ഇറ്റലിയിലെ ‘അഹല്യ’; കല്ലായി മാറിയ ലാ ബെര്‍ട്ടയുടെ കഥ

la-berta
vvoe/shutterstock
SHARE

നവോത്ഥാനത്തിന്‍റെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന നഗരമാണ് ഇറ്റലിയിലെ ഫ്ലോറന്‍സ്. കലയുടെയും സംസ്കാരത്തിന്‍റെയും വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിച്ച മധ്യകാലഘട്ടം മുതൽ, നഗരത്തിന്‍റെ രാവുകള്‍ക്കും പകലുകള്‍ക്കും മൂകസാക്ഷിയായി നില്‍ക്കുന്ന ഒരു ശില്‍പമുണ്ട് ഇവിടെ. കാലങ്ങളായി, കഥയേത് കാമ്പേതെന്നറിയാത്ത ഒട്ടനേകം ഐതിഹ്യങ്ങളുടെയും വിശ്വാസങ്ങളുടെയും നിഴലില്‍, നഗരത്തെ നോക്കിനില്‍ക്കുന്ന ഒരു സ്ത്രീശിരസ്സാണ് ഈ ശില്‍പം. 

ഫ്ലോറന്‍സിന്‍റെ ചരിത്രകേന്ദ്രമായ കത്തീഡ്രലില്‍ നിന്നും അധികം അകലെയല്ല സാന്താ മരിയ മാഗിയോർ ചർച്ച്. സഞ്ചാരികള്‍ക്കായി ഫ്ലോറന്‍സ് വാഗ്ദാനം ചെയ്യുന്ന അദ്ഭുതക്കാഴ്ചകളില്‍ ഒന്നുമാത്രമാണിത്. യൂറോപ്പിനെ ഇരുണ്ട യുഗത്തിൽ നിന്നും കരകയറ്റിയ ഇറ്റാലിയൻ നവോത്ഥാനത്തിന്‍റെ അലയൊലികള്‍ ഈ നഗരത്തില്‍ വീശുന്ന കാറ്റില്‍ ഇന്നുപോലും നിറഞ്ഞുനില്‍ക്കുന്നുണ്ട്. കൊട്ടാരങ്ങളും പള്ളികളും മ്യൂസിയങ്ങളും കൗതുകം നിറയ്ക്കുന്ന ഘടനകളുമെല്ലാമായി അവ സഞ്ചാരികളുടെ കണ്ണിനും കാതിനും വിരുന്നൊരുക്കുന്നു. ഇവയെല്ലാം കണ്ടുതീരാനും മനസ്സിലാക്കാനും വര്‍ഷങ്ങള്‍ തന്നെയെടുക്കും.  

"ലാ ബെർട്ട" എന്ന് വിളിക്കപ്പെടുന്ന, ശരീരമില്ലാത്ത ശിരസ്സ്

ഐതിഹ്യമനുസരിച്ച്, "ലാ ബെർട്ട" എന്ന് വിളിക്കപ്പെടുന്ന, ശരീരമില്ലാത്ത ഈ ശിരസ്സ് ഫ്ലോറൻസിലെ സാന്താ മരിയ മഗ്ഗിയോർ പള്ളിയുടെ മണി ഗോപുരത്തിന്‍റെ മുകൾ ഭാഗത്ത് ഇഷ്ടികകൾക്കിടയിലായി, പുറംചുവരിലാണ് ഉള്ളത്. എങ്ങനെയാണ് ഇത്തരമൊരു രൂപം ഈ ചുവരില്‍ ഉണ്ടായത് എന്ന കാര്യത്തെക്കുറിച്ച് ആര്‍ക്കും വ്യക്തമായ ധാരണയില്ല. എന്നാല്‍ ഇതേക്കുറിച്ച് നിരവധി സിദ്ധാന്തങ്ങള്‍ തദ്ദേശീയർക്കിടയില്‍ പ്രചരിക്കുന്നുണ്ട്. 

1327- ല്‍ ഭാവി രാജ്ഞിയായ 'ജിയോവന്ന ലാ പാസ'യോട് മോശമായി സംസാരിച്ച ജ്യോതിഷിയായ സെക്കോ ഡി അസ്കോളി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. അദ്ദേഹത്തെ തീകൊളുത്തി കൊല്ലാന്‍ രാജ്ഞി ആജ്ഞാപിച്ചു. നഗരത്തെരുവില്‍ വച്ച് തീ കൊളുത്തുന്ന കാഴ്ച കാണാനായി ആളുകള്‍ മട്ടുപ്പാവുകളില്‍ തയാറായി നിന്നു. 

സെക്കോ ഡി അസ്കോളിയേയും കൊണ്ട് രാജഭടന്മാര്‍ സാന്താ മരിയ മഗ്ഗിയോർ പള്ളിക്ക് മുന്നിലെത്തിയപ്പോള്‍ അദ്ദേഹത്തിന് അതിയായ ദാഹം അനുഭവപ്പെട്ടു. പള്ളിഗോപുരത്തിനു മുകളില്‍ നിന്ന് താഴേക്ക് നോക്കിക്കൊണ്ടിരുന്ന ബെര്‍ട്ട എന്ന സ്ത്രീയോട്, തനിക്ക് അല്‍പം കുടിവെള്ളം തരാന്‍ ആംഗ്യം കാണിച്ചു. വെള്ളം നല്‍കാന്‍ തുനിഞ്ഞ ഭടന്മാരെ ബെര്‍ട്ട തടഞ്ഞു. വെള്ളം ഉപയോഗിച്ച് പിശാചുമായി ആശയവിനിമയം നടത്താൻ കഴിയുന്ന ഒരു ആൽക്കെമിസ്റ്റാണ് സെക്കോയെന്നു ബെര്‍ട്ട ആരോപിച്ചു. രോഷാകുലനായ സെക്കോ, ബെർട്ടയെ ശപിച്ചു. ഇനിയൊരിക്കലും അനങ്ങാനാവാത്ത വിധത്തില്‍ അവള്‍ ഒരു കല്ലായിപ്പോകട്ടെയെന്നായിരുന്നത്രേ ശാപം. അന്ന് കല്ലായിപ്പോയ ബെര്‍ട്ടയാണ് ഈ ശില്‍പം എന്ന് നാട്ടുകാര്‍ കരുതുന്നു.

ഈ രൂപത്തിന് പിന്നിൽ പ്രായോഗിക ബുദ്ധിക്ക് നിരക്കുന്ന രീതിയിലുള്ള വിശദീകരണങ്ങളും ഉണ്ട്. നഗരകവാടങ്ങൾ തുറക്കുമ്പോഴും അടയ്ക്കുമ്പോഴുമെല്ലാം മുഴങ്ങാനുള്ള മണി, പള്ളിക്ക് സംഭാവന ചെയ്ത പച്ചക്കറി വ്യാപാരിയുടെ സ്മാരകമാണ് തലയെന്ന് ഒരു സിദ്ധാന്തം പറയുന്നു. മധ്യകാലഘട്ടത്തിൽ, ഇത്തരം ശില്‍പ്പങ്ങള്‍ അലങ്കാരമായി ഉപയോഗിക്കുന്നത് ഒരു പതിവായിരുന്നുവെന്ന് ചരിത്രകാരന്മാരും അവകാശപ്പെടുന്നു.

English Summary: Visit La Berta Church of Santa Maria Maggiore Florence, Italy

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS