ADVERTISEMENT

കണ്ണെത്താദൂരത്തോളം മഞ്ഞിന്‍റെ കടല്‍... കണി കാണാന്‍ ഒരു തരി പച്ചപ്പോ പറയത്തക്ക ജൈവസാന്നിധ്യമോ ഇല്ലാത്ത ഇടം. താമസത്തെക്കുറിച്ച് ആലോചിക്കുക കൂടി വയ്യ. – അന്റാര്‍ട്ടിക്ക എന്നു കേള്‍ക്കുമ്പോള്‍ത്തന്നെ നമ്മുടെ മനസ്സിലേക്ക് വരുന്ന ചില കാര്യങ്ങളാണ് ഇവ. എന്നാല്‍, ഏഴു ഭൂഖണ്ഡങ്ങളിൽ ഒന്നായ അന്റാര്‍ട്ടിക്കയ്ക്ക് ഈ പറയുന്നതിലുമേറെ കാര്യങ്ങള്‍ അവകാശപ്പെടാനുണ്ട്. വര്‍ഷം മുഴുവനും അന്റാര്‍ട്ടിക്കയില്‍ തന്നെ താമസിക്കുന്ന ആളുകളും മഞ്ഞില്‍ വളരുന്ന പ്രത്യേകതരം സസ്യജാലങ്ങളുമെല്ലാം ഇവിടെയുണ്ട്. ഈയിടെയായി, സാഹസികരായ സഞ്ചാരികളുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമായി മാറുകയാണ് ഇവിടം. 

Antarctica3
jeremykingnz/shutterstock

കണ്ണിനെ അക്ഷരാർഥത്തില്‍ കുളിരണിയിക്കുന്ന കാഴ്ചകള്‍ മാത്രമല്ല, അന്‍റാര്‍ട്ടിക്കയില്‍ മാത്രം കാണുന്ന അപൂര്‍വ ജീവികളുമായി അടുത്തിടപഴകാനുള്ള അവസരവും ഇതോടൊപ്പം സഞ്ചാരികള്‍ക്ക് സ്വന്തം. ലോകത്തിലെ ഏറ്റവും വലിയ സസ്തനിയായ നീലത്തിമിംഗലത്തെ മുതല്‍, പ്രതികൂല കാലാവസ്ഥയെ ചെറുക്കാൻ കഴിയുന്ന കുഞ്ഞുജീവികളെ വരെ നേരിട്ടു കാണാം. ടിവിയില്‍ മാത്രം കണ്ടിട്ടുള്ള പെൻഗ്വിനുകൾ, സീലുകൾ, ഡോൾഫിനുകൾ, അപൂര്‍വ പക്ഷികൾ തുടങ്ങിയവയെ അടുത്ത് കാണാം. 

അന്റാർട്ടിക്കയിലെ ടൂർ

അന്റാർട്ടിക്കയിലെ ടൂർ സീസൺ ആകെ നാലു മാസമേയുള്ളൂ. ഒക്ടോബർ പകുതി മുതൽ ഫെബ്രുവരി വരെ - ഈ സമയം അന്റാർട്ടിക്കയിൽ വേനൽക്കാലമാണ്. (AUSTRAL SUMMER, നമ്മുടെ കാലാവസ്ഥയ്ക്ക് നേരെ വിപരീതമാണ് അവിടെ) ബാക്കിയുള്ള മാസങ്ങളിൽ കടൽ മുഴുവൻ ഐസ് മൂടി കിടക്കുന്നതിനാൽ യാത്ര സാധ്യമല്ല. അന്റാർട്ടിക്ക എത്ര മനോഹരവും വൈവിധ്യപൂർണവുമാണെന്ന് അറിയാത്തവര്‍ക്കായി ചില കാര്യങ്ങള്‍ ഇതാ.

Dionisio iemma
Dionisio iemma/shutterstock

ശുദ്ധജലം വളരെക്കൂടുതല്‍

ഈ ഭൂഖണ്ഡം സമുദ്രത്താൽ ചുറ്റപ്പെട്ടതാണെന്ന് ഭൂരിഭാഗം ആളുകൾക്കും അറിയാമെങ്കിലും, ഭൂമിയിലെ ശുദ്ധജലത്തിന്‍റെ 60% ഇവിടെയാണ്‌ ഉള്ളതെന്ന് അധികമാര്‍ക്കും അറിയില്ല. എന്നാല്‍, വര്‍ഷം മുഴുവനും ഈ ജലം മരവിച്ച് മഞ്ഞുപാളികളായി കിടക്കുന്നതിനാല്‍ ഇത് ഉപയോഗിക്കാനാവില്ലെന്ന് മാത്രം. ഈ മഞ്ഞ് ഉരുക്കി ഉപയോഗിക്കാനായി അന്റാർട്ടിക്കയിൽ പ്ലാന്റുകൾ നിർമിച്ചിട്ടുണ്ട്. ഈ വെള്ളം സംഭരിക്കാനായുള്ള ചെറിയ തടാകങ്ങളില്‍നിന്നു മനുഷ്യരും മറ്റു ജീവികളും ദാഹമകറ്റുന്നു. ഇവയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി പ്ലമർമാരെയും ടാങ്ക് ക്ലീനർമാരെയും നിയമിച്ചിട്ടുണ്ട്. 

അന്റാര്‍ട്ടിക്കയും ഒരു മരുഭൂമിയാണ്

Antarctica6
Foto 4440/shutterstock

മരുഭൂമിയെക്കുറിച്ച് ചിന്തിക്കുമ്പോൾ, സഹാറ പോലെ, മണൽ നിറഞ്ഞതും തരിശായതും ചൂടുള്ളതുമായ ഒരു പ്രദേശമാണ് നമുക്കോര്‍മ വരിക. എന്നാല്‍, പ്രതിവർഷം 10 എംഎമ്മില്‍ താഴെ മഴ ലഭിക്കുന്ന പ്രദേശത്തെയാണ്‌ യഥാർഥത്തില്‍ മരുഭൂമി എന്നു വിളിക്കുന്നത്. അന്റാര്‍ട്ടിക്കയില്‍ ഒരു വര്‍ഷം രണ്ടിഞ്ചില്‍ത്താഴെയാണ് മഴ ലഭിക്കുന്നത്. അതുകൊണ്ടുതന്നെ അന്റാര്‍ട്ടിക്ക ഒരു ശീതമരുഭൂമിയാണ്.

സജീവ അഗ്നിപർവതങ്ങളുടെ സാന്നിധ്യം

അന്റാര്‍ട്ടിക്കയുടെ മഞ്ഞുനിറഞ്ഞ ഉപരിതലത്തിനടിയില്‍ 138 അഗ്നിപർവതങ്ങളെങ്കിലുമുണ്ട്. ഇവയിൽ മൗണ്ട് എറെബസ്, ഡിസെപ്ഷൻ ഐലൻഡ് എന്നിങ്ങനെ രണ്ടെണ്ണം മാത്രമേ ഇപ്പോൾ സജീവമായിട്ടുള്ളൂ. മറ്റുള്ളവയില്‍ പലതും വരുംകാലങ്ങളില്‍ സജീവമാകാന്‍ സാധ്യതയുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. ഇവിടെയുള്ള എറെബസ് പർവതത്തിൽ തിളച്ചുമറിയുന്ന ലാവാ തടാകമുണ്ട്, പക്ഷേ അത് ഹിമാനികൾ കൊണ്ട് മൂടപ്പെട്ടിരിക്കുന്നു.

ഭൂമിയിലെ ഏറ്റവും വേഗത്തിൽ ചൂടാകുന്ന പ്രദേശങ്ങളിലൊന്ന്

Antarctica5
Danita Delimont/shutterstock

ഭൂമിയില്‍ ഏറ്റവും വേഗത്തിൽ ചൂടു കൂടുന്ന പ്രദേശങ്ങളിലൊന്നാണ് അന്റാർട്ടിക്ക് പെനിൻസുല. കഴിഞ്ഞ 50 വർഷത്തിനിടയിൽ, അന്റാർട്ടിക് ഉപദ്വീപിലുടനീളമുള്ള ശരാശരി താപനില 3 ° C (37.4 ° F) വർധിച്ചു, ഇത് ഭൂമിയിലെ ശരാശരി താപനില വർധനവിന്‍റെ അഞ്ചിരട്ടിയാണ്. ഇതുമൂലം പെന്‍ഗ്വിനുകളുടെ ജീവിതരീതിയിലും ഇവിടെ വളരുന്ന ചിലയിനം പായലുകളുടെ വളര്‍ച്ചാരീതിയിലും പ്രകടമായ മാറ്റങ്ങള്‍ ഉണ്ടായതായി ഗവേഷകര്‍ വിലയിരുത്തിയിട്ടുണ്ട്.

അന്റാർട്ടിക്കയ്ക്ക് മേലുള്ള ഉടമ്പടി

1820- ലാണ്  അന്റാർട്ടിക്ക എന്ന ഭൂഖണ്ഡം ആദ്യമായി ലോകരാജ്യങ്ങളുടെ ശ്രദ്ധ നേടുന്നത്. കോളനിവൽക്കരണത്തിന്റെ അക്കാലത്ത് തദ്ദേശീയ ജനസംഖ്യയില്ലാത്ത ഒരേയൊരു ഭൂഖണ്ഡമായിരുന്നു അത്. പല രാജ്യങ്ങളും അന്റാര്‍ട്ടിക്കയ്ക്ക് മേല്‍ അവകാശവാദം ഉന്നയിച്ചത് സംഘർഷത്തിലേക്കു നയിച്ചു. തുടർന്ന്, സമാധാന നിലനിർത്താനായി 1959 ഡിസംബറിൽ, 12 രാജ്യങ്ങൾ ചേർന്ന് അന്റാർട്ടിക്ക് ഉടമ്പടിയിൽ ഒപ്പുവച്ചു, ഭൂഖണ്ഡത്തെ ഒരുമിച്ച് ഭരിക്കാനുള്ള അഭൂതപൂർവമായ ഈ രാജ്യാന്തര ഉടമ്പടിയില്‍ പിന്നീട് 41 രാജ്യങ്ങൾ കൂടി ചേർന്നു. അതിനുശേഷം, വാണിജ്യ മത്സ്യബന്ധനം, ഖനനത്തിനും ധാതു പര്യവേക്ഷണത്തിനും പൂർണമായ നിരോധനം തുടങ്ങിയവ അടക്കം കർശനമായ മാർഗനിർദ്ദേശങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട്  അന്റാർട്ടിക്ക് ഉടമ്പടി വിപുലീകരിച്ചു.

രക്തച്ചുവപ്പുള്ള തടാകം

blood-fall1

54 കിലോമീറ്ററോളം നീളത്തിൽ തൂവെള്ളയായി പരന്നു കിടക്കുന്നതാണ് അന്റാർട്ടിക്കയിലെ ടെയ്‌ലർ ഹിമാനി പ്രദേശം. 1911ൽ അവിടേക്ക് പര്യവേക്ഷണത്തിനെത്തിയ ഗവേഷകരുടെ കണ്ണിൽ ഒരു കാഴ്ച പെട്ടു.‌ ഹിമാനിയുടെ നെറുകയിൽനിന്ന് താഴേക്ക് ഒലിച്ചിറങ്ങുന്ന ‘രക്തം’. ടെയ്‌ലർ ഹിമാനിയിലെ വെളുത്ത മഞ്ഞില്‍ കടുത്ത ചുവപ്പുനിറം കലര്‍ന്ന് ഒഴുകുന്നു. ബ്ലഡ് ഫോൾസ് എന്നാണവർ അതിനു നൽകിയ പേര്. വർഷങ്ങളോളം ഈ ചുവന്ന നിറത്തിന്‍റെ ഉറവിടം ഒരു രഹസ്യമായി തുടർന്നു. 2017 ൽ ശാസ്ത്രജ്ഞർ ഇതിന്‍റെ കാരണം കണ്ടെത്തിയതായി പ്രഖ്യാപിച്ചു. ഹിമാനിയുടെ ഉള്ളിൽനിന്ന് ഒഴുകുന്ന വെള്ളം, ഉപ്പും ഓക്സിഡൈസ്ഡ് ഇരുമ്പും കൂടുതലുള്ള ഒരു സബ്ഗ്ലേഷ്യൽ തടാകത്തിൽ നിന്നാണ് വരുന്നത്. ഓക്സിജനുമായി സമ്പർക്കം പുലർത്തിയപ്പോൾ ഇരുമ്പ് തുരുമ്പെടുത്തു, വെള്ളത്തിന് ചുവന്ന നിറം കലര്‍ന്നു.  ‘ബ്ലഡ് ഫാൾസ്’ എന്നാണ് ഇതിനെ വിളിക്കുന്നത്.

English Summary: 5 Things You Didn’t Know About Antarctica

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com