ADVERTISEMENT

ദുബായിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് ആകര്‍ഷണങ്ങളില്‍ ഒന്നായ ദുബായ് സഫാരി പാർക്കില്‍ നിന്നും ചിത്രം പങ്കുവച്ച് നടി ഐമ റോസ്മി സെബാസ്റ്റ്യന്‍. 2016- ൽ പുറത്തിറങ്ങിയ ‘ജേക്കബിന്‍റെ സ്വർഗരാജ്യം’ എന്ന ചിത്രത്തിലൂടെയാണ് ഐമ ആദ്യമായി വെള്ളിത്തിരയില്‍ മുഖം കാണിച്ചത്. 2018- ല്‍ കെവിന്‍ പോളുമായുള്ള വിവാഹശേഷം ഇപ്പോള്‍, ദുബായിലാണ്. ദുബായ് സഫാരി പാര്‍ക്കിലെ കാഴ്ചകൾ ആസ്വദിക്കുന്ന ചിത്രങ്ങളാണ് െഎമ ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്.

 

ഒരു പരിസ്ഥിതി സൗഹൃദ സഫാരി പാർക്കാണ് ദുബായ് സഫാരി പാര്‍ക്ക്. ഹത്ത റോഡിൽ അൽ വർഖ 5- ലാണ് പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. 250 ലധികം ഇനങ്ങളിൽ പെട്ട 2,500- ഓളം മൃഗങ്ങള്‍ നിറഞ്ഞ പാർക്കിന് 12.8 ദശലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുണ്ട്. ഈ പാര്‍ക്കിലേക്കുള്ള വൈദ്യുതി പ്രധാനമായും നിര്‍മിക്കുന്നത് സൗരോര്‍ജ്ജത്തില്‍ നിന്നാണ്.

 

2017 ഡിസംബർ 12- ന് ദുബായ് മൃഗശാലയുടെ 50-ാം വാർഷികത്തിലാണ് അത് ദുബായ് സഫാരി പാര്‍ക്ക് എന്ന പേരിലേക്ക് മാറ്റിയത്. ദുബായിലെ ടൂറിസം മേഖലയിലെ മുന്നേറ്റം കണക്കിലെടുത്താണ് മുനിസിപ്പാലിറ്റി ദുബായ് മൃഗശാല മാറ്റി പാര്‍ക്കാക്കിയത്. 40.8 മില്യൺ ഡോളര്‍ ചിലവിട്ടാണ് പദ്ധതി പൂര്‍ത്തീകരിച്ചത്.

 

വിനോദങ്ങള്‍ക്കായി എക്‌സ്‌പ്ലോറർ വില്ലേജ്, അറേബ്യൻ ഡെസേർട്ട് സഫാരി, ഏഷ്യൻ വില്ലേജ്, ആഫ്രിക്കൻ വില്ലേജ്, വാഡി വില്ലേജ് എന്നിങ്ങനെ അഞ്ച് പ്രധാന എരിയകള്‍ പാർക്കിലുണ്ട്. ജിറാഫുകൾ, സിംഹങ്ങൾ, കടുവകൾ എന്നിങ്ങനെയുള്ള മൃഗങ്ങളുമായി അടുത്തിടപഴകാനാവുന്ന ഒരു തുറന്ന പ്രദേശമാണ് എക്സ്പ്ലോറർ വില്ലേജ്.

 

 അറേബ്യൻ ഓറിക്‌സ് , ചെന്നായ എന്നിവയെ പോലെയുള്ള പ്രാദേശിക വന്യജീവികളെക്കുറിച്ച് പഠിക്കാന്‍ വേണ്ടിയുള്ളതാണ് 60,000 ചതുരശ്ര മീറ്ററിൽ പരന്നുകിടക്കുന്ന അറേബ്യൻ വില്ലേജ്. മാത്രമല്ല, പർവതങ്ങൾ , മരുഭൂമികൾ , പൂക്കൾ, ചെടികൾ എന്നിവയും ഈ ഏരിയയില്‍ ഉണ്ട്.

 

 കൊമോഡോ ഡ്രാഗണും ഇന്ത്യൻ ആനയും ഉൾപ്പെടെ ഏഷ്യയിൽ നിന്നുള്ള മൃഗങ്ങൾ വസിക്കുന്ന ഇടമാണ് ഏഷ്യന്‍ വില്ലേജ്. വെളുത്ത സിംഹം, ആഫ്രിക്കന്‍ വൈല്‍ഡ് ഡോഗ് എന്നിവയെല്ലാം ആഫ്രിക്കൻ വില്ലേജില്‍ ഉണ്ട്.

 

സഫാരിക്ക് ശേഷം സഞ്ചാരികള്‍ക്ക് വിശ്രമിക്കാന്‍ വാദി എന്നോരിടമുണ്ട്. ചെറിയ കുളങ്ങളും ജലാശയങ്ങളുമെല്ലാം ഇവിടെയുണ്ട്. കൂടാതെ കുട്ടികള്‍ക്കായി കിഡ്സ് ഫാം എന്നൊരു ഏരിയയും ഒരുക്കിയിട്ടുണ്ട്.

 

 ഏഷ്യൻ, ആഫ്രിക്കൻ, അറേബ്യൻ വില്ലേജുകൾ ഉൾപ്പെടെ പാർക്കിന്‍റെ ഓരോ പ്രദേശത്തേക്കും, നദിയുടെ തീരത്തുകൂടി സന്ദർശകരെ കൊണ്ടുപോകുന്ന ഹോപ്പ്-ഓൺ ഹോപ്പ്-ഓഫ് ബസ് സര്‍വീസ് ഇവിടെ പ്രവര്‍ത്തിക്കുന്നു.

 

 2018 മെയ് മാസത്തിൽ അറ്റകുറ്റപ്പണികള്‍ക്കും മറ്റുമായി അടച്ചുപൂട്ടിയ പാര്‍ക്ക് പിന്നീട് 28 മാസങ്ങൾക്ക് ശേഷം 2020 ഒക്ടോബര്‍ മാസത്തിലാണ് വീണ്ടും തുറന്നത്. പാർക്കിൽ സന്ദര്‍ശകര്‍ക്കായി ഭക്ഷണ-പാനീയ കിയോസ്‌കുകളും ഉയർന്ന നിലവാരമുള്ള ഭക്ഷണശാലകളും ഉണ്ട്.

 

ദിവസവും രാവിലെ 9 മുതൽ 5 മണി വരെ പാര്‍ക്ക് തുറന്നിരിക്കും. സന്ദര്‍ശകര്‍ ഓൺലൈൻ റിസർവേഷൻ ചെയ്യേണ്ടതുണ്ട്. പാർക്കിനെക്കുറിച്ചും മൃഗങ്ങളെക്കുറിച്ചും കൂടുതൽ വിവരങ്ങൾക്ക് www.dubaisafari.ae എന്ന വെബ്സൈറ്റ് സന്ദർശിക്കാം.

English Summary :Aima rosmy Shares pictures from Dubai Safari Park

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com