ADVERTISEMENT

ചൈനയിലെ ഏറ്റവും പുതിയ ടൂറിസ്റ്റ് ആകര്‍ഷണമായി തൈഹു തുരങ്കം. ചൈനയിലെ ഏറ്റവും ദൈർഘ്യമേറിയ അണ്ടർവാട്ടർ ഹൈവേ ടണലാണ് ഇത്. ഏകദേശം നാലു വർഷം നീണ്ട നിർമാണ പ്രവൃത്തിക്കു ശേഷം പൂര്‍ത്തിയായ തൈഹു തുരങ്കം വാഹന ഗതാഗതത്തിനായി തുറന്നു.

ഷാങ്ഹായിൽനിന്ന് ഏകദേശം 50 കിലോമീറ്റർ കിഴക്കായി കിഴക്കൻ ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലെ തൈഹു തടാകത്തിനടിയിലൂടെയാണ് തുരങ്കം കടന്നുപോകുന്നത്. 10.79 കിലോമീറ്ററാണ് നീളം. ചൈനയിലെ മൂന്നാമത്തെ വലിയ ശുദ്ധജല തടാകമാണ് തൈഹു.

കഴിഞ്ഞ ഡിസംബർ 30 ന് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്ത 43.9 കിലോമീറ്റർ ദൈർഘ്യമുള്ള ചാങ്‌സൗ-വുക്സി ഹൈവേയുടെ ഭാഗമാണ് ഈ തുരങ്കം. ജിയാങ്‌സുവിന്‍റെ തലസ്ഥാനമായ ഷാങ്ഹായ്‌ക്കും നാൻജിംഗിനും ഇടയിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് ഒരു ബദൽ എക്‌സ്പ്രസ് വേയാണിത്.

2018 ജനുവരി 9 ന് നിർമാണം ആരംഭിച്ച തുരങ്കത്തിന് ഏകദേശം 1.56 ബില്യൻ ഡോളറാണ് ചെലവായത്. ആറു ലെയ്നുകളും 17.45 മീറ്റർ വീതിയുമുള്ള ടു-വേ ടണൽ നിർമിക്കാൻ 2 ദശലക്ഷം ക്യുബിക് മീറ്ററിലധികം കോൺക്രീറ്റ് ഉപയോഗിച്ചു. ഓട്ടമാറ്റിക് സ്റ്റീൽ പ്രോസസിങ് ഉപകരണങ്ങളും ഇന്‍റലിജന്‍റ് സിസ്റ്റങ്ങളും ഉപയോഗിച്ചായിരുന്നു നിര്‍മാണം. 

തുരങ്കത്തിന്‍റെ സീലിങ്ങില്‍ നിറയെ വര്‍ണ്ണാഭമായ എൽഇഡി ലൈറ്റുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഇതിലൂടെ കടന്നുപോകുന്ന യാത്രക്കാര്‍ക്ക് ഈ പ്രകാശക്കാഴ്ച ഏറെ കൗതുകം പകരുന്നുണ്ട്.

സുഷൗ, വുക്സി, ചാങ്‌ഷൗ എന്നീ എക്‌സ്‌പ്രസ് വേകളെ ബന്ധിപ്പിച്ചുകൊണ്ട്, തൈഹു തടാകത്തിന് സമീപമുള്ള നഗരങ്ങളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനാണ് തുരങ്കം നിർമിച്ചത്. യാങ്‌സി നദിയുടെ ഡെൽറ്റ പ്രദേശത്തെ നഗരങ്ങളുടെ സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനും ഇത് സഹായകമാകും.

ഇംഗ്ലണ്ടിനെയും ഫ്രാൻസിനെയും റെയിൽ മാർഗം ബന്ധിപ്പിക്കുന്ന ചാനൽ ടണലാണ് ലോകത്തെ ഏറ്റവും നീളം കൂടിയ അണ്ടര്‍വാട്ടര്‍ ടണല്‍. ഇതിന്‍റെ 37.9 കിലോമീറ്ററോളം വെള്ളത്തിനടിയിലൂടെയാണ് കടന്നുപോകുന്നത്.

 

English Summary: China's longest underwater highway tunnel opens

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com