ADVERTISEMENT

‘‘പെണ്ണുങ്ങളായാൽ തന്റേടം വേണം, എന്നാൽ തന്റേടി ആകരുത്. ഏത് പ്രതിസന്ധികളെയും ഒറ്റയ്ക്കു നേരിടാനുള്ള ചങ്കൂറ്റമാണു വേണ്ടത്. നമ്മളെ പ്രൊട്ടക്ട് ചെയ്യാൻ നമ്മള്‍ മാത്രമേയുള്ളൂ എന്ന ചിന്തയാണ് ഒാരോ പെണ്ണിനെയും മുന്നോട്ടു നയിക്കുന്ന ഉൗർജം.’’ ഒറ്റയ്ക്കുള്ള യാത്രകളെ പ്രണയിക്കുന്ന മലയാളികളുടെ പ്രിയങ്കരിയായ ലിയോണ ലിഷോയുടെ വാക്കുകളാണിവ. യാത്രകളെ പ്രണയിക്കുന്ന ലിയോണ തന്റെ അനുഭവങ്ങളും സ്വപ്ന ഇടങ്ങളും മനോരമ ഒാൺലൈൻ വായനക്കാരുമായി പങ്കുവയ്ക്കുന്നു. 

leona-lishoy9

∙ ‘ട്വൽത് മാനി’ൽ തന്റേടിയായി, സിഗററ്റ് പുകയൂതിയിരിക്കുന്ന കഥാപാത്രമാണ് ലിയോണയുടേത്. ഒറ്റയ്ക്ക് ജീവിക്കുന്ന ആളാണ് സിനിമയിൽ. കേരളത്തിൽ ഒറ്റയ്ക്ക് ഒരു പെൺകുട്ടിക്ക് യാത്ര ചെയ്യണമെങ്കിൽ അത്തരത്തിൽ കുറച്ച് തന്റേടം വേണോ?

leona-lishoy1

തന്റേടം വേണം എന്നുതന്നെയാണ് എന്റെ അഭിപ്രായം. ആരെയും കൂസാതെ പാതിരാത്രിയിൽ റോഡിലൂടെ ഏതു പെണ്ണിനാണ് ധൈര്യത്തോടെ സഞ്ചരിക്കാൻ സാധിക്കുന്നത്? സദാചാരവാദികളടക്കം തുറിച്ചുനോട്ടവുമായി പിന്നാലെയെത്തും. രാത്രിയാത്ര അരുത് എന്നാണ് മിക്ക പെണ്‍കുട്ടികളും കേൾക്കേണ്ടി വരുന്നത്. ഇന്ന് സമൂഹത്തില്‍ നേരിടുന്ന പ്രധാന പ്രശ്നം സുരക്ഷിതത്വമാണ്. 

leona-lishoy3

യാത്രാമോഹങ്ങൾ ഉള്ളിലൊതുക്കി കഴിയുന്ന ഒരുപാട് പേരുണ്ട്. കെട്ടുപാടുകളിൽനിന്ന് വേർപെട്ട് സ്വതന്ത്രമായി സഞ്ചരിക്കണം. ഭൂമിയിലെ കാഴ്ചകൾ സ്ത്രീയ്ക്കും പുരുഷനും ഒരുപോലെ കാണാനും അനുഭവിക്കാനുമുള്ളതാണ്. ആളുകളുടെ ചിന്താഗതി മാറിയാലേ സമൂഹം മാറുകയുള്ളൂ, സുരക്ഷിതമായി എവിടേയ്ക്കും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യമാണ് സ്ത്രീകൾക്കു വേണ്ടത്.

leona-lishoy-travel3

∙ 2012 ൽ പുറത്തിറങ്ങിയ ‘കലികാല’മാണല്ലോ ലിയോണയുടെ ആദ്യ ചിത്രം. സിനിമയിൽ ഒരു പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു. സിനിമയുടെ ഭാഗമായി യാത്ര ചെയ്തതു കൊണ്ടു മാത്രം കാണാൻ ഭാഗ്യം ലഭിച്ച ഒരിടമുണ്ടാകില്ലേ? അതേതായിരിക്കും? 

leona-lishoy6

എന്റെ ആദ്യ സിനിമ കലികാലം ആയിരുന്നു. നിർഭാഗ്യവശാൽ അത് പുറത്തിറങ്ങിയില്ല. പക്ഷേ ആ സിനിമയ്ക്ക് വേണ്ടിയുള്ള ഷൂട്ടിങ് ലൊക്കേഷനുകൾ ഒരിക്കലും മറക്കാനാവില്ല. കേരളത്തിലെ മിക്ക കാടുകളും ലൊക്കേഷനായിട്ടുണ്ടായിരുന്നു. കാടിന്റെ ഉൾഭാഗത്തൊക്കെ ഷൂട്ട് ഉണ്ടായിരുന്നു. മലകളും കാഴ്ചകളുമൊക്കെ കണ്ടുള്ള ട്രെക്കിങ് ചെയ്യാനായി ആ സിനിമയിലൂടെ. നേര്യമംഗലം കാടിന്റെ കാഴ്ചകളുമൊക്കെ ഒരുപാട് ഇഷ്ടമായി. ജീവിതത്തിൽ ഒരിക്കലെങ്കിലും എത്തിച്ചേരാൻ പറ്റുമോ എന്ന ചിന്തിച്ചയിടങ്ങളിലേക്ക് ആദ്യ സിനിമ കാരണം യാത്ര ചെയ്യാൻ സാധിച്ചു. എനിക്ക് പ്രകൃതിയോട് ചേർന്ന യാത്രകളാണ് എപ്പോഴും പ്രിയം. 

leona-lishoy-travel2

ഏറ്റവും പുതിയ സിനിമയായ ട്വൽത് മാന്റെ ഷൂട്ടിങ് ലൊക്കേഷനും പ്രകൃതിയോട് ഇണങ്ങിച്ചേർന്നതായിരുന്നു. കുളമാവ് ഗ്രീന്‍ബര്‍ഗ് ഹോളിഡേ റിസോർട്ടായിരുന്നു. എനിക്ക് ഒരുപാട് ഇഷ്ടമായി ആ സ്ഥലവും കാഴ്ചകളുമൊക്കെ. ഭയങ്കര പീസ്ഫുള്ളായ ഒരിടം. കോടയിൽ പൊതിഞ്ഞ കാഴ്ചകളും മലമടക്കുകളും തണുപ്പും സൂപ്പറായിരുന്നു.

leona-lishoy4

∙ ലിയോണയുടെ അച്ഛനും നടനാണ്. സിനിമയ്ക്കു വേണ്ടി ഏറെ സഞ്ചരിച്ചിട്ടുള്ളയാൾ. അച്ഛനോടൊപ്പം സിനിമയുടെ ഭാഗമായി എപ്പോഴെങ്കിലും സഞ്ചരിച്ചിട്ടുണ്ടോ? എങ്കിൽ ഏതാണ് പ്രിയപ്പെട്ട യാത്ര?

leona-lishoy-travel

അച്ഛന്റെയൊപ്പം അങ്ങനെ ഒരുപാട് യാത്രകൾ നടത്തിയിട്ടില്ല. കുട്ടിക്കാലത്ത് അച്ഛനോടൊപ്പം സീരിയൽ ഷൂട്ടിനായി ഒരുപാട് സ്ഥലങ്ങളിലേക്ക് പോയിട്ടുണ്ട്. ഒരിക്കൽ കുട്ടിക്കാനത്ത് പോയിട്ടുണ്ട്. ആദ്യമായാണ് ആ സ്ഥലം കാണുന്നത്. മഞ്ഞും മലയുമൊക്കെ ഇത്രയും ആസ്വദിക്കുന്നതും ആ യാത്രയിലായിരുന്നു.

∙ ‘മായാനദി’യിൽ ചേട്ടൻ പറയുന്നതിന് അപ്പുറത്തേക്ക് പോകാത്ത ആളാണ് ലിയോണയുടെ കഥാപാത്രം. യാത്രകളുടെ കാര്യത്തിൽ ശരിക്കും അങ്ങനെയാണോ? വീട്ടുകാർ പോകേണ്ട എന്നു പറഞ്ഞാൽ പോകില്ലേ?

leona-lishoy

അങ്ങനെയല്ല. പഠിക്കുന്ന കാലത്ത് കൂട്ടുകാരോടൊത്ത് ട്രിപ്പിന് പോകാനൊന്നും വീട്ടിൽനിന്നു വിടാറില്ലായിരുന്നു. അന്ന് വീട്ടുകാർക്ക് ടെൻഷനായിരുന്നു. ഒറ്റയ്ക്കുള്ള യാത്രകൾ അനുവദിച്ചിരുന്നില്ല. എന്നാൽ ഇന്ന് ഫുൾ ഫ്രീഡമാണ്. ഷൂട്ടിങ് യാത്രകളൊക്കെ ഒരു ട്രിപ്പായിത്തന്നെ ഞാൻ എൻജോയ് ചെയ്യും.

∙ഒറ്റയ്ക്ക് പോകാൻ ആഗ്രഹിക്കുന്ന ഒരിടമുണ്ടെങ്കിൽ അതേതാകും?

leona-lishoy-travel4

സോളോട്രിപ്പ് എനിക്കിഷ്ടമാണ്. പക്ഷേ ഇതുവരെ അങ്ങനെ പോയിട്ടില്ല. സുഹൃത്തുക്കളെ കാണാൻ പോകുന്നതല്ലാതെ യാത്രയായി എങ്ങും ഒറ്റയ്ക്ക് പോയിട്ടില്ല. പിന്നെ ഇസ്തംബുളിൽ പോകാൻ ആഗ്രഹമുണ്ട്. സോളോട്രിപ്പിന് പറ്റിയയിടമാണ് ഇസ്തംബുള്‍ എന്ന് എവിടെയോ ഞാൻ വായിച്ചിട്ടുണ്ട്. അന്ന് മനസ്സിൽ കയറിയതാണ് ആ നാടിന്റെ മനോഹാരിതയിലേക്ക് സഞ്ചരിക്കണം എന്നത്. വിഡിയോയും ചിത്രങ്ങളും കണ്ടപ്പോൾ ആ നാടിനോടുള്ള പ്രണയം ഇരട്ടിച്ചു.

∙ ജീവിതത്തിൽ ഏറ്റവും പ്രിയപ്പെട്ട ഒരാളോടൊപ്പം പോകാന്‍ ആഗ്രഹിക്കുന്ന ഒരിടമുണ്ടെങ്കിൽ അതെവിടെയാകും?

leona-lishoy5

യാത്രകൾ ഒരുപാട് ഇഷ്ടമുള്ളതിനാൽ എവിടേക്കു പോകുവാനും ഞാനൊരുക്കമാണ്. പക്ഷേ പ്രത്യേകിച്ച് ഒരു സ്ഥലം എന്നില്ല. തണുപ്പുള്ള സ്ഥലങ്ങളാണ് എനിക്കിഷ്ടം. യൂറോപ്പിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹമുണ്ട്. ഇന്ത്യയിൽ സിക്കിം ഡാർജിലിങ്, മണാലി, ലേ ലഡാക്ക് തുടങ്ങിയവ പോകാൻ താൽപര്യമുള്ളയിടമാണ്.

leona-lishoy8

∙ ‘മുതിർന്നു കഴിയുമ്പോൾ ഞാനിവിടെ തീർച്ചയായും പോകും’ എന്ന് കുട്ടിക്കാലത്ത് സ്വപ്നം കണ്ട ഒരിടമുണ്ടോ?

മഞ്ഞിൽ പൊതിഞ്ഞ മണാലി യാത്ര പണ്ടു മുതലുള്ള മോഹമാണ്. അവിടം സന്ദർശിച്ചിട്ടുണ്ട്. ഹിമാചലിൽ പോയിട്ടുണ്ടെങ്കിലും മറ്റു ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിലേക്ക് പോകാൻ സാധിച്ചിട്ടില്ല. അവസരം വന്നുച്ചേർന്നാൽ അവിടെയൊക്കെ പോകണം.

∙ സെലിബ്രിറ്റികൾക്ക് പലപ്പോഴും സ്വസ്ഥമായൊന്നു പുറത്തേക്കിറങ്ങാൻ പോലും പറ്റാറില്ല. സെലിബ്രിറ്റി ആയതുകൊണ്ട് അത്തരത്തിൽ എന്തെങ്കിലും ബുദ്ധിമുട്ട് വന്നിട്ടുണ്ടോ? അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട് പങ്കുവയ്ക്കാൻ ഒരു രസകരമായ അനുഭവം?

leona-lishoy-travel1

യാത്രകൾ എപ്പോഴും എനിക്ക് റിലാക്സേഷനാണ്. കുറച്ച് അഡ്വഞ്ചർ, കാഴ്ചകൾ, മല, മഞ്ഞ് തണുപ്പ്, നല്ല താമസയിടം ഇതൊക്കെ നോക്കിയാണ് ഞാൻ സ്ഥലങ്ങൾ തിരഞ്ഞെടുക്കുന്നത്. കേരളത്തിലൂടെ യാത്ര ചെയ്യുമ്പോൾ ഞാൻ എപ്പോഴും കോണ്‍ഷ്യസാണ്. കേരളത്തിന് പുറത്താണെങ്കിൽ ആർക്കുമറിയില്ല എന്നും ചിന്തിക്കാറുണ്ട്. എന്നുകരുതി ബുദ്ധിമുട്ടായി എനിക്ക് തോന്നിയിട്ടില്ല. കോവിഡ് വന്നതിനുശേഷം മാസ്ക് നിർബന്ധമാക്കിയതോടെ പുറത്തിറങ്ങുമ്പോൾ ആരും തിരിച്ചറിയുന്നില്ല. ചില സന്ദർഭങ്ങളിൽ മാസ്ക് ആശ്വാസമായി തോന്നാറുണ്ട്. 

എന്നെപ്പോലും ഞെട്ടിച്ച ഒരു സംഭവം ഉണ്ടായിട്ടുണ്ട്. കണ്ണുകൾ കണ്ട് മാത്രം എന്നെ തിരിച്ചറിഞ്ഞവരുണ്ട്. സത്യത്തിൽ അദ്ഭുതമായി തോന്നി. ഒരിക്കൽ ആക്ടിങ് വർക്ക്ഷോപ്പിന്റെ ഭാഗമായി മുംബൈയിൽ പോയിരുന്നു. അവിടെ വച്ച് ഒരു ഹിന്ദിക്കാരൻ എന്നോട് പറഞ്ഞു, മായാനദി കണ്ടു അടിപൊളിയായിരുന്നുവെന്ന്. സത്യത്തിൽ ഞാൻ വണ്ടറടിച്ചുപോയി. ഹിന്ദിക്കാരൻ എങ്ങനെ മായാനദി കണ്ടു, അതുമല്ല എന്നെ എങ്ങനെ തിരിച്ചറിഞ്ഞു എന്നായിരുന്നു. അപ്പോ ഞാൻ ചിന്തിച്ചു ഞാൻ സിനിമാ നടിയാണല്ലോ എന്ന്. സന്തോഷം തോന്നിയ നിമിഷമായിരുന്നു.

leona-lishoy7

∙ഒപ്പം യാത്ര ചെയ്യാൻ മലയാള സിനിമയിൽനിന്ന് ഒരാളെ തിരഞ്ഞെടുക്കാൻ ചെയ്യാൻ ആവശ്യപ്പെട്ടാൽ ആരെയായിരിക്കും സിലക്ട് ചെയ്യുക? 

എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളോടൊപ്പം യാത്ര ചെയ്യാനാണ് എനിക്കേറെ ഇഷ്ടം. റോഷൻ മാത്യൂ, ശ്രുതി, ദർശന, ശാന്തി ഇവരിൽ ആരായാലും ഞാൻ ഒാകെയാണ്. എന്നെ ഞാനായി അറിയാവുന്ന അത്രയും ക്ലോസായുള്ള ഫ്രണ്ട്സാണ് ഇവർ. സിനിമാ സുഹൃത്ത് എന്നുള്ളതല്ല. ഇവരുമായി നല്ല ബന്ധമാണ്.

കാറ്റ് കടൽ അതിരുകൾ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി മക്ലിയോഗഞ്ചിൽ പോയിരുന്നു. അതിമനോഹരമായ സ്ഥലമായിരുന്നു. ഞാനും അനു മോഹനും ഷൂട്ടിനു മുമ്പ് അതിരാവിലെ തണുപ്പത്ത് നടക്കാൻ പോകും. ദിവസവും പല റൂട്ടിലേക്കായിരുന്നു പോയിരുന്നത്. അങ്ങനെ ആ സ്ഥലത്തെ കാഴ്ചകൾ എക്സ്പ്ലോർ ചെയ്യാൻ സാധിച്ചു.

∙ സ്വപ്ന യാത്ര?

യാത്രകളോടുള്ള പ്രണയം എന്നെ ലോകം ചുറ്റിക്കാണാനാണ് പ്രേരിപ്പിക്കുന്നത്. ഭൂമിയിൽ കാണേണ്ട ഇടങ്ങൾ കാണണം അനുഭവിക്കണം. എന്നാലും. യൂറോപ്യൻ കൺട്രീസ് കാണണം എന്നത് വലിയ ആഗ്രഹമാണ്. അവസരം കിട്ടിയാൽ ഇൗ ലോകത്തിലെ മുഴുവൻ കാഴ്ചകളും കാണണം.

English Summary: Celebrity Travel ,Most Memorable travel experience by Leona Lishoy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com