ADVERTISEMENT

ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്ര സമുച്ചയമാണ് കംബോഡിയയിലെ അങ്കോർ വാട്ട്. ഏകദേശം 402 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ഈ ക്ഷേത്ര സമുച്ചയം, കംബോഡിയയിലെയും ലോകമെമ്പാടുമുള്ള ബുദ്ധമതക്കാരുടെയും ഏറ്റവും പ്രധാനപ്പെട്ട തീർഥാടന കേന്ദ്രങ്ങളിലൊന്നാണ്. കംബോഡിയയുടെ ദേശീയ പതാകയിൽ വരെ സ്ഥാനംപിടിച്ച ഈ ക്ഷേത്രം, രാജ്യത്തെ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ്.

കംബോഡിയയിൽ പുരാതന കെട്ടിടങ്ങൾ നിറഞ്ഞ മേഖലയാണ് അങ്കോര്‍. എഡി 800 ലാണ് ഈ നഗരം നിര്‍മിക്കപ്പെട്ടത്. 8 ച.കി.മീ വിസ്തൃതിയുള്ള നഗരത്തില്‍ ഒരു കാലത്ത് ഒരു ദശലക്ഷത്തിലധികം ആളുകള്‍ വസിച്ചിരുന്നതായി കണക്കാക്കുന്നു. ആധുനിക കംബോഡിയൻ നഗരമായ സിയെം റീപ്പിൽനിന്ന് അഞ്ച് കിലോമീറ്റർ വടക്കോട്ടും പഴയ തലസ്ഥനമായ ബാപ്പുവോണിൽനിന്നു കിഴക്കോട്ടും മാറിയാണ് ഇത് സ്ഥിതിചെയ്യുന്നത്.

Cambodia
BlueOrange Studio/shutterstock

പന്ത്രണ്ടാം നൂറ്റാണ്ടിൽ ദക്ഷിണേന്ത്യൻ ശൈലിയിലായിരുന്നു ഈ ക്ഷേത്രം ആദ്യം നിര്‍മിച്ചത്. അന്നിതൊരു മഹാവിഷ്ണു ക്ഷേത്രമായിരുന്നെന്നും പിന്നീട് പതിനാലാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെ ബുദ്ധക്ഷേത്രമായി മാറിയെന്നും പറയപ്പെടുന്നു. കംബോഡിയൻ ഭാഷയില്‍ നഗരം എന്നർഥം വരുന്ന ‘അങ്കോർ’ എന്ന പദവും ഖെമർ കാലഘട്ടത്തിൽ ക്ഷേത്രം എന്ന അർഥത്തില്‍ ഉപയോഗിച്ചിരുന്ന ‘വാട്ട്’ എന്ന പദവും ചേർന്നാണ് ‘അങ്കോർ വാട്ട്’ എന്ന വാക്ക് രൂപം കൊണ്ടത്.

Angkor (Cambodia)

പന്ത്രണ്ടാം നൂറ്റാണ്ടിന്‍റെ ആദ്യപകുതിയിൽ സൂര്യവർമൻ രണ്ടാമൻ എന്ന ഖെമർ രാജാവിന്‍റെ കാലത്താണ് ഇവിടെ വിഷ്ണു ക്ഷേത്രത്തിന്‍റെ ജോലികള്‍ ആരംഭിച്ചത്. ക്ഷേത്രത്തിനു ചുറ്റുമായി അദ്ദേഹം തലസ്ഥാനനഗരിയും പണിതു. വരാഹ വിഷ്ണുലോകം എന്നായിരുന്നു അദ്ദേഹം ഈ ക്ഷേത്രത്തിനിട്ട പേര്. ക്ഷേത്രനിർമാണം സൂര്യവര്‍മന്‍ രാജാവിന്‍റെ മരണത്തോടെ നിലച്ചുപോയി. പിന്നീട്, 27 വർഷത്തിനു ശേഷം ഖെമറുകളുടെ പരമ്പരാഗതശത്രുക്കളായ ചമ്പ രാജവംശത്തിലെ ജയവർമൻ ഏഴാമൻ ഇവിടം കീഴടക്കുകയും ക്ഷേത്രത്തിന്‍റെ പണികൾ പൂർത്തിയാക്കുകയും ചെയ്തെന്നു കരുതപ്പെടുന്നു.

പതിമൂന്നാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെ ജയവർമനെ പൗത്രൻ ശൃംന്ദ്രവർമൻ സ്ഥാനഭ്രഷ്ടനാക്കി. അക്കാലത്തെ അറിയപ്പെട്ട ഒരു ബുദ്ധമതാനുയായിയായിരുന്നു ശൃംന്ദ്രവർമൻ. ബുദ്ധമതത്തെ അദ്ദേഹം രാജ്യത്തെ പ്രധാന മതമായി സ്വീകരിച്ചു. തുടർന്ന് അങ്കോർ വാട്ട് ബുദ്ധക്ഷേത്രമായി മാറി. പിന്നീട്, പതിനാറാം നൂറ്റാണ്ടിൽ ക്ഷേത്രം പൂർണമായി ഉപേക്ഷിക്കപ്പെട്ടു. ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തോടെ ഫ്രഞ്ചുകാർ ക്ഷേത്രത്തെ പുനരുദ്ധരിക്കാനുള്ള പദ്ധതി ആവിഷ്കരിക്കുകയും അത് നടപ്പാക്കിത്തുടങ്ങുകയും ചെയ്തു.

589972482

ഒരു കോട്ട പോലെയാണ് ക്ഷേത്രം നിർമിച്ചിട്ടുള്ളത്. ക്ഷേത്രനഗരത്തിനു ചുറ്റും 200 മീറ്റർ വീതിയുള്ള ഒരു കിടങ്ങുണ്ട്. അതിനുള്ളിൽ ഏകദേശം 5 മീറ്റർ ഉയരവും ഒരു മീറ്റർ വീതിയുമുള്ള മതിലുമുണ്ട്. അകത്തേക്കു പ്രവേശിക്കാനായി കിഴക്കും പടിഞ്ഞാറും പാലങ്ങളുണ്ട്. പാലങ്ങൾക്ക് സമീപം ഗോപുരങ്ങളും അവയ്ക്ക് രണ്ടു വശങ്ങളിലുമായി ഗജദ്വാരങ്ങൾ എന്നറിയപ്പെടുന്ന രണ്ട് പ്രവേശന കവാടങ്ങളും കാണാം. ആനകൾക്കു പോലും എളുപ്പത്തില്‍ കയറിപ്പോകാന്‍ പറ്റുന്ന വലുപ്പമുള്ളതിനാലാണ് ഇവയ്ക്ക് ഈ പേര് ലഭിച്ചത്. രണ്ട് ഗജദ്വാരങ്ങൾക്കിടയിൽ ഒരു ചിത്രമണ്ഡപവുമുണ്ട്.

തമിഴ്നാട്ടിലെ ചോള ശില്പകലയുടെ സ്വാധീനം ക്ഷേത്രത്തിന്‍റെ രൂപകല്‍പനയിലെങ്ങും കാണാം. ഹൈന്ദവപുരാണത്തിലെ മഹാമേരു പർവതത്തിന്‍റെ രൂപത്തിലാണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്. കിഴക്കോട്ട് അഭിമുഖമായി നില്‍ക്കുന്ന സാധാരണ ഹിന്ദുക്ഷേത്രങ്ങളില്‍നിന്നു വ്യത്യസ്തമായി, പടിഞ്ഞാറോട്ടാണ് ക്ഷേത്രത്തിന്‍റെ മുന്‍വശം. പ്രത്യേകതരം വസ്തു ഉപയോഗിച്ച് പരസ്പരം യോജിപ്പിച്ച്, വെട്ടുകല്ല് പോലുള്ള കല്ലുകൊണ്ടാണ് ക്ഷേത്രം നിർമച്ചിരിക്കുന്നത്. 

ക്ഷേത്രത്തിന്‍റെ നടുവിലുള്ള ഗോപുരത്തിന്‍റെ ഉയരം 200 അടിയാണ്. ഉള്ളിലെ സോപാനത്തിൽ 2 അടി വീതം ഉയരമുള്ള 38 പടികളുണ്ട്. ചുറ്റമ്പലത്തിന്‍റെ നാലു മൂലകളിലായി ചെറിയ ഓരോ ഗോപുരം നിർമിച്ചിരിക്കുന്നു. നിറയെ കൊത്തുപണികളുള്ള തൂണുകളും ചിത്രപ്പണികള്‍ നിറഞ്ഞ ചുവരുകളും ഇവിടുത്തെ ഗർഭഗൃഹത്തിന്‍റെ പ്രത്യേകതയാണ്. ചോള, പല്ലവശില്പങ്ങളെ അനുസ്മരിപ്പിക്കും വിധമുള്ള, നൃത്തംചെയ്യുന്ന അപ്സരസ്സുകളുടെ പ്രതിമകൾ എങ്ങും കാണാം. രാമരാവണയുദ്ധം, കുരുക്ഷേത്രയുദ്ധം, പാലാഴിമഥനം എന്നിവയും ഇവിടെ കാണാം. ചുറ്റുപാടുമുള്ള മറ്റു മുറികളിലും ഹൈന്ദവ ദേവതകളുടെയും അസുരന്മാരെടേയും ഗരുഡന്റെയും താമരയുടേയുമെല്ലാം നിരവധി ചിത്രശില്പങ്ങൾ കാണാം.

കംബോഡിയയിലെ ഏറ്റവും വലിയ വിനോദസഞ്ചാരകേന്ദ്രമാണ് അങ്കോർ വാട്ട്. യുനെസ്കോയുടെ ലോകപൈതൃക കേന്ദ്രങ്ങളില്‍ ഒന്നുകൂടിയാണ് ഇവിടം. കബോഡിയയിൽ വരുന്ന വിദേശ വിനോദസഞ്ചാരികളുടെ 50 ശതമാനവും ക്ഷേത്രം സന്ദർശിക്കുന്നുണ്ടെന്ന് കണക്കുകൾ പറയുന്നു. ഇവരിൽ നിന്ന് ഈടാക്കുന്ന പ്രവേശന ഫീസിന്‍റെ ഒരു ഭാഗം ഇന്നും തുടര്‍ന്നുവരുന്ന ക്ഷേത്രനവീകരണത്തിനുപയോഗിക്കുന്നു.

English Summary: Cambodia Travel Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com