സൂര്യപ്രകാശം ഇല്ല, രാത്രിയും പകലും ഇരുട്ടുമൂടിയ നാട്

Viganella
Image Source: Winter light in Italian village | Focus on Europe (youtube)
SHARE

ലോകത്തിലെ മറ്റേതൊരു രാജ്യത്തിനവകാശപ്പെടാവുന്നതിലധികം, ചരിത്ര പൈതൃകവും പ്രകൃതിഭംഗിയും നിറഞ്ഞ രാജ്യമാണ് ഇറ്റലി. സാംസ്കാരിക പൈതൃകം ഉള്ള രാജ്യം കൂടിയാണ്. ചരിത്രാന്വേഷികളുടെ പറുദീസ. സഞ്ചാരികള്‍ ഏറെ ഇഷ്ടപ്പെടുന്നതാണ് ഇറ്റലിയിലെ വെനീസ്, കായലിനു നടുവിൽ ഉയർന്നു നിൽക്കുന്ന കെട്ടിടങ്ങളുടെ നഗരമാണ്. ഹോട്ടലുകളും സർക്കാർ ഓഫിസുകളും വൻകിട ബിസിനസ് സ്ഥാപനങ്ങളുമൊക്കെ പ്രവർത്തിക്കുന്നത് കായലിനരികിലാണ്. ഫ്ലോട്ടിങ് സിറ്റിയെന്നാണ് വെനീസ് അറിയപ്പെടുന്നത്. പോ, പൈവ എന്നിങ്ങനെ രണ്ടു നദികളുടെ നടുവിലാണ് ഈ തുറമുഖ നഗരം. ഇൗ കാഴ്ചകൾക്കപ്പുറം ഇറ്റലിയ്ക്ക് മറ്റൊരു മുഖവുമുണ്ട്. സൂര്യകിരണങ്ങൾ ലഭിക്കാതെ പകലും രാത്രിയും ഒരുപോലെ ഇരുട്ട് മൂടി കിടക്കുന്ന നാടുണ്ട് ഇവിടെ.  ഈ നാടിന്റെ പേര് വിഗാനെല്ല എന്നാണ്. ഏകദേശം 80 ദിവസത്തോളമാണ് ഇറ്റലിയിലെ ഈ ഗ്രാമം ഇരുട്ടുമൂടി കിടക്കുന്നത്. ശൈത്യക്കാലമായാൽ മാസങ്ങളോളം ഇവിടെ സൂര്യപ്രകാശം ലഭിക്കുകയില്ല. 

സൂര്യന്റെ വെളിച്ചമേൽക്കാതെ ഇരുട്ടുമൂടി നിൽക്കുന്ന ഇറ്റലിയിലെ ഒരു കൊച്ചുഗ്രാമമാണ് വിഗാനെല്ല. സ്പെയിനിലെ ഹ്യൂൽവ എന്ന നഗരത്തിനും സൂര്യനുമായി ബന്ധപെട്ടു ഒരു പ്രത്യേകതയുണ്ട്. വർഷത്തിലെ 190 ദിവസങ്ങളിലും ഇവിടെ സൂര്യന്റെ വെളിച്ചമുണ്ട്. വെളിച്ചത്തെ സംഭരിക്കുക എന്ന മുദ്രവാക്യമാണ് ഈ രണ്ടു പ്രദേശങ്ങളെയും ഒരുമിച്ചു ചേർത്തത്. അന്ട്രോണ കൊടുമുടിയുടെ ഏറ്റവും അറ്റത്തു സ്ഥിതിചെയ്യുന്ന വിഗാനെല്ല എന്ന പ്രദേശത്തേക്ക് നവംബര്‍ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളിൽ സൂര്യവെളിച്ചം ഒട്ടും കടന്നുചെല്ലാറില്ല. ഇരുട്ടാർന്ന രാവുകളും പകലുകളും അവിടുത്തെ ജനങ്ങളിൽ തങ്ങളുടെ നാട്ടിൽ എങ്ങനെ വെളിച്ചം കൊണ്ടുവരാമെന്ന ചിന്തയുണർത്തി. 

Viganella1
Image Source: Winter light in Italian village | Focus on Europe (youtube)

നഗരത്തിന്റെ ഭരണച്ചുമതല ഉണ്ടായിരുന്ന മേയർ, പിയർ ഫ്രാങ്കോ മിഡാലിയും ആർക്കിടെക്ട് ആയ ഗിയാക്കോമോ ബോൺസാനിയും ചേർന്ന് പർവതപൊക്കങ്ങൾ മറയ്ക്കുന്ന സൂര്യന്റെ വെളിച്ചത്തെ തങ്ങളുടെ നാട്ടിലേക്കെത്തിക്കാൻ ഒരു വഴി കണ്ടെത്തി. കുപ്പികളും കണ്ണാടിയുമുപയോഗിച്ചായിരുന്നു സൂര്യവെളിച്ചത്തെ വിഗാനെല്ലയിലേക്കു എത്തിച്ചത്. പർവതത്തിന് 900 മീറ്റർ ഉയരത്തിൽ 8 മീറ്റർ വീതിയും 5 മീറ്റർ നീളവുമുള്ള ഒരു വലിയ കണ്ണാടി സ്ഥാപിച്ചു. ആ കണ്ണാടിയിൽ തട്ടി സൂര്യപ്രകാശം അവിടം മുഴുവൻ പ്രതിഫലിക്കാൻ തുടങ്ങി. 

വിഗാനെല്ലയുടെ ഈ വലിയ ഉദ്യമത്തിൽ ആ നാട് തനിച്ചായിരുന്നില്ല. വെളിച്ചത്തിന്റെ നാടായ ഹ്യൂൽവയിലെ ടൂറിസം വകുപ്പ് ഈ പദ്ധതിയെ പിന്തുണയ്ക്കാൻ തീരുമാനിച്ചു. ഈ രണ്ടുനാടുകളിലും സൂര്യപ്രകാശമെത്തുന്ന രീതികളെ യോജിപ്പിച്ച് പ്രവർത്തിപ്പിക്കുകയാണെങ്കിൽ ഇരുസ്ഥലങ്ങളിലെയും വിനോദസഞ്ചാരത്തെ വലിയതോതിൽ വളർത്താൻ കഴിയുമെന്ന് മനസിലാക്കുകയും അങ്ങനെയൊരുമിച്ചു ചേർന്ന് വിഗാനെല്ലയിൽ കണ്ണാടി സ്ഥാപിക്കുന്നതിന്റെ ഉദ്‌ഘാടനം നടത്തുകയും ചെയ്തു. അതൊരു മികച്ച തുടക്കം തന്നെയായിരുന്നു. കേട്ടറിഞ്ഞു നിരവധിപേരാണ് ആ കണ്ണാടി കാഴ്ചകൾ കാണാൻ എത്തുന്നത്. 

പന്ത്രണ്ടു വർഷങ്ങൾക്കിപ്പുറവും വിഗാനെല്ലയിലെ കണ്ണാടികാഴ്ചകൾ ആസ്വദിക്കാനെത്തുന്ന സഞ്ചാരികൾക്കു യാതൊരു കുറവുമില്ല. വലിയ തോതിലുള്ള അറ്റകുറ്റപണികൾ ഒന്നും ഇത്രവർഷങ്ങൾക്കു ശേഷവും ആവശ്യമായി വന്നിട്ടില്ല. കണ്ണാടിയുള്ള ഗ്രാമം മാത്രമല്ല വിഗാനെല്ല, വേറെയും നിരവധി കാഴ്ചകൾ ഈ മനോഹരമായ ഗ്രാമത്തിലുണ്ട്. പള്ളികളും മധ്യകാലത്തെ കെട്ടിടങ്ങളും കൊണ്ട് സമ്പന്നമാണ് ഇവിടം. അതുകൊണ്ടു തന്നെ ഇവിടെയെത്തുന്ന സഞ്ചാരികളെ ഒരുതരത്തിലും മുഷിപ്പിക്കില്ല വിഗാനെല്ല.

English Summary: Viganella, the Italian Village that Brought the Sun Down to the Valley

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിട, കോടിയേരി

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}