ADVERTISEMENT

സിവിൽ എൻജിനീയറിങ് പൂർത്തിയാക്കിയെങ്കിലും അവതാരകയായി തിളങ്ങി നിൽക്കുകയാണ് മീര അനിൽ. അവതരണ ശൈലിയാണ് മീരയെ പ്രേക്ഷകരുടെ ഇടയിൽ പ്രിയങ്കരിയാക്കിയതും. മീരയുടെ ഹോബി എന്തെന്നു ചോദിച്ചാൽ ഉത്തരം ഒന്നേ ഉള്ളൂ യാത്രകൾ. ''മനസ്സ് വല്ലാതെ ബോറടിക്കുമ്പോൾ യാത്ര നൽകുന്ന ഉന്മേഷവും ആഹ്ലാദവും ഒന്നു വേറെ തന്നെയാണെന്നും മീര പറയുന്നു''. മീരയുടെ ജീവിതത്തിലേക്ക് കടന്നുവന്ന വിഷ്ണുവും യാത്രാപ്രേമിയാണ്. തന്റെയും ഭർത്താവ് വിഷ്ണുവിന്റെയും യാത്ര ഭ്രാന്തുകൾക്ക് ഇനി സാരഥി സൂപ്പർ ബൈക്ക് ആയിരിക്കുമെന്ന സന്തോഷമാണ് മീര പങ്കുവയ്ക്കുന്നത്. 

ഇൗ വർഷം ഞങ്ങളുടേതാണ്

ട്രിപ്പിൾ ലോക്ഡൗണിന്റെ കാലത്താണ് ഞാനും വിഷ്ണുവും വിവാഹിതരാകുന്നത്. കല്യാണത്തിന് ശേഷം ഓൾ ഇന്ത്യ ട്രിപ്പ് പോകണം എന്നൊക്കെ പ്ലാൻ ചെയ്തിരുന്നു എല്ലാം തകിടം മറിച്ചാണ് കൊറോണ വില്ലനായി എത്തിയത്. വിവാഹ നിശ്ചയം കൊറോണയ്ക്ക് മുൻപായിരുന്നതിനാൽ വലിയ പ്ലാനുകൾ ആയിരുന്നു ഞങ്ങൾക്ക് ഉണ്ടായിരുന്നത്. ഇരുവരും യാത്ര പ്രേമികൾ ആയതുകൊണ്ടുതന്നെ കുറെയേറെ ട്രാവൽ പ്ലാനുകൾ ഉണ്ടായിരുന്നു. ട്രിപ്പിൾ ലോക്ക് ഡൗണും കുറെ നിബന്ധനകളും എല്ലാം കൂടി വന്നപ്പോൾ ഹണിമൂണും പോസ്റ്റ് മാര്യേജും എല്ലാം വീട്ടിനുള്ളിൽ തന്നെ ചെലവഴിച്ചു. 

meera-anil

2022 എല്ലാവരെയും പോലെ ഞങ്ങൾക്കും ഏറെ പ്രതീക്ഷകളുമായിട്ടാണ് പിറന്നത്. നടക്കാതെ പോയ ഞങ്ങളുടെ നോർത്തീസ്റ്റ് യാത്ര ‌പോകാൻ തീരുമാനിച്ചിരിക്കുകയാണിപ്പോൾ‌. ടിക്കറ്റൊക്കെ ബുക്ക് നോർത്ത് ഈസ്റ്റ് മുഴുവൻ കണ്ടു മടങ്ങണം. ഞങ്ങൾ ആ യാത്രയുടെ കാത്തിരിപ്പിലാണ്.

meera-anil1

യാത്രയിലൂടെ കിട്ടുന്ന ഉണർവും ഊർജവുമാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം. എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഞങ്ങളുടെ ജോലി വളരെ തിരക്കുള്ളതാണ്. മൂന്ന് നാല് ദിവസത്തെ ഷൂട്ട് കഴിഞ്ഞ് തിരിച്ചെത്തി വിഷ്ണുവിനൊപ്പം ബൈക്കിൽ ഒരു യാത്ര പോയി വന്നാൽ ഞങ്ങൾ പുതിയൊരു ജീവിതത്തിലേക്ക് അല്ലെങ്കിൽ ലോകത്തിലേക്ക് പ്രവേശിക്കുന്നത് പോലെ തോന്നാറുണ്ട്. ചെറു ട്രിപ്പുകൾ ആയാലും ഞാന്‍ ജീവിത്തിൽ ഏറ്റവും ആസ്വദിക്കുന്നവയാണ്.

ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ഭ്രാന്തന്മാരെ പോലെ അലയണം

മീരയ്ക്കും വിഷ്ണുവിനും അധികം തിരക്കുകൾ ഒന്നുമില്ലാത്ത ജനവാസം കുറഞ്ഞ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാനാണ് കൂടുതൽ താൽപര്യം. കാടിന്റെ കാഴ്ചകളിലേക്കുള്ള സഞ്ചാരം, അധികം ആരും എത്തിപ്പെടാത്ത ഇടങ്ങൾ അങ്ങനെയുള്ള യാത്രകളാണ് ഞങ്ങൾക്ക് പ്രിയം. ഇതുവരെ പോയിട്ടുള്ള യാത്രകൾ അധികവും അതുപോലെ ഉള്ളതുമാണ്. അധികമാരും പോകാത്ത സ്ഥലമാണെങ്കിൽ ഞങ്ങൾ റെഡി. സിനിമയിലെ ഡയലോഗ് പോലെ ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ഒരു ഭ്രാന്തനെപ്പോലെ ഞങ്ങൾക്ക് അലയണം. രണ്ടുപേരും ഒരേ താൽപര്യക്കാർ ആയതുകൊണ്ട് ഒരു വഴി മതി.

ടാറ്റാ ഹാരിയറും ഞങ്ങളും

വിഷ്ണുവിന് സെൽഫ് ഡ്രൈവ് ചെയ്തു യാത്ര പോകാനാണ് ഏറെ ഇഷ്ടം. എനിക്ക് സൈഡ് സീറ്റിലിരുന്ന് കാഴ്ചകളൊക്കെ കണ്ട് യാത്രയുടെ മുഴുവൻ ഊർജ്ജവും ഉൾക്കൊണ്ട് യാത്ര ചെയ്യാനാണിഷ്ടം. സ്വയം വണ്ടിയോടിച്ചു ഓരോ സ്ഥലങ്ങളും കണ്ട് അറിയാനാണ് വിഷ്ണുവിനിഷ്ടം.

meera-anil4

ഞങ്ങളുടെ പുതിയ എസ്‌യുവിയായ ടാറ്റാ ഹാരിയറിലാണ് ഇപ്പോഴത്തെ യാത്രകളെല്ലാം. ഏറെ നാളത്തെ ആഗ്രഹമായിരുന്നു ഒരു എസ്‌യുവി സ്വന്തമാക്കണമെന്നുള്ളത്. അതൊരു ഇന്ത്യൻ ബ്രാൻഡ് തന്നെ ആയതിൽ സന്തോഷം ഏറെയുണ്ട്. പിന്നെ ഒരു വലിയ കാര്യം ഉള്ളത് വിവാഹം കഴിഞ്ഞാൽ പലരും പല കാര്യങ്ങളും പഠിക്കും. എന്റെ ഭർത്താവിൽ നിന്നും പഠിച്ച കാര്യം വിഷ്ണുവിന്റെ വണ്ടി ഭ്രാന്താണ്. വിഷ്ണു നല്ല ഒന്നാന്തരം വണ്ടി പ്രേമിയാണ്. ഇപ്പോൾ ഞാനും ഏതാണ്ട് അതെ ട്രാക്കിലൂടെയാണ് പോകുന്നത്.

മുകളിൽ നിന്നൊന്നും എടുത്തു ചാടാൻ എന്നെ കിട്ടില്ല

യാത്രകൾ പ്രിയമാണെങ്കിലും അതിസാഹസിക വിനോദങ്ങൾക്ക് പിന്നോട്ടുവലിയും. മീര സാഹസികമായ കാര്യങ്ങൾ ചെയ്യാൻ മടിക്കുന്ന ഒരാളാണ്. വിഷ്ണു നേരെ തിരിച്ചുമാണ്. ലോകത്തിലെതന്നെ ഏറ്റവും അപകടകരമായ വഴികളിലൂടെ വരെ ബൈക്കോടിച്ചു പോയിട്ടുള്ളയാളാണ് വിഷ്ണു. എന്നാൽ തന്നെ ആ വക പരിപാടികൾക്ക് ഒന്നും കിട്ടില്ല എന്നു മീര പറയുന്നു. 

meera-anil5

കന്യാകുമാരിയിൽ നിന്നും ലേ ലഡാക്ക് വരെ ബൈക്ക് ഓടിച്ചു പോയിട്ടുണ്ട് വിഷ്ണു. പാരാഗ്ലൈഡിങ്, സ്കൈ ഡൈവിങ് എന്നുവേണ്ട സാഹസിക പ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ട്. എന്നാൽ അത്ര റിസ്കി ആയിട്ടുള്ള കാര്യങ്ങൾ ചെയ്യാൻ മുതിരാറില്ല. െട്രക്കിങ്ങിന് രണ്ടുപേരും ചേർന്ന് പോയിട്ടുണ്ട്. മുകളിൽ നിന്നു എടുത്തു ചാടുക, കടലിലേക്ക് ചാടുക മുതലായ പരിപാടികൾ ഒന്നും എന്നെക്കൊണ്ട് സാധിക്കില്ല. അങ്ങനെ നോക്കുമ്പോൾ അഡ്വഞ്ചറസ് വിഷ്ണു തന്നെയാണ്.

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹം

എല്ലാവർക്കും ഉണ്ടാകും യാത്ര നടത്തിയതിൽ ഏറ്റവും ഇഷ്ടപ്പെട്ട ഒരു സ്ഥലത്തിന്റെ പേര്. എനിക്ക് പ്രിയപ്പെട്ട രണ്ടു സ്ഥലങ്ങളുണ്ട്. അവിടേയ്ക്കുള്ള യാത്രകൾ എന്നും എനിക്ക് പ്രിയമുള്ളതാണ്. ആദ്യത്തേത് തിരുവനന്തപുരത്തെ എന്റെ വീടും രണ്ടാമത്തേത് മല്ലപ്പള്ളിയിലുള്ള വിഷ്ണുവിന്റെ വീടും. ഒരുപാട് സ്ഥലങ്ങളിലേക്ക് പോയിട്ടുണ്ടെങ്കിലും എന്ത് ജോലി തിരക്കാണെങ്കിലും ഏറ്റവും കൂടുതൽ ഓടിയെത്താൻ ആഗ്രഹിച്ചിട്ടുള്ള രണ്ടിടങ്ങളാണ് ഇതാണ്.

ഞാനും അച്ഛനും അമ്മയും അടങ്ങുന്നതാണ് എന്റെ കുടുംബം. എനിക്ക് സഹോദരങ്ങളൊന്നും ഇല്ലാത്തതിനാല്‍  അമ്മയും അച്ഛനും ഒരുമിച്ചുള്ള യാത്രകളാണ് പണ്ട് നടത്തിയ‌ിട്ടുള്ളത്. വിവാഹ ശേഷം യാത്ര അടക്കമുള്ള കാര്യങ്ങളിൽ ഒത്തിരി മാറ്റങ്ങൾ വന്നു. വിഷ്ണുവിന്റെ വീട്ടിൽ അച്ഛനും അമ്മയും ചേട്ടനും ചേച്ചിയും കുഞ്ഞും എല്ലാം ചേർന്ന് വലിയൊരു ലോകമാണ്. എന്നെ സംബന്ധിച്ച് അത് പുതിയൊരു അനുഭവവും. ഒരു വണ്ടിയിൽ ഞങ്ങളെല്ലാവരുംകൂടി യാത്ര പോകുമ്പോൾ എനിക്ക് പലപ്പോഴും തോന്നാറുള്ളത് വലിയൊരു കൂട്ടുകുടുംബത്തിനൊപ്പമാണ് ഞാൻ സഞ്ചരിക്കുന്നത് എന്നാണ്. അത് തന്നെയാണ് എനിക്ക് ജീവിതത്തിൽ കിട്ടിയിരിക്കുന്ന ഏറ്റവും വലിയ അനുഗ്രഹങ്ങളിൽ ഒന്നും.

ഷോർട്ട് ട്രിപ്പും ലോങ് വൈബും

മല്ലപ്പള്ളിയിൽ നിന്നും വാഗമണ്ണിലേക്കുള്ള ഞങ്ങളുടെ യാത്രയാണ് ഏറ്റവും സൂപ്പറായിട്ടുള്ള കാര്യം. വീട്ടിൽ നിന്നും ഏതാണ്ട് രണ്ടു മണിക്കൂറിനുള്ളിൽ വാഗമണ്ണിലെത്താം. ഞങ്ങളുടെ സ്ഥിരം സ്പോട്ട് ആണ് വാഗമൺ. ഷോർട്ട് ട്രിപ്പ് ആൻഡ് ലോങ് വൈബ് അതാണ് വാഗമൺ. 

meera-anil9

വൈകുന്നേരങ്ങളിൽ കോടമഞ്ഞ് ഇറങ്ങുന്ന സമയത്ത് ഐസ്ക്രീമും നുകർന്ന് വാഗമണ്ണിലെ മൊട്ടക്കുന്നുകളിൽ മണിക്കൂറുകളോളം സൊറ പറഞ്ഞിരിക്കും. ജീവിതത്തിൽ കിട്ടുന്ന ഏറ്റവും നല്ല നിമിഷങ്ങളാണത്. ഞങ്ങൾ ആവോളം ആസ്വദിച്ച് രാത്രി ആകുമ്പോൾ തിരിച്ചു വീട്ടിലേക്ക് മടങ്ങും. പലപ്പോഴും ഇത്തരം വൺഡേ ട്രിപ്പുകൾ ഞങ്ങളെല്ലാവരും ചേർന്ന് നടത്താറുണ്ട്. ഞാനേറ്റവും ആസ്വദിക്കുന്ന യാത്രയുമണത്.

യാത്രകളും അനുഭവങ്ങളും

എല്ലാ യാത്രകളും ഓരോ അനുഭവങ്ങളാണ്. കാടുകയറുന്ന അനുഭവം ആയിരിക്കില്ല ദുബായി പോലെയുള്ള നഗരത്തിൽ എത്തിയാൽ അനുഭവിക്കുന്നത്. അതുപോലെ ജയ്പൂരിലും രാജസ്ഥാനിലും കാണുന്ന കാഴ്ച ആയിരിക്കില്ല തൊട്ടടുത്ത് കിടക്കുന്ന അരുണാചൽപ്രദേശിൽ. അതിനേക്കാൾ വേറിട്ടൊരു അനുഭവമായിരിക്കും പഞ്ചാബിൽ ചെല്ലുമ്പോൾ. അതുകൊണ്ട് എന്നെ സംബന്ധിച്ച് എല്ലാ യാത്രകളും പ്രിയപ്പെട്ടതാണ്. എങ്കിലും എടുത്തുപറയാൻ ഒരു യാത്ര ഏതെന്ന് ചോദിച്ചാൽ അത് വിഷ്ണുവുമൊപ്പം നടത്തിയ എന്റെ ആദ്യ യാത്രയാണ്. എന്റെ പിറന്നാൾ ദിവസം വിഷ്ണുവും ഞാനും ചേർന്ന് കോവളത്തേക്ക് നടത്തിയ ഞങ്ങളുടെ ആദ്യ യാത്രയാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്. 

ലാലേട്ടനും ചോക്ലേറ്റും ഗിഫ്റ്റും

നിരവധി വിദേശ യാത്രകൾ നടത്തിയിട്ടുണ്ടെങ്കിലും മോഹൻലാലിനൊപ്പം ചെയ്ത സ്റ്റേജ് ഷോകളാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിദേശയാത്രകൾ എന്ന് മീര അനിൽ. അമേരിക്കയടക്കം നിരവധി വിദേശയാത്ര രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ദുബായിൽ തന്നെ ഏതാണ്ട് 50-60 സ്റ്റേജ് ഷോകൾ ഇതിനോടകം ചെയ്യാൻ സാധിച്ചു എന്നത് വലിയൊരു അനുഗ്രഹമായി കാണുന്നു. 

meera-anil7

എങ്കിലും ലാൽ സാറുമായി ചേർന്ന് പോയിട്ടുള്ള വിദേശ ട്രിപ്പുകൾ കുറച്ചുകൂടി രസകരമായി എനിക്ക് തോന്നിയിട്ടുണ്ട് കാരണം അദ്ദേഹത്തിന്റെ ജോലിയോടുള്ള ആത്മാർത്ഥതയും സഹപ്രവർത്തകരായ ഞങ്ങൾ എല്ലാവരോടുമുള്ള സമീപനവും തന്നെയാണ്. ഷോ അവസാനിച്ചു കഴിഞ്ഞാൽ എല്ലാവരെയുംകൂട്ടി പുറത്ത് കറങ്ങാൻ കൊണ്ടുപോകും. ഞങ്ങൾക്കെല്ലാവർക്കും എന്തെങ്കിലുമൊക്കെ വാങ്ങി തരും. ചിലപ്പോൾ ചോക്ലേറ്റ് ആയിരിക്കും എന്തെങ്കിലും ചെറിയ ഗിഫ്റ്റെങ്കിലും അദ്ദേഹം എല്ലാവർക്കും വാങ്ങി കൊടുക്കാൻ ശ്രമിക്കും. മോഹൻലാൽ വാങ്ങിതന്ന മിഠായികവറുകൾ ഇപ്പോഴും ഞാൻ സൂക്ഷിച്ചുവച്ചിട്ടുണ്ട്. അത്രയ്ക്കും മറക്കാനാവാത്ത യാത്രകളായിരുന്നു അത്. ഒറ്റയ്ക്ക് വിദേശയാത്രകൾ നടത്തിയിട്ടുണ്ടെങ്കിലും വിഷ്ണുവിനൊപ്പം ഇതുവരെ ഇന്ത്യയ്ക്ക് പുറത്തേക്ക് യാത്ര ചെയ്യാൻ സാധിച്ചിട്ടില്ലെന്നും കൊറോണ കാരണം കഴിഞ്ഞ രണ്ടു വർഷമായി പാസ്പോർട്ട് തൊട്ടിട്ടില്ലെന്നും മീര പറയുന്നു. 

എയർപോർട്ടിൽ പകച്ചുനിന്ന നിമിഷം

ആദ്യ വിദേശ യാത്രയിൽ നേരിട്ട ഒരു ചെറിയ അനുഭവം പങ്കുവയ്ക്കുകയാണ് മീര. ഖത്തറിലേക്കായിരുന്നു ആദ്യ വിദേശയാത്ര. അബുദാബി വഴി വേണം പോകാൻ. അബുദാബി വിമാനത്താവളത്തിലിറങ്ങിയ ഞാൻ ശരിക്കും പകച്ചു പോയി.

വളരെ തിരക്കേറിയ  എയർപോർട്ടാണ് അബുദാബി എയർപോർട്ട്. കുറേയധികം ഷോപ്പുകളും പുറത്തേക്കും അകത്തേക്കും ഒക്കെയായി കുറെ വഴികളും എല്ലാംകൂടി ഞാൻ ആകെ അന്തിച്ചു നിൽക്കുന്ന സമയം. ആകെ പൊട്ടുപ്പോയ അവസ്ഥയായിരുന്നു. ഇടുക്കിയിലുള്ള ഒരു മലയാളി കുടുംബമാണ് അന്ന് എനിക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്തു തന്നത്. എന്നെ മനസ്സിലായിട്ടാണ് അവർ അരികിലെത്തിയത്. എന്തുപറ്റി എന്ന് ചോദിച്ചപ്പോൾ , അടുത്ത ഫ്ലൈറ്റ് കയറുന്നതിനു മുൻപ് ലഗേജ് എടുക്കണോ? എങ്ങോട്ട് പോകണം ,എന്തു ചെയ്യണം, ഞാൻ ആദ്യമായിട്ടാണ് ഒറ്റയ്ക്ക് യാത്ര നടത്തുന്നത് എന്ന് വേണ്ട എല്ലാ കാര്യങ്ങളും ഞാൻ അവരോട് പറഞ്ഞു. എനിക്ക് വേണ്ട എല്ലാ സഹായവും അവര്‍ ചെയ്തു നൽകി. അല്ലെങ്കിലും മലയാളികൾ എവിടെയും പൊളിയല്ലേ. 

ബക്കറ്റിൽ കൊള്ളുന്നതല്ല ഞങ്ങളുടെ ട്രാവൽ ലിസ്റ്റ്

പോകേണ്ട സ്ഥലങ്ങളുടെ പേരുകൾ ക്രമത്തിൽ എഴുതി തയാറാക്കുന്നതിനെയാണല്ലോ ബക്കറ്റ് ലിസ്റ്റ് എന്ന് പറയാറ്. എന്നാൽ തങ്ങളുടെ ലിസ്റ്റിടാൻ ബക്കറ്റ് മതിയാവില്ല ,വല്ല കുളമോ കിണറോ വേണ്ടി വരുമെന്നാണ് മീരയും വിഷ്ണുവും പറയുന്നത്. ഒരുപാട് സ്ഥലങ്ങളാണ് ഞങ്ങൾ പ്ലാൻ ചെയ്തിരിക്കുന്നത്. 

meera-anil3

ലിസ്റ്റിലെ ആദ്യത്തേത് എവറസ്റ്റ് കയറുക എന്നതാണ് ഞങ്ങളുടെ രണ്ടുപേരുടെയും ആഗ്രഹം. ഹിമാലയം കീഴടക്കണം എന്ന ആഗ്രഹം രണ്ടുപേർക്കും ഉണ്ടെങ്കിലും അത് പ്രാവർത്തികമാകാൻ സാധ്യതയില്ലാത്തതിനാൽ ബേസ് ക്യാംപ് വരെയെങ്കിലും പോകണം എന്നാണ് ഇപ്പോൾ കരുതിയിരിക്കുന്നത്. 

ആർട്ടിക്കിലെ നോർത്തേൺ ലൈറ്റ്സ് കാണുക എന്നതാണ് രണ്ടാമത്തെ മഹത്തായ ആഗ്രഹം. ചെറുപ്പത്തിൽ സ്കൂളിൽ പഠിക്കുന്ന സമയത്തെ കയറിക്കൂടിയ ഒരു ആഗ്രഹമാണത്. ആ കാഴ്ച നേരിട്ട്  കണ്ട് ആസ്വദിക്കണം. സെപ്റ്റംബർ മുതൽ മാർച്ച് വരെയാണ് അതിന്റെ സമയം. കാണുക എന്നത് കുറച്ച് ബുദ്ധിമുട്ടേറിയ കാര്യം തന്നെയാണെങ്കിലും കടമ്പകൾ ഏറെ കടക്കാനുണ്ടെങ്കിലും അതൊക്കെ താണ്ടി ജീവിതത്തിലൊരിക്കലെങ്കിലും അവിടെ എത്തി കണ്ണുകൾകൊണ്ട് പ്രകൃതിയുടെ ആ അദ്ഭുതം വീക്ഷിക്കണം എന്നുള്ളത് വലിയ ആഗ്രഹമാണ്.

meera-anil8

മൂന്നാമത്തേത് വൺ 27 അവേഴ്സ് എന്ന ഹോളിവുഡ് ചിത്രം ചിത്രീകരിച്ച ബ്ലൂജോൺ കാന്യോൺ ആണ്. ഈയടുത്ത് മലമ്പുഴയിലെ ചെറാട് മലയിടുക്കിൽ ട്രെക്കിങ്ങിനിടയിൽ കുടുങ്ങിയ ബാബുവിനെക്കുറിച്ചുള്ള വാർത്തകൾ എല്ലാവരും അറിഞ്ഞതാണ്. അന്ന് ഏറെ ചർച്ചാ വിഷയമായ ഒരു സിനിമയാണ് മേൽപ്പറഞ്ഞത്. ശരിക്കും സംഭവിച്ച ഒരു കഥയെ ആസ്പദമാക്കിയാണ് 127 അവേഴ്സ് എന്ന ചിത്രം നിർമിച്ചിരിക്കുന്നത്. ആ ചിത്രം ഷൂട്ട് ചെയ്ത സ്ഥലത്ത് പോകണമെന്നതും ആഗ്രഹമാണെന്ന് മീര. യുണൈറ്റഡ് സ്റ്റേറ്റ്സിലെ യൂട്ടായിലെ കിഴക്കൻ വെയ്ൻ കൗണ്ടിയിലെ ഒരു സ്ലോട്ട് മലയിടുക്കാണിത്. യുഎസിലേക്ക് യാത്ര നടത്തിയിട്ടുണ്ടെങ്കിലും ഇവിടെ സന്ദർശിക്കാനുള്ള അവസരം ലഭിച്ചിട്ടില്ല. ഇനിയുള്ള യാത്രകളിലൊന്നിൽ ബ്ലൂജോൺ കാന്യോണും ഉണ്ടാകും. 

meera-anil-post-wedding-2

പല പ്രാവശ്യം പോയിട്ടുണ്ടെങ്കിലും വീണ്ടും മാടിവിളിക്കുന്ന, പോകാൻ കൊതിച്ചു കൊണ്ടിരിക്കുന്ന, വീട് കഴിഞ്ഞാൽ ഞങ്ങളുടെ രണ്ടുപേരുടെയും ഇഷ്ട ഡെസ്റ്റിനേഷനാണ് ലേ. ഓരോ തവണ പോകുമ്പോഴും ഓരോ പുതിയ അനുഭവമാണ് ലേ എന്ന ആ സ്വപ്നഭൂമി നമുക്ക് നൽകുന്നത്. അതുകൊണ്ട് തന്നെ വീണ്ടും അവിടേക്ക് ഒരു യാത്ര എന്നത് ഞങ്ങളുടെ ലിസ്റ്റിലുള്ള മറ്റൊരു കാര്യമാണ്. 

വയറ്റിലായേനെ മുന്‍പിലിരിക്കുന്ന പാമ്പ്

ഒത്തിരി രസകരമായ സംഭവങ്ങൾ പല യാത്രകളിലും അനുഭവിക്കാൻ അവസരം ഉണ്ടായിട്ടുണ്ടെങ്കിലും എന്നും ഓർത്തിരിക്കുന്ന ഒരു കാര്യമുണ്ട്. ഒരിക്കൽ ഞാനും റിമി ടോമിയും ചേർന്ന് തായ്‌ലൻഡിലേക്ക് ഒരു ട്രിപ്പ് പോയി. തായ്‌ലൻഡിലെ ഏറ്റവും നല്ല സീഫുഡ് കിട്ടുന്ന മാർക്കറ്റിലേക്ക് ഞങ്ങൾ പോയി. റസ്റ്ററന്റിൽ കയറി അവിടുത്തെ ഏറ്റവും പ്രശസ്തമായ ഡിഷ് മെനുവിൽ നോക്കി ഞങ്ങൾ ഓർഡർ ചെയ്തു. വിഭവം വരുന്നതുമായി കാത്തിരിക്കുന്ന ഞങ്ങളുടെ മുൻപിലേക്ക് വെയിറ്റർ മീൻ വറുത്തത്. പോലെയുള്ള ഒരു സാധനം കൊണ്ടുവന്നു വച്ചു. ഞങ്ങൾക്ക് തോന്നിയത് നമ്മുടെ നാട്ടിലെ വരാൽ പോലെ എന്തോ ഒരു മീൻ കഷ്ണങ്ങളാക്കി വറുത്തുവച്ചിരിക്കുന്നു എന്നതായിരുന്നു.

ഒരു കഷണം എടുത്ത് പ്ലേറ്റിൽ വച്ചു. വളരെ മാംസളമായ ഒരു മീനാണ് അതെന്നാണ് ഞങ്ങൾ അപ്പോഴും കരുതിയത്. പക്ഷേ വായിലേക്ക് വയ്ക്കുന്നതിന് തൊട്ടുമുമ്പ് നമ്മൾ ഇതുവരെ അനുഭവിക്കാത്ത ഒരു മണമാണ് ഫീൽ ചെയ്തത്. അപ്പോഴാണ് ഞങ്ങളുടെ തൊട്ടടുത്തിരിക്കുന്ന ടേബിളിലിരിക്കുന്ന ആളുകൾ പറയുന്നത് അത് മീനല്ല പാമ്പാണെന്ന്. 

meera-anil-vishnu-post-wedding-shoot

റസ്റ്ററന്റിലെ ആളോട് അവിടുത്തെ ഏറ്റവും മികച്ച ഡിഷ് ഏതാണെന്ന് ചോദിച്ചപ്പോൾ അയാൾ ഒരു പേര് പറഞ്ഞു ഞങ്ങളത് കൊണ്ടുവരാനും പറഞ്ഞു. ഞങ്ങളുടെ ആശയവിനിമയത്തിന്റെ തകരാർ ആയിരിക്കാം. എന്തായാലും ഒരു നിമിഷം വൈകിയിരുന്നെങ്കിൽ ആ പാമ്പ് ഞങ്ങളുടെ വയറ്റിലായേനേ. പാമ്പിനെ തിന്നുന്നവരുടെ നാട്ടിൽ ചെന്നാൽ നടുക്കഷ്ണം തിന്നണം എന്ന് പറയുമെങ്കിലും നമുക്ക് അങ്ങനെ ഒറ്റയടിക്ക് കഴിക്കാൻ പറ്റില്ല. ഒരു നിമിഷത്തിന് വ്യത്യാസത്തിൽ ഈ പറഞ്ഞ നടുക്കഷണം തന്നെ ഞങ്ങൾ കഴിക്കേണ്ടി വരുമായിരുന്നു. 

യാത്രകളിലൂടെ ഞാൻ പഠിച്ച പാഠങ്ങൾ 

എപ്പോഴും യാത്രകൾ ചെയ്യുമ്പോൾ ഞങ്ങൾ മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ട്. ഒന്ന് ബഡ്ജറ്റ്, നമ്മുടെ കയ്യിലെ ബഡ്ജറ്റ് എത്രയാണെന്ന് തിട്ടപ്പെടുത്തി വയ്ക്കും. രണ്ട് പോകുന്ന സ്ഥലത്തെക്കുറിച്ചും അവിടുത്തെ കാലാവസ്ഥയും അനുയോജ്യമായ സമയയവും മനസ്സിലാക്കും. ചില സ്ഥലങ്ങളിൽ കവർച്ച പോലെയുള്ള കുറ്റകൃത്യ നിരക്ക് കൂടുതലായിരിക്കും. അത് പോകുന്നതിനുമുമ്പ് അറിഞ്ഞിരിക്കണം. 

ഞാനും വിഷ്ണുവും ബൈക്കിലാണ് കൂടുതലും യാത്ര ചെയ്യുന്നത്. അങ്ങനെയുള്ളപ്പോൾ ചിലപ്പോൾ ടെന്റിലായിരിക്കും താമസം. അതുകൊണ്ട് പോകുന്ന സ്ഥലത്തെകുറിച്ച് നല്ലവണ്ണം പഠിച്ചതിനു ശേഷം യാത്ര ചെയ്യും. മൂന്നാമത്തേത് ഈ പറഞ്ഞതുപോലെ പ്രത്യേകം ഭക്ഷണവിഭവങ്ങൾ ഒക്കെ ഉണ്ടെങ്കിൽ അതൊക്കെ കണ്ടുപിടിച്ച് അതിനെക്കുറിച്ച് ഒന്ന് പഠിക്കും. അത് കിട്ടുന്ന സ്ഥലങ്ങളിലേക്ക് ഞങ്ങൾ യാത്ര ചെയ്യാൻ ശ്രമിക്കാറുണ്ട്. 

English Summary: Memorable Travel Experience by Meera Anil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com