ജെല്ലിഫിഷിനൊപ്പം ഡൈവിങ്; പരിനീതിയുടെ ഇന്തൊനീഷ്യന്‍ യാത്ര

Parineeti-Chopra1
SHARE

ഇന്തൊനീഷ്യയില്‍ നിന്നും യാത്രാചിത്രങ്ങള്‍ പങ്കുവച്ച് ബോളിവുഡ് നടി പരിനീതി ചോപ്ര. ഡൈവിങ് സ്യൂട്ടണിഞ്ഞ്, ബോട്ടിന് മുകളില്‍ ഇരിക്കുന്ന ചിത്രമാണ് പരിനീതി പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. 

ഇന്തൊനീഷ്യയിലെ കലിമന്തൻ പ്രവിശ്യയുടെ കിഴക്കൻ തീരത്ത്, 774 ഹെക്ടർ ജനവാസമില്ലാത്ത ഭൂപ്രദേശം ഉൾക്കൊള്ളുന്ന, പവിഴ അറ്റോളായ കകബൻ ദ്വീപില്‍ നിന്നാണ് പരിനീതി ഈ ഫോട്ടോ പോസ്റ്റ്‌ ചെയ്തിട്ടുള്ളത്. സങ്കലാക്കി, മറാതുവ , ഡെറവാൻ എന്നിവ ഉൾപ്പെടുന്ന ഡെറവാൻ ദ്വീപസമൂഹത്തിൽ പെടുന്ന 31 ദ്വീപുകളിൽ ഒന്നാണ് കകബൻ ദ്വീപ്. 

കകബൻ എന്നാൽ പ്രാദേശിക ഭാഷയിൽ "ആലിംഗനം" എന്നാണ് അർത്ഥമാക്കുന്നത്. ദ്വീപിന്‍റെ മധ്യത്തിലുള്ള വലിയ ഉപ്പുവെള്ള തടാകമാണ് ഇവിടുത്തെ ഏറ്റവും വലിയ സവിശേഷത. ചുറ്റും പരന്നുകിടക്കുന്ന കടലില്‍ നിന്നും, തടാകത്തെ കെട്ടിപ്പിടിച്ചു നില്‍ക്കുന്നതു പോലുള്ള ദ്വീപിന്‍റെ ഘടനയാണ് അതിനു ഈ പേര് വരാന്‍ കാരണം. 

ദ്വീപിന്‍റെ ഏകദേശം മൂന്നിൽ രണ്ട് ഭാഗവും ഉൾക്കൊള്ളുന്ന ഈ തടാകത്തില്‍ നിറയെ സമൃദ്ധമായ കണ്ടല്‍ക്കാടുകളുണ്ട്. മാത്രമല്ല, ആയിരക്കണക്കിന് ജെല്ലിഫിഷുകളും തടാകത്തിനുള്ളിലുണ്ട്. സാധാരണയായി ജെല്ലിഫിഷ്‌ എന്നു കേള്‍ക്കുമ്പോഴേ, അപകടകാരിയായ ഒരു കടല്‍ജീവി എന്നാണ് മനസ്സില്‍ വരിക. കുത്തിയാല്‍ തീര്‍ന്നതുതന്നെ, ചൊറിച്ചിലും വേദനയും കാരണം പിന്നീട് വെള്ളത്തില്‍ ഇറങ്ങാനുള്ള ആഗ്രഹം തന്നെ പോയിക്കിട്ടും!.

എന്നാല്‍ കകബന്‍ ദ്വീപിലെ ഈ തടാകത്തിലുള്ള ജെല്ലിഫിഷുകള്‍ പാവത്താന്‍മാരാണ്. ഇവ മനുഷ്യരെ കടിക്കില്ല. അതുകൊണ്ടുതന്നെ ജെല്ലിഫിഷുകള്‍ക്കൊപ്പം നീന്താനുള്ള അവസരം ഇവിടെ സഞ്ചാരികള്‍ക്ക് ലഭിക്കുന്നു. സുതാര്യമായ ശരീരമുള്ള ഔറേലിയ ഓറിറ്റ , വിരൽത്തുമ്പിന്‍റെ വലുപ്പമുള്ള ട്രിപെഡാലിയ സിസ്റ്റോഫോറ, പച്ച- തവിട്ട് നിറത്തിലുള്ള ബൾബ് പോലെയുള്ള മാസ്റ്റിഗിയാസ് പപ്പുവ, നിവർന്നുനിൽക്കുന്ന ടെന്റക്കിളുകളുള്ളതും തലകീഴായി നിൽക്കുന്നതുമായ കാസിയോപ്പിയ ഓർനാറ്റ എന്നിവയാണ് ഇവിടെ കാണപ്പെടുന്ന ജെല്ലിഫിഷ് ഇനങ്ങള്‍. ഈ തടാകത്തില്‍ കൂടാതെ ഭൂമിയില്‍ മറ്റൊരിടത്ത് കൂടി മാത്രമേ ഇത്തരം നിരുപദ്രവകാരികളായ ജെല്ലിഫിഷുകള്‍ കാണപ്പെടുന്നുള്ളൂ; മൈക്രോനേഷ്യയിലെ പലാവുവിലാണത്. 

ജെല്ലിഫിഷുകൾ കൂടാതെ മറ്റു നിരവധി ഇനം പ്രാദേശിക സമുദ്രജീവികളും തടാകത്തിലുണ്ട്. അടിഭാഗം പച്ച ആൽഗകളാൽ മൂടപ്പെട്ടിരിക്കുന്നു. കടൽ വെള്ളരികൾ , ഗോബികൾ , കടൽ അനിമോണുകൾ, ട്യൂണിക്കേറ്റുകൾ, ക്രസ്റ്റേഷ്യനുകൾ, ന്യൂഡിബ്രാഞ്ചുകൾ, ഓറഞ്ച് പർപ്പിൾ ക്ലാമുകൾ, വിവിധതരം കടല്‍പാമ്പുകൾ എന്നിവയുൾപ്പെടെയുള്ള കടലിനടിയിലെ ജീവിലോകം അടുത്തുകാണാം.

ഏകദേശം പതിനേഴു മീറ്ററോളം ആഴമാണ് തടാകത്തിനുള്ളത്. ചൂടുള്ള ഉപ്പുവെള്ളമാണ് തടാകത്തില്‍ നിറയെ. തടാകം കൂടാതെ, ബാരാക്കുഡ പോയിന്‍റ്, ബ്ലൂ ലൈറ്റ് ഗുഹ എന്നിവയും ഇവിടുത്തെ മറ്റുചില ആകര്‍ഷണങ്ങളാണ്. കകബൻ തടാകം സർക്കാർ പ്രകൃതി സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിക്കുകയും ലോക പൈതൃക മേഖലയായി നാമനിർദ്ദേശം ചെയ്യുകയും ചെയ്തിട്ടുണ്ട്.

English Summary: Parineeti Chopra is enjoying scuba diving in Indonesia

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA