ADVERTISEMENT

ലണ്ടനിലെ പ്രശസ്തമായ റോയൽ മ്യൂസിയത്തില്‍ നിന്നുമുള്ള വിഡിയോ പങ്കുവച്ച് സംവിധായകനും തിരക്കഥാകൃത്തും നിർമാതാവുമായ ജീത്തു ജോസഫ്. ഇന്‍സ്റ്റഗ്രാമിലാണ് വിഡിയോ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ലണ്ടനിൽ ഷൂട്ട് ചെയ്യാനിരിക്കുന്ന മോഹൻലാൽ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം റാമിന്റെ ലൊക്കേഷൻ തേടിയുള്ള യാത്രയാണ് സംവിധായകൻ റോയൽ മ്യൂസിയത്തില്‍ എത്തിയത് എന്നാണ് കരുതുന്നത്.

ലണ്ടനിലെ ഗ്രീൻവിച്ചിലുള്ള നാലു മ്യൂസിയങ്ങൾ ഉൾക്കൊള്ളുന്ന റോയൽ മ്യൂസിയം ലോക പ്രശസ്തമാണ്. നാഷണൽ മാരിടൈം മ്യൂസിയം, ക്വീൻസ് ഹൗസ്, കട്ടി സാർക്ക്, റോയൽ ഒബ്സർവേറ്ററി എന്നിവയാണ് ഇവിടുത്തെ നാലു മ്യൂസിയങ്ങള്‍.

തെക്ക് കിഴക്കൻ ലണ്ടനിൽ, തെംസ് നദിക്ക് അഭിമുഖമായി സ്ഥിതിചെയ്യുന്ന റോയൽ ഒബ്‌സർവേറ്ററിയിലൂടെയാണ് 0 ഡിഗ്രി രേഖാംശ രേഖ കടന്നുപോകുന്നത്. പ്രൈം മെറിഡിയന്‍റെയും ഗ്രീൻവിച്ച് സമയത്തിന്‍റെയും ആസ്ഥാനമായാണ് ഒബ്‌സർവേറ്ററി അറിയപ്പെടുന്നത്. 1675- ൽ ചാൾസ് രണ്ടാമൻ രാജാവാണ് ഇത് കമ്മീഷന്‍ ചെയ്തത്. ഇവിടെ നടന്നിരുന്ന ശാസ്ത്രീയ പ്രവർത്തനങ്ങൾ 20- ാം നൂറ്റാണ്ടിന്‍റെ ആദ്യ പകുതിയിൽ ഇവിടെനിന്നു മാറ്റി. ഒബ്‌സർവേറ്ററി ഇപ്പോൾ ഒരു മ്യൂസിയമായി പരിപാലിക്കപ്പെടുന്നു.

മാരിടൈം ഗ്രീൻവിച്ച് വേൾഡ് ഹെറിറ്റേജ് സൈറ്റിന്‍റെ ഭാഗമായ നാഷണൽ മാരിടൈം മ്യൂസിയം(NMM) സമുദ്രലോകത്തെ രഹസ്യങ്ങള്‍ സഞ്ചാരികള്‍ക്കു മുന്നില്‍ തുറന്നിടുന്നു. ഇവിടേക്ക് പ്രവേശനം സൗജന്യമാണ്. എന്നാല്‍ ഇവിടെ നടത്തുന്ന മിക്ക എക്സിബിഷനുകൾക്കും ചാര്‍ജ് ഉണ്ട്.

1616 നും 1635 നും ഇടയിൽ ഗ്രീൻ‌വിച്ച് കൊട്ടാരത്തിന് സമീപം നിർമിച്ച മുൻ രാജകീയ വസതിയാണ് ക്വീൻസ് ഹൗസ്. ഗ്രീൻവിച്ചിലെ ട്യൂഡർ കൊട്ടാരത്തിന്‍റെ അനുബന്ധമായാണ് ഇത് നിർമിച്ചത്. ക്ലാസിക്കല്‍ വാസ്തുവിദ്യയുടെ ഉത്തമ ഉദാഹരണമായ ഈ മനോഹര കെട്ടിടം, വ്യത്യസ്ത ശൈലികളുടെ മിശ്രണമായാണ് വിലയിരുത്തുന്നത്. കൊട്ടാരം ഇപ്പോൾ നാഷണൽ മാരിടൈം മ്യൂസിയത്തിന്‍റെ ഭാഗമാണ്, സമുദ്ര ചിത്രങ്ങളുടെയും പോർട്രെയ്‌റ്റുകളുടെയും വലിയ ശേഖരം ഇവിടെയുണ്ട്.

ജോക്ക് വില്ലിസ് ഷിപ്പിങ് ലൈനിനായി 1869-ൽ സ്‌കോട്ട്‌ലൻഡിലെ ഡംബാർട്ടണിലെ ലെവൻ നദിയിൽ നിർമിച്ച ഒരു ബ്രിട്ടീഷ് ക്ലിപ്പർ കപ്പലാണ് കട്ടി സാർക്ക്. ചൈനയിൽ നിന്ന് ലണ്ടനിലേക്കുള്ള ചായ വ്യാപാരത്തിനായിരുന്നു കട്ടി സാർക്ക് നിര്‍മിച്ചത്. 1953-ൽ കപ്പല്‍, കട്ടി സാർക്ക് പ്രിസർവേഷൻ സൊസൈറ്റിക്ക് നൽകപ്പെട്ടു. 1954-ൽ ഗ്രീൻവിച്ചിലെ ഡ്രൈ ഡോക്കിലേക്ക് മാറ്റുകയായിരുന്നു. ഇപ്പോള്‍ ഇതും റോയല്‍ മ്യൂസിയത്തിന്‍റെ ഭാഗമാണ്. ‍‍

English Summary: Jeethu Joseph Shares Travel Video from London

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com