ADVERTISEMENT

സിംഗപ്പൂരിലെ ബുദ്ധ ടൂത്ത് റിലിക് ടെമ്പിൾ സന്ദർശനം മറക്കാനാവാത്ത അനുഭവമാണ് സമ്മാനിക്കുക. ഒരു പല്ലിന് ചുറ്റുമായി കെട്ടി ഉയര്‍ത്തിയ അഞ്ച് നില ക്ഷേത്രം അതാണ്  ബുദ്ധ ടൂത്ത് റിലിക് ടെംപിള്‍. ബുദ്ധന്റെ പല്ലാണെന്ന വിശ്വാസമാണ് ഈ പല്ലിന് അസാധാരണ പ്രാധാന്യം ലഭിച്ചതിന് പിന്നില്‍. 2007ല്‍ നിര്‍മിച്ച ഈ ക്ഷേത്രം സിംഗപ്പൂരില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെത്തുന്ന ആരാധനാലയങ്ങളിലൊന്നാണ്. 

ഈ ബുദ്ധ ക്ഷേത്രത്തോട് അനുബന്ധിച്ച് ഒരു മ്യൂസിയവും സജ്ജമാക്കിയിട്ടുണ്ട്. സിംഗപൂരിലെ ചൈന ടൗണ്‍ ജില്ലയിലാണ് ബുദ്ധ ടൂത്ത് റിലിക് ടെംപിള്‍ സ്ഥിതി ചെയ്യുന്നത്. ചൈനീസ് ബുദ്ധിസത്തിന്റെ പിന്‍തുടര്‍ച്ചക്കാരാണ് ഈ ആരാധനാലയം നിര്‍മിച്ചതും ആരാധിച്ചുവരുന്നതും. 

buddha-tooth-relic-temple1
Contributor/shutterstock

ചൈനയിലെ താങ് രാജവംശത്തിന്റെ കാലത്തെ ചൈനീസ് ബുദ്ധിസ്റ്റ് നിര്‍മാണ ശൈലിയിലാണ് ഈ ആരാധനാലയം പണിതുയർത്തിയിരിക്കുന്നത്. ബുദ്ധന്റെ സ്തൂപത്തില്‍ നിന്നാണ് ഈ പല്ല് ലഭിച്ചതെന്നാണ് അവകാശപ്പെടുന്നത്. ഏതാണ്ട് 7.5 സെന്റിമീറ്ററെന്ന അസാധാരണ വലുപ്പവും ഈ പല്ലിനുണ്ട്. കെട്ടിടത്തിന്റെ നാലാം നിലയിലാണ് 'ബുദ്ധന്റെ പല്ല്' സൂക്ഷിച്ചിരിക്കുന്നത്. 

മ്യൂസിയം കാഴ്ചകളിലേക്ക്

മൂന്നാം നിലയിലാണ് ബുദ്ധിസ്റ്റ് സാംസ്‌ക്കാരിക മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ബുദ്ധകാലഘട്ടത്തിലെ സ്മാരകങ്ങളും, കരകൗശല വസ്തുക്കളും ചിത്രങ്ങളുമെല്ലാം ഇവിടെയുണ്ട്. നാലാം നിലയില്‍ സൂക്ഷിച്ചിരിക്കുന്ന ബുദ്ധന്റെ പല്ല് ഏതാണ്ട് 320 കിലോഗ്രാം വരുന്ന സ്വര്‍ണ സ്തൂപത്തിന് മുകളിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. ഏറ്റവും മുകള്‍ നിലയിലെ പൂന്തോട്ടവും പതിനായിരം ബുദ്ധ പ്രാര്‍ഥനാ ചക്രങ്ങളും മറ്റൊരു കാഴ്ചയാണ്. 

ചൈനാ ടൗണിന്റെ ഹൃദയഭാഗത്തായതുകൊണ്ടുതന്നെ ഈ ബുദ്ധ ക്ഷേത്രം കണ്ടുപിടിക്കാനോ എത്തിപ്പെടാനോ സന്ദര്‍ശകര്‍ക്ക് ബുദ്ധിമുട്ടില്ല. ചൈന ടൗണ്‍ തന്നെയാണ് ഏറ്റവും അടുത്തുള്ള സബ്‌വേ സ്‌റ്റേഷന്‍. തെലോക് അയര്‍ സബ്‌വേ സ്‌റ്റേഷനില്‍ നിന്നും അഞ്ച് മിനുറ്റ് നടക്കാനുള്ള ദൂരമേയുള്ളൂ ഇവിടേക്ക്. 

buddha-tooth-relic-temple2
Nattee Chalermtiragool/shutterstock

ചൈന ടൗണും കാഴ്ചകളും

ആരാധനാലയത്തിലേക്ക് രാവിലെ ഏഴ് മുതല്‍ രാത്രി ഏഴു വരെയാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഇടദിവസങ്ങളില്‍ രാവിലെ വരികയാണെങ്കില്‍ തിരക്കില്ലാതെ ഈ ബുദ്ധ ആരാധനാലയം സന്ദര്‍ശിക്കാം. ഈ ബുദ്ധ ആരാധനാലയത്തിനൊപ്പം സിംഗപ്പൂരിലെ വലിയ നഗരങ്ങളിലൊന്നായ ചൈന ടൗണും സന്ദര്‍ശകര്‍ക്ക് ആസ്വദിക്കാം.

പരമ്പരാഗത കടകളും, മാര്‍ക്കറ്റുകളും, ഭക്ഷണങ്ങളും ആരാധനാലയങ്ങളുമെല്ലാം സന്ദര്‍ശകരെ കാത്തിരിക്കുന്നു. ചൈനടൗണ്‍ ഹെറിറ്റേജ് സെന്ററും രാത്രി ചന്തയും മാക്‌സ്‌വെല്‍ റോഡ് ഹോക്കര്‍ സെന്റര്‍ പോലുള്ള ഭക്ഷണപ്രിയരുടെ കേന്ദ്രങ്ങളും സ്മിത്ത് സ്ട്രീറ്റിലെ തെരുവു ഭക്ഷണവുമെല്ലാം സന്ദര്‍ശകര്‍ക്ക് പുതു അനുഭവം സമ്മാനിക്കും.

English Summary: Buddha Tooth Relic Temple And Museum in Singapore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com