ADVERTISEMENT

വിമാനയാത്ര എന്നാല്‍ പലര്‍ക്കും അനുഭവങ്ങൾ പലതാണ്. ചിലര്‍ക്കത് ആകാശം തൊടാനുള്ള ആവേശമാണ്, മറ്റു ചിലര്‍ക്കാവട്ടെ, ഉള്ളില്‍ ഭയത്തിന്‍റെ പെരുമ്പറക്കൊട്ടാണത്. ദൈര്‍ഘ്യമേറിയ വിമാനയാത്രകള്‍ പലപ്പോഴും എല്ലാവരും അത്രക്ക് ആസ്വദിച്ചുകൊള്ളണം എന്നില്ല. കാറും ബസും ട്രെയിനുമൊന്നും പോലെ എളുപ്പമല്ലല്ലോ വിമാനത്തിനുള്ളിലെ യാത്ര. എന്നാല്‍ വിമാനയാത്ര പരമാവധി രണ്ടുമിനിറ്റ് നേരത്തേക്ക് മാത്രമാണെങ്കിലോ? അങ്ങനെയൊരു വിമാനം ശരിക്കുമുണ്ട്!

papa-westray1
Image From Shutterstock

ഗിന്നസ് വേൾഡ് റെക്കോർഡ് പ്രകാരം, ലോകത്തിലെ ഏറ്റവും ചെറിയ ഷെഡ്യൂൾഡ് എയർലൈൻ സർവീസ് ആണ് ലോഗന്‍എയര്‍. സ്കോട്ട്‌ലൻഡിലെ പെയ്‌സ്‌ലിക്ക് സമീപമുള്ള ഗ്ലാസ്‌ഗോ എയർപോർട്ട് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു സ്കോട്ടിഷ് പ്രാദേശിക എയർലൈനാണ് ലോഗൻഎയര്‍. യാത്രക്കാരുടെ എണ്ണവും വിമാനത്തിന്റെ വലുപ്പവും അനുസരിച്ച് യുകെയിലെ ഏറ്റവും വലിയ പ്രാദേശിക എയർലൈനാണിത്. ലോഗന്‍എയറിന്‍റെ LM711 എന്ന വിമാനമാണ് ലോകത്തേറ്റവും സമയദൈര്‍ഘ്യം കുറഞ്ഞ വിമാനസര്‍വീസ്.

സഞ്ചാരികൾ എത്തുന്ന ദ്വീപ്

സ്കോട്ട്‌ലൻഡിന്‍റെ വടക്ക് ഭാഗത്തുള്ള ഓർക്ക്‌നി ദ്വീപസമൂഹത്തില്‍ ഉള്‍പ്പെടുന്ന വെസ്‌ട്രേ എന്ന ദ്വീപില്‍ നിന്നും അടുത്തുള്ള പാപ്പാ വെസ്‌ട്രേ എന്ന ദ്വീപിലേക്കാണ് ഈ സര്‍വീസ് ഉള്ളത്. വെറും 1.7 മൈൽ (2.7 കിലോമീറ്റർ) ആണ് ഈ വിമാനം പറക്കുന്ന ദൂരം. അനുകൂലമായ കാറ്റും കുറഞ്ഞ ലഗേജും ഉള്ള ഒരു ദിവസം, ഈ യാത്രയ്ക്ക് 53 സെക്കൻഡ് ആണ് എടുക്കുന്ന സമയം. ദിവസേന രണ്ടോ മൂന്നോ തവണ വിമാനസര്‍വീസുണ്ട്.

papa-westray
Image From Shutterstock

വെറും എണ്‍പതോളം ആളുകള്‍ മാത്രം വസിക്കുന്ന ഒരു കൊച്ചുദ്വീപാണ് വെസ്‌ട്രേ. വേനൽക്കാലത്ത് ഇവിടേക്ക് നിരവധി വിനോദസഞ്ചാരികള്‍ എത്തുന്നു. അവര്‍ ഇവിടെ നിന്നു വിമാനം കയറി പാപ്പാ വെസ്‌ട്രേ ദ്വീപിലേക്ക് പോകുന്നു. മെയിൻലാൻഡ് എന്നറിയപ്പെടുന്നതും ദ്വീപസമൂഹത്തിലെ ഏറ്റവും വലിയ ദ്വീപായ ഓർക്ക്‌നിയുടെ തലസ്ഥാനവുമായ കിർക്ക്‌വാളിൽ നിന്നു പതിനഞ്ചു മിനിറ്റോളം വിമാനയാത്ര ചെയ്താണ് വെസ്ട്രേയില്‍ എത്തുന്നത്.

പാപ്പാ വെസ്‌ട്രേ ദ്വീപിന് സഞ്ചാരികള്‍ക്കിടയില്‍ 'പാപ്പേ' എന്നും ഒരു വിളിപ്പേരുണ്ട്. സമ്പുഷ്ടമായ മണ്ണും ജൈവവൈവിധ്യവും നിറഞ്ഞ അതിസുന്ദരമായ ഒരു ദ്വീപാണിത്. ഓർക്ക്‌നി ദ്വീപുകളിലെ ഒമ്പതാമത്തെ വലിയ ദ്വീപായ പാപ്പാ വെസ്ട്രേയ്ക്ക് ഏകദേശം 918 ഹെക്ടർ വിസ്തൃതിയുണ്ട്. നൂറില്‍ത്താഴെ ആളുകള്‍ മാത്രമാണ് ഇവിടെ താമസിക്കുന്നത്. മനോഹരമായ കടല്‍ത്തീരവും പ്രകൃതി സംരക്ഷണ കേന്ദ്രവും വിരുന്നെത്തുന്ന ദേശാടനപ്പക്ഷികളുടെ കാഴ്ചയുമെല്ലാം ഈ ദ്വീപിലെ അനുഭവങ്ങളില്‍പ്പെടുന്നു. ചാൾസ് രണ്ടാമന്‍റെയും ജോർജ്ജ് മൂന്നാമന്‍റെയും ഭരണകാലത്തെ 30 ചെമ്പ് നാണയങ്ങൾ കണ്ടെത്തിയതിനാല്‍ ഈ ദ്വീപിനു ചരിത്രപ്രധാന്യവുമുണ്ട്.

English Summary: Shortest Airline Flights in the World Westray to Papa Westray

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com