കാഴ്ചകൾ ആസ്വദിച്ച് രജിഷ; അവധിക്കാലം ജർമനിയിൽ

Mail This Article
യാത്രകളോടുള്ള ഇഷ്ടമാണ് പുതിയ കാഴ്ചകളിലേക്ക് ഒാരോത്തരെയും എത്തിക്കുന്നത്. മലയാളികളുടെ പ്രിയനടി രജീഷയ്ക്കും യാത്രകൾ പ്രിയമാണ്. വീണുകിട്ടുന്ന അവസരങ്ങളിൽ യാത്ര നടത്താറുമുണ്ട്.ഇപ്പോഴിതാ ജര്‍മനിയില്‍ അവധിക്കാല യാത്രയിലാണ് താരം. ജര്‍മനിയിലെ ന്യൂറംബർഗ് നഗരത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ രജിഷ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ഇതിനുമുമ്പ് സൗത്ത് ഗോവയിലെ വര്‍ക്ക ബീച്ചില്‍ ഗേള്‍ ഗ്യാങ്ങിനൊപ്പം അടിച്ചുപൊളിക്കുന്ന ചിത്രവും രജിഷ പങ്കുവച്ചിരുന്നു.
യാത്രകളിലൂടെ കാഴ്ചകൾ ആസ്വദിക്കുന്നതിനപ്പുറം കൗതുകമുണർത്തുന്നവ കാണാനും അറിയാനും സാധിക്കുക എന്നതാണ് സഞ്ചാരികളിൽ മിക്കവർക്കും പ്രിയം. അങ്ങനെയൊരിടമാണ് ജര്‍മനി. ജര്‍മനിയിലെ ന്യൂറംബർഗിൽ നിന്നുള്ള മനോഹരമായ നിരവധി ചിത്രങ്ങൾ താരം സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.
സഞ്ചാരികളുടെ പ്രിയയിടം
ജർമനിയിലെ ഏറ്റവും വലിയ സംസ്ഥാനമായ ബവേറിയയിലെ ഒരു നഗരമാണ് ന്യൂറംബർഗ്. പ്രശസ്തമായ മ്യൂനിച്ച് നഗരത്തിന് 170 കിലോമീറ്റർ വടക്കായാണ് ന്യൂറംബര്‍ഗ് സ്ഥിതിചെയ്യുന്നത്. സ്വദേശികള്‍ക്കും വിദേശസഞ്ചാരികള്‍ക്കും ഒരേപോലെ പ്രിയപ്പെട്ട ഈ നഗരത്തില്‍ കാണാനും അറിയാനും ഒട്ടനേകം കാര്യങ്ങളുണ്ട്.
ഇംപീരിയൽ കാസിൽ , സെന്റ് ലോറൻസ് ചർച്ച് , നാസി ട്രയൽ ഗ്രൗണ്ടുകൾ എന്നിങ്ങനെയുള്ള പ്രധാന ആകര്‍ഷണങ്ങള്‍ക്കു പുറമേ, കലയും സംസ്ക്കാരവും, ചരിത്രവും, ശാസ്ത്രവും സാങ്കേതികവിദ്യയുമെല്ലാം കഥ പറയുന്ന 54- ഓളം മ്യൂസിയങ്ങള്‍ ഇവിടെയുണ്ട്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഗ്ലോബും 500 വർഷം പഴക്കമുള്ള മഡോണയും നവോത്ഥാന കാലഘട്ടത്തിലെ ജർമ്മൻ കലയുമെല്ലാം അദ്ഭുതത്തോടെ മാത്രമേ കാണാനാവൂ.
നഗരത്തിലെ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ സഞ്ചാരികള്‍ക്ക് വിവിധ തരത്തിലുള്ള ടൂറുകള്‍ ഒരുക്കുന്നുണ്ട്. ചരിത്രപരമായ ആകര്‍ഷണങ്ങള്‍ കാണാനും നാസികളുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനുമെല്ലാം ടൂര്‍ പാക്കേജുകള്‍ ഉണ്ട്. കൂടാതെ മിനി ട്രെയിനിൽ നഗരം മുഴുവന്‍ ചുറ്റിക്കാണാം. നഗരത്തില്‍ ആറ് അമ്യൂസ്മെന്റ് പാർക്കുകളും നിരവധി ഗ്രീൻ ഏരിയകളും കൂടാതെ ബൗളിംഗ്, റോക്ക് വാൾ ക്ലൈമ്പിങ്, എസ്‌കേപ്പ് റൂമുകൾ, കാർട്ട് റേസിങ്, മിനി ഗോൾഫ്, തിയേറ്ററുകൾ, സിനിമാശാലകൾ, കുളങ്ങൾ, തെർമൽ സ്പാകൾ തുടങ്ങിയ സൗകര്യങ്ങളുമെല്ലാമുണ്ട്.
ജർമനിയിലെ ഏറ്റവും വലിയ ക്രിസ്മസ് മാർക്കറ്റും ലോകത്തിലെ ജിഞ്ചർബ്രെഡ് തലസ്ഥാനവുമായ ക്രൈസ്റ്റ്കിൻഡിൽസ്മാർക്കാണ് വിനോദസഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട മറ്റൊരിടം. കൂടാതെ ഭക്ഷണപ്രിയര്‍ക്ക് ആസ്വദിക്കാന്‍ ലോകമെങ്ങുമുള്ള രുചികള്‍ ലഭിക്കുന്ന നൂറുകണക്കിന് റെസ്റ്റോറന്റുകളും ഉണ്ട്.
സഞ്ചാരികള്‍ക്ക് രണ്ടു ദിവസത്തേക്ക് തികച്ചും സൗജന്യമായി നഗരം ചുറ്റിക്കാണുന്നതിനായി ടൂറിസം ബോർഡ് പ്രത്യേക കാര്‍ഡ് ഇറക്കിയിട്ടുണ്ട്. ഇത് വാങ്ങിയാല്‍ പൊതുഗതാഗതം സൗജന്യമായി ഉപയോഗിക്കാനും ന്യൂറെംബർഗിലെ എല്ലാ മ്യൂസിയങ്ങളിലേക്കും ആകർഷണങ്ങളിലേക്കും രണ്ട് ദിവസത്തേക്ക് സൗജന്യ പ്രവേശനം നേടാനും കഴിയും.
English Summary: Rajisha Vijayan Shares Travel Pictures from Germany