ADVERTISEMENT

മഴ പെയ്യുമ്പോള്‍ പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടങ്ങള്‍ ആരുടേയും മനംമയക്കുന്ന കാഴ്ചയാണ്. എണ്ണിയാലൊടുങ്ങാത്തത്രയും ജലാശയങ്ങള്‍ കൊണ്ട് അനുഗ്രഹീതമായ നമ്മുടെ നാട്ടില്‍, പാല്‍നുര ചിതറി പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടങ്ങളുടെ കാഴ്ച അത്ര അപൂര്‍വമല്ല. എന്നാല്‍ ഐസ് കൊണ്ടുള്ള വെള്ളച്ചാട്ടം കണ്ടിട്ടുണ്ടോ? 

താപനില കുറഞ്ഞ പ്രദേശങ്ങളില്‍, ജലാശയങ്ങളിലെ വെള്ളം തണുത്തുറയുമ്പോള്‍ വെള്ളച്ചാട്ടങ്ങളും ഇത്തരത്തില്‍ ഐസായി മാറുന്നു. ഇത്തരത്തിലുള്ള വെള്ളച്ചാട്ടങ്ങള്‍ക്ക് 'ഐസ്ഫാള്‍സ്' എന്നാണ് പറയുക. ഈ അപൂര്‍വ കാഴ്ച ലോകത്ത് പലയിടങ്ങളിലും ഒരു ടൂറിസ്റ്റ് ആകര്‍ഷണമാണ്. ഇത്തരത്തിലുള്ള ധാരാളം ഐസ്ഫാള്‍സിനു പ്രശസ്തമായ സ്ഥലമാണ് ചൈനയിലെ പടിഞ്ഞാറൻ സിചുവാൻ പ്രവിശ്യയില്‍ സ്ഥിതിചെയ്യുന്ന അബ പ്രിഫെക്ചർ. ചൈനയിലെ 6 ലോക പ്രകൃതി പൈതൃക സൈറ്റുകളിൽ 3 എണ്ണവും സ്ഥിതിചെയ്യുന്ന അബ പ്രിഫെക്ചറിലെ ഐസ് ഫാള്‍ കാഴ്ചകളിലേക്ക്...

ജിയുസൈഗോ ഐസ്ഫാൾ

ശൈത്യകാലത്ത് കുത്തനെയുള്ള പാറകളിൽ നിന്ന് വെള്ളച്ചാട്ടത്തിന്‍റെ ആകൃതിയില്‍ മഞ്ഞുകട്ടകള്‍ തൂങ്ങിക്കിടക്കുന്ന മായികലോകമാണ് ജിയുസൈഗോ. ഈ സമയത്ത്, ഇവിടെ മഞ്ഞിന്‍റെ വെളുത്ത കംബളമല്ലാതെ കണ്ണെത്തുന്ന ദൂരത്തൊന്നും മറ്റൊരു നിറത്തിന്‍റെ കാഴ്ച കാണാനാവില്ല! കൂറ്റൻ ഐസ് സ്ഫടികം പോലെ തെളിഞ്ഞ ഐസ് പാളികളും മറ്റു വിവിധ ഐസ് രൂപങ്ങളുമെല്ലാം ചേര്‍ന്ന്, ഒരു വിന്‍റര്‍ വണ്ടര്‍ലാന്‍ഡ് ആണ് കണ്‍മുന്നില്‍ മിഴിതുറക്കുന്നത്. ഡിസംബർ അവസാനം മുതൽ ഫെബ്രുവരി വരെയാണ് ഈ കാഴ്ച കാണാനാവുക.

ഷുവാങ്‌കിയാഗോ ഐസ്ഫാൾ

മഞ്ഞുമൂടിയ മലകളാൽ ചുറ്റപ്പെട്ട പ്രദേശമാണ് ഷുവാങ്‌ക്യാവോ താഴ്‌വര. സിയോജിൻ കൗണ്ടിയിലെ സിഗുനിയാങ് മൗണ്ടൻ സീനിക് ഏരിയയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. വുസെ വില്ല മുതൽ ബൈഹൈസി വരെയുള്ള 34 കിലോമീറ്റർ ദൂരമാണ് താഴ്വരയുടെ ഏറ്റവും മനോഹരമായ ഭാഗം. വ്യത്യസ്ത രൂപവും നീളവുമുള്ള നൂറുകണക്കിന് ഐസ് വെള്ളച്ചാട്ടങ്ങളുണ്ട് ഈ ഭാഗത്ത്. 

തണുപ്പുകാലങ്ങളില്‍, ഇവിടെയുള്ള പര്‍വതങ്ങളുടെ മുകള്‍വശത്ത് നിന്നും താഴേക്ക് നീളത്തില്‍ തൂങ്ങിക്കിടക്കുന്ന ഐസ് ഭാഗങ്ങള്‍ ആകര്‍ഷകവും അതേപോലെത്തന്നെ അപകടകരവുമാണ്. കുത്തനെയുള്ള ഈ ഐസ് ഭാഗങ്ങള്‍ക്ക് നല്ല മൂര്‍ച്ചയുള്ള അഗ്രഭാഗമായതിനാല്‍ മുറിഞ്ഞു ദേഹത്തേക്കെങ്ങാനും വീണാല്‍ കഴിഞ്ഞു കഥ! എന്നാലും എല്ലാ ശൈത്യകാലത്തും ഐസ് പൊതിഞ്ഞ വലിയ പാറക്കെട്ടുകളില്‍ പിടിച്ചു കയറുന്ന വിനോദമായ ഐസ് ക്ലൈമ്പിങ്ങിനായി നിരവധി സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്. "ഐസ് ക്ലൈംബിംഗ് പറുദീസ" എന്നും ഇവിടം അറിയപ്പെടുന്നു. ഡിസംബർ അവസാനം മുതല്‍ ഫെബ്രുവരി വരെയാണ് ഇവിടുത്തെ ടൂറിസ്റ്റ് സീസണ്‍. 

ഡാഗു ഗ്ലേസിയർ ഐസ്ഫാൾ

ഹെയ്ഷുയി കൗണ്ടിയിലാണ് ഡാഗു ഗ്ലേസിയർ സ്ഥിതിചെയ്യുന്നത്. 4000 ലധികം മീറ്റർ ഉയരത്തിൽ, ഹിമാനികളും ഐസ് വെള്ളച്ചാട്ടങ്ങളും മഞ്ഞിന്‍തൊപ്പിയിട്ട പര്‍വ്വതങ്ങളുമെല്ലാം നിറഞ്ഞ ഈ പ്രദേശം സ്വര്‍ഗ്ഗസമാനമാണ്. ആദ്യത്തെ " ഐസ് ക്ലൈംബിംഗ് ഹീറോസ് മീറ്റിംഗ്" നടക്കുന്ന സ്ഥലം എന്ന നിലയിലും ഇവിടം പ്രശസ്തമാണ്. ചെങ്‌ഡു-ഡുവെൻ എക്‌സ്‌പ്രസ് വേ-മാക്‌സിയാൻ വഴി ഏറ്റവും എളുപ്പത്തില്‍ എത്തിച്ചേരാവുന്ന ഐസ്ഫാള്‍ ഡെസ്റ്റിനേഷനായതിനാല്‍ ഇവിടം ഏറെ ജനപ്രിയമാണ്. ഡിസംബർ അവസാനം മുതല്‍ മെയ് വരെയുള്ള സമയത്ത് ഇവിടെ ധാരാളം സഞ്ചാരികള്‍ എത്തുന്നു. 

ദാസി ഐസ്ഫാള്‍

വെന്‍ചുവാന്‍ കൌണ്ടിയിലെ കേകു ടൌണ്‍ഷിപ്പിലുള്ള ദാസി ഗ്രാമത്തിലാണ് അടുത്ത ഐസ്ഫാള്‍ കാഴ്ചയുള്ളത്. ദാസിയില്‍ എത്തിയ ശേഷം, ശേഷം ഏകദേശം 40 മിനിറ്റ് നടന്ന് വേണം ഇവിടെയുള്ള ഐസ് വെള്ളച്ചാട്ടത്തിലെത്താൻ. മഞ്ഞുകാലത്ത് തട്ടുകളായി കിടക്കുന്ന പ്രദേശങ്ങളില്‍ മഞ്ഞുവീണ്, എങ്ങും തിളങ്ങുന്ന വെള്ളനിറമാണ് കണ്ണുകളെ വരവേല്‍ക്കുക. ആകാശംമുട്ടെ ഉയര്‍ന്നുപോകുന്ന മഞ്ഞുവെള്ളച്ചാട്ടങ്ങളുടെ അറ്റം കാണാനാവില്ല. ഡിസംബർ അവസാനം മുതല്‍ ഫെബ്രുവരി വരെയാണ് ഈ പ്രദേശവും ഏറ്റവും മനോഹരമാകുന്നത്.

മുനിഗൗ ഐസ്ഫാൾ

സോങ്പാൻ കൗണ്ടിയിലെ മുനിഗൗ സീനിക് ഏരിയയിലാണ് മുനിഗൗ ഐസ്ഫാൾ ഉള്ളത്. എല്ലാ ശൈത്യകാലത്തും മുനി താഴ്‌വരയിലുള്ള സാഗ വെള്ളച്ചാട്ടം ഐസ് വെള്ളച്ചാട്ടമായി മാറുന്നു. ഗംഭീരവും മനോഹരവുമായ ഈ കാഴ്ച കാണാനായി നിരവധി സഞ്ചാരികള്‍ ഇവിടേക്ക് എത്തുന്നു. നീല നിറം കലര്‍ന്ന മഞ്ഞുപാളികളും ഗോൾഡൻ നിറത്തില്‍ കാണുന്ന കാൽസിഫൈഡ് പാറകളും സൂര്യപ്രകാശത്തില്‍ തിളങ്ങുന്ന കാഴ്ച അതിമനോഹരമാണ്. ഡിസംബർ അവസാനം മുതൽ ഫെബ്രുവരി വരെയാണ് ഐസ്ഫാള്‍ രൂപംകൊള്ളുന്നത്.

English Summary:Stunning Frozen Waterfalls in China

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com