ADVERTISEMENT

അതിസുന്ദരമായ യാത്രയിലാണ് ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹ ഇപ്പോള്‍. മാലദ്വീപിലെ റിസോര്‍ട്ടില്‍ നിന്നും മത്സ്യകന്യകയെപ്പോലെ തീരത്ത് ഇരിക്കുന്ന ചിത്രം സൊനാക്ഷി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. വെള്ളയും നീലയും കോമ്പിനേഷനില്‍, കടലിനും ആകാശത്തിനും ചേരുന്ന വസ്ത്രമണിഞ്ഞുള്ള ഈ ചിത്രങ്ങളില്‍ സൊനാക്ഷി അതിമനോഹരിയാണ്.

‘മാലദ്വീപുമായുള്ള എന്‍റെ പ്രണയബന്ധം ഓരോ യാത്രയിലും കൂടുതൽ ശക്തമാവുകയാണ്.’ എന്നു സൊനാക്ഷി ഈ ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്. താരം താമസിക്കുന്ന വക്കാരു മാലദ്വീപ് റിസോര്‍ട്ടില്‍ നിന്നുള്ള ദൃശ്യങ്ങളുടെ വിഡിയോയും ഇതോടൊപ്പം പങ്കുവച്ചിട്ടുണ്ട്.

ഹിന്ദി ചലച്ചിത്രനടൻ ശത്രുഘ്നൻ സിൻഹയുടേയും, പൂനം സിൻഹയുടേയും പുത്രിയാണ് സൊനാക്ഷി. ഒരു കോസ്റ്റ്യൂം ഡിസൈനറെന്ന നിലയിൽ കരിയര്‍ ആരംഭിച്ച സൊനാക്ഷി സിൻഹ, 2010-ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ദബാംഗ് എന്ന ചിത്രത്തില്‍ സൽമാൻ ഖാനോടൊപ്പം പ്രത്യക്ഷപ്പെട്ടുകൊണ്ടാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രത്തിലെ അഭിനയത്തിന് ഏറ്റവും മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ അവാർഡ് നടിക്ക് ലഭിച്ചിരുന്നു. ഇപ്പോഴും ഏറെ തിരക്കുകള്‍ക്കിടയിലും യാത്രകള്‍ക്കായി സൊനാക്ഷി സമയം കണ്ടെത്തുന്നു.

വക്കാരു മാലദ്വീപ് റിസോര്‍ട്ട്

യുനെസ്കോ ബയോസ്ഫിയർ റിസർവായ ബാ അറ്റോളിലാണ് വക്കാരു മാലദ്വീപ് റിസോര്‍ട്ട് സ്ഥിതിചെയ്യുന്നത്. അതുല്യമായ ജൈവവൈവിധ്യവും മനോഹരമായ സമുദ്രക്കാഴ്ചകളും പഞ്ചാരമണല്‍ വിരിച്ച വൃത്തിയുള്ള തിളങ്ങും തീരങ്ങളുമെല്ലാമുള്ള ഈ സുന്ദരദ്വീപ്‌ നിരവധി സെലിബ്രിറ്റികളെ ആകര്‍ഷിക്കുന്നു. മാലെ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും 30 മിനിറ്റ് സീപ്ലെയിൻ യാത്ര ചെയ്താണ് ഇവിടേക്ക് എത്തുന്നത്.  

പൂർണമായും വളർന്ന 2,300-ലധികം തെങ്ങുകൾ നിറഞ്ഞ ഈ ദ്വീപിൽ 113 ആഡംബര വില്ലകളും സ്യൂട്ടുകളും, അഞ്ച് റെസ്റ്റോറന്റുകളും, രണ്ട് ബാറുകളും, ഒരു വൈൻ നിലവറയും ഒരു ഓവർ-ദി-വാട്ടർ മെറാന സ്പായും ഉണ്ട്. കൂടാതെ സ്പ്ലാഷ് വാട്ടർ സ്പോർട്സ് ആൻഡ് ഡൈവ് സെന്റർ, സ്പോർട്സ് ഫീൽഡ്സ്, 12 വയസ്സിന് താഴെയുള്ള കുട്ടികൾക്കുള്ള പാരറ്റ്ഫിഷ് ക്ലബ്, കൗമാരക്കാർക്കുള്ള 24/7 കോക്കനട്ട് ക്ലബ്, ഓവർവാട്ടർ ജിംനേഷ്യം എന്നിവയും ആകർഷകമായ അനുഭവമാണ് സഞ്ചാരികള്‍ക്ക് നല്‍കുന്നത്.

സീപ്ലെയിൻ ടെർമിനലിലെ വക്കാരു മാലിദ്വീപ് സ്വകാര്യ ലോഞ്ചിലേക്ക് സഞ്ചാരികളെ കാറിൽ കൊണ്ടുപോകാനുള്ള സൗകര്യം റിസോര്‍ട്ട് ഒരുക്കിയിട്ടുണ്ട്. കോംപ്ലിമെന്ററി ലഘു പാനീയങ്ങളും ലഘുഭക്ഷണങ്ങളും വൈഫൈയും ആസ്വദിച്ചുകൊണ്ട് ഇവിടെ വിശ്രമിക്കാം.

ലോഞ്ചിൽ എത്തി രണ്ട് മണിക്കൂറിനുള്ളിൽ റിസോർട്ട് ട്രാൻസ്ഫർ നടത്തും. അതിഥികളെ അവരുടെ ഷെഡ്യൂൾ ചെയ്ത രാജ്യാന്തര ഫ്ലൈറ്റ് പുറപ്പെടൽ സമയത്തിന് കുറഞ്ഞത് മൂന്ന് മണിക്കൂർ മുൻപ് എങ്കിലും മാലെ വിമാനത്താവളത്തില്‍ എത്തിക്കും.

പകൽ സമയങ്ങളിൽ മാത്രമാണ് ദ്വീപിലേക്ക് സീപ്ലെയിന്‍ സര്‍വീസ് ഉള്ളത്. വക്കാരു മാലദ്വീപിലേക്കുള്ള സീപ്ലെയിന്‍ യാത്ര ബുക്ക് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കാൻ കുറഞ്ഞത് 72 മണിക്കൂർ മുമ്പെങ്കിലും യാത്രക്കാരുടെ രാജ്യാന്തര വിമാനത്തിന്‍റെ വരവ്, പുറപ്പെടൽ വിശദാംശങ്ങൾ റിസോര്‍ട്ടുകാര്‍ക്ക് നല്‍കണം.

English Summary: Sonakshi Sinha Shares Gorgeous pictures from Maldives

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com