റിപ്പബ്ലിക് ഓഫ് ഫിജിയിലെ ഏറ്റവും വലിയ ദ്വീപായ വിറ്റി ലെവുവിലെ ബാ ഹൈലാൻഡിലുള്ള ഒരു ഗ്രാമമാണ് നവാല വില്ലേജ്. അവസാനത്തെ പരമ്പരാഗത ഫിജിയൻ ഗ്രാമമായി അറിയപ്പെടുന്ന, നവാലയില്‍ ഏകദേശം 220 വീടുകളുണ്ട്. പ്രകൃതിദത്ത വിഭവങ്ങളായ മുളയും പുല്ലും കൊണ്ടാണ് അവ നിർമിച്ചിരിക്കുന്നത്. ബ്യൂറുകൾ എന്നു വിളിക്കപ്പെടുന്ന ഈ വീടുകള്‍ എല്ലാം ഒരേ ആകൃതിയും വലുപ്പവും ഉള്ളതാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. സഞ്ചാരികളും ലോകമെമ്പാടുമുള്ള ഫോട്ടോഗ്രാഫര്‍മാര്‍ ഇവിടേക്ക് ഒഴുകിയെത്താറുണ്ട്.
ഏകദേശം ഇരുനൂറു വര്‍ഷത്തോളം പഴക്കമുണ്ട് നവാലയ്ക്ക്. ലോകത്തില്‍ തന്നെ, വാസ്തുവിദ്യാപരമായി തികച്ചും പരമ്പരാഗതമായി ഇന്നും നിലനിൽക്കുന്ന ചുരുക്കം ചില വാസസ്ഥലങ്ങളിൽ ഒന്നാണിത്. ഗ്രാമം മുഴുവനും മൂന്ന് സെറ്റിൽമെന്റുകളായി ഭാഗിച്ചിരിക്കുന്നു. ഈ വീടുകളില്‍ ഒന്നിലും വൈദ്യുതിയും ടെലിഫോൺ സംവിധാനവുമില്ല. കൃഷി, മീന്‍പിടിത്തം, വേട്ടയാടല്‍ എന്നിവയെ ആശ്രയിച്ചാണ് ജീവിതം.
ഗ്രാമം ചുറ്റി കാണാം
ചെറിയൊരു ഫീ നല്‍കിയാല്‍ ഗ്രാമവാസികള്‍ തന്നെ ടൂറിസ്റ്റുകളെ ഗ്രാമം ചുറ്റിക്കാണിക്കാന്‍ കൊണ്ടുപോകും. അതിഥികളെ സ്വാഗതം ചെയ്യുന്ന സേവുസേവു എന്ന ചടങ്ങോടെയാണ് ഇവര്‍ അതിഥികളെ സ്വാഗതം ചെയ്യുന്നത്. ഒപ്പം കാവ എന്നൊരു ചടങ്ങും ഉണ്ട്. അതിനു ശേഷം ഗ്രാമത്തിലേക്ക് ഇറങ്ങാം. പ്രാദേശിക ജീവിതത്തെക്കുറിച്ച് ആഴത്തില്‍ പഠിക്കാന്‍ ഈ യാത്ര ഉപകാരപ്പെടും. വളരെ സല്‍ക്കാര പ്രിയരായതിനാല്‍ പ്രാദേശിക ഫിജിയൻ വിഭവങ്ങളും പഴങ്ങളുമെല്ലാം വയറു നിറയെ നല്‍കിയ ശേഷം മാത്രമേ ഇവര്‍ അതിഥികളെ പറഞ്ഞു വിടാറുള്ളൂ.

നവംബർ മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിലാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. അധികം തിരക്കില്ലാതെ പോയി വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഫെബ്രുവരി മുതൽ ഏപ്രിൽ വരെയാണ് നല്ലത്.
നവാല ഗ്രാമത്തിന് ചുറ്റും പർവതങ്ങളാണ്. ഗ്രാമത്തിന് ചുറ്റുമായി ഒരു നദി ഒഴുകുന്നുണ്ട്. ബാ എന്നാണ് ഈ നദിയുടെ പേര്. നദിയില്‍ ഇടയ്ക്കിടെ വെള്ളപ്പൊക്കമുണ്ടാകുമ്പോള്‍ ഗ്രാമം ചുറ്റുമുള്ള പ്രദേശങ്ങളില്‍ നിന്ന് ഒറ്റപ്പെടുന്നു. ഇപ്പോഴും പുറംലോകത്തിന്‍റെ രീതികളും വികസനവുമൊന്നും നവാലയിലേക്ക് എത്താത്തതിന് അതും ഒരു കാരണമാണ്.
ഗ്രാമത്തില്‍ താമസിക്കുന്ന ആളുകൾ എല്ലാവരും തുല്യരാണ് എന്ന ആശയമാണ് ഈ വീടുകള്‍ പ്രതീകവല്‍ക്കരിക്കുന്നത്. നവാലയെ തികച്ചും സവിശേഷമാക്കി നിലനിര്‍ത്തുന്നതും അവരുടെ ഈ സമഭാവനയാണ്. നവാലയില്‍ എല്ലാ ബ്യൂറുകളിലും ഒരു ലോഹ പോസ്റ്റുണ്ട്. ഫിജിയിലെ സംസ്കാരപ്രകാരം നേതാക്കന്മാരുടെ വീട്ടിലാണ് ബൗസ് എന്നറിയപ്പെടുന്ന ഇത്തരം പോസ്റ്റുകള്‍ കൂടുതലും സ്ഥാപിക്കുന്നത്. നവാലയില്‍ എല്ലാവരും സമന്മാരാണ് എന്നൊരു എന്നതിനാല്‍ എല്ലാ വീടുകളിലും ഈ പോസ്റ്റ് സ്ഥാപിച്ചിരിക്കുന്നു.
English Summary: Navala Village Tour in Fiji