ചൊവ്വയില്‍ എന്ന പോലെ, ചുവന്ന മണ്ണ് നീളത്തില്‍ ഉരുട്ടി വരമ്പുകളാക്കി അടുക്കി വച്ചതു പോലെയുള്ള ഭൂപ്രകൃതി. അതിനു മുകളില്‍ അവിടവിടെയായി പച്ച നിറത്തിലുള്ള വരകള്‍... ഒറ്റ നോട്ടത്തില്‍ ഏതോ സിനിമയ്ക്കു ലൊക്കേഷന്‍ ഒരുക്കിയതാണോ എന്നു സംശയിച്ചു പോകും ഈ സ്ഥലം കണ്ടാല്‍. എന്നാല്‍, കാനഡയിലെ ചെൽട്ടൻഹാം ബാഡ്‌ലാൻഡ്‌സ് തീര്‍ത്തും പ്രകൃതിദത്തമായ ഒരു അദ്ഭുതക്കാഴ്ചയാണ്. ഫൊട്ടോഗ്രഫര്‍മാരും സഞ്ചാരികളും ധാരാളം എത്തുന്ന ഒരു ജനപ്രിയ വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് ഇവിടം.
ഒന്റാറിയോയിലെ കാലെഡണില്‍, ഓൾഡ് ബേസ് ലൈൻ റോഡിന്‍റെ തെക്കുകിഴക്കു ഭാഗത്ത്, ക്രെഡിറ്റ് വ്യൂവിനും ചിൻഗു അക്കൗസി റോഡുകൾക്കുമിടയിലായാണ് ചെൽട്ടൻഹാം ബാഡ്‌ലാൻഡ്‌സ് സ്ഥിതി ചെയ്യുന്നത്. ചിൻഗ്‌കൗസി ബാഡ്‌ലാൻഡ്‌സ്, റെഡ് ക്ലേ ഹിൽസ്, കാലിഡൺ ബാഡ്‌ലാൻഡ്‌സ്, ഇംഗ്‌ൾവുഡ് ബാഡ്‌ലാൻഡ്‌സ് എന്നെല്ലാം ഈ സ്ഥലത്തിനു വിളിപ്പേരുകളുണ്ട്. ഏകദേശം 36.6 ഹെക്‌ടറാണ് ഈ സ്ഥലത്തിന്‍റെ ആകെ വിസ്തീര്‍ണം.

1990 ൽ യുനെസ്കോ വേൾഡ് ബയോസ്ഫിയർ റിസർവ് ആയി പ്രഖ്യാപിച്ച നയാഗ്ര എസ്‌കാർപ്‌മെന്റിന്‍റെ ഭാഗമായാണ് ബാഡ്‌ലാൻഡ്‌സിനെ കണക്കാക്കുന്നത്. 1800 കളുടെ അവസാനത്തിലും 1900 കളുടെ തുടക്കത്തിലും ഈ പ്രദേശം കാർഷിക ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്നു. 2000 ൽ ഒന്റാറിയോയിലെ പ്രകൃതിവിഭവ മന്ത്രാലയം ഈ സ്ഥലം വാങ്ങുകയും അതിന്‍റെ മേല്‍നോട്ടം, നയാഗ്ര എസ്‌കാർപ്‌മെന്‍റ് പാർക്ക്‌സ് ആൻഡ് ഓപ്പൺ സ്‌പേസ് സിസ്റ്റത്തിന് കീഴിലാക്കുകയും ചെയ്തു.
വിവിധതരം ധാതുക്കളാലും മൂലകങ്ങളാലും സമൃദ്ധമാണ് ഇവിടുത്തെ ഭൂമി. നിരന്തരം രാസപ്രവര്‍ത്തനം നടക്കുന്നതിനാല്‍, ഇവിടെ സസ്യജാലങ്ങള്‍ വല്ലാതെ വളരില്ല. ഇരുമ്പ് ഓക്സൈഡ് മൂലമാണ് ഇവിടുത്തെ ഭൂമിയ്ക്ക് ചുവപ്പ് നിറം ഉണ്ടാകുന്നത്, ഭൂഗര്‍ഭജലത്തിന്‍റെ സാന്നിധ്യം മൂലം അവിടവിടെയായി പച്ച നിറത്തിലുള്ള ബാന്‍ഡുകളും പ്രത്യക്ഷപ്പെടുന്നു.
വളരെ വേഗത്തില്‍ പൊടിഞ്ഞു പോകുന്ന മണ്ണാണ് ഇവിടുത്തേത്. മാത്രമല്ല, മണ്ണൊലിപ്പും രൂക്ഷം. അതുകൊണ്ടുതന്നെ, ഇവിടെ സന്ദര്‍ശകര്‍ക്കു നിയന്ത്രണമുണ്ട്. സന്ദര്‍ശകര്‍ക്കു കാഴ്ചകള്‍ വ്യക്തമായി കാണാനാവുന്ന ഒരു ലുക്ക്ഔട്ട് പ്ലാറ്റ്ഫോം സ്ഥാപിച്ചിട്ടുണ്ട്.

കാനഡയിലെ പൊതുവേ അത്ര വികസിതമല്ലാത്ത ഒരു ഗ്രാമപ്രദേശമാണ് കാലെഡൺ. പ്രകൃതിഭംഗിയാര്‍ന്ന വേറെയും ഒട്ടനവധി കാഴ്ചകള്‍ ഇവിടെയുണ്ട്. ആൽബിയോൺ ഹിൽസ് കൺസർവേഷൻ ഏരിയ, ആൾട്ടൺ ഗ്രെഞ്ച് പ്രോപ്പർട്ടി, ബെൽഫൗണ്ടൻ കൺസർവേഷൻ ഏരിയ, കാലിഡൺ തടാക വന സംരക്ഷണ മേഖല, ഗ്ലെൻ ഹാഫി കൺസർവേഷൻ ഏരിയ, കെൻ വില്ലൻസ് കൺസർവേഷൻ ഏരിയ, പാൽഗ്രേവ് ഫോറസ്റ്റ് ആൻഡ് വൈൽഡ് ലൈഫ് ഏരിയ, റോബർട്ട് ബേക്കർ ഫോറസ്റ്റ് കൺസർവേഷൻ ഏരിയ, ടെറകോട്ട കൺസർവേഷൻ ഏരിയ, വാർവിക്ക് കൺസർവേഷൻ ഏരിയ എന്നിവ അവയില്‍ ചിലതാണ്.
English summary: Visit Incredibly Cheltenham Badlands in Canada