ADVERTISEMENT

ഐ.പി.എല്ലിന്റെ ഭാഗമായി രണ്ട് മാസത്തോളം ബയോ ബബിളില്‍ കഴിഞ്ഞ ശേഷമുള്ള ചെറു അവധിക്കാലം ആസ്വദിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയും കുടുംബവും. ബീച്ച് സൗന്ദര്യം ആവോളം ആസ്വദിക്കാവുന്ന മാലദ്വീപിലേക്കാണ് ഇക്കുറി കുടുംബവുമായി രോഹിത് പറന്നിരിക്കുന്നത്. ഒരു രാത്രിക്ക് 2.65 ലക്ഷം രൂപ വരുന്ന സൊനേവ ജാനി എന്ന ആഡംബര പഞ്ചനക്ഷത്ര വില്ലയിലാണ് രോഹിത്തിന്റേയും കുടുംബത്തിന്റേയും താമസം.

ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം ജൂണ്‍ ഒൻപതിന് തുടങ്ങാനിരിക്കുകയാണ്. ക്രിക്കറ്റിന്റെ തിരക്കുകളിലേക്ക് മടങ്ങും മുമ്പ് കുടുംബത്തിനൊപ്പം ചെലവഴിക്കാന്‍ ലഭിച്ച അവധിക്കാലം പരമാവധി ആസ്വദിക്കുകയാണ് രോഹിത്ത് ശര്‍മ. മാലദ്വീപില്‍ അവധിക്കാലം ആസ്വദിക്കുന്ന ചിത്രങ്ങള്‍ രോഹിത് ശര്‍മ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. 

വെള്ളത്തില്‍ സജ്ജീകരിച്ച ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ട് സിനിമ കാണുന്നതിന്റെ ചിത്രങ്ങളും രോഹിത്ത് പങ്കുവച്ചിട്ടുണ്ട്. ബോളിവുഡ് താരം ഷഹീദ് കപൂറും ഭാര്യ മിറ ഖാനും നേരത്തെ മാലദ്വീപില്‍ ഇതേ റിസോര്‍ട്ടിലേക്ക് പോയിരുന്നു. പ്രകൃതിയോട് ചേര്‍ന്നുപോവുന്ന സുസ്ഥിരമായതും എല്ലാ ആഡംബര സൗകര്യങ്ങളുമുള്ളതുമായ റിസോര്‍ട്ടാണ് സൊനേവയെന്നാണ് അവരുടെ ഔദ്യോഗിക വെബ് സൈറ്റ് പറയുന്നത്.

മാലദ്വീപിന്റെ ഏറ്റവും വലിയ സമ്പത്ത് മനോഹരമായ തീരവും സമുദ്രവുമാണ്. ഇത് പരമാവധിയില്‍ ആഡംബര സൗകര്യങ്ങളോടെ ആസ്വദിക്കാവുന്ന സൗകര്യങ്ങളാണ് അതിഥികള്‍ക്കായി സൊനേവ ഒരുക്കിയിട്ടുള്ളത്. നേരിട്ട് കടലിലേക്ക് ഇറങ്ങി ചെല്ലാവുന്ന പടികളുള്ള റിസോര്‍ട്ടുകളും ആഡംബര വില്ലകളും സൊനേവയിലുണ്ട്.

ദമ്പതികളും ചെറു കുടുംബങ്ങളും തുടങ്ങി 12 പേരുടെ സംഘത്തിന് പാര്‍ട്ടി ചെയ്യാവുന്ന എല്ലാ സൗകര്യങ്ങള്‍ അതിഥികള്‍ക്കായി സൊനേവ ഒരുക്കിയിട്ടുണ്ട്. ഒരു രാത്രി സൊനേവയില്‍ തങ്ങുന്നതിന്റെ ചെലവ് 1.43 ലക്ഷം രൂപ മുതല്‍ 2.7 ലക്ഷം രൂപ വരെയാണ്. കൂടുതല്‍ പേരുള്ള സംഘമാണെങ്കില്‍ നിങ്ങള്‍ക്ക് ഒന്നിലേറെ കിടപ്പുമുറികളും വലിയ നീന്തല്‍കുളവും സ്വകാര്യ ബീച്ചുമുള്ള വില്ലകള്‍ എടുക്കാനാകും. ഇവിടെ ഒരു രാത്രി തങ്ങാന്‍ 15 ലക്ഷം രൂപയാണ് സൊനേവ ഈടാക്കുന്നത്.

മാലദ്വീപിലെ ഏറ്റവും വലിയ വ്യവസായമാണ് കാല്‍ലക്ഷത്തോളം പേര്‍ക്ക് ജോലി നല്‍കുന്ന വിനോദസഞ്ചാര മേഖല. തരിശായി കിടന്നിരുന്ന മാലദ്വീപിലെ ഒരു ദ്വീപാണ് ഇവര്‍ ആ‍ഡംബര സൗകര്യങ്ങളുള്ള ആഗോള വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റിയത്. അവരുടെ പരസ്യവാചകത്തില്‍ പറയുംപോലെ ഓരോ സഞ്ചാരിക്കും ജീവിതകാലം മുഴുവന്‍ ഓര്‍മ്മകളില്‍ തങ്ങിനില്‍ക്കുന്ന അപൂര്‍വ്വ അനുഭവം സമ്മാനിക്കാന്‍ കഴിയുന്ന സൗകര്യങ്ങളൊരുക്കിയാണ് സൊനേവ സഞ്ചാരികളെ കാത്തിരിക്കുന്നത്.

English Summary: Rohit Sharma and Ritika Sajdeh Sharma’s luxurious villa in the Maldives

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com