ADVERTISEMENT

അർമേനിയൻ ഗ്രാമമായ അരിഞ്ജയിൽ സോവിയറ്റ് കാലഘട്ടത്തിലെ അപ്പാർട്ട്മെന്റ് ബ്ലോക്കുകളാണ് ഇവിടെയെങ്ങും കാഴ്ചക്കാരെ വരവേല്‍ക്കുക. ഇവിടെ സന്ദർശകരെ അദ്ഭുതപ്പെടുത്തുന്ന കാഴ്ചകളുമുണ്ട്. അങ്ങനെയൊന്നാണ് ലെവൺസ് ഡിവൈൻ അണ്ടർഗ്രൗണ്ട് മ്യൂസിയം.

അർമേനിയയുടെ തലസ്ഥാന നഗരമായ യെരേവാനിൽ നിന്ന് 20 മിനിറ്റ് ഡ്രൈവ് ചെയ്‌താല്‍ അരിഞ്ജ് ഗ്രാമത്തില്‍ എത്താം. നിരവധി സഞ്ചാരികള്‍ ഇവിടേക്ക് എത്തുന്നു. ഔദ്യോഗികമായി, ലെവൺസ് ഡിവൈൻ അണ്ടർഗ്രൗണ്ട് മ്യൂസിയം എന്നാണ് ഇതിന്‍റെ പേര്. ഭൂമിക്കടിയിലുള്ള നിരവധി അറകളും ഗുഹകളുമെല്ലാമാണ് ഇവിടുത്തെ കാഴ്ച. 

വിസ്മയമുണര്‍ത്തുന്ന ഈ മ്യൂസിയം  ഇപ്പോൾ അര്‍മേനിയന്‍ സർക്കാരിന്‍റെ ടൂറിസം ബ്രോഷറുകളുടെയും ഭാഗമാണ്. അരിഞ്ജിൽ എങ്ങും ഇവിടേക്കുള്ള വഴിയും വിവരങ്ങളും സൂചിപ്പിക്കുന്ന പോസ്റ്ററുകള്‍ പതിച്ചത് കാണാം.

കഥ ഇങ്ങനെ

കണ്ടാല്‍ തികച്ചും സാധാരണമെന്ന് തോന്നിക്കുന്ന ഒരു വീടിനടിയിലായി, വളഞ്ഞുപുളഞ്ഞ ഇടവഴികളും അവയുടെ അറ്റത്ത് ഭൂഗർഭ അറകളുടെ ഒരു പരമ്പരയുമാണ്‌ ഇവിടെ ഉള്ളത്. എല്ലാം ഒരൊറ്റ മനുഷ്യൻ സ്വന്തമായി അധ്വാനിച്ച് കൊത്തിയെടുത്തതാണ് എന്നതാണ് ഇവയുടെ പ്രത്യേകത.

ലെവോൺ ആർകെലിയൻ എന്നയാളാണ് ഈ ഗുഹകളുടെ ശില്‍പി. ശീതകാലത്തേക്ക് തങ്ങളുടെ വീട്ടിലെ ഉരുളക്കിഴങ്ങ് സൂക്ഷിക്കാനായി ഒരു നിലവറ പണിതു തരണമെന്ന്, ഭാര്യയായ ടോസ്യ ലെവോണിനോട്‌ ആവശ്യപ്പെട്ടു. അങ്ങനെ 1985-ൽ വീടിനടിയില്‍ കുഴിക്കാന്‍ തുടങ്ങിയ ലെവോണ്‍, 2008-ൽ മരിക്കുന്നത് വരെ നിർത്തിയില്ല. 23 വർഷത്തിലേറെക്കാലത്തോളം ഉളിയും ചുറ്റികയും പോലുള്ള അടിസ്ഥാന ഉപകരണങ്ങൾ മാത്രം ഉപയോഗിച്ച് ലെവോണ്‍ നിര്‍മിച്ച ഈ ഗുഹകളും ഗോവണിപ്പടികളും രഹസ്യമുറികളുമെല്ലാം അർമേനിയയിലെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ്. ഭൂനിരപ്പില്‍ നിന്നും 21 മീറ്റർ ആഴത്തിൽ 3,000 ചതുരശ്ര അടി സ്ഥലത്താണ് ഈ ഗുഹകളും മറ്റും നിര്‍മിച്ചിരിക്കുന്നത്. മുറികളും അറകളും മാത്രമല്ല, ചുവരുകളിൽ അലങ്കാര തൂണുകളും ലെവോണ്‍ കൊത്തിയെടുത്തു

ഒറ്റ ദിവസം 20 മണിക്കൂർ വരെ ലെവോണ്‍ ജോലി ചെയ്തിരുന്നത്രേ. കടുപ്പമേറിയ ബസാൾട്ട് പാളിയിലൂടെ കുഴിച്ച് തുടങ്ങിയ ലെവോണ്‍ അവസാനം ഭൂവല്‍ക്കത്തിന്‍റെ മൃദുവായ ഭാഗത്തേക്ക് എത്തിച്ചേര്‍ന്നു. ഓരോ ഘട്ടത്തിലും മണ്ണിന്‍റെ നിറം മാറുന്നത് ശരിക്കും കാണാം. ഏറ്റവും താഴെ പിങ്ക് കലര്‍ന്ന നിറമാണ് മണ്ണിനുള്ളത്.

അഗ്നിപർവതജന്യ ക്ഷാരീയ പദാർഥങ്ങൾ ഘനീഭവിച്ച് രൂപം കൊള്ളുന്ന ശിലയായ ടഫിലാണ് ലെവോണ്‍ തന്‍റെ കലാപരമായ സൃഷ്ടികള്‍ കൊത്തിയെടുത്തത്. ആറ് ചെറിയ അറകളിലേക്കും റിബ്ഡ് മേൽക്കൂരകളുള്ള വെസ്റ്റിബ്യൂളുകളിലേക്കും നയിക്കുന്ന പ്രധാന സ്റ്റെപ്പും ഇവയിൽ ഉൾപ്പെടുന്നു, എല്ലാം ഡോറിക് തൂണുകള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു, പരമ്പരാഗത അർമേനിയൻ കുരിശുകളായ ഖച്കറുകളും ഇക്കൂട്ടത്തില്‍ കാണാം.

ഭൂമിക്കടിയില്‍ 74 മുറികള്‍ ഉണ്ടാക്കിയെടുക്കാനായിരുന്നു ലെവോണിന്‍റെ യഥാർത്ഥ പ്ലാൻ. ദൈവം തന്‍റെ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട്, കൃത്യമായ പ്ലാന്‍ പറഞ്ഞു തന്നതായി ലെവോണ്‍ പലപ്പോഴും പറയാറുണ്ടായിരുന്നു.

ഏറെക്കാലത്തെ അധ്വാനത്തിന് ശേഷം 67-ാം വയസ്സിൽ ലെവോണിന്‍റെ പെട്ടെന്നുള്ള മരണത്തിനു ശേഷം, ടോസ്യയും പെൺമക്കളും ചേര്‍ന്ന് ഇവിടം ഒരു മ്യൂസിയമാക്കി മാറ്റി. 'പേ-അസ്-യു-പ്ലീസ്' എന്നാണ് ഈ സ്വകാര്യ മ്യൂസിയത്തിന് പേരിട്ടിരിക്കുന്നത്. കൗതുകകരമായ ഈ നിര്‍മിതി കാണാന്‍ ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ നിന്നും ഗവേഷകരും വിനോദ സഞ്ചാരികളും ഇവിടേക്ക് എത്തുന്നു.

English Summary: Levon's Divine Underground Museum– Arinj, Armenia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com