ADVERTISEMENT

തൊണ്ണൂറുകളില്‍ മലയാള സിനിമയിലെ മിന്നുന്ന താരമായിരുന്നു സുവര്‍ണ മാത്യു. മലയാളത്തില്‍ മാത്രമല്ല തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലും സുവര്‍ണ തിളങ്ങി നിന്നിരുന്നു അക്കാലത്ത്. ‘കിലാഡിഗളു’വിൽ വിഷ്ണുവർധനോടൊപ്പവും ‘സുദിനം’ എന്ന ചിത്രത്തിൽ ജയറാമിനൊപ്പവും ‘നയിഡുഗരി കുടുംബം’ എന്ന ചിത്രത്തിൽ സുമനോടൊപ്പവുമെല്ലാം ചെയ്ത വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. 

കുടുംബജീവിതത്തിലെ തിരക്കുകള്‍ കാരണം, അഭിനയ മേഖലയില്‍ ചെറിയ ഇടവേളകള്‍ നല്‍കിയ സുവര്‍ണ, 2012-ൽ പുറത്തിറങ്ങിയ ‘ചട്ടക്കാരി’ എന്ന മലയാള ചിത്രത്തിലും അഭിനയിച്ചു. ഇന്നും മലയാളികള്‍ ഒരിക്കലും മറക്കാത്ത ഒരു മുഖമാണ് സുവര്‍ണയുടേത്. ഇപ്പോഴിതാ മെക്സിക്കോയില്‍ നിന്നുള്ള മനോഹര ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് സുവര്‍ണ. 

കാന്‍കൂണിനടുത്തുള്ള ടൂറിസ്റ്റ് ഡെസ്റ്റിനേഷനായ പ്യൂർട്ടോ മോറെലോസില്‍ നിന്നാണ് ചിത്രം പോസ്റ്റ്‌ ചെയ്തിട്ടുള്ളത്. കാൻകൂണിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ തെക്ക് യുകാറ്റൻ പെനിൻസുലയിലെ ക്വിന്റാന റൂയിലാണ് ഈ പട്ടണം സ്ഥിതിചെയ്യുന്നത്. ഒരു മത്സ്യബന്ധന ഗ്രാമവും റിസോർട്ടും ഡൈവിങ് ഡെസ്റ്റിനേഷനും തുറമുഖവുമെല്ലാമാണ് ഇവിടം. സ്‌നോർക്കലിങ് മുതലായ സമുദ്ര വിനോദങ്ങളും സ്‌പോർട്‌സ് ഫിഷിങ് ബോട്ടുകളുമെല്ലാം ഇവിടെ സജീവമാണ്.

അവധിക്കാലം ആഘോഷിക്കാം

തിരക്കുകളില്‍ നിന്നും ബഹളങ്ങളില്‍ നിന്നുമെല്ലാം നിന്ന് മാറി ശാന്തമായ ബീച്ച് അവധിക്കാലം ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണിത്. ടൂറിസ്റ്റുകള്‍ക്കായി ധാരാളം സൗകര്യങ്ങളുമുണ്ട്. വെറും രണ്ടു പ്രധാന തെരുവുകള്‍ മാത്രമുള്ള ഈ കൊച്ചുപട്ടണത്തിന്‍റെ ഒരറ്റത്ത് നിന്നും മറ്റേ അറ്റത്തേക്ക് വെറും പതിനഞ്ചു മിനിറ്റിനുള്ളില്‍ നടന്നു തീര്‍ക്കാനാവും എന്നതാണ് മറ്റൊരു പ്രത്യേകത.

ബോട്ടിക് ഹോട്ടലുകൾ, വില്ലകൾ, ധാരാളം  ചെറിയ റെസ്റ്റോറന്റുകൾ, ടൂറിസ്റ്റ് ഷോപ്പുകൾ എന്നിവ ഈ കരീബിയൻ ഡെസ്റ്റിനേഷനില്‍ എങ്ങും കാണാം. മെക്സിക്കോക്കാർ, കനേഡിയൻമാർ, അമേരിക്കക്കാർ, യൂറോപ്യന്മാർ എന്നിവരുൾപ്പെടുന്നതാണ് ഇവിടുത്തെ ജനത.

പവിഴപ്പുറ്റുകളുടെ കാഴ്ച

ലോകത്തിലെ ഏറ്റവും മനോഹരമായ പവിഴപ്പുറ്റുകളാണ് ഇവിടെ കാണാനാവുക. അവയ്ക്കിടയിലൂടെയുള്ള സ്കൂബ ഡൈവിംഗ് അവിസ്മരണീയമായ അനുഭവമാണ്. കടലാമകൾ, വർണ്ണാഭമായ മത്സ്യങ്ങൾ, തിരണ്ടികള്‍, നിരവധി ഇനം ഞണ്ടുകൾ തുടങ്ങിയവയ്ക്കിടയിലൂടെ നീന്താം. മെസോ അമേരിക്കൻ ബാരിയർ റീഫിലൂടെയുള്ള ഡൈവിംഗും അതിശയകരമായ അനുഭവമാണ്. 

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ റീഫ് സിസ്റ്റവും പടിഞ്ഞാറൻ അർദ്ധഗോളത്തിലെ ഏറ്റവും വലുതുമാണ് ഗ്രേറ്റ് മെസോ.1998-ൽ പ്യൂർട്ടോ മോറെലോസിന് മുന്നിലുള്ള ഈ റീഫ് ഒരു സംരക്ഷിത ദേശീയ മറൈൻ പാർക്കായി മാറി, സമ്പന്നമായ ജൈവവൈവിധ്യം സംരക്ഷിക്കുകയും ഈ പ്രദേശത്തെ ഗ്രേറ്റ് മെസോഅമേരിക്കൻ റീഫിന്‍റെ ഏറ്റവും മികച്ച സംരക്ഷിത പ്രദേശമായി മാറുകയും ചെയ്തു. 

ക്രോക്കോക്കൺ ക്രോക്കോഡൈൽ മൃഗശാല, ബൊട്ടാണിക്കൽ ഗാർഡൻ എന്നിവയും സന്ദര്‍ശിക്കാവുന്ന ഇടങ്ങളാണ്. ചുണ്ണാമ്പുകല്ലുകള്‍ക്കിടയില്‍ രൂപപ്പെട്ട ചെറുതടാകങ്ങളായ സിനോട്ടുകള്‍ ആണ് മറ്റൊരു കാഴ്ച. തെളിഞ്ഞ നീലജലം നിറഞ്ഞ ഈ ജലാശയങ്ങള്‍ ആരുടേയും ഹൃദയം കവരാന്‍ പോന്നത്രയും സുന്ദരമാണ്. പലയിടങ്ങളിലും സഞ്ചാരികള്‍ക്ക് ഇവയില്‍ ഇറങ്ങി കുളിക്കാനും മറ്റും സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇത്തരം വിനോദങ്ങള്‍ക്കും മറ്റുമായി ധാരാളം ടൂറിസ്റ്റ് ഗൈഡുകളും കമ്പനികളും ഇവിടെ പ്രവര്‍ത്തിക്കുന്നു.

ശ്രദ്ധിക്കാം

നഗരത്തില്‍ ബാങ്കുകള്‍ ഒന്നുമില്ല എന്ന കാര്യം സഞ്ചാരികള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ പണം പിൻവലിക്കാനുള്ള ബാങ്ക് ക്യാഷ് മെഷീനുകൾ ധാരാളം ഉണ്ട്. മിക്ക സ്ഥലങ്ങളും യുഎസ് ഡോളറുകൾ സ്വീകരിക്കുന്നുണ്ടെങ്കിലും ക്രെഡിറ്റ് കാർഡുകൾ സ്വീകരിക്കുന്നില്ല. 

രാജ്യാന്തര സഞ്ചാരികള്‍ക്ക് ഇവിടേക്ക് എത്തിച്ചേരാനും അധികം ബുദ്ധിമുട്ടില്ല. കാന്‍കൂണ്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ആണ് ഏറ്റവും അടുത്തുള്ള പ്രധാന വിമാനത്താവളം. പ്യൂർട്ടോ മോറെലോസിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള ഇത് മെക്സിക്കോയിലെ രണ്ടാമത്തെ തിരക്കേറിയ വിമാനത്താവളവുമാണ്.

English Summary: Actress Suvarna Mathew Shares Travel Pictures from Mexico

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com