ADVERTISEMENT

മഞ്ഞുകാലമാകുമ്പോള്‍, ഐസ് ഫിഷിങ് എന്നറിയപ്പെടുന്ന മഞ്ഞിലെ മീന്‍പിടിത്തം യുഎസില്‍ പലയിടത്തും സാധാരണമാണ്. ഇത് അവിടുത്തെ വളരെ പ്രധാനപ്പെട്ട ഒരു ശൈത്യകാല വിനോദം കൂടിയാണ്. നോർത്ത് ഡെക്കോഡയിലെ ഡെവിൾസ് തടാകം, മിനസോഡയിലെ റെഡ് ലേക്ക്, കലിഫോർണിയയിലെ സിൽവർ ലേക്ക്, അലാസ്കയിലുള്ള ബിർച്ച്, ക്വാർട്സ് തടാകങ്ങൾ, സുപ്പീരിയർ തടാകത്തിനും മിഷിഗൻ തടാകത്തിനും അടുത്തായി സ്ഥിതിചെയ്യുന്ന ഗോഗെബിക് തടാകം, വെർമോണ്ടിലെ ലേക്ക് ചാംപ്ലെയിൻ, റോക്കി പർവതനിരകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ആന്ററോ റിസർവോയർ എന്നിവയെല്ലാം ഐസ് ഫിഷിങ്ങിന് പ്രസിദ്ധമാണ്. 

ice-fishing12

കടലിലോ കായലിലോ കുളത്തിലോ ഒക്കെ മീന്‍ പിടിക്കുന്നതുപോലെ ഐസ് പാളികള്‍ക്കിടയില്‍ മീന്‍ പിടിക്കുന്ന രീതിയാണ് ഐസ് ഫിഷിങ്. യൂറോപ്പിലും സഞ്ചാരികള്‍ക്കിടയില്‍ വളരെയേറെ പ്രചാരം നേടിയ ഒരു വിനോദമാണിത്. തടാകങ്ങള്‍ തണുത്തുറയുന്ന ശൈത്യ കാലത്ത് ഐസ് ഫിഷിങ്ങിനായി മാത്രം എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം വര്‍ഷംതോറും കൂടിവരികയാണ്.

സാധാരണയായി ഡിസംബര്‍ മധ്യത്തില്‍ ശൈത്യകാലം തുടങ്ങുമ്പോള്‍ത്തന്നെ തടാകത്തില്‍ മഞ്ഞുറയും. മഞ്ഞുകാലം കഴിഞ്ഞാലും അല്‍പം വൈകി മാത്രമേ തടാകത്തിലെ ഐസുരുകൂ. ഏകദേശം മാര്‍ച്ച് കഴിയണം ഐസ് പൂര്‍ണമായും ജലമായി മാറാന്‍. അതുകൊണ്ടുതന്നെ കൂടുതല്‍ കാലത്തേക്ക് ഈ വിനോദം ആസ്വദിക്കാനും സഞ്ചാരികള്‍ക്ക് അവസരം ലഭിക്കുന്നു. 

കാഴ്ചക്കാരെ അദ്ഭുതപ്പെടുത്തുന്ന ഒരു മീൻപിടുത്ത വിഡിയോയാണ് ഇപ്പോൾ സോഷ്യല്‍ മിഡിയയില്‍ വൈറലാകുന്നത്. 

തീർത്തും വ്യത്യസ്തമായ ശൈലിയിൽ മത്സ്യബന്ധനം നടത്തുന്ന രണ്ടുപേരാണ് വിഡിയോയിലുള്ളത്. കുളം കലക്കി മീന്‍ പിടിക്കുക എന്നൊക്കെ നമ്മള്‍ കേട്ടിട്ടേയുള്ളൂ, അങ്ങനെയൊരു കാഴ്ചയാണ് ഈ വിഡിയോയില്‍. മഞ്ഞു മൂടിയ ഒരു പ്രദേശമാണ് ഇതില്‍. മഞ്ഞു നീക്കി ചെറിയ ഒരു കുഴി കുഴിച്ചിട്ടുണ്ട്, അതിനുള്ളില്‍ ഉറയാത്ത വെള്ളമാണ്. കണ്ടാല്‍ ഒരു കൊച്ചുകുളം പോലെ തോന്നും.

ice-fishing1

വിഡിയോയില്‍ കാണുന്ന രണ്ടുപേരില്‍ ഒരാള്‍ കയ്യിലുള്ള ബക്കറ്റ് കൊണ്ട് ഈ വെള്ളത്തില്‍ ആഞ്ഞടിക്കുന്നു. മറ്റെയാള്‍ ഉടന്‍ തന്നെ ചെറിയ വല ഉപയോഗിച്ച് വെള്ളം പുറത്തേക്ക് കോരിയൊഴിക്കുന്നു. അപ്പോള്‍ പുറത്തേക്ക് വരുന്നതാകട്ടെ, നിറയെ പിടയ്ക്കുന്ന മീനുകളും. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഈ വിഡിയോ നിരവധിപ്പേര്‍ ഇതിനോടകം തന്നെ ഷെയര്‍ ചെയ്തിട്ടുണ്ട്.

English Summary: Ice Fishing, catching fish through the Ice

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com