ADVERTISEMENT

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ഒന്‍പതിനായിരുന്നു ബോളിവുഡ് താരങ്ങളായ കത്രീന കയ്ഫും വിക്കി കൗശാലും വിവാഹിതരായത്. രാജസ്ഥാനിലെ സവായ് മധോപൂരിലെ സിക്സ് സെൻസസ് ഫോർട്ട് ബർവാര റിസോര്‍ട്ടില്‍ വച്ച് നടന്ന വിവാഹം ആഡംബരപൂര്‍ണ്ണമായിരുന്നെന്നു മാത്രമല്ല, വമ്പന്‍ താരനിരയും സന്നിഹിതരായിരുന്നു. വിവാഹം കഴിഞ്ഞ ശേഷം ഇരുവരും ഹണിമൂണ്‍ ആഘോഷത്തിനായി പോയിരുന്നെങ്കിലും എവിടെയാണ് ഇവര്‍ പോയത് എന്ന കാര്യം വ്യക്തമായിരുന്നില്ല. ഇപ്പോഴിതാ മാലദ്വീപില്‍ നിന്നുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്‌ ചെയ്തിരിക്കുകയാണ് കത്രീന.

 

പച്ചയും ക്രീമും ഇടകലര്‍ന്ന പാറ്റേണ്‍ പ്രിന്റുള്ള ഷര്‍ട്ടും ഷോര്‍ട്ട്സുമണിഞ്ഞ്‌, കടല്‍ത്തീരത്ത് സന്തോഷവതിയായി ചിരിച്ചുകൊണ്ടു നില്‍ക്കുന്ന കത്രീനയെയാണ് ചിത്രത്തില്‍ കാണുന്നത്. "എന്‍റെ സന്തോഷകരമായ സ്ഥലം" എന്ന് കത്രീന ഇതിനു ക്യാപ്ഷന്‍ ആയി കൊടുത്തിട്ടുണ്ട്. എന്നാല്‍ ഇത് ഹണിമൂണ്‍ സമയത്ത് എടുത്തതാണോ എന്നുള്ള കാര്യം വ്യക്തമല്ല.

 

വിവാഹശേഷം തിരക്കേറിയ പ്രൊഫഷനല്‍ ജീവിതത്തിലേക്ക് കത്രീനയും വിക്കിയും മടങ്ങിയെത്തിക്കഴിഞ്ഞു. ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുടെയും നടിയും കോഹ്ലിയുടെ ഭാര്യയുമായ അനുഷ്‌ക ശർമ്മയുടെയും അയല്‍പ്പക്കത്തേക്ക് ഈയിടെ ഇവര്‍ താമസം മാറിയത് വാര്‍ത്ത‍യായിരുന്നു. ശ്രീറാം രാഘവനൊപ്പമുള്ള 'മെറി ക്രിസ്മസ്' എന്ന ചിത്രത്തിന്‍റെ ഷൂട്ടിലാണ് കത്രീന ഇപ്പോള്‍. ഫോൺ ഭൂത്, ടൈഗർ 3, ജീ ലെ സരാ എന്നിവയും കത്രീനയുടെതായി വരാനിരിക്കുന്ന ചിത്രങ്ങളാണ്. അതേപോലെ, സാം ബഹാദൂർ, ഗോവിന്ദ നാം മേര എന്നീ ചിത്രങ്ങളില്‍ വിക്കിയും എത്തുന്നു. 

 

കോവിഡിന് മുന്‍പും ശേഷവും ബോളിവുഡ് താരങ്ങളടക്കമുള്ള ഇന്ത്യന്‍ സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമാണ് മാലദ്വീപ്. മാലദ്വീപിന്‍റെ ടൂറിസം വരുമാനം ഏറ്റവും കൂടുതല്‍ മുന്‍പ് റഷ്യയില്‍ നിന്നായിരുന്നു. ഇപ്പോള്‍ റഷ്യയെ പിന്തള്ളി ഇന്ത്യ ആ സ്ഥാനം കൈക്കലാക്കി. കഴിഞ്ഞ വർഷം ഫെബ്രുവരിയിലെ കണക്കനുസരിച്ച്, 44,039 ഇന്ത്യൻ സന്ദർശകരുമായി, മാലിദ്വീപിലെ മൊത്തം വിനോദസഞ്ചാരികളുടെ വരവിൽ 23 ശതമാനത്തിലധികം ഇന്ത്യക്കാരാണ്. 40,698 (19%) ആണ് റഷ്യൻ സന്ദർശകരുടെ എണ്ണം.

 

മാലദ്വീപിലേക്ക് ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളില്‍ നിന്നും നേരിട്ടുള്ള ഫ്ലൈറ്റുകള്‍ ലഭ്യമാണ് എന്നതിനാല്‍ യാത്രയ്ക്ക് അധികം ബുദ്ധിമുട്ടില്ല. അന്താരാഷ്‌ട്ര സഞ്ചാരികൾക്ക് അധിക സേവന ചെലവില്ലാതെ എത്തിച്ചേരുമ്പോൾ 30 ദിവസത്തെ ടൂറിസ്റ്റ് വിസ ലഭിക്കും. റിസോർട്ട് ദ്വീപുകൾ, വാട്ടർ വില്ലകൾ, ബീച്ച് വില്ലകൾ, ലഗൂൺ സൈഡ് ബംഗ്ലാവുകൾ എന്നിങ്ങനെ ലക്ഷ്വറിയുടെ അവസാനവാക്കാണ്‌ ഇവിടുത്തെ താമസകേന്ദ്രങ്ങള്‍. മെട്രോ നഗരങ്ങളില്‍ നിന്നും കോടീശ്വരന്മാര്‍ നിരന്തരം ഇവിടേക്ക് പറന്നെത്തുന്നു. മിക്ക റിസോർട്ടുകളും ആഡംബര സേവനങ്ങളായ സ്പാകൾ, ചികിത്സാ കേന്ദ്രങ്ങൾ, ജിമ്മുകൾ, യോഗ, കൂടാതെ വാട്ടർ സ്‌പോർട്‌സ്, ക്രൂയിസ്, ബീച്ച് സ്‌പോർട്‌സ് എന്നിവയെല്ലാമുള്ള ഒരു ഫുള്‍ പാക്കേജാണ് മാലദ്വീപ് താമസം ഇപ്പോള്‍. .

 

കോവിഡ് പകരുന്നത് തടയാന്‍ വളരെ കര്‍ശനമായ നടപടികള്‍ പാലിക്കുന്നു എന്നതും മാലദ്വീപിനെ ജനപ്രിയമാക്കുന്നു. പോക്കറ്റ് ഫ്രണ്ട്‌ലി താമസ സൗകര്യങ്ങള്‍ കൂട്ടിച്ചേർത്തത് ഇന്ത്യയിലെ ബജറ്റ് യാത്രക്കാർക്കും ഈ സ്ഥലത്തെ ഒരു പ്രായോഗിക ലക്ഷ്യസ്ഥാനമാക്കി മാറ്റിയിട്ടുണ്ട്. 

 

English Summary: Katrina Kaif shares pics from Maldives, calls it My happy place

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com