ADVERTISEMENT

‘കാസര്‍കോടിന്റെ മനോഹാരിത പറഞ്ഞറിയിക്കാനാവില്ല. ശരിക്കും ദൈവങ്ങളുടെ നാട്. അവിടെ പോവുകയെന്നത് ഒരു സ്വപ്‌നം പോലെയായിരുന്നു. ഒരു നടിയായല്ല സ്വന്തം വീട്ടിലെ കുട്ടിയെപ്പോലെയാണ് അവിടത്തുകാര്‍ എന്നെ പരിഗണിച്ചത്. ആ നാട്ടുകാരോട് സംസാരിക്കുകയും ഇടപഴകുകയും അവരുടെ ഭക്ഷണം കഴിക്കുകയും ചെയ്തപ്പോള്‍ ഞാനും അവിടത്തുകാരിയായി.

anumol-travel4
Image Source: Instagram/Anumol

കുട്ടികളടക്കമുളള എന്‍ഡോസള്‍ഫാന്‍ ബാധിതരെ കാണാന്‍ പോയിരുന്നു. വല്ലാത്തൊരു മാനസികാവസ്ഥയായിരുന്നു പിന്നീട്. അങ്ങനെയൊക്കെ പോവുമ്പോള്‍ ഒരു യാത്രയുടെ സുഖമൊന്നുമല്ല ഉണ്ടാവുക. നമുക്ക് ഒരു തിരിച്ചറിവുണ്ടാവും. നമ്മള്‍ എത്ര ഭാഗ്യമുള്ളവരാണെന്ന് തോന്നും. നമ്മള്‍ ചെറിയ കാര്യങ്ങള്‍ക്ക് ദേഷ്യപ്പെടുകയും ടെന്‍ഷനടിക്കുകയും ചെയ്യുന്നവരാണ്. എന്നാല്‍ അവിടെയുളളവര്‍ അടുത്ത സെക്കന്‍ഡില്‍ ശ്വാസമെടുക്കാന്‍ പറ്റുമോ, ഭക്ഷണമുണ്ടോ, വെളളമുണ്ടോ എന്നൊക്കെ വിഷമിച്ച് ജീവിക്കുന്നവരാണ്. അതൊക്കെ കാണുമ്പോഴാണ് നമുക്ക് മനസ്സിലാവുക നമ്മുടെ ജീവിതം എത്രമാത്രം മികച്ചതാണെന്ന്’’ ഒരിക്കലും മറക്കാനാവാത്ത ഒരു യാത്രയെ നടി അനുമോള്‍ ഓര്‍ത്തെടുക്കുന്നത് ഇങ്ങനെയാണ്. അതെ, യാത്രകളെന്നത് അനുമോളെ സംബന്ധിച്ച് സ്വയം തിരിച്ചറിയാനുളള അവസരം കൂടിയാണ്. അനുമോള്‍ മനസ്സുതുറക്കുന്നു തന്റെ ഇഷ്ട യാത്രകളെ കുറിച്ച്, സ്വപ്‌ന യാത്രകളെകുറിച്ച്, സിനിമാ യാത്രകളെ കുറിച്ച്...

കഥകള്‍ കേട്ടു കേട്ട്....

കഥകള്‍ കേള്‍ക്കാനും പറയാനും ഇഷ്ടമുളള ആളാണ് അനുമോള്‍. പല നാടുകളില്‍ പോയി അവിടെയുളളവരെ കണ്ട് സംസാരിച്ച് അവരുടെ കഥകൾ‌ കേള്‍ക്കുകയും സ്വന്തം വിശേഷങ്ങള്‍ അവരോട് പങ്കുവെയ്ക്കുകയുമൊക്കെയാണ് അനുമോളെ സംബന്ധിച്ച് യാത്രകൾ. നിറങ്ങളും പൂക്കളും പച്ചപ്പുമൊക്കെ തേടിയാണ് ഓരോ യാത്രയും.

anumol-travel8
Image Source: Instagram/Anumol

‘‘യാത്രകളില്‍ കാണുന്നവരെ അടുത്തറിഞ്ഞ്, അവരെ ഓരോരുത്തരേയും മനസ്സോട് ചേര്‍ത്തുവെയ്ക്കും. ഒപ്പമിരുന്ന് ഭക്ഷണം കഴിച്ചും ഒരുപാട് വര്‍ത്തമാനങ്ങള്‍ പറഞ്ഞും അവരുടെ സ്‌നേഹവും പരിഗണനയും അനുഭവിച്ചറിയും. നടിയെന്നതില്‍ ഞാന്‍ ഒരുപാട് സന്തോഷിക്കുന്നത് ഇങ്ങനെ യാത്രകളില്‍ കാണുന്നവര്‍ നമ്മളെ സ്‌നേഹത്തോടെ ചേര്‍ത്ത് നിര്‍ത്തുമ്പോഴാണ്. ഓരോ യാത്രയില്‍ നിന്നുളള അനുഭവങ്ങള്‍ തന്നെയാണ് വ്യത്യസ്തമായ ശക്തമായ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നതിനുളള പ്രചോദനവും.’’

പ്രകൃതിയോടാണ് പ്രണയം

‘‘ഞാന്‍ ജീവിക്കുന്നത് വളളുവനാട്ടിലാണ്. വീടിന്റെ പരിസരത്തൊക്കെ കാവും അമ്പലങ്ങളും ഒക്കെയുണ്ട്. അതെന്റെ ജീവിതത്തിന്റെ ഭാഗമാണ്. ഒഴിവു സമയങ്ങളില്‍ അവിടെ പോവാറുണ്ട്. ഷൂട്ടിനു പോവുമ്പോള്‍ ആരെങ്കിലും ക്ഷേത്രങ്ങളെക്കുറിച്ചൊക്കെ പറയുമ്പോള്‍ അവിടെയും പോവും. തമിഴ്‌നാട്ടിലെ പല ക്ഷേത്രങ്ങളുടെയും നിര്‍മാണം മനോഹരമാണ്. അതൊക്കെ കാണാന്‍ വളരെ ഇഷ്ടമാണ്. അതു കാണാനായി മാത്രവും പലപ്പോഴും പോവാറുണ്ട്.

anumol-travel11
Anumol

കാവും അതുമായി ബന്ധപ്പെട്ട കഥകളും കേട്ടുവളര്‍ന്ന ആളാണ് ഞാന്‍. കാവുകളില്‍ നിറയെ മരങ്ങളൊക്കെയുളള ഒരു പ്രത്യേക അന്തരീക്ഷമാണല്ലോ. അത് ആസ്വദിക്കാനായിട്ട് കാവുകളില്‍ പോവാറുണ്ട്. പിന്നെ പ്രകൃതിയിലെ എല്ലാം, അത് മണ്ണായാലും മരങ്ങളായാലും കടലായാലും, ഇഷ്ടമാണ്. അതില്‍ കാടും മലയുമാണ് കൂടുതലിഷ്ടം’’

വീണ്ടും പോവാനാഗ്രഹിക്കുന്ന സ്ഥലങ്ങള്‍

‘‘പല കഥാപാത്രങ്ങള്‍ക്കായി പല നാട്ടില്‍ പോയി ഷൂട്ട് ചെയ്യേണ്ടിവന്നിട്ടുണ്ട്. ഓരോ സ്ഥലത്തുനിന്നും പോരുമ്പോള്‍ വീണ്ടും വരാമെന്ന് മനസ്സില്‍ പറഞ്ഞാണ് തിരികെപ്പോരുക. വയനാട്, കൈനകരി, വാഗമണ്‍, മൂന്നാര്‍ എല്ലാം ഒരുപാടിഷ്ടമുളള സ്ഥലങ്ങളാണ്. എത്ര കണ്ടാലും മടുക്കാത്ത സ്ഥലങ്ങളാണിവ. അവിടത്തെ പുഴയും പ്രകൃതിയും കുന്നും മലയും ഒക്കെ അതിമനോഹരമാണ്.

anumol-travel3
Image Source: Instagram/Anumol

കേരളത്തിന് പുറത്ത് അസം, മിസോറം, മേഘാലയ ഒക്കെ പോയിട്ടുണ്ട്. തമിഴ്‌നാട്, പോണ്ടിച്ചേരി, ഹൈദരാബാദ്, കൊല്‍ക്കത്ത, ഗുവാഹട്ടി എന്നിവിടങ്ങളിലും യാത്ര ചെയ്തിട്ടുണ്ട്. ഓരോ സ്ഥലത്തും ഓരോ രീതിയായിരിക്കും. രാവിലെ സൂര്യനുദിക്കുന്ന സമയം വരെ വ്യത്യസ്തമാണ്. ആദ്യം കൊല്‍ക്കത്തയില്‍ പോയപ്പോള്‍ രാവിലെ അഞ്ചേകാലാവുമ്പോള്‍ നേരം വെളുക്കും. നേരത്തേ വെയിലെത്തുമ്പോള്‍ ഇത്ര നേരത്തെ എണീക്കണോ എന്നു തോന്നും. നമ്മുടെ ടൈം വച്ച് പതുക്കെ 8 മണിക്കൊക്കെ എഴുന്നേറ്റ് വരുമ്പോഴേക്കും അവിടെയുളളവരുടെ പകുതി ദിവസമായിട്ടുണ്ടാവും. ഭക്ഷണവും വളരെ വ്യത്യസ്തമാണ്. കടുകെണ്ണയിലാണ് കൊല്‍ക്കത്തക്കാരുടെ പാചകം. നമ്മുടെ വെളിച്ചെണ്ണയിലുളള ഭക്ഷണം പുറത്തുകിട്ടില്ല.

anumol-travel16

മിസോറമിലൊക്കെ പോയപ്പോള്‍ നല്ല തണുപ്പായിരുന്നു. 10-11 ഡിഗ്രിയായിരുന്നു തണുപ്പ്. അത്ര തണുപ്പാവുമ്പോള്‍ ഭക്ഷണം ഭയങ്കര കട്ടിയാവും. ചൂടു നില്‍ക്കില്ല. അപ്പോള്‍ ബ്രഡും മാഗിയുമൊക്കെയാണ് കഴിച്ചിരുന്നത്.

anumol-travel7
Image Source: Instagram/Anumol

അടുത്തിടെ പുതുകോട്ടൈയില്‍ ഷൂട്ടിനു പോയിരുന്നു. അവിടുന്ന് കാരൈക്കുടി, രാമേശ്വരം, ധനുഷ്‌കോടി, മധുര അങ്ങനെ ചുറ്റിത്തിരിഞ്ഞാണ് തിരിച്ച് പട്ടാമ്പിയിലെ വീട്ടിലേക്കെത്തിയത്. എല്ലാ സ്ഥലങ്ങളും ഓരോരോ ഫീലാണ്, അതേപോലെതന്നെ വ്യത്യസ്തരായ ആളുകളും സ്ഥലങ്ങളും. കടലും കൊത്തുപണികളുളള അമ്പലങ്ങളും നല്ല കുന്നും മലയുമൊക്കെയുളള വഴികളിലൂടെയുളള യാത്ര വളരെ നല്ല അനുഭവങ്ങളായിരുന്നു.’’

വണ്ടിയോടിച്ച് ബാങ്കോക്കിലേക്ക്...

ഫ്രണ്ട്‌സിന്റെ ഒപ്പം വണ്ടിയോടിച്ച് ബാങ്കോക്കിലേക്ക് പോവുകയെന്നതാണ് അനുമോളുടെ സ്വപ്‌നയാത്ര. അങ്ങനെയൊരു ആലോചനയുണ്ടായിരുന്നു. അഞ്ചാറ് ദിവസത്തെ ഡ്രൈവാണ് പ്ലാന്‍ ചെ്തിരുന്നത്. പക്ഷേ ചുറ്റുമുളളവരൊക്കെ നിരുത്സാഹപ്പെടുത്തി. ബംഗ്ലദേശ് ഒക്കെ കടന്നുവേണം പോകാന്‍. അത് അത്ര സുരക്ഷിതമല്ലെന്നും പോവുന്ന സ്ഥലങ്ങളില്‍ പലതും അപകടം പിടിച്ച ഇടങ്ങളാണെന്നുമൊക്കെ പലരും പറഞ്ഞപ്പോള്‍ പ്ലാന്‍ മാറ്റിവയ്ക്കുകയായിരുന്നു. എന്നാലും ബാങ്കോക്ക് യാത്ര എന്ന സ്വപ്‌നം ഉപേക്ഷിച്ചിട്ടില്ലെന്നും അനുമോള്‍ കൂട്ടിച്ചേര്‍ക്കുന്നു.

anumol-travel5
Image Source: Instagram/Anumol

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് ഒരിക്കല്‍കൂടി പോകണമെന്നതാണ് മറ്റൊരു ആഗ്രഹം. കേരളത്തിന് പുറത്ത് ഇനിയും കാണണമെന്നു തോന്നിയ സ്ഥലങ്ങളാണ് മിസോറമും മേഘാലയയും അസമുമൊക്കെ. ഹിമാലയം, കാശി, ഒ‍ഡീഷ ഇവിടേയ്ക്കുളള യാത്രകളും സ്വപ്‌നമാണ്.

വിദേശയാത്രകള്‍

വിദേശത്ത് പോയതില്‍ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം കാനഡയാണ്. ഒരു ഡിസംബറിലാണ് അവിടെ പോയത്. അപ്പോള്‍ മൈനസായിരുന്നു താപനില. ചാക്കോച്ചനൊപ്പമുളള വലിയ ചിറകുളള പക്ഷികള്‍ എന്ന പടത്തിനുവേണ്ടിയാണ് അനുമോള്‍ കാനഡയിലേക്കു പോയത്.

anumol-travel6
Image Source: Instagram/Anumol

‘‘കാനഡയില്‍ ഫ്രോസണ്‍ റിവറിന്റെ മുകളില്‍ നിന്നൊക്കെ ഡയലോഗ് പറഞ്ഞിട്ടുണ്ട്. നാല് സീസണും കിട്ടുന്ന രീതിയിലാണ് പടത്തിന്റെ കഥയും ഷൂട്ടിങ്ങും. കാനഡ കഥയ്ക്കനുയോജ്യമായ നാടായിരുന്നു. അവിടെ ചെന്ന സമയം മുഴുവന്‍ മഞ്ഞ് വീണിരിക്കുന്ന കാലാവസ്ഥയായിരുന്നു. കഥകളിലൊക്കെ പറയും പോലെ മഞ്ഞുവീണുകിടക്കുന്ന വീടുകള്‍. വഴികള്‍, മരങ്ങള്‍, വണ്ടികള്‍, സര്‍വം വെളളമയം.

anumol-travel1111
Image Source: Instagram/Anumol

അത് കണ്ടപ്പോള്‍ ചെറുപ്പത്തില്‍ വായിച്ച ഫെയറിടെയ്‌ല്‍സൊക്കെ മനസില്‍ വന്നു. വളരെ അദ്ഭുതപ്പെടുത്തുന്ന ഒരു പ്രകൃതിയാണ് അവിടെ. എന്നാല്‍ ഒറ്റത്തവണ കാണുന്നതിന്റെ ഭംഗിയേ ഉളളൂ. ജീവിക്കാന്‍ വളരെ ബുദ്ധിമുട്ടാണെന്നാണ് അവിടത്തുകാര്‍ പറയുന്നത്. 

anumol-travel1
Image Source: Instagram/Anumol

ഷോകളുടെ ഭാഗമായി വിദേശത്ത് പോവുന്നത് കുറവാണ്. യാത്ര ചെയ്യുമ്പോള്‍ കംഫര്‍ട്ടബിള്‍ ഗ്രൂപ്പാവണമെന്നാണ് ആഗ്രഹം. അതല്ലെങ്കിലോ എന്നു കരുതി സാധാരണ ഷോകൾ ഓഴിവാക്കാറാണ് പതിവ്. പിന്നെ ഷൂട്ടിന്റെ ഭാഗമായി വിദേശത്തൊക്കെ പോവുമ്പോള്‍ നാടുകാണാനൊന്നും പറ്റാറില്ല. എന്നാലും ഷൂട്ടിന്റെ തുടക്കത്തിലും അവസാനത്തിലും ഒരു രണ്ടു ദിവസം നാടുകാണാന്‍ മാറ്റിവയ്ക്കാറുണ്ട്.  പുതിയ ചിത്രമായ ടു മെന്നിനുവേണ്ടി ദുബായില്‍ പോയപ്പോള്‍ യാത്രയ്‌ക്കൊന്നും പറ്റിയില്ല. ഷൂട്ട് കഴിഞ്ഞ് രാത്രി തന്നെ ഒരു തമിഴ് പടത്തിന്റെ സെറ്റിലേക്കു വരേണ്ടിവന്നു. ജി വേണുഗോപാലിന്റെ കൂടെ ബഹ്‌റൈനില്‍ ഒരു ഷോ ചെയ്തിരുന്നു. അന്ന് അവിടം ചുറ്റിക്കാണാന്‍ സാധിച്ചു. മനോഹരമായ ഒരു ദ്വീപ് രാജ്യമാണ് ബഹ്‌റൈന്‍. അവിടത്തെ കെട്ടിടങ്ങളും കോട്ടകളും വഴികളുമൊക്കെ മനോഹരമാണ്. ദുബൈയിലും യാത്ര ചെയ്തിട്ടുണ്ട്.’’

യാത്രയാണ് ഊര്‍ജം

ഓരോ യാത്രയും ഒരു ഒന്നൊന്നര മാസത്തേക്കുളള ഊര്‍ജമാണ് അനുമോള്‍ക്ക്. യാത്ര ചെയ്യാനിഷ്ടമാണെങ്കിലും യാത്രയ്ക്കുവേണ്ടിയുളള പാക്കിങ്ങും അണ്‍പാക്കിങ്ങുമാണ് അനുമോള്‍ക്ക് ഇഷ്ടമില്ലാത്ത കാര്യം. എന്നാല്‍ നിരന്തരം യാത്ര ചെയ്യേണ്ട അവസ്ഥയായിരിക്കും പലപ്പോഴും. പിന്നെപ്പിന്നെ അത് ശീലത്തിന്റെ ഭാഗമായി.

anumol-travel2
Image Source: Instagram/Anumol

ഓരോ യാത്ര കഴിഞ്ഞ് വരുമ്പോഴും നല്ല ക്ഷീണമായിരിക്കും. എന്നാല്‍ അത്രതന്നെ ആവേശവും ഉണ്ടായിരിക്കും. യാത്രകളുടെ കഥകള്‍ പറയാനുളള തിടുക്കത്തിലാണ് തിരിച്ചെത്തുക. അമ്മ, അനുജത്തി, അടുത്ത വീട്ടിലെ കുട്ടികള്‍, ഫ്രണ്ട്‌സ് ഇവരൊക്കെയാണ് തന്റെ യാത്രാ കഥകളുടെ ഇരകളെന്നും അനുമോള്‍ ചിരിക്കിടെ പറഞ്ഞു.

ഒറ്റയ്ക്കുളള ജീവിതം ഹാപ്പിയാണ്

‘‘അമ്മയ്ക്ക് 28 വയസ്സുളളപ്പോഴാണ് അച്ഛന്‍ ഞങ്ങളെ വിട്ട് പോവുന്നത്. അമ്മയാണ് എന്നെയും അനിയത്തിയേയും വളര്‍ത്തിയത്. അമ്മയ്ക്ക് ഞങ്ങളെന്ന രണ്ടു ബുദ്ധിമുട്ടുകളുണ്ടായിട്ടും അമ്മ ജീവിച്ചു. എനിക്ക് പിന്നെ എന്തുകൊണ്ട് ജീവിച്ചൂടാ? അതിനേക്കാള്‍ നന്നായി ജീവിക്കാനാവും’’ അനുമോള്‍ ആത്മവിശ്വാസത്തോടെ പറഞ്ഞു.

കല്യാണം കഴിച്ചാലേ ജീവിക്കാനാവൂ, എല്ലാരും കല്യാണം കഴിക്കുന്നു, എന്നാല്‍ ഞാനും കഴിച്ചേക്കാം എന്ന കാഴ്ചപ്പാടൊന്നും അനുമോള്‍ക്കില്ല. ആരും നിര്‍ബന്ധിച്ചതുകൊണ്ടും കല്യാണം കഴിക്കില്ല. വിവാഹത്തിന് സമയമാവുമ്പോള്‍ അതിന് പറ്റിയ ആള്‍ വന്നാല്‍ നോക്കാം. പിന്നെ ചുറ്റുമുളളവരില്‍ തന്നെ ഒരുപാട് ഡിവോഴ്‌സായവരും പലതും സഹിച്ച് ജീവിക്കുന്നവരുമൊക്കെയുണ്ട്. അതെല്ലാം ചിന്തിക്കുമ്പോള്‍ കല്യാണത്തിലൂടെ നമ്മള്‍ നമ്മളെ മാറ്റിവച്ച് വേറൊരാളായി ജീവിക്കുന്നതിനേക്കാള്‍ നല്ലതാണ് നമ്മള്‍ നമ്മളായി ഒറ്റയ്ക്ക് ഹാപ്പിയായിട്ട് ജീവിക്കുന്നതല്ലേ എന്നാണ് അനുമോള്‍ ചോദിക്കുന്നത്.

anumol-travel99
Image Source: Instagram/Anumol

കുടുംബവും സിനിമയും

‘‘അമ്മയും അനിയത്തിയുമാണ് എന്റെ ലോകം. എന്നാല്‍ ഒരു സിനിമ തിരഞ്ഞെടുക്കുന്നത് പൂര്‍ണമായും എന്റെ മാത്രം ഇഷ്ടമാണ്. മറ്റുളളവര്‍ എന്തു പറയുന്നു എന്നത് എന്നെ ബാധിക്കാറില്ല. അമ്മയും അനിയത്തിയുമാണ് പിന്തുണയും ആത്മവിശ്വാസവും. അവര്‍ക്കുവേണ്ടിയാണ് ജീവിതം’’ –  അനുമോള്‍ പറയുന്നു.

ഓരോ കഥാപാത്രവും മികച്ചതാക്കാന്‍ സാധിക്കുന്നതിന് പിന്നിലും അനുമോളുടെ അനുഭവങ്ങള്‍ക്കു പങ്കുണ്ട്. ഇതില്‍ പലതും യാത്രകളിലൂടെയും ആ യാത്രകളില്‍ കണ്ട ആളുകളുടെ കഥകളിലൂടെയുമാണ് ലഭിച്ചതും. അതുകൊണ്ടുതന്നെയാണ് യാത്രകളാണ് മുന്നോട്ടു നയിക്കുന്ന ഊര്‍ജമെന്ന് അനുമോള്‍ പറയുന്നതും.

English Summary: Memorable Travel Experience by Anumol

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com