ഇന്ത്യക്കകത്തും വിദേശത്തുമായി യാത്രകൾ നടത്തി അവധിക്കാലം ആഘോഷമാക്കുകയാണ് സെലിബ്രിറ്റികളടക്കം മിക്കവരും. യാത്രയുടെ നിരവധി ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ മലയാളികളുടെ പ്രിയതാരം കനിഹ യാത്രയിലാണ്. തുര്‍ക്കിയുടെ ചരിത്രം പറയുന്ന ഇസ്തംബുളിലേക്ക് എത്തിയിരിക്കുകയാണ് കനിഹ. 'ചരിത്രം പഠിക്കുന്നു., ഇപ്പോൾ ഇസ്തംബുളിലെ ഒരു വിനോദസഞ്ചാരിയാണ്' കനിഹ പങ്കുവച്ച ചിത്രത്തിന് താഴെ ഇങ്ങനെ കുറിച്ചിട്ടുണ്ട്.
തുർക്കിയിലെ രണ്ടാം ദിവസം എന്നു കുറിച്ചുകൊണ്ട് മറ്റൊരു ചിത്രവും ആരാധകർക്കായി സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. നീല ഫ്രോക്ക് അണിഞ്ഞുകൊണ്ട് ഹാഗിയ സോഫിയ ഗ്രാൻഡ് മോസ്ക്കിൽ നിൽക്കുന്ന ചിത്രമാണ് ഏറ്റവും പുതിയതായി പോസ്റ്റ് ചെയ്തിരിക്കുന്നത്. യുനെസ്‌കോ പൈതൃക സ്മാരക പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ളതാണ് ഹാഗിയ സോഫിയ ഗ്രാൻഡ് മോസ്ക്.
ലോകത്തിലെ വാസ്തുവിദ്യാ വിസ്മയങ്ങളിലൊന്ന്
ഇസ്താംബൂളിൽ നിരവധി പ്രധാനപ്പെട്ട സ്മാരകങ്ങളുണ്ടെങ്കിലും ബിസി 537-ൽ ദേവാലയമായിരുന്നതും ഇപ്പോൾ ലോകപ്രസിദ്ധമായ മ്യൂസിയവുമായ ഹാഗിയാ സോഫിയ കാണാതെ ഇസ്തംബൂൾ യാത്ര പൂർത്തികരിക്കാനാകില്ല. തുർക്കിയുടെ നൂതന വാസ്തുവിദ്യാ ചാതുര്യം, സമ്പന്നമായ ചരിത്രം, മതപരമായ പ്രാധാന്യം, അസാധാരണമായ സൗന്ദര്യം എന്നിവ ശരിക്കും മനസിലാക്കണമെങ്കിൽ ഹാഗിയ സോഫിയ ഗ്രാൻഡ് മോസ്ക്കിൽ എത്തണം.

ക്രിസ്ത്യൻ പള്ളിയായാണ് ഹാഗിയ സോഫിയ ഗ്രാൻഡ് മോസ്ക് നിർമിക്കപ്പെട്ടത്. ഓട്ടൊമൻ ആധിപത്യത്തെത്തുടർന്ന് 1453-ൽ ഇതൊരു മുസ്‌ലിം പള്ളിയായും, 1935-ൽ മ്യൂസിയമായും മാറ്റി. 1931-ൽ പുറത്തിറങ്ങിയ ലോകാദ്ഭുതങ്ങളുടെ പട്ടികയിലും ഈ കെട്ടിടം ഇടം പിടിച്ചിരുന്നു. ഇന്ന് ഇതൊരു മുസ്ലിം പള്ളിയാണ്. ലോകത്തിലെ വാസ്തുവിദ്യാ വിസ്മയങ്ങളിലൊന്നായ ഇവിടം ഇന്ന് രാജ്യത്തെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രമാണ്. നിരവധിപേരാണ് ഇവിടെ എത്തിച്ചേരുന്നത്.
ൈവരുദ്ധ്യങ്ങളുടെ നാട്
വളരെ വൃത്തിയുള്ള നാടാണ് തുർക്കി. പഴമയും പുതുമയും ഒത്തുചേരുന്ന കാഴ്ചകളുമായാണ് തുർക്കിയിലെ പ്രധാന നഗരമായ ഇസ്താംബുൾ സഞ്ചാരികളെ സ്വീകരിക്കുക. പേർഷ്യൻ വാസ്തു വിദ്യയുടെയും യൂറോപ്യൻ നിർമാണകലയുടെയും സങ്കലനമായ നിരവധി കൊട്ടാരകെട്ടുകളും പള്ളികളും ഇവിടെയുണ്ട്. ഏഷ്യാഭൂഖണ്ഡത്തെയും യൂറോപ്യൻ ഭൂഖണ്ഡത്തെയും ബന്ധിപ്പിക്കുന്ന, കിലോമീറ്ററുകളോളം നീണ്ടു കിടക്കുന്ന ബോസ്‌ഫോറസ് പാലം സഞ്ചാരികളിൽ ആശ്ചര്യമുണർത്തും.

ഹഗിയ സോഫിയ, സുൽത്താൻ അഹമ്മദ് പള്ളി, ഗ്രാൻഡ് ബസാർ, തോത്കാപി മ്യൂസിയം തുടങ്ങി പ്രശസ്തമായ ചരിത്രമുറങ്ങുന്ന നിർമിതികളും സുന്ദര കാഴ്ചകളും ഇസ്താംപൂളിൽ കാണാവുന്നതാണ്. നഗരത്തിന്റെ മനോഹാരിത നിർവചിക്കുന്നത് സ്മാരകങ്ങൾ മാത്രമല്ല, ജീവിതം പൂർണമായും ആസ്വദിക്കുന്ന ഇവിടുത്തെ സന്തോഷമുള്ള ആളുകളുമാണ്. ഇവിടുത്തെ ആളുകൾ ബന്ധങ്ങളെ അമൂല്യമാക്കുകയും പാരമ്പര്യങ്ങളും ആധുനികതയും പിന്തുടരുകയും ചെയ്യുന്നു.
English Summary: Kaniha Shares Travel pictures from Istanbul