ADVERTISEMENT

ദുബായിലെ ഏറ്റവും ഉയരമുള്ള ക്രെയിനിൽ, 1280 അടിയിലധികം ഉയരത്തില്‍നിന്ന് തൂങ്ങിക്കിടന്ന് യുവാവ്. ഒരു കൈകൊണ്ട് തൂങ്ങി നിന്ന്, മറ്റേ കൈ കൊണ്ട് ആ ദൃശ്യം റെക്കോർഡും ചെയ്തു!

 

ഇരുപത്തൊന്നുകാരനായ ആദം ലോക്ക്‌വുഡ് എന്ന ബ്രിട്ടിഷ് യുവാവാണ് ഈ സാഹസികത കൊണ്ട് കാഴ്ചക്കാരുടെ നെഞ്ചിടിപ്പേറ്റിയത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയുടെ തൊട്ടടുത്തുള്ളതും 77 നിലകളുള്ള റസിഡൻഷ്യൽ അംബരചുംബിയുമായ ഇൽ പ്രിമോയുടെ മുകളിൽ ക്രെയിനിൽ നിന്നാണ് യുവാവ് മരണത്തെ വെല്ലുവിളിക്കുന്ന ഈ പ്രകടനം നടത്തിയത്. കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം.

 

ഉയരത്തിൽനിന്ന് ഇയാള്‍ മനോഹരമായ ദുബായ് സ്കൈലൈനിന്‍റെ ദൃശ്യം മൊബൈലില്‍ പകര്‍ത്തി. ആദം കയറിയ ക്രെയിനിനു പിന്നിൽ ബുർജ് ഖലീഫ ഉയർന്നു നിൽക്കുന്നതും കാണാം.

 

ഒരു ജോലിക്കാരനായി വേഷം കെട്ടി ഉള്ളിൽ കടന്ന ആദം നിറയെ ഗ്രീസില്‍ മുങ്ങി, നന്നായി വഴുക്കുന്ന കമ്പികളിലൂടെയാണ് പിടിച്ചുകയറി മുകളില്‍ എത്തിയത്. വീണിരുന്നെങ്കില്‍ ഒന്‍പത് സെക്കന്‍ഡ് സമയമെടുക്കും താഴെയെത്താന്‍!

 

ഒരു ഭയവും കൂടാതെ വളരെ ശാന്തനായാണ്‌ ക്രെയിനിനു മുകളിലൂടെ ആദം നീങ്ങിയത്. ഇതൊന്നും അത്ര വലിയ കാര്യമല്ലെന്ന് ആദം പറയുന്നു. ലോകത്തെ 99 ശതമാനം ജനങ്ങള്‍ക്കും ഇത്തരമൊരു പ്രവൃത്തി ചെയ്യാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ, തനിക്കുള്ള ഈ ‘കഴിവ്’ പരമാവധി ഉപയോഗിക്കാനും അത് ആസ്വദിക്കാനും താന്‍ ബാധ്യസ്ഥനാണ് എന്നും ആദം കരുതുന്നു. 

 

ആദ്യമായല്ല ആദം ഇത്തരമൊരു സാഹസം കാണിക്കുന്നത്. ഉയരമുള്ള കെട്ടിടങ്ങള്‍ക്കു മുകളില്‍ കയറി തൂങ്ങിക്കിടക്കുന്നത് ഇയാളുടെ ഹോബിയാണ്. ഏപ്രിലിൽ, മിലാനിലെ സാൻ സിറോ സ്റ്റേഡിയത്തിൽ, 262 അടി ഉയരത്തില്‍ ഇതേപോലെ തൂങ്ങിക്കിടന്നു, പിന്നീട് പാരിസിലെ ലൂവ്രെയിലെ പ്രശസ്തമായ ഗ്ലാസ് പിരമിഡില്‍ കയറി സെൽഫിയെടുത്തു. 2020 ൽ ക്രൊയേഷ്യയിലെ 1,115 അടി (340 മീറ്റർ) ഉയരമുള്ള പ്ലോമിൻ പവർ സ്റ്റേഷനിലെ ഒരു ബീമിന്‍റെ അറ്റത്ത് പുൾ അപ്പ് ചെയ്തു. മുമ്പ് ബാർസിലോനയിലെ 470 അടി ഉയരമുള്ള ഒരു കെട്ടിടത്തിലും കയറിയിട്ടുണ്ട്.

 

ദുബായിലെ ഓപ്പറ ഡിസ്ട്രിക്റ്റിന്‍റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഇൽ പ്രിമോക്കരികില്‍, ബുർജ് ഖലീഫ കൂടാതെ, ദ് ദുബായ് മാൾ, സൂഖ് അൽ ബഹാർ, ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബൊളിവാർഡ് എന്നിങ്ങനെ നിരവധി ഐക്കണിക് കാഴ്ചകള്‍ ഉണ്ട്.

English Summary: Daredevil Teen Completes Risky Stunt Infront of burj khalifa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com