ADVERTISEMENT

ലോകത്തെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നില്‍, ഒരു ദ്വീപ്‌ നിങ്ങള്‍ക്ക് സ്വന്തമായി കിട്ടുകയാണെന്നിരിക്കട്ടെ, അവിടെ നിങ്ങള്‍ എന്തായിരിക്കും ചെയ്യുക? വിനോദസഞ്ചാരം കുതിച്ചുയരുന്ന ഇക്കാലത്ത്, വല്ല റിസോര്‍ട്ടും പണിത് നാല് കാശുണ്ടാക്കിക്കൂടെ എന്നാവും പലരും ആദ്യം തന്നെ ചിന്തിക്കുക. എന്നാൽ ബ്രണ്ടൻ ഗ്രിംഷോ അങ്ങനെ ചിന്തിച്ചിരുന്നെങ്കില്‍ ഇന്ന് സീഷെല്‍സിലെ മൊയെൻ നാഷണല്‍ പാര്‍ക്ക് ഉണ്ടാവുമായിരുന്നില്ല.

moyenne-island-4
Moyenne Island, Shutterstock

 

ഇന്ത്യൻ മഹാസമുദ്രത്തിലെ 115 ദ്വീപുകള്‍ അടങ്ങുന്ന ഒരു ദ്വീപസമൂഹമായ സീഷെൽസിലെ മാഹിയുടെ വടക്കൻ തീരത്തുള്ള ഒരു ചെറിയ ദ്വീപാണ് മൊയെന്‍. വെറും 24 ഏക്കർ മാത്രമാണ് ഈ ദ്വീപിന്‍റെ വിസ്തീര്‍ണ്ണം. തീരപ്രദേശത്തിനാകട്ടെ, 2 കിലോമീറ്ററിൽ താഴെ മാത്രമാണ് നീളം. എന്നാല്‍, പച്ചയുടെ ഒരു പറുദീസയാണ് ഇവിടം. മഹാഗണി, ഈന്തപ്പന, മാവ് എന്നിങ്ങനെ, 16,000 മരങ്ങൾ ഇവിടെയുണ്ട്. കൂടാതെ ഒട്ടനേകം ജീവജാലങ്ങളും. ഇവയെല്ലാം ഇവിടെ ഉണ്ടാകാന്‍ കാരണമായത് ഈ ദ്വീപിന്‍റെ ഉടമസ്ഥനായിരുന്ന ബ്രണ്ടൻ ഗ്രിംഷോയുടെ പരിശ്രമഫലമായാണ് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. 1970-കൾ മുതൽ ഒരു സസ്യ - ജന്തു സംരക്ഷണ കേന്ദ്രമായ ഈ ദ്വീപ്‌ ഇന്ന് ലോകത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനമാണ്.

moyenne-island-1
Moyenne Island, Shutterstock

 

ഇംഗ്ലണ്ടിലെ യോർക്ക്ഷെയറിലെ ഡ്യൂസ്ബറിയിൽ നിന്നുള്ള ഒരു മുൻ പത്രാധിപരായിരുന്നു ഗ്രിംഷോ. മരിക്കും മുന്‍പേ സ്വന്തമായി ഒരു ദ്വീപ്‌ വാങ്ങിക്കണം എന്നത് അദ്ദേഹത്തിന്‍റെ എക്കാലത്തെയും വലിയ ആഗ്രഹങ്ങളില്‍ ഒന്നായിരുന്നു. സീഷെല്‍സിന്‍റെ സൗന്ദര്യത്തോട് അടങ്ങാത്ത അഭിനിവേശവും ഉണ്ടായിരുന്നു ഗ്രിംഷോയ്ക്ക്. അങ്ങനെ, 1962-ൽ 8,000 പൗണ്ടിന് ഗ്രിംഷോ ഈ ദ്വീപ് സ്വന്തമാക്കി. ഒപ്പം, റെനെ അന്റോയിൻ ലാഫോർച്യൂണ്‍ എന്നു പേരായ ഒരു സുഹൃത്തു കൂടിയുണ്ടായിരുന്നു. വെറും തരിശും കുറ്റിക്കാടുമെല്ലാം നിറഞ്ഞ ഈ ദ്വീപിനെ, ഇരുവരും ചേര്‍ന്ന്, കഠിനാധ്വാനം ചെയ്ത് അതിസുന്ദരമായ പ്രകൃതി സംരക്ഷണ കേന്ദ്രമാക്കി മാറ്റി. ഇവിടെ പതിനാറായിരം മരങ്ങൾ നട്ടുപിടിപ്പിച്ചു,  4.8 കിലോമീറ്റർ ദൂരത്തില്‍ പ്രകൃതിദത്ത പാതകൾ നിർമിച്ചു. തങ്ങള്‍ നിര്‍മിച്ച സ്വര്‍ഗ്ഗഭൂമിയിലേക്ക് സന്ദര്‍ശകരെ ക്ഷണിച്ചു. ദ്വീപിൽ കറങ്ങാനും തീരത്തെ "ജോളി റോജർ" റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാനും ബീച്ചിൽ വിശ്രമിക്കാനുമായി 12 യൂറോ അവര്‍ ഈടാക്കി.

moyenne-island-3

 

മരങ്ങള്‍ മാത്രമല്ല, ആൽഡബ്ര ഇനത്തില്‍പ്പെട്ട ഭീമൻ ആമകളെയും ഇവിടെ കൊണ്ടുവന്ന് വളർത്തി. ഏകദേശം 120 ആമകളെയാണ് ഗ്രിംഷോ ദ്വീപിലേക്ക് കൊണ്ടുവന്നത്. വൈവിധ്യമാർന്ന സസ്യങ്ങള്‍ക്കും പക്ഷികള്‍ക്കും പുറമേ, ഈ ആമകളും ഇന്ന് ദ്വീപിലുണ്ട്. 

moyenne-island-2

 

ദ്വീപ്‌ ഒരു സുന്ദരഭൂമിയായി മാറിയതോടെ കോര്‍പ്പറേറ്റ് ഭീമന്മാരുടെ കണ്ണുകള്‍ ഇവിടേക്ക് എത്താന്‍ അധിക സമയം എടുത്തില്ല. 1980-കളിൽ സീഷെൽസിലെ വിനോദസഞ്ചാരം വളരുകയും ദ്വീപസമൂഹം ഉഷ്ണമേഖലാ ദ്വീപ് പറുദീസയുടെ പര്യായമായി മാറുകയും ചെയ്ത സമയത്ത്, 50 മില്യൺ ഡോളർ വരെ വാഗ്ദാനം ചെയ്ത് ദ്വീപ്‌ കൈക്കലാക്കാന്‍ പലരും ശ്രമിച്ചെങ്കിലും ഗ്രിംഷോ വഴങ്ങിയില്ല. തന്‍റെ നിലപാടിനെക്കുറിച്ച് അദ്ദേഹത്തിന് നല്ല ഉറപ്പുണ്ടായിരുന്നു. അതൊരിക്കലും അത്യാഗ്രഹത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നില്ല, കറയറ്റ പ്രകൃതിസ്നേഹമായിരുന്നു അദ്ദേഹത്തിന്‍റെ ജീവിതസത്ത. 

 

2007-ൽ ലാഫോർച്യൂൺ അന്തരിച്ചപ്പോൾ ദ്വീപിനെ സംരക്ഷിക്കുന്നതിനായി, ഗ്രിംഷോ ഒരു പെർപെച്വൽ ട്രസ്റ്റ് സ്ഥാപിക്കുകയും 2009-ൽ സീഷെൽസിന്‍റെ പരിസ്ഥിതി മന്ത്രാലയവുമായി ഒരു കരാറിൽ ഒപ്പുവെക്കുകയും ചെയ്തു, ഈ കരാര്‍ പ്രകാരം മൊയെന്‍ ദ്വീപിനെ സ്റ്റെ ആൻ മറൈൻ പാർക്കിന്‍റെ ഭാഗമായി ഉൾപ്പെടുത്തി , ദ്വീപിന് പ്രത്യേക പദവിയും നൽകി. 

 

1996-ൽ ഗ്രിംഷോ തന്നെയും ദ്വീപിനെയും കുറിച്ച് ‘എ ഗ്രെയിൻ ഓഫ് സാൻഡ്’ എന്ന പേരിൽ ഒരു പുസ്തകം എഴുതി. 2009-ൽ ഗ്രിംഷോയെയും ദ്വീപിനെയും കുറിച്ച് എ ഗ്രെയ്ൻ ഓഫ് സാൻഡ് എന്ന ഡോക്യുമെന്ററി ഫിലിമും ഇറങ്ങിയിരുന്നു. 2012 ജൂലൈയിൽ മാഹിയിലെ വിക്ടോറിയയിൽ ഗ്രിംഷോ മരിച്ചു. അതിനുശേഷം, അദ്ദേഹത്തിന്‍റെ ആഗ്രഹം പോലെത്തന്നെ 2013-ൽ, ദ്വീപിന് ദേശീയ ഉദ്യാന പദവി ലഭിച്ചു. 

 

ഇന്ന്, ഇതൊരു ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ്. ഇവിടുത്തെ മനോഹരമായ ബീച്ചുകളിലേക്ക് നിരവധി സഞ്ചാരികള്‍ ഒഴുകിയെത്തുന്നു. എന്നാല്‍ അമിത ടൂറിസം ഇവിടെ അനുവദിക്കാറില്ല. ഏറ്റവും കൂടുതൽ ടൂറിസ്റ്റ് സീസണിൽ പോലും ദ്വീപിൽ ഒരേ സമയം 50-ലധികം സന്ദർശകർ ഉണ്ടാവില്ല, ഒരു ദിവസമാകട്ടെ 300-ൽ കൂടുതൽ സന്ദർശകർ ഉണ്ടാകാറില്ല. മുന്‍പ് ആൻസ് ജോളി റോജർ എന്നറിയപ്പെട്ടിരുന്ന കടൽത്തീരത്തെ ആൻസ് ക്രിയോൾ ട്രാവൽ സർവീസസ് റസ്റ്റോറന്‍റ് ഇന്ന് വിനോദ സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരു സങ്കേതമാണ്.

 

English Summary: Moyenne Island: The world's Smallest National Park

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com