ADVERTISEMENT

‘ധമാക്ക’എന്ന സിനിമയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയിരിക്കുകയാണ് ബോളിവുഡ് നടന്‍ കാര്‍ത്തിക് ആര്യന്‍. ഹിറ്റ് തെലുങ്ക് ആക്ഷൻ ഡ്രാമ ചിത്രമായ അല വൈകുണ്ഠപുരമുലുവിന്‍റെ ഹിന്ദി റീമേക്കിന്റെ ചിത്രീകരണത്തിനായി മൗറീഷ്യസില്‍ എത്തിയിരിക്കുകയാണ് നടന്‍. ബീച്ചിൽ നിന്നുള്ള ശാന്തമായ ചിത്രവും കാര്‍ത്തിക് ആര്യന്‍ സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.‘ഹലോ ഫ്രം മൗറീഷ്യസ്’ എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. മൗറീഷ്യസിലെ ബീച്ചിലൂടെ നടക്കുന്ന നടനെ ഇതില്‍ കാണാം.

ഇന്ത്യക്കാര്‍ക്കിടയില്‍ മാലദ്വീപ് പോലെത്തന്നെ ഏറെ ജനപ്രിയമായ ഒരു ദ്വീപ് രാജ്യമാണ് ഇന്ത്യൻ മഹാസമുദ്രത്തില്‍ സ്ഥിതിചെയ്യുന്ന മൗറീഷ്യസ്. ഇന്ത്യൻ വംശജരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാണ് ഇവിടം. ജനസംഖ്യയിൽ എഴുപതു ശതമാനത്തോളം ഇന്ത്യൻ വംശജരാണ്. ഇപ്പോള്‍ കൂടുതൽ ഇന്ത്യൻ സന്ദർശകരെ ആകർഷിക്കുന്നതിനായി 'വേർ എല്‍സ് ബട്ട് മൗറീഷ്യസ്' എന്ന പേരില്‍ ഒരു കാംപെയ്ൻ മൗറീഷ്യസ് സര്‍ക്കാര്‍ തുടക്കം കുറിച്ചിട്ടുണ്ട്.

മനോഹരമായ ബീച്ചുകൾ, ടർക്കോയ്സ് നീലനിറമുള്ള തെളിഞ്ഞ കടൽജലം, പ്രകൃതിദത്ത തടാകങ്ങൾ, ആവേശകരമായ വൈവിധ്യമാർന്ന സമുദ്രജീവികൾ എന്നിവയെല്ലാമുള്ള മൗറീഷ്യസ് സഞ്ചാരികള്‍ക്കിടയില്‍ പോപ്പുലറാണ്. ഒപ്പം തന്നെ സാഹസിക പ്രേമികൾക്കായി സ്കൈ ഡൈവിങ്, ബൈക്കിങ്, സിപ്‌ലൈനിങ്, ട്രെക്കിംഗ്, പാരാഗ്ലൈഡിംഗ്, ഹെലികോപ്റ്റർ ആൻഡ് സീപ്ലെയിൻ യാത്രകൾ എന്നിങ്ങനെയുള്ള വിനോദങ്ങളും മൗറീഷ്യസ് വാഗ്ദാനം ചെയ്യുന്നു. ഭക്ഷണപ്രേമികൾക്കായി വൈവിധ്യമാർന്ന വിഭവങ്ങളും ഇവിടെയുണ്ട്.

പ്രാദേശിക സസ്യജന്തുജാലങ്ങളുടെ സമ്പത്ത് ഉൾക്കൊള്ളുന്ന നിരവധി പ്രകൃതിദത്ത പാർക്കുകളും വിനോദ പാർക്കുകളും മൗറീഷ്യസിലുണ്ട്. കൂടാതെ പൈതൃകവും സാംസ്കാരികവുമായ ടൂറുകൾ, ഗോൾഫ് എന്നിവയെല്ലാം ഒരുക്കുന്നു. 

ഏകദേശം 80 ലക്ഷം വർഷങ്ങൾക്കു മുമ്പുണ്ടായ അഗ്നിപർവ്വത സ്ഫോടനം വഴിയാണ് മൗറീഷ്യസ് ദ്വീപുകൾ ഉണ്ടായത്. മാസ്കെരേൻ ദ്വീപുകളുടെ ഭാഗമായ മൗറീഷ്യസില്‍ കഴിഞ്ഞ 10000 വര്‍ഷത്തിനിടയില്‍ ഒരു അഗ്നിപർവ്വത സ്ഫോടനവും രേഖപ്പെടുത്തിയിട്ടില്ല. ലോകത്തിൽ എറ്റവും ശുദ്ധമായ വായുവാണ് മൗറീഷ്യസിലേത്. ലോകാരോഗ്യസംഘടന പ്രസിദ്ധീകരിച്ച വായു ഗുണനിലവാര സുചികയിൽ മൗറീഷ്യസിന് രണ്ടാം സ്ഥാനമാണുള്ളത്.

English Summary: Kartik Aaryan Shares pictures from Mauritius

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com