ADVERTISEMENT

ജർമനിയുടെ തെക്ക്-പടിഞ്ഞാറ് ഭാഗത്ത്, സ്വാബിയൻ മേഖലയിലെ ആൽപ്‌സ് പർവതനിരകൾക്കും ഇടതൂർന്ന മരങ്ങളുള്ള ഷോൺബുച്ച് പ്രകൃതി പാർക്കിനും ഇടയിലായാണ് ട്യൂബിംഗൻ പട്ടണം സ്ഥിതിചെയ്യുന്നത്. കല്ലുകൾ പാകിയ ഇടവഴികളും പഴയ തടികൊണ്ടുള്ള വീടുകളും അവയ്ക്കിടയില്‍ കനാലുകളുമെല്ലാമായി അതീവ വൃത്തിയുള്ള ഈ പട്ടണം ഏതോ ഡിസ്നി ചിത്രത്തിലെ ലൊക്കേഷനാണെന്ന് തോന്നും. ഒരുപാടു സവിശേഷതകളുള്ള ട്യൂബിംഗന്‍ നഗരത്തിന്‍റെ വിശേഷങ്ങളിലൂടെ...

വിദ്യാര്‍ത്ഥികളുടെ നഗരം

രാജ്യത്തെ ഏറ്റവും സൂര്യപ്രകാശമുള്ള സ്ഥലങ്ങളിൽ ഒന്നാണ് ട്യൂബിംഗന്‍. ഇരുണ്ടതും മഴയുള്ളതുമായ കാലാവസ്ഥയുള്ള രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ഇവിടം വളരെയധികം പ്രസന്നമാണ്. മാത്രമല്ല, ജനസംഖ്യയുടെ മൂന്നിലൊന്ന് വിദ്യാർത്ഥികളാണ്. 1477-ൽ സ്ഥാപിതമായ രാജ്യാന്തര പ്രശസ്തമായ ട്യൂബിംഗന്‍ സർവകലാശാല യൂറോപ്പിലെ ഏറ്റവും പഴയ സർവകലാശാലകളില്‍ ഒന്നാണ്. ജർമനിയിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരങ്ങളിലൊന്നായും ട്യൂബിംഗന്‍ അറിയപ്പെടുന്നു. 

പരിസ്ഥിതിയ്ക്ക് പ്രാധാന്യം

കൂടുതല്‍ ആളുകളും വിദ്യാസമ്പന്നരായത് കൊണ്ടുതന്നെ, പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ച് ബോധമുള്ള ഒരു സമൂഹമാണ് ഇവിടെയുള്ളത്. അതുകൊണ്ടുതന്നെ സുസ്ഥിരമായ ജീവിതരീതികള്‍ പിന്തുടരുന്നവരാണ് ഇവിടുത്തെ ആളുകള്‍. ഓരോ ദിവസം കഴിയുന്തോറും തങ്ങളുടെ ജീവിതരീതി എങ്ങനെ കൂടുതല്‍ പരിസ്ഥിതി സൗഹൃദമാക്കി മാറ്റാമെന്ന് ചിന്തിക്കുകയും അവര്‍ അവ കൃത്യമായി പാലിക്കുകയും ചെയ്യുന്നു. കൂടുതല്‍ ആളുകളും സസ്യാഹാരം മാത്രം കഴിക്കുന്നവരോ വീഗന്‍ ജീവിതശൈലി പിന്തുടരുന്നവരോ ആണ്.

സൗജന്യ ബസ് യാത്ര

മലിനീകരണ നിയന്ത്രണത്തിനായി ശ്രദ്ധേയമായ അനേകം നടപടികള്‍ കൈക്കൊണ്ട നഗരമാണ് ട്യൂബിംഗന്‍. 2022 ഫെബ്രുവരി മുതല്‍, നഗരത്തിന്‍റെ സെൻട്രൽ സ്ട്രീറ്റിൽ കാറുകൾ ഓടിക്കുന്നത് നിരോധിച്ചു. പകരം ബസുകൾ, ബൈക്കുകൾ എന്നിവ ഉപയോഗിക്കാം. വിദ്യാർത്ഥികൾക്ക് വാരാന്ത്യങ്ങളിലും വൈകുന്നേരങ്ങളിൽ ഏഴുമണിക്ക് ശേഷവും സൗജന്യമായി ബസുകളിൽ യാത്ര ചെയ്യാം, ശനിയാഴ്ചകളിൽ എല്ലാവർക്കും ബസ് യാത്ര സൗജന്യമാണ്.

ഭക്ഷണം കഴിക്കാന്‍ പാത്രം കൊണ്ടുപോവണം

കോഫി കപ്പുകളും ഐസ്‌ക്രീം പാത്രങ്ങളും മീൽ പ്ലേറ്റുകളും പോലെയുള്ള ഡിസ്‌പോസിബിൾ പാത്രങ്ങള്‍ക്ക് വലിയ നികുതിയാണ് ഇവിടെ ചുമത്തുന്നത്. കത്തികൾ, സ്പൂണുകൾ തുടങ്ങി എല്ലാ ഡിസ്പോസിബിൾ കട്ട്ലറികൾക്കും വില കൂട്ടിയിട്ടുണ്ട് പോലും നികുതി ചുമത്തുന്നു. പുനരുപയോഗയോഗ്യമായ വസ്തുക്കളില്‍ നിന്നാണ് നിര്‍മിച്ചതെങ്കിലും കാര്യമില്ല, പരിസ്ഥിതിസംരക്ഷണത്തിനായി ഇത്തരം ഉല്‍പന്നങ്ങള്‍ തീരെ നിര്‍മിക്കാതിരിക്കുന്നതാണ് നല്ലത് എന്നതാണ് സര്‍ക്കാരിന്‍റെ നിലപാട്.

ഈ നയം നടപ്പാക്കി ആദ്യത്തെ ഏതാനും ആഴ്ചകളിൽത്തന്നെ ഫലം കാണാനായി, നഗരത്തിലെ ചവറ്റുകുട്ടകളിൽ മാലിന്യം 15% വരെ കുറഞ്ഞു. കൂടുതൽ ആളുകൾ ഭക്ഷണശാലകളിലേക്ക് സ്വന്തമായി പാത്രങ്ങള്‍ കൊണ്ടുവരുന്നത് ശീലമാക്കി.

പരിസ്ഥിതിയെ സംരക്ഷിക്കാനായി ട്യൂബിംഗനില്‍ നടക്കുന്ന ജനകീയ പങ്കാളിത്തമുള്ള ഈ മുന്നേറ്റം ലോകത്തിനു മുഴുവന്‍ മാതൃകയാണ്. ആശയപരമായി മാത്രമല്ല, സംസ്കാരത്തിലും കാഴ്ചകളിലും അനുഭവങ്ങളിലുമെല്ലാം ഈ നഗരം പ്രൌഡിയുടെ ധാരാളിത്തം കാത്തുസൂക്ഷിക്കുന്നു. നെക്കർ നദിക്കരയിലുള്ള വർണാഭമായ ഇടുങ്ങിയ വീടുകളും ഹോഹെൻറുബിംഗൻ കാസിൽ, എബർഹാർഡ്- കാൾസ് യൂണിവേഴ്സിറ്റി എന്നിവയുമെല്ലാം ഇവിടെ സന്ദര്‍ശിക്കേണ്ട ഇടങ്ങളില്‍പ്പെടുന്നു.

English Summary: Tubingen: Europe's fiercely vegan, fairy-tale city

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com