന്‍ 19-ാം നൂറ്റാണ്ട് മുതൽ ധാരാളം ശ്രമങ്ങൾ നടന്നിട്ടുണ്ട്. നൂറുകണക്കിന് വർഷങ്ങൾ പഴക്കമുള്ള പല പുരാവസ്തുക്കളും ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട്. എന്നാല്‍ ഒരു പ്രത്യേക സ്ഥലം കുഴിച്ച്, അവിടെ നിന്നും വിലയേറിയ വസ്തുക്കള്‍ ലഭിക്കുന്ന തരത്തിലുള്ള സംഭവമൊന്നും ഇവിടെ ഉണ്ടായിട്ടില്ല. 

കാലങ്ങളായി കുഴിച്ച കുഴികള്‍

പണ്ടുകാലത്ത് ഇവിടെയെത്തിയ പര്യവേഷകര്‍ നിധിക്കായി തിരഞ്ഞതിന്‍റെ അടയാളങ്ങള്‍ ഇന്നും ഇവിടെ കാണാനാവും. മണി പിറ്റ് എന്നു വിളിക്കുന്ന വലിയൊരു കുഴിയും അതിനോട് ചേര്‍ന്നുകൊണ്ട് വടക്കുപടിഞ്ഞാറ് ഭാഗത്തായി 109 അടി ആഴത്തിൽ കുഴിച്ച മറ്റൊരു കുഴിയും ഇവിടെയുണ്ട്. 90 അടി താഴെയായി നിഗൂഢമായ അടയാളങ്ങൾ നിറഞ്ഞ ഒരു കല്ലും ഇവിടെ കണ്ടെത്തിയിരുന്നു.

ഓക്ക് ഐലന്‍ഡ് ആരുടേതാണ്? 

2006 ഏപ്രിലിൽ , മിഷിഗണിൽ നിന്നുള്ള സഹോദരങ്ങളായ റിക്കും മാർട്ടി ലഗിനയും ഡേവിഡ് തോബിയാസ് എന്നയാളില്‍ നിന്ന് ദ്വീപിന്‍റെ 50 ശതമാനവും വാങ്ങി. ബാക്കി ഭാഗം ഡേവിഡ്‌ ബ്ലാങ്കന്‍ഷിപ്പ് എന്നയാളുടെ കയ്യിലായിരുന്നു. 2010 ജൂലൈയിൽ ടൂറിസം ആൻഡ് കൾച്ചർ ആൻഡ് നാച്ചുറൽ റിസോഴ്‌സ് വകുപ്പ് ദ്വീപില്‍ നിധി കുഴിക്കാനുള്ള ലൈസൻസ് നല്‍കിയതായി അവര്‍ പ്രഖ്യാപിച്ചു. 2010 ഡിസംബറില്‍ ഈ ലൈസന്‍സ് റദ്ദാക്കി. 2011 ജനുവരി 1 ന് ദ്വീപിൽ നിധി വേട്ട വീണ്ടും അനുവദനീയമാക്കിക്കൊണ്ട് മന്ത്രാലയം അവര്‍ക്ക് വീണ്ടും ലൈസന്‍സ് നല്‍കി.

എങ്ങനെ ദ്വീപ്‌ സന്ദര്‍ശിക്കാം?

കിഴക്കൻ കാനഡയിലെ ഹാലിഫാക്‌സിന് ഏകദേശം ഒരു മണിക്കൂർ അകലെയായാണ് ഓക്ക് ഐലന്‍ഡ് സ്ഥിതി ചെയ്യുന്നത്. കാനഡയിലെ മിക്ക നഗരങ്ങളിൽ നിന്നും നെവാർക്ക്, ഷിക്കാഗോ, ബോസ്റ്റൺ, ഫിലാഡൽഫിയ തുടങ്ങിയ യു.എസ് നഗരങ്ങളില്‍ നിന്നും ഇവിടേക്ക് ഫ്ലൈറ്റുകള്‍ ലഭ്യമാണ്.

English Summary: Oak Island Nova Scotia  Travel Guide

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com